അന്ന അഖ്‌മത്തോവ - ഗുലാഗിനെ ഭയന്ന് കവിതകൾ എഴുതിവെക്കാൻ മടിച്ച്, അവയെ ഹൃദിസ്ഥമാക്കിക്കൊണ്ടിരുന്ന സോവിയറ്റ് കവി

By Babu RamachandranFirst Published Mar 5, 2020, 1:12 PM IST
Highlights

ഒരു ജനതയുടെ ഭയത്തെയും, ആശങ്കകളെയും, സങ്കടങ്ങളെയുമെല്ലാം ഒഴുക്കിവിടാനുള്ള ഒരു നദിയായിരുന്നു അന്നയ്ക്ക് തന്റെ കവിത. അപകടം നിറഞ്ഞതാണ് എന്ന് നന്നായറിയാമെങ്കിലും കവിതഎഴുതാതെ അന്നയ്ക്ക് ഒരു നിമിഷം പോലും ഉയിരോടിരിക്കാൻ പറ്റില്ലായിരുന്നു. 

ഇന്ന് അന്ന അഖ്‌മത്തോവ എന്ന വിഖ്യാത റഷ്യൻ കവിയുടെ ചരമദിനമാണ്. ഇരുപതാം നൂറ്റാണ്ടിലെ സോവിയറ്റ് റഷ്യ കണ്ട ഏറ്റവും മികച്ച കവികളിൽ ഒരാളായിരുന്നു അന്നാ അഖ്‌മത്തോവ.  ആദ്യമൊക്കെ അന്ന കവിതയെഴുതിയിരുന്നത് എല്ലാവരും എഴുതുന്ന പോലെ തന്നെയായിരുന്നു. ഒരു  വെള്ളപ്പേപ്പറിൽ ആദ്യം എഴുതും. എഴുതിയതിനെ ഉച്ചത്തിൽ വായിച്ച് സ്വയം വിലയിരുത്തും. വേണമെന്നു തോന്നുന്ന പക്ഷം അതിൽ വെട്ടിത്തിരുത്തുകൾ നടത്തും. തിരുത്തുകൾ പൂർണമായി എന്നു തോന്നുമ്പോൾ മറ്റൊരു കടലാസിലേക്ക് പകർത്തി ഏതെങ്കിലും ആനുകാലിക പ്രസിദ്ധീകരണത്തിന് അയച്ചുകൊടുക്കും. കിട്ടിയപാട് അവരത് അച്ചടിക്കും. ഇനി അയച്ചുകൊടുക്കാൻ തോന്നുന്നില്ലെങ്കിൽ കവിതകൾ എല്ലാം തന്റെ മേശവലിപ്പിൽ സൂക്ഷിച്ചുവെക്കും. പത്തമ്പത് കവിതകൾ ആവുമ്പോൾ ഏതെങ്കിലും പ്രസാധകന് നൽകും. അയാളത് സമാഹാരമാക്കി പുറത്തിറക്കും. അതിന്റെ  നിരവധി പതിപ്പുകൾ മധുരനാരങ്ങ പോലെ വിറ്റുതീരും. അത്ര പ്രസിദ്ധിയുള്ള ഒരു കവയിത്രിയായിരുന്നു  അന്ന റഷ്യയിൽ.

 

 

 

അന്നയുടെ ആദ്യപുസ്തകം പുറത്തിറങ്ങുന്നത് 1912 -ലായിരുന്നു. അതിനെത്തുടർന്ന് നിരവധി സമാഹാരങ്ങൾ പുറത്തിറങ്ങി. അതിനിടെയാണ് 1917 -ൽ റഷ്യൻ വിപ്ലവം നടന്ന് വ്ളാദിമിർ ലെനിൻ അധികാരത്തിലേറുന്നത്. കമ്യൂണിസ്റ്റ് സർക്കാരിനെതിരെ പ്രവർത്തിക്കുന്ന കുലംകുത്തികളെ അകത്താക്കാൻ 1919 -ലാണ് ലെനിൻ ഗുലാഗ് എന്ന പേരിൽ തടവറകൾ തുടങ്ങുന്നുന്നത്. 1924  -ൽ  ലെനിൻ സ്ട്രോക്കുവന്നു മരിക്കുന്നു.  അതിനുപിന്നാലെ ജോസഫ് സ്റ്റാലിൻ എന്ന ഏകാധിപതി അധികാരത്തിലേറുന്നതോടെയാണ് ഗുലാഗ് അതിന്റെ പ്രതാപത്തിലെത്തുന്നത്.  രാജ്യത്തെ ക്രിമിനലുകളും സർക്കാരിനെതിരെ പ്രതികരിക്കുന്ന കർഷക നേതാക്കളുമായിരുന്നു ഗുലാഗിന്റെ ആദ്യകാല ഇരകൾ. സ്റ്റാലിന്റെ കാലത്ത് ഇത് അറിയപ്പെട്ടിരുന്നത് 'ദി ഗ്രേറ്റ് പർജ്' എന്നായിരുന്നു. 

