വിവാദ കോൺസ്റ്റബിൾ പിഎസ്‌സി റാങ്ക്‌ലിസ്റ്റ്: മൂന്ന് ഉദ്യോഗാർത്ഥികളുടെ വെളിപ്പെടുത്തല്‍...

By Babu RamachandranFirst Published Aug 26, 2019, 1:43 PM IST
Highlights

അർഹിക്കുന്ന ജോലിക്ക് എത്രയും പെട്ടന്ന് നിയമനം നൽകണം, രണ്ടോ മൂന്നോ പേർ പ്രവർത്തിച്ച അപരാധത്തിന്റെ പേരിൽ തങ്ങളെ ഏറെ നേരം ഇനിയും വെയിലത്ത് നിർത്തരുത് എന്നുമാത്രമാണ് അവർക്ക് സർക്കാരിനോട് അപേക്ഷിക്കാനുള്ളത്.

'657/2017' ഇതൊരു പിഎസ്‌സി പരീക്ഷയുടെ കാറ്റഗറി നമ്പറാണ്. ഇന്നത് കേട്ടാൽ കേരളത്തിലെ പതിനായിരത്തിലധികം തൊഴിൽരഹിതരായ യുവാക്കളുടെ നെഞ്ചിലൂടെ ഒരു ചാട്ടുളി പായും. കാരണം, ഇത് അവർക്കൊക്കെ ഒരിക്കൽ മോഹങ്ങൾ സമ്മാനിച്ച്, കപ്പിനും ചുണ്ടിനും ഇടക്കുവെച്ച് അവരിൽ നിന്നും അകന്നുമാറി, ഇപ്പോൾ അനിശ്ചിതത്വത്തിന്റെ തുരുത്തിൽ നിൽക്കുന്ന ഒരു സർക്കാർ ജോലിയുടെ ഓർമയാണ്. അതേ, ഇതാണ് വിവാദാസ്പദമായ ആ 'സിവിൽ പൊലീസ് ഓഫീസർ' പരീക്ഷ. യൂണിവേഴ്‌സിറ്റി കോളേജ് കുത്തുകേസിലെ പ്രതികളായ ശിവരഞ്ജിതും നസീമും അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ കോപ്പിയടിച്ചു എന്നതിന്റെ പേരിൽ കയ്യാലപ്പുറത്തായ റാങ്ക്‌ലിസ്റ്റും ഇതേ നിയമനത്തിന്റേതാണ്. 

ഈ പരീക്ഷയ്ക്കുള്ള ആദ്യ നോട്ടിഫിക്കേഷൻ വന്നത് 2017-ലായിരുന്നു. സർക്കാർ ജോലി എന്നത് ഒരു സ്വപ്നമായ ഇന്നാട്ടിൽ, അന്നുമുതൽ ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികൾ അവരുടെ വിലപ്പെട്ട സമയം മാറ്റിവച്ച് പരീക്ഷയ്ക്ക് തയ്യാറെടുത്തു തുടങ്ങി. 2018 മെയ് മാസത്തിൽ നടക്കാനിരുന്ന പരീക്ഷ നിപ്പ ബാധ മൂലം മാറ്റിവെയ്ക്കപ്പെട്ട് പിന്നീട് ജൂലൈ മാസത്തിലാണ് നടന്നത്. പരീക്ഷയിൽ ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെട്ട 30000-ത്തോളം ഉദ്യോഗാർത്ഥികൾക്ക് ഫിറ്റ്നസ്സ് ടെസ്റ്റിനുള്ള ദിവസം നൽകി. പക്ഷേ ഓഗസ്റ്റുമാസത്തിൽ വന്ന പ്രളയവും അതേത്തുടർന്നുള്ള നാശനഷ്ടങ്ങളും കാരണം ഫിറ്റ്നസ്സ് ടെസ്റ്റ് നീണ്ടുപോയി. പ്രളയദുരിതങ്ങളിൽ നിന്നും കരകയറി, ഓരോ ദിവസവും കഠിനമായി പ്രയത്നിച്ച് അവർരോരുത്തരും ഫിറ്റ്നസ്  ടെസ്റ്റിൽ പങ്കെടുത്തു. അതിനു ശേഷം ഏപ്രിൽ മാസത്തിൽ 8 ബറ്റാലിയനുകളിലേയ്ക്കായി 10940 പേരുൾപ്പെട്ട റാങ്ക് ലിസ്റ്റ് പ്രസിദ്ധപ്പെടുത്തി. 
 
