ഉടലിൽ നിന്ന് തല വേർപെട്ട് പത്തുമിനിറ്റ് കഴിഞ്ഞിട്ടും ആ പാമ്പ് അയാളെ കടിച്ചു, ഒടുക്കത്തെ കടി..!

By Web TeamFirst Published May 25, 2020, 10:55 AM IST
Highlights

ജെറെമിയെ കടിച്ച പാമ്പിനെ സംബന്ധിച്ചിടത്തോളം ഒന്നും നോക്കാനില്ലാതെ സാഹചര്യമായിരുന്നല്ലോ. ഇരയല്ല തന്നെ ആക്രമിക്കാനെത്തിയ ശത്രുവാണ് മുന്നിൽ. 

മനുഷ്യനെ പാമ്പ് കൊത്തിയതിന്റെ കഥകൾ പലതും നമ്മൾ പറഞ്ഞു കേട്ടിട്ടുണ്ട്. ഇത് നിങ്ങളിന്നോളം കേട്ട കഥകളെയൊക്കെ അതിശയിപ്പിക്കുന്ന ഒന്നാണ്. സ്വന്തം ഭാര്യക്കുനേരെ ചീറിയടുത്ത ഒരു വിഷസർപ്പത്തെ കയ്യിലിരുന്ന ഷവലിന് വെട്ടി തലയും ഉടലും രണ്ടാക്കി ഒരു യുവാവ്. അറ്റുകിടന്ന തല ഒരു കമ്പുകൊണ്ട് തട്ടിമാറ്റാൻ ശ്രമിച്ചപ്പോൾ അപ്രതീക്ഷിതമായ അവസാനത്തെ പ്രത്യാക്രമണം പാമ്പിൽ നിന്നുണ്ടാകുന്നു. തലപോയിട്ടും അടങ്ങാത്ത സർപ്പക്രൗര്യം. ഉടലിൽ അവശേഷിച്ചിരുന്ന അവസാനതുള്ളി വിഷവും ശത്രുവിന്റെ കയ്യിൽ നിക്ഷേപിച്ചുകൊണ്ട് ഒരു ഉരഗം നടത്തിയ പ്രതികാരം. ഇത് അതിന്റെ കഥയാണ്.

ഉഗ്രവിഷമുള്ള ആ സർപ്പവുമായി നേർക്കുനേർ വരും മുമ്പ്, സ്വന്തം ശരീരം പരസ്പരം പോരടിക്കുന്ന പലതരം ടോക്സിനുകളുടെ യുദ്ധക്കളമാകുന്നതിനൊക്കെമുമ്പ്, ജെറെമി സട്ട്ക്ലിഫ് എന്ന യുവാവ് ഒരു 'പാമ്പുപ്രേമി' ആയിരുന്നു. കണ്ടാൽ പലർക്കും അറപ്പും ഭീതിയും ഒക്കെ തോന്നുന്ന ആ ഇഴജന്തുക്കളെ അയാൾക്ക് ഏറെ ഇഷ്ടമായിരുന്നു. 'എന്തുസൗന്ദര്യമാണ് ഇവറ്റയ്ക്ക്' എന്നയാൾ പലപ്പോഴും മനസ്സിൽ പറഞ്ഞിട്ടു പോലുമുണ്ട്.

