ശസ്ത്രക്രിയ പരാജയപ്പെട്ടു, ഡോക്ടർ രോ​ഗിയായി, പിന്നാലെ കാൻസറും, ജീവിതം തിരിച്ചുപിടിച്ച് ഡോ. ബോറ

By Web TeamFirst Published Apr 11, 2022, 4:44 PM IST
Highlights

ജീവിതം എന്തുതന്നെയായാലും, അതിന് എപ്പോഴും ഒരു നല്ല വശമുണ്ടെന്ന് മറ്റുള്ളവരെ ഓർമ്മിപ്പിക്കാൻ അദ്ദേഹം തന്റെ അനുഭവങ്ങൾ പുസ്തകരൂപത്തിലാക്കാൻ ആഗ്രഹിച്ചു. ഒരാൾക്ക് എല്ലായ്പ്പോഴും പോസിറ്റിവിറ്റി കണ്ടെത്താനും അത് പരമാവധി പ്രയോജനപ്പെടുത്താനും ഇതുവഴി കഴിയുമെന്ന് അദ്ദേഹം ചിന്തിച്ചു. 

ജീവിതത്തിൽ വെല്ലുവിളികളെ അഭിമുഖീകരിക്കുമ്പോൾ നമ്മിൽ പലരും നെഗറ്റീവ് ആയി മാറാറുണ്ട്. എന്നാൽ, ദുരിതങ്ങൾ ഒന്നൊന്നായി വേട്ടയാടുമ്പോഴും ജീവിതത്തിൽ പ്രതീക്ഷ കൈവിടാതെ, പോസിറ്റീവായി അതിനെയെല്ലാം നേരിട്ട ഒരു വ്യക്തിയുടെ ആത്മകഥയാണ് 'ദി സെക്കന്റ് ചാൻസ് ഇൻ ലൈഫ്'(The Second Chance in Life). അടുത്തകാലത്തായി ഏറെ ശ്രദ്ധിക്കപ്പെട്ട ഈ പുസ്തകം യുകെയിൽ താമസിക്കുന്ന വിരമിച്ച ഡോ. ഭാസ്കർ ബോറ(Bhaskar Bora)യുടെ ജീവിത കഥയാണ്. അസ(Assam)മിലെ ഗുവാഹത്തി സ്വദേശിയാണ് അദ്ദേഹം.

40 -കളിൽ, ഡോ. ബോറ എല്ലാ നിലയിലും വിജയിച്ച മനുഷ്യനായിരുന്നു. ആസാമിലെ ഗുവാഹത്തി മെഡിക്കൽ കോളേജിൽ നിന്നും മെഡിക്കൽ യോഗ്യത നേടിയ ശേഷം 2004-ൽ ഇന്ത്യ വിട്ട് യുണൈറ്റഡ് കിംഗ്ഡത്തിലേക്ക് അദ്ദേഹം പറന്നു. അവിടെ ഒരു പ്രശസ്ത മെഡിക്കൽ പ്രാക്ടീഷണറായി അദ്ദേഹം വളർന്നു. 12 വർഷക്കാലം ഒരു ഡോക്ടർ എന്ന നിലയിൽ ശ്രദ്ധേയനായ അദ്ദേഹം പിന്നീട് ഒരു സംരംഭകനായും മാറി. ലണ്ടനിലെ സട്ടണിൽ സ്വന്തമായി ഒരു റെസ്റ്റോറന്റും ഒരു ബാറും അദ്ദേഹം ആരംഭിച്ചു. ലണ്ടനിൽ ഒരു റെസ്റ്റോറന്റ് ആരംഭിക്കുന്ന ആദ്യത്തെ ആസാം സ്വദേശി കൂടിയാണ് അദ്ദേഹം. ജീവിതം അങ്ങനെ സന്തോഷകരമായി മുന്നോട്ട് പോവുകയായിരുന്നു. എന്നാൽ, 2019 ഓടെ കാര്യങ്ങൾ മാറിമറിഞ്ഞു. അദ്ദേഹത്തിന്റെ നട്ടെല്ലിൽ നടത്തിയ ഒരു ശസ്ത്രക്രിയ പരാജയമായി. തുടർന്ന് നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റു. ഒരു ഡോക്ടറായ അദ്ദേഹം വൈദ്യശാസ്ത്രപരമായ അശ്രദ്ധയുടെ ഇരയായി എന്നത് തികച്ചും വിരോധാഭാസമാണ്. ഇതോടെ രണ്ട് കാലുകളും തളർന്നു. വലതുകൈയ്യും അനക്കാൻ സാധിക്കാതായി. ആശുപത്രിയിൽ ഏറെ കാലം ഡോക്ടർ ഒരു രോഗിയായി ചെലവഴിച്ചു.  

