കൊറോണ വൈറസിനെ നിലം തൊടീക്കാത്ത ഒരേയൊരു ഭൂഖണ്ഡം ഇതാണ്

By Web TeamFirst Published May 15, 2020, 5:15 PM IST
Highlights

വേനൽക്കാലത്ത് അന്റാർട്ടിക്കയിൽ താമസമുള്ളവരുടെ എണ്ണം പരമാവധി 5000 വരെയൊക്കെ ഉയരും, മഞ്ഞു കാലത്ത് അത് 1000 വരെ അത് താഴുകയും ചെയ്യും. 

ഈ ഭൂമിയിൽ കൊറോണവൈറസിന്റെ ആക്രമണമേൽക്കാത്ത ഏതെങ്കിലുമൊരു ഭൂഖണ്ഡമുണ്ടോ? ഉണ്ട്. അത് നോക്കെത്താദൂരത്തോളം മഞ്ഞുറഞ്ഞു കിടക്കുന്ന അന്റാർട്ടിക്ക മാത്രമാണ്. അത് ഭാഗ്യമോ, കേവല യാദൃച്ഛികതയോ ഒന്നുമല്ല. സുരക്ഷാമാനദണ്ഡങ്ങൾ കിറുകൃത്യമായി പാലിച്ചുകൊണ്ട് അവിടെ താമസിക്കുന്നവർ പാലിക്കുന്ന ചിട്ടകൾ ഒന്നുകൊണ്ടുമാത്രമാണ്. 

അവിടെ താമസിക്കുന്നവരോ? അതേ സ്ഥിരമായല്ലെങ്കിലും, അവിടെയും ചിലർ താമസമുണ്ട്. എസ്കിമോകൾ ആയിരിക്കും അല്ലേ? അല്ല. അന്റാർട്ടിക്കയിൽ താമസിക്കുന്നവരെയാണ് എസ്കിമോകൾ എന്ന് വിളിക്കുന്നത് എന്ന് ചിലരെങ്കിലും കരുതുന്നുണ്ടാകും. ശാസ്ത്രപുസ്തകങ്ങളിൽ മാത്രം കണ്ടുപരിചയിച്ചിട്ടുള്ള ഇഗ്ലൂ എന്നുപറയുന്ന മഞ്ഞുകട്ടകൾ കൊണ്ടുണ്ടാക്കിയ വീട്ടിൽ താമസിക്കുന്ന ആ വംശജർ താമസിക്കുന്നത് അന്റാർട്ടിക്കയിൽ അല്ല. റഷ്യയിലെ സൈബീരിയ മുതൽ അമേരിക്കയിലെ അലാസ്ക വരെയുള്ള വടക്കേ ധ്രുവപ്രദേശങ്ങളിൽ പരമ്പരാഗതമായി വസിച്ചു പോരുന്ന തദ്ദേശീയരായ   ആളുകളെയാണ്എസ്കിമോകൾ എന്ന് വിളിക്കുന്നത്. അന്റാർട്ടിക്കയിൽ താത്കാലികമായി താമസിക്കുന്നത് അവിടെ ഗവേഷണം നടത്താനായി ഹ്രസ്വകാലത്തേക്ക് ചെന്നുപാർക്കുന്ന ശാസ്ത്രജ്ഞരും പിന്നെ, സീസണിൽ മാത്രം വന്നുപോകുന്ന വിനോദ സഞ്ചാരികളും മാത്രമാണ്. വേനൽക്കാലത്ത് അന്റാർട്ടിക്കയിൽ താമസമുള്ളവരുടെ എണ്ണം പരമാവധി 5000 വരെയൊക്കെ ഉയരും, മഞ്ഞു കാലത്ത് അത് 1000 വരെ അത് താഴുകയും ചെയ്യും. 