അഡ്വെഞ്ചർ ഏറെ ഇഷ്ടപ്പെട്ടിരുന്നു ജെറെമി. ക്യാമ്പ് ചെയ്യാനോ, മീൻ പിടിക്കാനോ, ട്രെക്കിങ്ങിനു പോകാനോ ഒക്കെ കിട്ടുന്ന ഒരവസരവും അയാൾ പാഴാക്കിയിരുന്നില്ല. അതുകൊണ്ടാണ് നാല്പതുകാരനായ ജെറെമിയും, അയാളേക്കാൾ മൂന്നുവയസ്സിന്റെ മൂപ്പുള്ള ഭാര്യ ജെന്നിഫറും കാൻസാസിൽ നിന്ന് സൗത്ത് ടെക്സസിലേക്ക് താമസം മാറിയത്. അവിടെ ഗൾഫ് ഓഫ് മെക്സിക്കോയിൽ നിന്ന് കുറച്ചു ദൂരം ഡ്രൈവ് ചെയ്തു ചെന്നാൽ എത്തുന്ന, ലേക്ക് കോർപ്പസ് ക്രിസ്റ്റി എന്ന സ്ഥലത്ത്,  ഒരേക്കറോളം പുരയിടം  നല്ല ലാഭത്തിന് കിട്ടിയപ്പോൾ അത് സ്വന്തമാക്കി ഒരു ട്രെയിലറിൽ അവിടേക്ക് താമസം മാറ്റുകയായിരുന്നു അവർ. മതിയായി എന്ന് തോന്നുന്ന നിമിഷം എവിടെനിന്നും എങ്ങോട്ടും ഒന്നോ രണ്ടോ ദിവസം കൊണ്ട് പറിച്ചു നടാൻ പറ്റുന്ന 'ട്രെയിലർ വീടുകൾ' അമേരിക്കയിൽ പലർക്കും സ്വന്തമാണ്. ആ ഒരേക്കർ പറമ്പിന്റെ ഒരു മൂലയ്ക്കൽ അവരുടെ ട്രെയിലർ വിശ്രമിച്ചു. അതിൽ താമസിച്ചുകൊണ്ട് ആ പുതിയ ആവാസം അവർ തങ്ങൾക്കായി ഒരുക്കിയെടുക്കാൻ തുടങ്ങി.

 

 

2018 സുന്ദരമായ ഒരു മെയ്മാസപ്പുലരിയായിരുന്നു അത്. ട്രെയിലറിന്റെ പിന്നാമ്പുറത്തെ കുറച്ചു സ്ഥലം ഒന്ന് വൃത്തിയാക്കി എടുക്കാൻ ശ്രമിക്കുകയായിരുന്നു ജെറെമിയും ജെന്നിഫറും. വൈകുന്നേരം ഒരു 'ബാർബിക്യൂ' ആകാം എന്ന് രണ്ടു മക്കൾക്കും വാക്കുകൊടുത്തിട്ടുണ്ട് അച്ഛൻ. രാവിലെ പത്തര ആയിക്കാണണം നേരം. പുല്ല് വെട്ടുന്ന യന്ത്രം ഉരുട്ടി ലോൺ ചെത്തിയൊതുക്കുകയായിരുന്നു ജെറെമി. പൂന്തോട്ടത്തിൽ അല്ലറചില്ലറ പണികൾ ചെയ്തുകൊണ്ട് ജെന്നിഫറും അവിടെത്തന്നെ ഉണ്ടായിരുന്നു. ചെടികൾക്കിടയിൽ നിന്ന് കൈകൊണ്ട് കളകൾ പറിച്ചു കളഞ്ഞുകൊണ്ടിരുന്ന ജെന്നിഫർ പെട്ടെന്ന് ഞെട്ടിപ്പിടഞ്ഞ് എണീറ്റ്  കീറി വിളിച്ചു, " ജെറെമി... ഓടിവാ... പാമ്പ്... പാമ്പ്... ഓടിവാ..! " അത് ഒരു 'വെസ്റ്റേൺ ഡയമണ്ട്ബാക്ക് റാറ്റിൽ സ്നേക്ക്' ആയിരുന്നു. ഉഗ്രവിഷമുള്ള ജാതി. കള പറിക്കുന്നതിനിടെ അറിയാതെ ജെന്നിഫർ അതിനെ ഇപ്പോൾ കയ്യിലെടുത്തേനേ. ഓർക്കുന്തോറും ജെന്നിഫറിന് ഞെട്ടൽ ഏറി വന്നു.

ഏകദേശം ഒരു മീറ്ററോളം നീളമുണ്ട്‌ ആ സർപ്പത്തിന്. അത് കലിതുള്ളിയങ്ങനെ നിൽക്കുകയാണ്. ത്രികോണാകൃതിയിലുള്ള ഫണം വിരിച്ചുപിടിച്ച്, എഴുന്നേറ്റു നിന്ന്, വാലും വിറപ്പിച്ച്, സ്ഥിരം അറ്റാക്ക് പൊസിഷനിലാണ് അത്. ഏത് നിമിഷം വേണമെങ്കിലും ജെന്നിഫറിനെ അത് അങ്ങോട്ട് ചെന്ന് ആഞ്ഞുകൊത്താം. അവളുടെ തൊണ്ടക്കുഴിയിലൂടെ ശബ്ദം താഴേക്ക് ഇറങ്ങിപ്പോകുന്നതുപോലെ തോന്നി. എങ്ങനെയോ ധൈര്യം വീണ്ടെടുത്ത് ജെന്നിഫർ ഒരിക്കൽ കൂടി നിലവിളിച്ചു, " ജെറെമീ... ഓടിവാ.. പാമ്പ്... പാമ്പ്..."