 

 

കൃഷിപ്പാടങ്ങൾ സർക്കാർ ഏറ്റെടുത്ത് അതിൽ ഒന്നിച്ച് കൃഷിയിറക്കുന്നു. ഈ പാടങ്ങളിൽ പകലന്തിയോളം നിർബന്ധിതമായ വേലയില്ലാ കൂലിപ്പണിയാണ് പാർട്ടിവിരുദ്ധ പ്രവർത്തനങ്ങൾക്കുള്ള ശിക്ഷ. 'പണിയെടുപ്പിച്ച് കൊല്ലുക' എന്ന പ്രയോഗമൊക്കെ ഉടലെടുക്കുന്നത് സത്യത്തിൽ സ്റ്റാലിന്റെ ഗുലാഗ് ക്യാംപുകളിൽ നിന്നാണ്. ആ ക്യാമ്പിൽ അടക്കപ്പെട്ട് അതിന്റെ എല്ലാവിധ പീഡനങ്ങളും അനുഭവിച്ചു പുറത്തിറങ്ങിയ നോബൽ സമ്മാന ജേതാവായ എഴുത്തുകാരൻ അലക്‌സാണ്ടർ  സോൾഷെനിത്സൻ പിന്നീടതേപ്പറ്റി 'ഗുലാഗ് ആർക്കിപ്പാലേഗോ' എന്നൊരു പുസ്തകം തന്നെ എഴുതിയിട്ടുണ്ട്. സ്റ്റാലിനെ കാലത്ത് ഏകദേശം രണ്ടുകോടിയോളം പേരാണ് ഗുലാഗ് ക്യാമ്പുകളിൽ അടക്കപ്പെട്ടത്. അതിൽ ഇരുപതു ലക്ഷത്തോളം പേർ ആ ക്യാമ്പുകളിൽ പണിയെടുത്തു മരിച്ചു എന്നുപറയുമ്പോഴാണ് അതിന്റെ തീവ്രത നമുക്ക് മനസ്സിലാവുക.

തനിക്കെതിരെ ഒരു വാക്കെങ്കിലും മിണ്ടിയവരെ, പ്രത്യേകിച്ചൊരു വിചാരണയും കൂടാതെ സ്റ്റാലിൻ ഗുലാഗിലടച്ചു. സോവിയറ്റ് യൂണിയന്റെ വ്യവസായ വിപ്ലവത്തിനുള്ള ഇന്ധനമെന്നാണ് തന്റെ നിർബന്ധിത തൊഴിലെടുപ്പിക്കലിനെ അദ്ദേഹം ന്യായീകരിച്ചുകൊണ്ടിരുന്നത്. മറ്റു പാർട്ടിക്കാരെ മാത്രമല്ല സ്റ്റാലിൻ ഗുലാഗിൽ തള്ളിയത്. തന്റെ  പാർട്ടിയിലെ  വിമതസ്വരങ്ങളുടെയും  അദ്ദേഹം നിശ്ശബ്ദനാക്കിയത് ഗുലാഗ് ഉപയോഗിച്ചായിരുന്നു. പൊതുജനങ്ങളുടെ ജീവിതങ്ങളെ സെൻസർ ചെയ്യാനും, റിമോട്ട് കൺട്രോൾ ചെയ്യാനും ഒക്കെ സ്റ്റാലിൻ അതീവതത്പരനായിരുന്നു. പ്രത്യേകിച്ച് ഒരു പാർട്ടിയുമായോടും ചായ്‌വില്ലാതിരുന്നിട്ടും അന്നയുടെ പോലീസ് ഫയൽ ആയിരം പേജോളം നീണ്ടു എന്നുപറഞ്ഞാൽ തന്നെ കാര്യങ്ങളുടെ ഗുരുതരാവസ്ഥ വ്യക്തമാവുമല്ലോ. 