റാങ്ക് ലിസ്റ്റിൽ ആദ്യസ്ഥാനങ്ങളിൽ പേര് വരിക എന്നുവെച്ചാൽ ഏറെക്കുറെ ജോലി കിട്ടിയ പോലെത്തന്നെയാണ്. അങ്ങനെ സംഭവിച്ചപ്പോൾ പലരും ശോഭനമായ ഒരു ഭാവിയുടെ സ്വപ്‌നങ്ങൾ കണ്ടു. വിദേശങ്ങളിൽ ജോലി ചെയ്തിരുന്നവർ പോലും വളരെയധികം പ്രതീക്ഷയോടെ തിരികെ നാട്ടിലേയ്ക്കെത്തി. സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ കൂടി കഴിഞ്ഞതോടെ പിന്നെ അവർക്കും നിയമനത്തിനുമിടയിൽ ആകെയുണ്ടായിരുന്ന കടമ്പ അഡ്വൈസ് മെമ്മോ കിട്ടുക എന്ന ഒരു കേവല സാങ്കേതികത്വം മാത്രമായിരുന്നു. അതാണെങ്കിൽ ഏതാനും ആഴ്ചകൾക്കുള്ളിൽ നടക്കാനിരിക്കുന്ന ഒന്നും ആയിരുന്നു. പലരും, അഡ്വൈസ് മെമോ വരുന്നതിനിടക്ക് ഒരല്പം വിശ്രമമാകാം എന്നുകരുതി, ഉണ്ടായിരുന്ന ജോലി രാജി വച്ച് ഗൾഫിൽ നിന്നും മറ്റും വന്നവരായിരുന്നു. 

റാങ്ക്‌ലിസ്റ്റിൽ ഉൾപ്പെട്ട് ജോലികിട്ടി എന്ന് വിശ്വസിച്ചുകഴിഞ്ഞ, അതിന്റെ സന്തോഷങ്ങൾ മനസ്സിലേറ്റിയ പലർക്കും, അവസാന അവസരമാണിത്. ഇനി ഒരു പരീക്ഷയും അവർക്ക് എഴുതാനാകില്ല, അവർ 'എയ്ജ് ഓവറാണ്'. അവസാന അവസരത്തിലെങ്കിലും സർക്കാർ സർവീസിൽ കയറാനായതിന്റെ ചാരിതാർത്ഥ്യം അവർ മനസ്സിലേറ്റി. അതിൽ അച്ഛൻ മരിച്ച് കുടുംബത്തിന്റെ ഏക ആലംബമായിട്ടുള്ളവരുണ്ട്. പെങ്ങളുടെ വിവാഹത്തീയതി അടുത്തവരുണ്ട്. ഭാര്യ ഗർഭിണിയായവരുണ്ട്. പറക്കമുറ്റാത്ത കുഞ്ഞുങ്ങളുള്ളവരുണ്ട്. ജീവിതം സർക്കാർ ജോലിയുടെ സുരക്ഷിതത്വത്തിൽ സുഭദ്രമായതിന്റെ ആഹ്ലാദമായിരുന്നു എല്ലാവർക്കും.
 
പക്ഷേ, ഓഗസ്ത് ആറിന് ഈ പ്രതീക്ഷകൾക്കെല്ലാം മീതെ ഒരു അശനിപാതമുണ്ടായി. അന്നാണ് ശിവരഞ്ജിത്തുൾപ്പെടുന്ന മൂന്നംഗസംഘത്തിന്റെ പിഎസ്‌സി പരീക്ഷാത്തട്ടിപ്പ് പുറത്തായതിന് പിറകേ, 10940 പേരടങ്ങുന്ന പ്രസ്തുത റാങ്ക് ലിസ്റ്റ് പി എസ് സി മരവിപ്പിച്ചത്. കോപ്പിയടിച്ചത് മൂന്നുപേരിൽ മാത്രം ഒതുങ്ങുന്നതാണോ എന്നുറപ്പിക്കണം എന്നാണ് പിഎസ്‌സി പറഞ്ഞത്. നൂറുപേരുടെ ഫോൺ വിളികളുടെ വിശദാംശങ്ങൾ എടുത്ത് അന്വേഷണം നടത്തി മാത്രമേ തീരുമാനത്തിലെത്താനാകൂ എന്നാണ് പിഎസ്‌സി പറയുന്നത്. 