 

 

ഭാര്യയുടെ നിലവിളി ശബ്ദം ആദ്യം കേട്ടപ്പോൾ അയാൾക്ക് തോന്നിയത് പറമ്പിൽ സ്ഥിരമായി എലിയെപ്പിടിക്കാൻ വരുന്ന മഞ്ഞച്ചേര വന്നതാകും എന്നാണ്. അതിനെ കോരിക്കളയാൻ വേണ്ടി, പൂന്തോട്ടത്തിലേക്ക് ഓടിച്ചെല്ലും വഴി തന്റെ ഷവലും എടുത്തു അയാൾ. അടുത്തെത്തിയപ്പോൾ മാത്രമാണ് ജെറെമി ആ അപകട ദൃശ്യം കണ്ടത്. ഒരു പൊന്തക്കാടിനും ചുവരിനും ഇടയിൽ കുടുങ്ങിപ്പോയ ജെന്നിഫർ. അവളുടെ തൊട്ടടുത്ത്, ആക്രമണ സജ്ജനായി കലിതുള്ളി നിൽക്കുന്ന റാറ്റിൽ സ്നേക്ക്. ഷവൽ കൊണ്ട് ആ പാമ്പിനെ എടുത്ത് പറമ്പിനു വെളിയിൽ കളയാനാണ് അയാൾ ആദ്യം ശ്രമിച്ചത്. എന്നാൽ പാമ്പ് ജെറെമിക്ക് നേരെ തിരിഞ്ഞപ്പോൾ അതേ ഷവലിന്റെ മൂർച്ചയുള്ള ഭാഗം വെച്ച് ഒരു കൊത്തുകൊടുത്തു അയാൾ അതിന്. അതോടെ പാമ്പിന്റെ തല അതിന്റെ ഉടലിൽ നിന്ന് വേർപെട്ടു നിലത്തു വീണു. ജെന്നിഫറിന്റെ ശ്വാസം നേരെ വീണു.

പാമ്പുമായുള്ള യുദ്ധം കഴിഞ്ഞതോടെ ജെന്നിഫർ തിരികെ ട്രെയിലറിലേക്ക് മടങ്ങി. ജെറെമി തന്റെ പണിയിലേക്കും. കഷ്ടി പത്തുമിനിറ്റ് നേരം കഴിഞ്ഞിട്ടുണ്ടാകും. താൻ 'പട്ടികളെ അഴിച്ചു വിടാൻ പോവുകയാണ്' എന്ന പ്രഖ്യാപനം ജെന്നിഫറിൽ നിന്നുണ്ടായപ്പോൾ 'ഇനി ആ ചത്തപാമ്പിനെക്കണ്ട്  അവർ അസ്വസ്ഥരാകേണ്ട, എടുത്തു കളഞ്ഞേക്കാം' എന്ന് ജെറെമി കരുതി. തല ഒരു കല്ലിന്റെ അടുത്ത് കിടക്കുന്നു. കുറച്ചപ്പുറത്തായി ഉടലും. തലയ്ക്കടുത്ത് ഒരു മരക്കമ്പ് കിടപ്പുണ്ട്. 'നല്ല വിഷമുള്ള ഇനമാണ് കൈ കൊണ്ട് തൊടണ്ട, ആ കമ്പുകൊണ്ട് തോണ്ടി പുരയിടത്തിനു വെളിയിൽ കളയാം' എന്ന് കരുതി കമ്പെടുക്കാൻ കൈ നിലത്തേക്ക് കൊണ്ടുപോയതുമാത്രമേ ജെറെമിക്ക് നല്ല ഓർമ്മയുള്ളൂ. അയാളുടെ കൈ നിലം തൊടും മുമ്പ്, ചത്തു എന്നയാൾ തെറ്റിദ്ധരിച്ചിരുന്ന ആ സർപ്പത്തിൽ നിന്ന് ഒരു അവസാനത്തെ പ്രത്യാക്രമണം ഉണ്ടായി. ഒന്ന് പിടഞ്ഞുകൊണ്ട് അയാളുടെ ഇടത്തെ കയ്യിൽ ചാടിക്കടിച്ച ആ പാമ്പിൻ തല അതിന്റെ ഗ്രന്ഥിയിലുണ്ടായിരുന്ന വിഷമത്രയും ജെറെമിയുടെ കയ്യിലേക്കിറക്കി.