തന്റെ കവിതകൾ സെൻസർ ചെയ്യപ്പെടും എന്നും പ്രസിദ്ധീകരിക്കാൻ സ്റ്റാലിൻ അനുവദിക്കില്ല എന്നും ഭരണകൂടത്തിന് വിരുദ്ധമായ ഒരക്ഷരമെങ്കിലും കവിതയിലുണ്ടെങ്കിൽ തന്റെ ജീവൻ പോലും അപകടത്തിലായേക്കും എന്നും അറിഞ്ഞിരുന്നിട്ടും കവിതയെഴുതാതിരിക്കാൻ അന്ന എന്ന കവിക്ക് കഴിഞ്ഞില്ല. ആ അടിയന്തരാവസ്ഥയിലും അവർ കവിതയെഴുതുക തന്നെ ചെയ്തു. അതും ഗുലാഗിനെ വിമർശിച്ചുകൊണ്ട്‌ ഒരു ദീർഘ കവിത. അക്കാലത്താണ് കമ്യൂണിസ്റ്റ് പാർട്ടിയിലെ പ്രമുഖനായ ഒരു നേതാവ് വധിക്കപ്പെടുന്നത്. കലിയിളകി  ജെൻറിക്ക് യഗോഡയുടെ പോലീസ് പ്രതികാര ബുദ്ധിയോടെ ശത്രുക്കളെ ഒന്നൊന്നായി ഇല്ലാതാക്കാനുള്ള രഹസ്യ ഓപ്പറേഷനുകളിൽ ഏർപ്പെട്ടു. സമൂഹത്തിൽ പൊതുപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന, സ്വാഭിപ്രായം തുറന്നു പറയാൻ ധൈര്യപ്പെട്ടിരുന്ന പലരും അപ്രത്യക്ഷരാവാൻ തുടങ്ങി. മനസ്സിൽപ്പോലും പാർട്ടിവിരുദ്ധത കൊണ്ട് നടക്കുന്നവർ ഗുലാഗിൽ അന്തിയുറങ്ങാൻ തുടങ്ങി. 

യഗോഡയുടെ കരാളഹസ്തങ്ങൾ എന്നാണ് തങ്ങളുടെ സ്വൈരജീവിതങ്ങളെ തകിടം മറിക്കുക എന്ന ഭീതിയിൽ സോവിയറ്റ് റഷ്യയിലെ പൊതുജനം കഴിഞ്ഞു. അതിനിടെയാണ്  ജനങ്ങളുടെ ഭീതി ഇരട്ടിപ്പിക്കുന്ന മറ്റൊരു സംഭവം നടക്കുന്നത്. പൊലീസ് മേധാവിയായിരുന്ന യഗോഡ തന്നെ സ്റ്റാലിന്റെ അപ്രീതിക്കിരയായി. അദ്ദേഹത്തെയും കാത്തിരുന്നത് ഒരിക്കൽ അദ്ദേഹം തന്റെ ശത്രുക്കളെ തുറുങ്കിലടച്ചു പീഡിപ്പിച്ചു കൊന്നുകൊണ്ടിരുന്ന ഗുലാഗ് തന്നെയായിരുന്നു. പൊലീസ് മേധാവിയായിരുന്ന യഗോഡയുടെ ജീവൻ പോലും അപകടത്തിലാണെങ്കിൽ തങ്ങളുടെ അവസ്ഥയെന്താവും എന്നോർത്ത് അന്നത്തെ റഷ്യക്കാർ ഞെട്ടിവിറച്ചു.  നിക്കോളായ് യെശോവ് എന്ന ക്രൂരനായ പൊലീസുദ്യോഗസ്ഥനായിരുന്നു യാഗോഡയുടെ പിൻഗാമി. നിക്കോളായുടെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു പിന്നീടങ്ങോട്ടുള്ള  ഗുലാഗിന്റെ ഏറ്റവും രക്തപങ്കിലമായ ഇരുണ്ടകാലം കഴിഞ്ഞുപോവുന്നത്. നിക്കോളായുടെ ഗതിയും യഗോഡയുടെതിൽ നിന്നും വ്യത്യസ്തമായിരുന്നില്ല എന്നത് മറ്റൊരു തമാശ. 