ഒരു വർഷം മാത്രം വാലിഡിറ്റിയുള്ള ഈ ലിസ്റ്റിൽ ഉള്ളവർ ഇനി എന്തുചെയ്യണമെന്നറിയാതെ ആശങ്കപ്പെട്ടിരിക്കുകയാണ്. ആരും പിന്തുണയ്ക്കാനില്ലാതെ ഇന്നവർ ഉഴറുകയാണ്. ഇതെല്ലാം ഒന്നുറക്കെ വിളിച്ചുപറയാൻ പോലും അവർക്ക് ഭയമാണ്. പി എസ് സിയെ ധിക്കരിച്ചു എന്ന പേരിലോ മറ്റൊ വല്ല കേസും ചാർജ്ജ് ചെയ്യപ്പെട്ടാലോ എന്ന ഭയം. ഈ ലിസ്റ്റോ പരീക്ഷയോ റദ്ദ് ചെയ്താൽ, ഇനിയൊരു പരീക്ഷയെഴുതാൻ പ്രായം അനുവദിക്കുന്നവരല്ല മിക്കവാറും പേർ. 

 


അരുൺ, കെഎപി രണ്ടാം ബറ്റാലിയന്റെ ലിസ്റ്റിൽ നാലാം റാങ്കുകാരനാണ്. വെയ്‌റ്റ്ലിഫ്റ്റിംഗ് 105 കിലോ വിഭാഗത്തിൽ സംസ്ഥാന ചാമ്പ്യനായ അരുൺ ആറുവർഷത്തോളം വെയ്‌റ്റ്ലിഫ്റ്റിങ്ങിൽ കടുത്തപരിശീലനത്തിലൂടെ നാഷണൽ മീറ്റിൽ വരെ കേരളത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. 2017 മുതൽ തുടങ്ങിയ പിഎസ്‌സി പരിശീലനം ഒടുവിൽ ഈ വർഷമാണ് വിജയം കണ്ടത്. ഫിസിക്കൽ റെസ്റ്റിനുവേണ്ടി മുപ്പതുകിലോയോളം ഭാരവും കുറയ്‌ക്കേണ്ടി വന്നു. കൃഷിപ്പണിയിൽ നിന്നുള്ള അച്ഛന്റെ തുച്ഛമായ വരുമാനം കൊണ്ട് ഒന്നിനും തികയാത്തതുകൊണ്ട് പകൽ സമയത്ത് വാർക്കപ്പണിക്കും, പെയ്ന്റിംഗ് ജോലികൾക്കും മറ്റും പോയി പൊരിവെയിലത്ത് കഠിനമായി പ്രയത്നിച്ചുകൊണ്ടാണ് അരുൺ കുടുംബം പോറ്റിയിരുന്നതും പിഎസ്‌സി കോച്ചിങ്ങിനുള്ള പണം കണ്ടെത്തിയിരുന്നതും. ഇങ്ങനെ വിപരീത പരിസ്ഥിതികളോട് മല്ലിട്ടുകൊണ്ട് ജീവിതത്തിൽ വിജയം നേടി എന്ന് ഒന്നാശ്വസിച്ചുവന്നപ്പോൾ കിട്ടിയ ഈ അപ്രതീക്ഷിതമായ അടിയിൽ മാനസികമായി ആകെ തളർന്നിരിക്കുകയാണ് അരുൺ. 

 

കെഎപി രണ്ടാം ബറ്റാലിയനിൽ ആറാം റാങ്കുകാരനാണ് അശ്വിൻ. കഷ്ടപ്പെട്ട് ഉറക്കമിളച്ചു പഠിച്ചാണ് താൻ എഴുത്തുപരീക്ഷയിൽ 70.67 മാർക്ക് വാങ്ങിയത് എന്ന് അശ്വിൻ പറയുന്നു. രാവിലെ മൂന്നുമണിമുതൽ തുടങ്ങും വീട്ടിലെ അശ്വിന്റെ ഓട്ടം. പശുക്കളുണ്ട്, അവയ്ക്ക് വേണ്ടതൊക്കെ ചെയ്യാൻ അച്ഛനെ സഹായിക്കണം. ആ പണികൾക്കിടെ അയ്യന്തോൾ പുലിക്കളി സംഘം നടത്തുന്ന പിഎസ്‌സി കോച്ചിങ്ങ് സെന്ററിൽ പഠിക്കാൻ പോയിട്ടാണ് ഇത്രയും നല്ല റാങ്കുവാങ്ങാൻ അശ്വിനായത്. 