കയ്യിൽ നല്ല കനമുള്ള ഒരു ചുറ്റികയ്ക്ക് അടിച്ച ഫീലാണ് ആ നിമിഷമുണ്ടായത് എന്ന് പിന്നീട് ജെറെമി അതേപ്പറ്റി ഓർത്തെടുക്കുകയുണ്ടായി. "കടിച്ചു... എന്നെ ഇത് കടിച്ചു..." അയാൾ ഉറക്കെ വിളിച്ചുകൂവി. ആകെ ഭയന്നുപോയി അയാൾ. 'മുറിഞ്ഞ പാമ്പിൻതല കടിക്കുക'. അതയാൾ അവസാനമായി കണ്ടിട്ടുള്ളത് ഏതോ ഹൊറർ സിനിമയിലായിരുന്നു. ഏതോ ഒരു സോംബി മൂവി. എന്നാൽ സത്യത്തിൽ പാമ്പുകളുടെ കാര്യത്തിൽ ഇപ്പോൾ നടന്നത് അത്ര അസാധാരണമായ ഒരു സംഭവമേ  അല്ലായിരുന്നു. തലമുറിഞ്ഞു പോയാലും പാമ്പുകൾക്ക് കുറേ നേരത്തേക്കുകൂടി ചിലപ്പോൾ ജീവൻ അവശേഷിക്കും. തണുത്ത രക്തവും വളരെ വേഗം കുറഞ്ഞ മെറ്റാബോളിസവും ഉള്ള ഉരഗങ്ങൾക്ക് ചാവാനും വേണം ഒരല്പനേരം കൂടുതൽ.

തന്റെ തേറ്റപ്പല്ലുകൾ ജെറെമിയുടെ കൈകളിൽ ആഴ്ത്തിക്കൊണ്ട് ആ റാറ്റിൽ സ്നേക്ക് അതിന്റെ ജീവിതത്തിലെ ഒടുക്കത്തെ യുദ്ധത്തിലായിരുന്നു. താൻ കൊന്നുകളയാൻ നോക്കിയ സർപ്പം തന്നെ കൊല്ലാനുള്ള പരിശ്രമത്തിലാണ് എന്ന് ജെറെമിക്ക് ബോധ്യപ്പെട്ടു. എങ്ങനെയും രക്ഷപ്പെടാനുള്ള ഒരു ത്വര അയാളിലും പ്രവേശിച്ചു. എത്ര അപകടകരമാണ് എന്നോർക്കാതെ അയാൾ തന്റെ വലത്തേക്കൈ കൊണ്ട് പാമ്പിന്റെ വായ പിളർന്ന് ആ തേറ്റപ്പല്ലുകൾ തന്റെ ഇടത്തേക്കയ്യിന്റെ മാംസത്തിൽ നിന്ന് വേർപെടുത്താൻ ശ്രമിച്ചു. ഒരു പല്ല് ഏതാണ്ട് വേർപെട്ടു വരികയും ചെയ്തു. അപ്പോഴേക്കും, പല്ലുകൾ ഒന്നയച്ച് ആ പാമ്പ് രണ്ടാമതും ഒരു കടികൂടി കടിച്ചു. ഇത്തവണ അയാൾക്ക് കടി കിട്ടിയത് വലത്തേ കയ്യിന്റെ വിരലുകളിലാണ്.