അന്നത്തെക്കാലത്ത് അന്ന അറസ്റ്റിനെ വക്കിലായിരുന്നു കഴിഞ്ഞുപോന്നത്. അവരുടെ മുൻ ഭർത്താവിനെ കെട്ടിച്ചമച്ച ആരോപണങ്ങളുടെ പുറത്ത്  സ്റ്റാലിൻ ഭരണകൂടം വധിച്ചു കഴിഞ്ഞിരുന്നു. അവരുടെ മകനെ പോലീസ് അറസ്റ്റു ചെയ്യുകയും ക്രൂരമായി പീഡിപ്പിച്ച ശേഷം ഒരു കുറ്റവും ചുമത്താതെ വിട്ടയക്കുകയും, വീണ്ടും അറസ്റ്റു ചെയ്യുകയും പീഡനങ്ങൾക്ക് വിധേയമാക്കുകയും ചെയ്തുകൊണ്ടിരുന്നു. കവിതയടക്കമുള്ള സുകുമാരകലകളിൽ റഷ്യൻ ഭരണകൂടത്തിനുണ്ടായിരുന്ന അമിത താത്പര്യമാണ് യഥാർത്ഥത്തിൽ അന്നയ്ക്ക് വിനയായത്. റഷ്യൻ വിപ്ലവത്തിനു മുമ്പുള്ള കവിയായിരുന്നു അന്ന. അവർ കവിതയുടെ അന്നുവരെയുണ്ടായിരുന്ന ക്‌ളാസ്സിക് വാർപ്പുകളെയെല്ലാം തിരസ്കരിച്ചുകൊണ്ട് ലളിതമായ ആഖ്യാന രീതികൾ പിന്തുടർന്ന് കവിതകളെഴുതാൻ തുടങ്ങി. അവരുടെ ശൈലി അന്നത്തെ മറ്റുകവികളും അനുകരിച്ചു തുടങ്ങി. പാർട്ടിയുടെ ബുദ്ധിജീവികൾ അന്നയെ തള്ളിപ്പറഞ്ഞുകൊണ്ടുള്ള ലേഖനങ്ങൾ എഴുതാൻ തുടങ്ങി. 

അക്കാലത്തെ പ്രധാന ഇടതു ചിന്തകനായിരുന്ന ട്രോട്സ്കി തന്റെ 'ലിറ്ററേച്ചർ ആൻഡ് റെവല്യൂഷൻ' എന്ന പുസ്തകത്തിൽ അന്ന് വെറും മുപ്പതുവയസ്സുമാത്രം പ്രായമുണ്ടായിരുന്ന അന്നാ അഖ്‌മത്തോവയെ 'കാലഹരണപ്പെട്ട കവി' എന്ന് വിശേഷിപ്പിച്ചു. ലെനിൻ മരിച്ചതോടെ ട്രോട്സ്കിയും സ്റ്റാലിനും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഉടലെടുക്കുകയും ട്രോട്സ്കി പ്രാണഭയത്താൽ വിദേശത്തുചെന്ന് അഭയം തേടുകയും ഒക്കെ ഉണ്ടായെങ്കിലും,  ട്രോട്സ്കിയുടെ അന്നാ വിരുദ്ധ ചിന്തകളെയും ലേഖനങ്ങളെയും വിടാതെ പിന്തുടർന്നുകൊണ്ടിരുന്ന സ്റ്റാലിൻ അന്നയുടെ ജീവിതത്തെയും എഴുത്തിനെയും വളരെ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരുന്നു.തികഞ്ഞൊരു സഹൃദയനായിരുന്ന സ്റ്റാലിൻ അക്കാലത്ത് വാൾട്ട് വിറ്റ്‌മാന്റെ കവിതകളും വായിച്ചിരുന്നു. അക്കാലത്ത് ഭരണകൂടത്തിനെതിരായി അന്ന ഒരു വാക്കെങ്കിലും മിണ്ടിക്കിട്ടാൻ വേണ്ടി ഗുലാഗിൽ സ്ഥലമൊഴിച്ചിട്ട് സ്റ്റാലിൻ കാത്തിരുന്നു. 

 

സ്റ്റാലിന്റെ ശ്രദ്ധയിൽ പെടുക എന്നത് ഇരുതല മൂർച്ചയുള്ള ഒരു വാളായിരുന്നു. 1935 -ൽ തന്റെ മകനെ പൊലീസ് അറസ്റ്റു ചെയ്തപ്പോൾ മകന്റെ മോചനത്തിനായി സ്റ്റാലിന് നേരിട്ട് കത്തെഴുതി അന്ന. അവർ കരുതിയതിനു വിപരീതമായി അന്നയുടെ മകനെ വിട്ടയക്കുകയും ചെയ്തു, സ്റ്റാലിൻ. അന്നയുടെ എഴുത്തിലെ ഭരണകൂട വിരുദ്ധതയോട് മാത്രമായിരുന്നു സ്റ്റാലിനെന്ന ഏകാധിപതിക്ക് വിരോധം. കവിതയോട് വിമുഖത കാട്ടുന്ന ഒരു ഭരണകൂടത്തെക്കാൾ എത്രയോ ഇരട്ടി അപകടകരമാണ് കവിതയിൽ കമ്പമുള്ള ഭരണകൂടം എന്ന് സാക്ഷ്യപ്പെടുതുന്നതായിരുന്നു അന്നയുടെ അനുഭവം. 