 

ലിസ്റ്റിൽ 1207 ആണ് സജീഷിന്റെ റാങ്ക്. മുമ്പ് സിആർപിഎഫിൽ ജോലി കിട്ടിയിരുന്നതാണ്. അപ്പോഴാണ്   അച്ഛന് വൃക്കരോഗം ബാധിക്കുന്നത്. 2016-ൽ അച്ഛനെ പരിചരിക്കാൻ വേണ്ടി നാട്ടിലേക്ക് പോരേണ്ടി വന്നപ്പോൾ ആ ജോലി നഷ്ടപ്പെട്ടു. ഡയാലിസിസിന് ബലത്തിലാണ് അച്ഛൻ ഇപ്പോഴും ജീവൻ നിലനിർത്തുന്നത്. സജീഷിന് ഇത് സർക്കാർ ജോലിക്കുള്ള അവസാനത്തെ അവസരമാണ്. ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തുകൊണ്ടാണ് ഭാര്യയും മക്കളും അടങ്ങുന്ന കുടുംബം സജീഷ് പുലർത്തിപ്പോരുന്നത്. ഇപ്പോൾ നിലനിൽക്കുന്ന അനിശ്ചിതത്വം സജീഷിന് കടുത്ത മാനസികവിഷമമാണ് നൽകുന്നത്. 

നാട്ടിൽ ചോദിക്കുന്നവരോടൊക്കെ ജോലി കിട്ടി എന്ന് പറഞ്ഞുപോയവരാണ് ഇവരൊക്കെ. ജോലി എന്ന ആശ പിഎസ്‌സി വെച്ചു നീട്ടിയപ്പോൾ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമെന്തെന്നറിഞ്ഞവർ.  ഇത് ഈ റാങ്ക്‌ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ മാത്രം ജീവിതപ്രശ്നമല്ല. അവരെ ചുറ്റിപ്പറ്റി ഈ ജോലിയുടെ ബലത്തിൽ സ്വപ്‌നങ്ങൾ കൊണ്ടുപോയ നിരവധി ജന്മങ്ങളുണ്ട്. അവരെയൊക്കെ മോഹഭംഗത്തിന്റെ ആത്മഹത്യാമുനമ്പിൽ നിർത്തുകയാണ് ഇപ്പോൾ പിഎസ്‌സി എന്ന സ്ഥാപനം ചെയ്തിരിക്കുന്നത്.

ഇവർക്കുവേണ്ടി ഒന്ന് ശബ്ദമുയർത്താനോ, തലസ്ഥാനത്തെ തെരുവീഥികൾ നിശ്ചലമാക്കാനോ ഒന്നും  ആരും മുന്നോട്ടു വന്നെന്നിരിക്കില്ല. കാരണം ഇവർ ഒരു കൊടിക്കീഴിലും അണിനിരക്കുന്നവരല്ല.. ഇവരെക്കൊണ്ട് ഒരു നാടിന്റെയും ഭാഗധേയം മാറിമറിയില്ല. പക്ഷേ, ഇവരും മനുഷ്യരാണ്,  അർഹിക്കുന്ന നീതി നിഷേധിക്കപ്പെട്ട പാവപ്പെട്ട കുറച്ചു മനുഷ്യർ. വിശേഷിച്ച് ഒരു ആനുകൂല്യവും അവർക്കുവേണ്ട.. അർഹിക്കുന്ന ജോലിക്ക് എത്രയും പെട്ടന്ന് നിയമനം നൽകണം, രണ്ടോ മൂന്നോ പേർ പ്രവർത്തിച്ച അപരാധത്തിന്റെ പേരിൽ തങ്ങളെ ഏറെ നേരം ഇനിയും വെയിലത്ത് നിർത്തരുത് എന്നുമാത്രമാണ് അവർക്ക് സർക്കാരിനോട് അപേക്ഷിക്കാനുള്ളത്.

click me!