 

ഭൂമിയിലെ ഏറ്റവും തണുപ്പുള്ള, ഏറ്റവും വരണ്ട, ഏറ്റവും കൂടുതലായി കാറ്റുവീശുന്ന പ്രദേശങ്ങളിൽ ഒന്നാണ് അന്റാർട്ടിക്ക. -40 ഡിഗ്രി വരെ താഴ്ന്ന തണുപ്പും, 200 km/h വരെ ശക്തിയിൽ വീശുന്ന കാറ്റും ഒക്കെ അന്റാർട്ടിക്കയുടെ സവിശേഷതകളാണ്. വല്ലാത്ത കടുപ്പമാണ് ഇവിടത്തെ കാലാവസ്ഥ. അതുകൊണ്ടുതന്നെ ലോകത്തിലേക്കും വെച്ച് ഏറ്റവും കൂടുതൽ 'ഐസൊലേഷൻ' ഉള്ള പ്രദേശവും ഇതുതന്നെ. പ്രകൃതി തന്നെ നൽകിയ ഐസൊലേഷനാണ് ഇവിടെ ഉള്ളത്. പുറം ലോകവുമായി അന്റാർട്ടിക്കായ്ക്കുള്ള ആ സ്വാഭാവികമായ അകൽച്ച കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഒന്നുകൂടി അധികരിച്ചിരിക്കുകയാണ്. ഇന്ത്യയടക്കമുള്ള ലോകത്തിലെ പല രാജ്യങ്ങൾക്കും ഇവിടെ ഐസ് സ്റ്റേഷനുകളുണ്ട്. കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ ഇവിടത്തെ നിയമങ്ങൾ ഒന്നുകൂടി കർക്കശമായിരിക്കയാണ്. ഇവിടേക്കുള്ള സഞ്ചാരങ്ങൾ പൂർണമായും നിരോധിച്ചു കഴിഞ്ഞു. അത്യാവശ്യമില്ലാത്തവരെ മുഴുവൻ തിരികെ പറഞ്ഞയച്ചു കഴിഞ്ഞു. രാജ്യങ്ങളുടെ ഐസ് സ്റ്റേഷനുകൾ തമ്മിലുള്ള സമ്പർക്കം ഇനിയൊരു അറിയിപ്പുണ്ടാകും വരെ വിലക്കിയിരിക്കുകയാണ്. ഇന്ത്യയുടെ മൈത്രി, ഭാരതി എന്നീ ബേസുകൾക്കും ദക്ഷിണ ഗംഗോത്രി എന്ന സപ്ലൈ ബേസിനും പുറമെ ചിലി, റഷ്യ, ഉറുഗ്വേ, കൊറിയ, ചൈന എന്നിങ്ങനെ പല രാജ്യങ്ങളിൽ നിന്നുമുള്ള ബേസുകൾ അന്റാർട്ടിക്കയിൽ ഉണ്ട്.

 

'അന്റാർട്ടിക്കയിലെ ഇന്ത്യയുടെ ഭാരതി സ്റ്റേഷൻ'

കൊറോണാ വൈറസിനെപ്പറ്റിയുള്ള ഭീതി ഈ ബേസുകൾക്കിടയിലെ മനുഷ്യ സമ്പർക്കം പൂർണമായും ഇല്ലാതാക്കിക്കഴിഞ്ഞ സാഹചര്യമാണ് നിലവിലുള്ളത്. ഒരർത്ഥത്തിൽ അന്റാർട്ടിക്കക്ക് വലിയ ഭാഗ്യവും ഉണ്ടെന്നുവേണം പറയാൻ. വർഷാവർഷം ഇവിടത്തെ ഐസും, പെൻഗ്വിൻ കൂട്ടവും ഒക്കെ കാണാനായി അമ്പതിനായിരത്തിലധികം വിനോദ സഞ്ചാരികളും ക്രൂസ് ഷിപ്പുകളിൽ വന്നുചേരുന്നതാണ്. ഇത്തവണ ആ പതിവ് സന്ദർശനത്തിന് തൊട്ടുമുമ്പായി കൊറോണയുടെ ഭീതി പടർന്നതിനാൽ, അവസാനമായി അന്റാർട്ടിക്കയിൽ വന്ന ക്രൂസ് ഷിപ്പ് മാർച്ച് 3 -നാണ് ബഹിയ ഫിൽഡ്സിൽ ഡോക്ക് ചെയ്തത്. അതിനു ശേഷം വരാനിരുന്ന ഗ്രെഗ് മോർട്ടിമർ എന്ന കപ്പലിനെ യാത്ര തുടങ്ങി അധികം വൈകാതെ യാത്രക്കാർക്കിടയിൽ കൊവിഡ് ബാധ സ്ഥിരീകരിച്ചതുകൊണ്ട് തിരിച്ചയക്കുകയാണ് ഉണ്ടായത്. ആ കപ്പലിലെ 217 പേർക്ക് പിന്നീട് രോഗം സ്ഥിരീകരിക്കയുണ്ടായി. തലനാരിഴക്കാണ് ഈ കപ്പലിൽ നിന്ന് അന്റാർട്ടിക്ക രക്ഷപ്പെട്ടത്. 