ഏതുനിമിഷവും രഹസ്യപൊലീസ് അന്നയുടെ അപ്പാർട്ട്‌മെന്റിലേക്ക് ഇരച്ചു കേറി വന്ന് എഴുത്തുകുത്തുകൾ പരിശോധിക്കുന്ന സാഹചര്യമായിരുന്നു. ഒരു വരിയെങ്കിലും അവരിൽ അപ്രീതി ജനിപ്പിച്ചാൽ നേരെ ഫയറിങ്ങ് സ്‌ക്വാഡിന്റെ മുന്നിൽ ചെന്നെത്തിയേനെ അന്ന. എന്നാൽ അവരൊരു സാധാരണ കവിയായിരുന്നില്ല. അപകടം നിറഞ്ഞതാണ് എന്നുവരികിലും കവിതയില്ലാതെ അന്നയ്ക്ക് ഒരു നിമിഷം പോലും ഉയിരോടിരിക്കാൻ പറ്റില്ലായിരുന്നു. ഒരു ജനതയുടെ ഭയത്തെയും, ആശങ്കകളെയും, സങ്കടങ്ങളെയുമെല്ലാം ഒഴുക്കിവിടാനുള്ള ഒരു നദിയായിരുന്നു അന്നയ്ക്ക് തന്റെ കവിത. തന്റെ ഏറ്റവും പുതിയ കവിതയെ അന്ന പേരിട്ടുവിളിച്ചത്, 'ചരമഗീതം' എന്നായിരുന്നു. ഗുലാഗ് തുറുങ്കുകൾക്ക് പുറത്ത് തങ്ങളുടെ മക്കൾ നാടുകടത്തപ്പെട്ടോ വധിക്കപ്പെട്ടോ അതോ ഇപ്പോഴും പീഡനങ്ങൾക്ക് വിധേയരായി ജീവനോടുണ്ടോ എന്നറിയാനായി കാത്തുകെട്ടിക്കിടക്കുന്ന അവരുടെ അമ്മമാരുടെ അനുഭവങ്ങളാണ് അന്ന അതിലൂടെ പറയാൻ ശ്രമിച്ചത്. 

തന്റെ ജീവന്റെ സുരക്ഷിതത്വം മുന്നിൽ കണ്ട്, അന്ന തന്റെ എഴുത്തുരീതി ഒന്ന് പരിഷ്കരിച്ചു. ഒരു ഭാഗം എഴുതുക, അത് ഹൃദിസ്ഥമാക്കുക, എന്നിട്ട് ഒരു തെളിവുപോലും ബാക്കി വെക്കാതെ ആ കടലാസ് അപ്പോൾ തന്നെ ചുട്ടെരിച്ചു കളയുക. ഇതായിരുന്നു സ്റ്റാലിന്റെ രഹസ്യപ്പൊലീസിൽ നിന്നും രക്ഷപ്പെടാൻ അന്ന കണ്ടെത്തിയ മാർഗ്ഗം. ഈ രീതിയ്ക്ക് ഒരൊറ്റ കുഴപ്പമേ ഉണ്ടായിരുന്നുള്ളൂ. അന്നയുടെ കാലം കഴിഞ്ഞാൽ കവിതയും അതോടെ മണ്മറഞ്ഞു പോവും. അതുകൊണ്ട് അന്ന തന്റെ കവിത തന്റെ ആത്മസുഹൃത്തുക്കളിൽ ചിലരെക്കൊണ്ടും മനഃപാഠമാക്കിച്ചു. ഇതേ ശൈലി തന്നെയാണ് ബി സി അഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന കവിയായ സാഫോയും പിന്തുടർന്നിരുന്നത്. പക്ഷേ, സാഫോയുടെ ജീവൻ ഭരണകൂടത്തിന്റെ തോക്കിൻ മുനയിലായിരുന്നില്ല എന്നുമാത്രം. കടലാസ് തുണ്ടുകളിൽ എഴുതപ്പെട്ട നിലയിലാണ് സാഫോയുടെ കവിതകൾ കാലത്തേ അതിജീവിച്ചത്. തന്റെ കവിതകൾ ഒരു തുണ്ടു കടലാസിൽ പോലും കുത്തിക്കുറിക്കുന്നത് അന്നയുടെ ജീവിതം അപകടത്തിലാക്കുമായിരുന്നു. 