 

'ജെറെമിയും ജെന്നിഫറും '

ഇനിയാണ് ജെറെമിയുടെ ജീവൻ രക്ഷിച്ചെടുത്തതിൽ സുപ്രധാനപങ്കുവഹിച്ച ഘടകത്തിന്റെ വരവ്. അത് അയാളുടെ ഭാര്യ ജെന്നിഫർ ആയിരുന്നു. ഭർത്താവിന്റെ നിലവിളി കേട്ട് ഓടിയെത്തിയ അവർ കണ്ടത് മറ്റേതൊരു ഭാര്യയെയും ഒരുപക്ഷേ ബോധരഹിതയാക്കുന്നത്ര ഭീകരമായ കാഴ്ചയായിരുന്നു. രണ്ടുകയ്യിലും കടിയേറ്റ്, ഉഗ്രവിഷമുള്ള സർപ്പത്തിന്റെ അറ്റ തലയും പിടിച്ചുകൊണ്ട്, ആകെ ചോരയൊലിപ്പിച്ച് നിൽക്കുന്ന സ്വന്തം ഭർത്താവ്. ആ കാഴ്ച കണ്ടിട്ടും ജെന്നിഫർ തലകറങ്ങി വീണില്ല. കാരണം, പരിശീലനം സിദ്ധിച്ചൊരു നേഴ്സ് aayirunu അവർ. ജെന്നിഫറിന്റെ തലയിലൂടെ ആദ്യം പോയ ഓർമ്മ ഇതാണ്, " എത്രയും പെട്ടെന്ന്.... ആശുപത്രി, എത്രയും പെട്ടെന്ന്..."

അവൾ നേരെ വീട്ടിനുള്ളിലേക്ക് തിരിച്ചോടി. കാറിന്റെ താക്കോൽ എടുക്കുക എന്നതായിരുന്നു ലക്‌ഷ്യം. താക്കോലുമായി തിരികെയെത്തിയപ്പോഴേക്കും ജെറെമി അടുത്ത പരിശ്രമത്തിൽ പാമ്പിന്റെ തല തന്റെ കയ്യിൽ നിന്ന് വേർപെടുത്തി വലിച്ചെറിഞ്ഞു കഴിഞ്ഞിരുന്നു.

അതിനിടെ അവൾ 911 -ൽ വിളിച്ചു കാര്യം പറഞ്ഞു കഴിഞ്ഞിരുന്നു. പാരാമെഡിക്‌സിന്റെ  ടീം പുറപ്പെട്ടു എന്ന് വിവരം ലഭിച്ചു. പക്ഷേ, ടൗണിൽ നിന്ന് അല്പം അകലെയായിരുന്നു അവരുടെ പുരയിടം. അതുകൊണ്ട് ജെറെമിയെ കാറിന്റെ ഫ്രണ്ട് സീറ്റിൽ ബെൽറ്റിട്ടിരുത്തി ജെന്നിഫർ ടൌൺ ലക്ഷ്യമാക്കി കുതിച്ചു. ടൗണിൽ നാലഞ്ച് ആശുപത്രികളുണ്ട്. അതിൽ ഏതിലാണ് ആന്റിവെനം ഉണ്ടാവുക എന്ന് അപ്പോൾ ജെന്നിഫറിന് അറിയില്ലായിരുന്നു. ടൗണിനടുത്തെത്തി എന്ന് ജെന്നിഫർ പറഞ്ഞപ്പോൾ അവിടെയുള്ള ഒരു പള്ളിയുടെ മുന്നിൽ വണ്ടി നിർത്തി കാത്തുനിൽക്കാൻ പാരാമെഡിക് ടീം അവളോട്  പറഞ്ഞു. അവൾ അവിടെ വാഹനം നിർത്തി പ്രാർത്ഥിച്ചു കൊണ്ടിരുന്നു.