 

 

ഏപ്രിൽ തൊട്ടിങ്ങോട്ട് മഞ്ഞുകാലം തുടങ്ങും. പിന്നെ സൂര്യനെ കണ്ടുകിട്ടുക പ്രയാസമാണ്. മോശം കാലാവസ്ഥ കാരണം പിന്നെ അന്റാർട്ടിക്കയിലേക്ക് ആരും യാത്ര പതിവില്ല. അപ്പോഴേക്കും യാത്രാവിലക്കുകളും വന്നു. അതുകൊണ്ട് അന്റാർട്ടിക്കയിൽ കൊവിഡ് മഹാമാരിയുടെ ഒരു കേസുപോലും റിപ്പോർട്ട് ചെയ്യപ്പെട്ടില്ല. ഇവിടേക്ക് വന്നെത്തുന്ന എല്ലാ സാധനസാമഗ്രികളും സാനിറ്റൈസ് ചെയ്ത ശേഷമാണ് എടുത്തുപയോഗിക്കുന്നത്. പല രാജ്യങ്ങളുടെയും ബേസുകളിൽ ആളുകളുടെ എണ്ണം പരമാവധി കുറച്ചു. ഡൈനിങ് ടേബിളിൽ പരമാവധി നാലുപേർ എന്നാക്കി. സ്പോർട്സ് ആക്ടിവിറ്റികൾ നിരോധിച്ചു. ഇനി ഡിസംബർ മാസം വരെ അന്റാർട്ടിക്കയിൽ കാര്യമായ പോക്കും വരവും ഒന്നുമുണ്ടാവില്ല. അവിടെ ഉള്ളവർ സുരക്ഷിതരായിത്തന്നെ അവിടെ തുടരുക മാത്രമേ ഉണ്ടാകൂ. 

 

'അന്റാർട്ടിക്കയിലെ ഇന്ത്യയുടെ മൈത്രി സ്റ്റേഷൻ '

ഇപ്പോൾ അന്റാർട്ടിക്കയിലുള്ളവർ എല്ലാം തന്നെ ഗവേഷകരാണ്. അവർക്ക് ആകെയുള്ള ആശങ്ക നാട്ടിൽ തങ്ങളുടെ കുടുംബങ്ങൾ സുരക്ഷിതരാണോ എന്നത് മാത്രമാണ്. നാട്ടിൽ നിന്ന് ആരെങ്കിലും അവരോട് എല്ലാം ഒക്കെ അല്ലേ എന്ന് ചോദിച്ചാൽ അവർ സധൈര്യം അതേ എന്ന് തന്നെ പറയും. ഈ കൊറോണക്കാലത്ത് ബാക്കി ഏത് ഭൂഖണ്ഡത്തിൽ ഉള്ളതിനേക്കാൾ സുരക്ഷിതരാണ് തങ്ങൾ അന്റാർട്ടിക്കയിൽ എന്ന് അവർക്കറിയാം. അത്രയ്ക്കുണ്ട് പ്രകൃതി കനിഞ്ഞനുഗ്രഹിച്ചു നൽകിയിട്ടുള്ള ഈ ഐസൊലേഷനിൽ അവർക്കുള്ള വിശ്വാസം. 

click me!