ഇതിനിടെ 1939 -ൽ അന്നയുടെ താരതമ്യേന നിരുപദ്രവം എന്നു തനിക്ക്   ബോധ്യം വന്ന ചില കവിതകൾ ഒരു സമാഹാരമായി പ്രസിദ്ധീകരിക്കാൻ സ്റ്റാലിൻ അനുമതി നൽകി. പക്ഷേ, ഇറങ്ങി ഒരാഴ്ചയ്ക്കകം തന്നെ പാർട്ടിക്കകത്തുനിന്നും ആ കൃതിയ്‌ക്കെതിരെ മുറുമുറുപ്പുകൾ ഉയരുകയും ഒരൊറ്റ കോപ്പി പോലും ബാക്കിവെക്കാതെ പിടിച്ചെടുത്ത് നശിപ്പിച്ചുകളയുകയും ചെയ്തു. 1953 -ൽ സ്റ്റാലിൻ മരണപ്പെട്ട് ക്രൂഷ്ചേവ് ഭരണത്തിലേറിയപ്പോഴാണ് അന്നയുടെ എഴുത്ത് ഭരണകൂടത്തിന് ഒരു ഭീഷണിയല്ല എന്ന നിലപാടിലേക്ക് കാര്യങ്ങൾ മാറുന്നത്. അപ്പോഴും തന്റെ ഗുലാഗ് കവിത (ചരമഗീതമെന്ന കവിത) പ്രസിദ്ധീകരിക്കുന്നത് സുരക്ഷിതമല്ല എന്ന് അന്ന കരുതി. പിന്നെയും പത്തുവർഷങ്ങൾക്കു ശേഷം 1963 -ലാണ് ആ മഹദ്കാവ്യത്തിന് ആദ്യമായി അച്ചടിമഷി പുരളാനുള്ള യോഗമുണ്ടാവുന്നത്. പിന്നീടത് പല പതിപ്പുകൾ പ്രസിദ്ധീകരിക്കപ്പെടുകയും, അന്നയുടെ സാഹിത്യജീവിതത്തിലെ സുപ്രധാനമായ ഒരു കൃതിയായി എണ്ണപ്പെടുകയും ചെയ്തത് ചരിത്രത്തിന്റെ ഭാഗം. 

ഒടുവിൽ 1966 മാർച്ച് 5 -ന്  എഴുപത്താറാമത്തെ വയസ്സിൽ,  തന്റെ പുസ്തകം പ്രസിദ്ധീകരിക്കപ്പെടുന്നതും ഏറെ ജനപ്രിയമാവുന്നതും ഒക്കെ കാണാൻ ഭാഗ്യം സിദ്ധിച്ച് സ്വസ്ഥമായ മനസ്സോടെതന്നെയാണ് അന്നാ അഖ്‌മത്തോവ ഇഹലോകവാസം വെടിഞ്ഞത്. തന്റെ അന്ത്യയാത്രയ്ക്ക് മുമ്പ് അഖ്‌മത്തോവ ഇങ്ങനെ കുറിച്ചു,

"ഇടിമുഴക്കം കേൾക്കുമ്പോൾ 
നീ എന്നെയോർമ്മിക്കും..
ഓർക്കും, 'അവൾ കൊടുങ്കാറ്റുകൾ 
ആഗ്രഹിച്ചിരുന്നവളാണ്..'
ആകാശത്തിന്റെ അറ്റത്തിനപ്പോൾ 
ചോരച്ചോപ്പുനിറമായിരിക്കും..
പണ്ടെന്നപോലെ അപ്പോഴും 
നിന്റെ ഹൃദയം കനലിലെരിയും..

അന്ന്, മോസ്‌കോയിൽ, എല്ലാം യാഥാർത്ഥ്യമാവും.. 
ഞാനെന്റെ അവസാനയാത്ര പുറപ്പെടും..
ആശിച്ചിരുന്ന ആകാശങ്ങളിലേക്ക് 
പറന്നുയരും, എന്റെ നിഴലിനെ 
നിനക്ക് കൂട്ടുവിട്ടുകൊണ്ട്.."

 


 

click me!