മജീഷ്യൻ മാൻഡ്രേക്കിന്റെ ജീവനെടുത്തത് ഈ തെറ്റുകളോ..?

By Babu RamachandranFirst Published Jun 18, 2019, 3:50 PM IST
Highlights

അപ്പോൾ ലാഹിരി ചിരിച്ചുകൊണ്ട് ഇങ്ങനെ മറുപടി പറഞ്ഞു, " ഞാൻ ഇതിൽ വിജയിച്ചാൽ അത് മാജിക് ആവും, ഇല്ലെങ്കിൽ ട്രാജിക് ആവും.."  

ഹൂഗ്ലി നദിയിൽ ഒരു ദിവസം മുഴുവൻ നീണ്ടു നിന്ന തെരച്ചിലിനൊടുവിലാണ് മജീഷ്യൻ മാൻഡ്രേക്ക് എന്നറിയപ്പെടുന്ന ചഞ്ചൽ ലാഹിരിയുടെ ജഡം കണ്ടുകിട്ടിയത്.  വിശ്വപ്രസിദ്ധമായ 'ഹുഡിനി ട്രിക്ക്' എന്ന ഐറ്റം ജനങ്ങൾക്കുമുന്നിൽ അവതരിപ്പിക്കാൻ വേണ്ടിയാണ് ലാഹിരി ഞായറാഴ്ച  ദിവസം, തന്റെ  കയ്യും കാലും വടം കൊണ്ട് കെട്ടി, ചങ്ങലയാൽ ദേഹം അടിമുടി ബന്ധിച്ച്, തലകീഴായി ഒരു ക്രെയിൻ കൊണ്ട് തൂക്കിയെടുത്ത് തന്നെത്തന്നെ ഹൂഗ്ലി നദിയുടെ അടിത്തട്ടിലേക്ക്  താഴ്ത്തിയത്. 

ഒരു പ്രാദേശിക പത്രത്തിന്റെ ഫോട്ടോഗ്രാഫറായ ജയന്ത് ഷായും അവിടെ ഈ മാസ്മരിക പ്രകടനത്തിന് സാക്ഷ്യം വഹിക്കാനെത്തിയിരുന്നു. പ്രകടനത്തിനിറങ്ങും മുമ്പ് ജയന്ത് ലാഹിരിയോട്  ചോദിച്ചു, "അങ്ങെന്തിനാണ് ഇങ്ങനെ ഒരു പരിപാടിക്കിറങ്ങി അവനവന്‍റെ ജീവൻ അപായത്തിലാക്കുന്നത്..? " 

അപ്പോൾ ലാഹിരി ചിരിച്ചുകൊണ്ട് ഇങ്ങനെ മറുപടി പറഞ്ഞു, "ഞാൻ ഇതിൽ വിജയിച്ചാൽ അത് മാജിക് ആവും, ഇല്ലെങ്കിൽ ട്രാജിക് ആവും..." അദ്ദേഹം അതുപറഞ്ഞത് ചിരിച്ചുകൊണ്ടാണെങ്കിലും, ആ വാക്കുകൾ അറംപറ്റി. മാജിക്കിൽ ആളുകൾക്ക് താത്പര്യം ജനിപ്പിക്കാനുള്ള തന്റെ നിരന്തരശ്രമങ്ങളുടെ ഭാഗമാണ് ഇതും എന്ന് അദ്ദേഹം ജയന്തിനോട് പറഞ്ഞു. "പേടിക്കേണ്ട, ഇത് ഞാൻ എത്രയോ വട്ടം ചെയ്ത് ഫലിപ്പിച്ചിട്ടുള്ള ട്രിക്കാണ്. സംഗതി അത്ര എളുപ്പമല്ല, എന്നാലും ഞാൻ കോൺഫിഡന്റാണ്." എന്നും  അദ്ദേഹം പറഞ്ഞിരുന്നു. 

