
ബെംഗളൂരു : മെട്രോ നഗരമായ ബെംഗളൂരുവിൽ രുചിവൈവിധ്യത്തിനായി ഹോട്ടലുകൾ തേടി അലയേണ്ട ആവശ്യമില്ല. ലോകത്തെവിടെയുള്ള ഭക്ഷണവിഭവങ്ങളും അവയുടെ തനതായ രൂപത്തിൽ ലഭിക്കുന്ന ഹോട്ടലുകൾ നഗരത്തിലുണ്ട്. പക്ഷേ ഭക്ഷണത്തിൽ മാത്രമല്ല ഭക്ഷണം വിളമ്പുന്നതിലും പുതുമയുമായെത്തിയിരിക്കുകയാണ് ബെംഗളൂരുവിലെ ഇന്ദിരാനഗർ 100 ഫീറ്റ് റോഡിൽ ആരംഭിച്ച റോബോട്ട് ഹോട്ടൽ. ഇവിടെ ഭക്ഷണം വിളമ്പുന്നത് നടാലിയ, സൻസ, ഡാലിയ തുടങ്ങിയ പേരുകളുളള സുന്ദരികളായ റോബോട്ടുകളാണ്.
ഹോട്ടലിലെത്തുമ്പോൾ നിങ്ങൾ തിരഞ്ഞെടുക്കുന്ന ടേബിളിൽ ഘടിപ്പിച്ചിരിക്കുന്ന ടാബിലെ മെനുവിൽ നിന്ന് ഇഷ്ടഭക്ഷണം ഓർഡർ ചെയ്ത് മിനിറ്റുകൾക്കുളളിൽ ഭക്ഷണവുമായി എത്തുന്നത് ഈ റോബോട്ടുകളായിരിക്കും. ഹോട്ടലിലേയ്ക്ക് കയറുമ്പോൾ നിങ്ങളെ സ്വീകരിക്കുന്നതും ഒരു റോബോട്ട് സുന്ദരി തന്നെ. കുടുംബാംഗങ്ങൾക്കൊപ്പമോ സുഹൃത്തുക്കൾക്കൊപ്പമോ പിറന്നാളാഘോഷത്തിനോ വിവാഹ വാർഷികാഘോഷത്തിനോ എത്തിയാലും ആശംസകൾ നേരാൻ ഈ റോബോട്ടുകൾക്കറിയാം. ആഘോഷത്തിന്റെ വിവരങ്ങൾ ടാബിൽ നൽകണമെന്നു മാത്രം.
റോബോട്ടുകളുടെ പ്രവർത്തനം ബാറ്ററിയിലാണ്. ഓരോ ടെബിളിലും ഒരു ചിപ്പ് ഘടിപ്പിക്കുകയും അതിനുശേഷം അവ റോബോട്ടുകളുമായി ബന്ധിപ്പിച്ച് ഒരു മാഗ്നറ്റിക് പാത ഉണ്ടാക്കുകയും ചെയ്യുന്നു. ആ വഴിയിലൂടെയാണ് റോബോട്ടുകൾ ഓരോ ടേബിളിനു സമീപവുമെത്തുന്നത്. ഭക്ഷണം ടാബുകൾ വഴി ഓർഡർ ചെയ്യുമ്പോൾ ആ സന്ദേശം ഒരേ സമയം പാചകക്കാർക്കും റോബോട്ടുകൾക്കും ലഭിക്കും. പിന്നീട് ഭക്ഷണം തയ്യാറായാൽ അവ ജീവനക്കാർ റോബോട്ടുകളുടെ കൈയ്യിൽ ഘടിപ്പിച്ച ട്രേയിലേക്ക് എടുത്തുവയ്ക്കുകയും റോബോട്ടുകൾ ഓരോ ടേബിളിന് സമീപവുമെത്തിച്ച് വിളമ്പുകയും ചെയ്യും.
''കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും ആളുകൾ ഹോട്ടലുകളിൽ ചിലവഴിക്കാറുണ്ട് ഭക്ഷണം കഴിക്കുമ്പോൾ ആ സമയം കൂടുതൽ രസകരമാക്കുക എന്നതു കൂടിയാണ് റോബോട്ടിക് ഹോട്ടൽ ലക്ഷ്യമിടുന്നത്. ഞങ്ങൾ ചെന്നൈ യിലാണ് ആദ്യം തുടങ്ങിയത്. പക്ഷേ റോബോട്ടുകൾക്കു പകരം വിമാനത്തിന്റെ ഉൾവശം എങ്ങനെയാണോ ആ രീതിയിലായിരുന്നു ഹോട്ടലിന്റെ ഉൾവശവും. ഇങ്ങനെ വ്യത്യസ്ത തീമുകൾ ഉപയോഗിക്കുമ്പോൾ ആളുകൾക്കത് പുതിയ അനുഭവമായിരിക്കും. റോബോട്ട് ഹോട്ടൽ ജനറൽ മാനേജർ കാർത്തികേയൻ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു.
രണ്ടു ലക്ഷത്തോളം രൂപ വില വരുന്ന 7 ചൈനീസ് ഹ്യുമനോയ്ഡ് റോബോട്ടുകളാണ് ഹോട്ടലിലുളളത് . 2019 ആഗസ്തിൽ പ്രവർത്തനമാരംഭിച്ച ഹോട്ടലിൽ ചൈനീസ് തായ് ഇന്ത്യൻ ഭക്ഷണങ്ങൾ ലഭിക്കും. ''റോബോട്ടുകളുടെ പ്രവർത്തനത്തെ കുറിച്ച് കൃത്യമായ ധാരണയുള്ള ജീവനക്കാരാണ് ഹോട്ടലിലുള്ളത്. എന്തെങ്കിലും സാങ്കേതിക തകരാറുകൾകൊണ്ട് റോബോട്ടുകൾ പണിമുടക്കിയാലും കൈകാര്യം ചെയ്യാൻ ഇവർക്കറിയാം''. കാർത്തികേയൻ പറഞ്ഞു. ഉച്ചയ്ക്ക് 12 മുതൽ 3 വരെയും രാത്രി 7 മുതൽ 11 വരെയുമാണ് റോബോട്ട് ഹോട്ടലിന്റെ പ്രവർത്തനം.