
ജെൻ സികളുടെ തലമുറയുടെ വാക്കുകൾ പലപ്പോഴും പഴയ തലമുറയ്ക്ക് മനസ്സിലാക്കാൻ പ്രയാസകരമാണ്. അത്തരത്തിൽ ഇന്ന് ഡേറ്റിംഗ് ലോകത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന ഒരു പദമാണ് 'ദി ഇക്ക്' (The Ick). നന്നായി മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്ന ഒരു പ്രണയബന്ധം അല്ലെങ്കിൽ ആകർഷണം നിമിഷനേരം കൊണ്ട് ഇല്ലാതാക്കാൻ ഈ ഒരു തോന്നൽ മതിയാകും.
ഒരാളുടെ പെരുമാറ്റത്തോടോ സ്വഭാവത്തോടോ പെട്ടെന്നുണ്ടാകുന്ന ഒരുതരം അറപ്പോ ഇഷ്ടക്കേടോ ആണ് 'ഇക്ക്'. വളരെ നിസ്സാരമായ കാര്യങ്ങളായിരിക്കും പലപ്പോഴും ഇതിന് കാരണമാകുന്നത്. ഒരാളുടെ ശബ്ദം ഇടറുന്നത്, അവർ സ്പൂൺ പിടിക്കുന്ന രീതി, അല്ലെങ്കിൽ എന്തെങ്കിലും കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ അവരുടെ മുഖത്തുണ്ടാകുന്ന ഭാവം എന്നിവയൊക്കെ ഇതിന് ഉദാഹരണങ്ങളാണ്. ഇത് തികച്ചും അപ്രതീക്ഷിതമായി സംഭവിക്കുന്ന ഒന്നാണ്. ആദ്യത്തെ ഡേറ്റിലോ അല്ലെങ്കിൽ ദീർഘകാലമായി പ്രണയത്തിലുള്ളവർക്കിടയിലോ എപ്പോൾ വേണമെങ്കിലും ഈ തോന്നൽ ഉണ്ടാകാം.
മനഃശാസ്ത്രജ്ഞാർ പറയുന്നതനുസരിച്ച്, ഇതൊരു പുതിയ ആശയമല്ല. എന്നാൽ സോഷ്യൽ മീഡിയ ഇതിന് പുതിയൊരു പേര് നൽകി എന്ന് മാത്രം. മറ്റൊരാളുടെ പ്രവൃത്തി കണ്ട് നമ്മുടെ ഉള്ളിൽ ഉണ്ടാകുന്ന ഒരുതരം മടുപ്പോ അസ്വസ്ഥതയോ ആണിത്. ചിലപ്പോൾ നമ്മളിൽ തന്നെ ഇഷ്ടപ്പെടാത്ത കാര്യങ്ങൾ മറ്റൊരാളിൽ കാണുമ്പോഴും ഇത്തരത്തിൽ തോന്നാറുണ്ട്.
അല്ല, 'ഇക്ക്' എന്നതും 'റെഡ് ഫ്ലാഗും' രണ്ട് വ്യത്യസ്ത കാര്യങ്ങളാണ്. ഒരാൾ നിങ്ങളെ മാനസികമായോ ശാരീരികമായോ ഉപദ്രവിക്കുകയോ അധിക്ഷേപിക്കുകയോ ചെയ്യുന്നത് ഗൗരവകരമായ 'റെഡ് ഫ്ലാഗുകളാണ്'. ഇത് നിങ്ങളുടെ മൂല്യങ്ങളെ ബാധിക്കുന്ന കാര്യമാണ്. എന്നാൽ ഭക്ഷണം കഴിക്കുമ്പോൾ പാത്രം തെറ്റായി ഉപയോഗിക്കുന്നതോ മെസേജ് അയക്കുമ്പോൾ സ്പെല്ലിംഗ് തെറ്റിക്കുന്നതോ എല്ലാം ഇത്തരം 'ഇക്കുകൾ' മാത്രമാണ്. ഒരാളെ നിങ്ങൾക്ക് ശരിക്കും ഇഷ്ടമാണെങ്കിൽ ഇത്തരം കാര്യങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കാവുന്നതേയുള്ളൂ.
ഇതിനെക്കുറിച്ച് നടന്ന ഒരു പുതിയ പഠനം (The ick: Disgust sensitivity, narcissism, and perfectionism in mate choice thresholds) പ്രകാരം, പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകൾക്കാണ് ഈ വികാരത്തെക്കുറിച്ച് അറിവുള്ളതും ഇത് അനുഭവപ്പെടുന്നതും. 24 മുതൽ 72 വയസ്സ് വരെയുള്ളവർക്കിടയിലാണ് ഈ പഠനം നടത്തിയത്. പെർഫെക്ഷനിസം, നാർസിസിസം തുടങ്ങിയ സ്വഭാവഗുണങ്ങളുള്ളവരിലാണ് 'ഇക്ക്' കൂടുതൽ പ്രകടമാകുന്നത്.
ചില 'ഇക്ക്' പ്രതികരണങ്ങൾ പങ്കാളിയുമായുള്ള പൊരുത്തക്കേടിന്റെ സൂചനയാകാമെങ്കിലും, പലപ്പോഴും ദീർഘകാല ബന്ധങ്ങളെ ബാധിക്കാത്ത നിസ്സാര കാര്യങ്ങളുടെ പേരിലാണ് ആളുകൾ ഇത് അനുഭവിക്കുന്നത്. ഇത് ആളുകളെ ശരിയായ പങ്കാളിയെ തിരഞ്ഞെടുക്കാൻ സഹായിക്കുമോ അതോ ബന്ധങ്ങളിൽ കടുത്ത നിബന്ധനകൾ വെക്കാൻ കാരണമാകുമോ എന്നത് ഇപ്പോഴും ഒരു ചോദ്യചിഹ്നമാണ്.