അദ്ദേഹത്തിന്റെ മാന്ത്രിക പ്രകടനങ്ങൾ മുമ്പും കണ്ടിട്ടുള്ള ജയന്തിന് ആ വാക്കുകളിൽ പൂർണവിശ്വാസമുണ്ടായിരുന്നു. എന്നാൽ, അദ്ദേഹം വെള്ളത്തിൽ നിന്നും തിരിച്ചു വരില്ല എന്ന് ജയന്ത് ഒരിക്കലും കരുതിയില്ല. തിങ്കളാഴ്ച ഏറെ വൈകി ഹൗറയ്‌ക്കടുത്തു നിന്നാണ് ലാഹിരിയുടെ ശവം കിട്ടിയത്. 
 
അവനവനെ ബന്ധിതനാക്കിയ ശേഷം തീ, വെള്ളം പോലുള്ള അപകടങ്ങളിലേക്ക് പോയി ആരുടേയും സഹായം കൂടാതെ തിരിച്ചു വരുന്ന മാന്ത്രിക വിദ്യയ്ക്ക് ഒരു നൂറ്റാണ്ടിന്റെ പഴക്കമുണ്ട്. ഹാരി ഹുഡിനി എന്ന ഹംഗേറിയൻ അമേരിക്കൻ മാന്ത്രികനാണ് ഈ പ്രസിദ്ധമായ ട്രിക്ക് ആദ്യമായി അവതരിപ്പിക്കുന്നതും ആളുകളെ വിസ്മയിപ്പിക്കുന്നതും.  അന്ന് അദ്ദേഹം ഒരു പ്രത്യേകതരം കൈവിലങ്ങുപയോഗിച്ചുകൊണ്ടാണ് അത് സാധിച്ചെടുത്തത്. അതിന്റെ രഹസ്യം പക്ഷേ, അദ്ദേഹത്തിന്റ മരണം വരേയ്ക്കും ആരും അറിയാതെ സുരക്ഷിതമായിരുന്നു. 


  
പൊലീസിന്റെ പ്രാഥമികമായ അന്വേഷണങ്ങളിൽ തെളിഞ്ഞത് ഈ മാജിക് ട്രിക്കിനിടെ ലാഹിരിയുടെ ഭാഗത്തു നിന്നുമുണ്ടായ ചില ചെറിയ പിഴവുകളാണ് അദ്ദേഹത്തിന്റെ ജീവനെടുത്തത് എന്നാണ്.

ഏതൊരു മജീഷ്യന്റെയും ശക്തി എന്ന് പറയുന്നത് തന്റെ ടീം ആണ്. നല്ലൊരു ടീം കൂടെയുണ്ടെങ്കിൽ ആയിരക്കണക്കിന് ആളുകളെ ഒരു മജീഷ്യന് കബളിപ്പിക്കാം. എന്നാൽ, നിങ്ങൾ ചെയ്യാൻ പോവുന്നത് എന്തെന്നു കൃത്യമായി നിങ്ങളുടെ ടീമിന് അറിവുണ്ടായിരിക്കണം. ഇവിടെ നടന്നത് നേരെ തിരിച്ചാണ്. ടീമിലെ മറ്റുള്ള അംഗങ്ങൾ തങ്ങളുടെ ഗുരുസ്ഥാനീയനായിരുന്ന ലാഹിരി പറഞ്ഞതൊക്കെ അക്ഷരം പ്രതി അനുസരിച്ചുകൊണ്ടിരുന്നു. കൈകാലുകൾ ബന്ധിക്കാന്‍ പറഞ്ഞപ്പോൾ അവർ ബന്ധിച്ചു. ചങ്ങലയ്ക്കിട്ടു പൂട്ടാൻ പറഞ്ഞു, പൂട്ടി. ക്രെയിനിനു പൊക്കാൻ പറഞ്ഞു, പൊക്കി.  വെള്ളത്തിനടിയിലേക്ക് താഴ്ത്താൻ പറഞ്ഞപ്പോൾ  അതും ചെയ്തു. എന്നാൽ, അദ്ദേഹം എങ്ങനെയാണ് ഈ ബന്ധനങ്ങളിൽ നിന്നൊക്കെ രക്ഷപ്പെട്ട് തിരിച്ചു പൊന്തിവരാന്‍ പോവുന്നത് എന്നുമാത്രം അവരോടാരോടും ഒരക്ഷരം പറഞ്ഞിരുന്നില്ല. 