കാലുകൾ തളർന്ന് രണ്ട് മാസത്തിന് ശേഷം, അദ്ദേഹത്തിന് തൈറോയ്ഡ് ക്യാൻസറും ബാധിച്ചു. തുടർന്ന് നിരവധി ഓപ്പറേഷനുകൾ ആവശ്യമായി വന്നു. ഇന്ന്, അദ്ദേഹം ക്യാൻസറിനെ അതിജീവിച്ചിരിക്കുന്നു. എന്നാൽ, ആ കാലം അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും ഇരുളടഞ്ഞ ദിവസങ്ങളായിരുന്നു. ഒരു കാലത്ത് ചുറുചുറുക്കോടെ ആശുപത്രി വരാന്തകളിൽ ഓടിനടന്ന ഡോ. ബോറ സ്വയം നടക്കാൻ പോലുമാകാതെ വീൽചെയറിലായി.    

“സുഷുമ്നാ നാഡിക്ക് ക്ഷതം സംഭവിച്ചുവെന്ന് ഞാൻ മനസിലാക്കിയപ്പോൾ, കടുത്ത നിരാശയും ഭാവിയെക്കുറിച്ചുള്ള ആശങ്കയും എന്നെ ബാധിച്ചു. എനിക്ക് അഡ്ജസ്റ്റ് ചെയ്യാൻ കുറച്ച് സമയമെടുത്തു. ഒരു ഡോക്ടറായതിന്റെ ഗുണവും ദോഷവും അപ്പോഴാണ് ഞാൻ അറിഞ്ഞത്. സമാനമായ സാഹചര്യങ്ങൾക്ക് വിധേയരായ നിരവധി രോഗികളുമായി ഞാൻ ഇടപഴകുകയും അവരെ ഉപദേശിക്കുകയും ചെയ്തിട്ടുണ്ട് എന്നത് എനിക്ക് ഗുണകരമായി. അതേസമയം ഇനി എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് മറ്റാരും പറയാതെ തന്നെ എനിക്ക് മനസിലാക്കാൻ സാധിച്ചിരുന്നു എന്നത് എന്റെ ആശങ്ക കൂട്ടി" അദ്ദേഹം എഴുതി. 

തന്റെ മെഡിക്കൽ പ്രാക്ടീസിൽ നിന്ന് വിരമിക്കാനും ചില ബിസിനസുകൾ ഉപേക്ഷിക്കാനും അദ്ദേഹം നിർബന്ധിതനായി. ഭാവിയെ കുറിച്ചുള്ള ഭയം അദ്ദേഹത്തെ കീഴടക്കി. 2000 -ത്തിൽ, അദ്ദേഹത്തിന്റെ പിതാവിന് പക്ഷാഘാതം വന്നപ്പോൾ കുടുംബത്തിന്റെ ഉത്തരവാദിത്തം യുവാവായ ബോറ സധൈര്യം ഏറ്റെടുക്കുകയുണ്ടായി. ഒരു ടാക്സി ഡ്രൈവറായും, ഒരു ബസ് ടിക്കറ്റ് കൗണ്ടറിലെ ജോലിക്കാരനായും, പിന്നെ ഒരു ഫാർമസി ഉടമയായും അദ്ദേഹം കുടുംബത്തെ പോറ്റി. എന്നാൽ, കാലുകളും കൈകളും തളർന്ന ശേഷം, തന്റെ കുടുംബത്തെ പരിപാലിക്കാൻ അദ്ദേഹത്തിന് വീണ്ടും നടക്കാൻ പഠിക്കേണ്ടിവന്നു. ഊന്നുവടിയുടെ സഹായത്തോടെ ഇപ്പോൾ ചെറിയ ദൂരം താണ്ടാൻ അദ്ദേഹത്തിന് കഴിയും.

ജീവിതം എന്തുതന്നെയായാലും, അതിന് എപ്പോഴും ഒരു നല്ല വശമുണ്ടെന്ന് മറ്റുള്ളവരെ ഓർമ്മിപ്പിക്കാൻ അദ്ദേഹം തന്റെ അനുഭവങ്ങൾ പുസ്തകരൂപത്തിലാക്കാൻ ആഗ്രഹിച്ചു. ഒരാൾക്ക് എല്ലായ്പ്പോഴും പോസിറ്റിവിറ്റി കണ്ടെത്താനും അത് പരമാവധി പ്രയോജനപ്പെടുത്താനും ഇതുവഴി കഴിയുമെന്ന് അദ്ദേഹം ചിന്തിച്ചു. അദ്ദേഹത്തിന്റെ കൈയിലെ മൂന്ന് വിരലുകളുടെ പ്രവർത്തനക്ഷമത നഷ്ടപ്പെട്ടതിനാൽ പുസ്തകം എഴുതാൻ ഏകദേശം മൂന്ന് മാസമെടുത്തു. എന്നിട്ടും അദ്ദേഹം അത് എഴുതി പൂർത്തിയാക്കി. 'ദി സെക്കന്റ് ചാൻസ് ഇൻ ലൈഫ്' എന്ന തന്റെ പുസ്തകം തന്നെപ്പോലുള്ള ഭിന്നശേഷിക്കാർക്ക് പ്രതീക്ഷ നൽകുമെന്ന് ഡോ. ബോറ പ്രതീക്ഷിക്കുന്നു. പ്രതീക്ഷയുടെ സന്ദേശമാണ് ഇതിലൂടെ താൻ നല്കാൻ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. 

click me!