"ഏതൊരാളെയും തലകുത്തനെ കെട്ടിപ്പൊക്കിയാൽ തലയിലേക്കുള്ള രക്തപ്രവാഹം കൂടി നമ്മുടെ ഇന്ദ്രിയങ്ങളുടെയെല്ലാം പ്രവർത്തനം അത് പതുക്കെയാക്കും. പിന്നെ, നേരെ നിൽക്കുമ്പോൾ ഉള്ളത്ര മനസ്സാന്നിധ്യം നമുക്ക് കിട്ടില്ല. അതിനു പുറമെ നമ്മളെ കൈകാലുകൾ ബന്ധിക്കുകയും, വെള്ളത്തിനടിയിലേക്ക് കെട്ടിത്താഴ്ത്തുകയും ചെയ്താലോ.. ?" യദുനാഥ് പള്ളത്ത് എന്ന യുവ മജീഷ്യൻ പറയുന്നു. ലാഹിരി വെള്ളത്തിനടിയിലേക്ക് പോയി പതിനഞ്ചു മിനിറ്റുനേരം കഴിഞ്ഞ  ശേഷം മാത്രമാണ് അദ്ദേഹത്തിനെ ടീം രക്ഷാപ്രവർത്തനങ്ങളെപ്പറ്റി ആലോചിച്ചതുപോലും.   

പൊലീസിനോട് ഒരു മാജിക്ക് ട്രിക്ക് നടത്തുന്നു എന്നല്ലാതെ മറ്റൊന്നും തന്നെ ലാഹിരിയുടെ ടീം പറഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ മാജിക്കിനുള്ള അനുവാദം നല്കിയതല്ലാതെ വേറെ സുരക്ഷാ സംവിധാനങ്ങളെപ്പറ്റിയൊന്നും പൊലീസ് ആലോചിച്ചിരുന്നില്ല. കൈകാലുകൾ ബന്ധിച്ച് വെള്ളത്തിനടിയിലേക്ക് ആളെ ഇറക്കാനൊന്നും തങ്ങൾ അനുവാദം നല്കിയിരുന്നില്ലെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.  

ഈ സംഭവത്തിൽ നടന്നിരിക്കാൻ സാധ്യതയുള്ള കാര്യങ്ങളെപ്പറ്റി കേരളത്തിലെ പ്രസിദ്ധ മജീഷ്യനായ ആർ കെ മലയത്ത്  ഇങ്ങനെ പറഞ്ഞു, " നമ്മൾ എന്തൊക്കെ പ്രാക്ടീസ് ചെയ്തു എന്ന് പറഞ്ഞിരുന്നാലും, പെർഫോമൻസ് സമയത്ത് വരാൻ സാധ്യതയുള്ള ചെറിയ ഒരു പ്രതികൂല സംഭവവികാസം മതി മാജിക് ട്രിക്കിനെ പൊളിക്കാനും, ഇതുപോലുള്ള അപകടകരമായ ട്രിക്കുകള്‍ മജീഷ്യന്റെ ജീവൻ തന്നെ അപഹരിക്കാനും..."  

വെള്ളത്തിൽ ഇറങ്ങിയുള്ള ട്രിക്കാവുമ്പോൾ നിങ്ങളുടെ ജീവൻ നഷ്ടപ്പെടാനും അടിയൊഴുക്ക് പോലുള്ള ചെറിയ വിപരീത സാഹചര്യങ്ങൾ മതി. 2003  ഒക്ടോബർ 10 -ന് സ്വന്തം കൈകാലുകൾ ചങ്ങലയ്ക്ക് പൂട്ടി പാലത്തിന്റെ മുകളിൽ നിന്നും ടി എസ് കനാലിലേക്ക് എടുത്തുചാടിയ ശ്യാം എസ് പ്രബോധിനി എന്ന നീന്തൽ താരത്തെ ഓർമയില്ലേ..? അതേ ട്രിക്ക് എത്രയോ വട്ടം അദ്ദേഹം ചെയ്തിട്ടുണ്ട്. എന്നിട്ടും അന്നേദിവസം ആ കനാലിലെ അടിയൊഴുക്ക് അദ്ദേഹത്തിന് മരണക്കെണിയൊരുക്കി. എല്ലാം കണ്ടുകൊണ്ട്, നല്ലപോലെ നീന്തലറിയുന്ന എത്രയോ പേർ ആ കനാലിന്റെ ഇരുകരകളിലുമായി ആ പ്രകടനം കണ്ടുനിന്നു അന്ന്..?  

ആദ്യത്തെ മുങ്ങലിനു ശേഷം,  ഒഴുക്കിന്റെ ദിശയിൽ കുറച്ചു താഴെയായി ശ്യാം പൊന്തി വന്നു ഒരിക്കൽ... കൈവീശിക്കാണിച്ചു അവൻ. എന്നാൽ, ആളുകൾ അവന്റെ മരണവെപ്രാളത്തോടുള്ള കൈവീശലിനെ ആ അത്ഭുതപ്രകടനത്തിന്റെ ഭാഗമായിക്കണ്ട് അവഗണിച്ചു. അന്ന് ആ കനാലിൽ നിന്നും പുറത്തെടുത്തത് ഏറെ പ്രതീക്ഷകളുണ്ടായിരുന്ന ഒരു നീന്തൽ താരത്തിന്റെ മൃതദേഹമായിരുന്നു. തന്റെ നീന്തൽ കരിയറിന് ഇന്ധനമേകാനായി ഒരു സ്‌പോൺസർഷിപ്പ് കിട്ടാൻ വേണ്ടിയായിരുന്നു ശ്യാം അന്ന് തന്റെ ജീവൻ കയ്യിലെടുത്ത് കൊണ്ടുള്ള ആ പ്രകടനത്തിന് ഇറങ്ങിയത്. 

ഇവിടെ ചഞ്ചൽ ലാഹിരി എന്ന മജീഷ്യൻ മാൻഡ്രേക്കിന്റെ ജീവനെടുത്തതും പ്രകടന സമയത്ത് ഹൂഗ്ലീനദിയിൽ ഉടലെടുത്ത അപ്രതീക്ഷിതമായ അടിയൊഴുക്കാണെന്നു പറയപ്പെടുന്നു. അദ്ദേഹം പ്രകടനത്തിനായി തിരഞ്ഞെടുത്ത വേഷവിധാനവും ചിലപ്പോൾ അപകടത്തിന് കാരണമായിരുന്നിരിക്കാം.

എന്നും കാണികളെ സാക്ഷിയാക്കി മനോധൈര്യത്തിന്‍റേയും ആത്മവിശ്വാസത്തിന്‍റേയും പുറത്താണ് ഒരു മജീഷ്യൻ തന്റെ ഇന്ദജാലവിദ്യ കാണിക്കാറ്. പക്ഷേ, ആത്മവിശ്വാസം അധികമാവുമ്പോള്‍, സാഹചര്യം പ്രതികൂലമാവുമ്പോള്‍ ഇതുപോലെയുള്ള അപകടങ്ങള്‍ക്കും ചിലപ്പോള്‍ കാണികള്‍ക്ക് സാക്ഷികളാകേണ്ടി വരുന്നു. 

click me!