പാമ്പുകടിയുടെ ആഘാതത്തെ വഷളാക്കുന്നു ഒരു അസുഖം ജെറെമിക്ക് നേരത്തെ ഉണ്ടായിരുന്നു. പ്രതിരോധ ശേഷിയെയും നാഡീകോശങ്ങളെയും ബാധിക്കുന്ന 'ഗില്ലൻ ബാർ സിൻഡ്രം' എന്ന അപൂർവ്വരോഗം. അതാണ് ജെന്നിഫറിനെ വല്ലാതെ ഭയപ്പെടുത്തിയിരുന്നത്. പതിനഞ്ചു മിനിറ്റ്. വിലപ്പെട്ട പതിനഞ്ചു മിനിട്ടു നേരമെടുത്തു പാരാമെഡിക്‌സിനേയും കൊണ്ട് എമർജൻസി റെസ്പോൺസ് വാഹനം അവരുടെ അടുത്തെത്താൻ. അപ്പോഴേക്കും ജെറെമിയുടെ കണ്ണിൽ ഇരുട്ട് കയറിത്തുടങ്ങിയിരുന്നു. എന്തായാലും എത്തിയ ഉടനെ തന്നെ, ജെറെമിയെയും കയറ്റി ഹൈവേയിലൂടെ ആ ആംബുലൻസ് കുതിച്ചു പാഞ്ഞു. പിന്നാലെ സ്വന്തം കാറിൽ ജെന്നിഫറും. ഏതാനും കിലോമീറ്ററുകൾ കഴിഞ്ഞപ്പോൾ അടുത്തുള്ള ഒരു ഒഴിഞ്ഞ കെട്ടിടത്തിലേക്ക് ആംബുലൻസ് ഒതുക്കിനിർത്തി. സംഗതി അല്പം പ്രശ്നമാണ്. ജെറെമിയുടെ പ്രഷർ വല്ലാതെ താഴുന്നു. റോഡുമാർഗം ആശുപത്രിയിലേക്ക് എത്തിപ്പെടാൻ ഇനിയും സമയമെടുക്കും എത്താൻ.അത്രയും നേരം ജെറെമി അതിജീവിച്ചേക്കില്ല. ഹെലികോപ്റ്റർ ഇവാകുവേഷൻ ടീമിനെ വിളിച്ചിട്ടുണ്ട്. രണ്ടു മിനിറ്റിൽ അവരെത്തും. അഞ്ചു മിനിറ്റ് നേരം. അതിനുള്ളിൽ കോപ്റ്റർ വന്നെത്തി. ജെറെമിയെ കയറ്റിക്കൊണ്ടു പോയി.

റാറ്റിൽ സ്നേക്കിന്റെ വെനം വല്ലാത്ത ഒരു വിഷമാണ്. അത് വിഷലിപ്തമായ എൻസൈമുകളുടെയും പ്രോട്ടീനുകളുടെയും ഒരു കാളകൂടമാണ്. മനുഷ്യന്റെ രക്തത്തിലേക്ക് അത് കലർന്നുകഴിഞ്ഞാൽ, അതിന് രക്തത്തിന്റെ കട്ടി കുറയ്ക്കും രക്തത്തെ നേർത്തതാക്കും. തൊലിയുടെയും രക്തത്തിന്റെയും കോശങ്ങളെ ആക്രമിച്ച് അത് ഇന്റെർണൽ ഹെമറേജ് വരെ ഉണ്ടാക്കും. സാധാരണ ഗതിക്ക് പാമ്പുകൾ വിഷം പാഴാക്കാൻ ആഗ്രഹിക്കാത്തവരാണ്. കാരണം വിഷം ഉത്പാദിപ്പിക്കപ്പെടുന്നത് ഏറെ മെനക്കേടുള്ള ഒരു പ്രക്രിയ വഴിയാണ്. അതുകൊണ്ട്, ഇരപിടിക്കുമ്പോൾ ഇരയുടെ ചലനശേഷി മന്ദഗതിയിലാകാൻ എത്ര വിഷം വേണോ അത്രമാത്രമാണ് അവ പ്രയോഗിക്കുക. അളന്നുമുറിച്ചുള്ള പ്രയോഗമാകും. ഒരു തുള്ളി പോലും അധികം ചെലവിടാറില്ല. എന്നാൽ, ജെറെമിയെ കടിച്ച പാമ്പിനെ സംബന്ധിച്ചിടത്തോളം ഒന്നും നോക്കാനില്ലാതെ സാഹചര്യമായിരുന്നല്ലോ. ഒന്നാമത് അപകടം മണത്തിരിക്കുന്നു, ഇരയല്ല തന്നെ ആക്രമിക്കാനെത്തിയ ശത്രുവാണ് മുന്നിൽ. രണ്ടാമത്, ദേഹം രണ്ടായി മുറിഞ്ഞുള്ള അസഹ്യമായ പ്രാണവേദനയും. മിക്കവാറും സ്വന്തം വിഷഗ്രന്ഥിയിലെ അവസാനതുള്ളിയും അയാളുടെ ദേഹത്തേക്ക് ഇറക്കിക്കാണും ആ പാമ്പ്.

 


വിഷം തീണ്ടി വരുന്ന രോഗികൾക്ക് സാധാരണ ആശുപത്രിയിൽ നിന്ന് കിട്ടുക ഒന്നോ രണ്ടോ ഡോസ് ആന്റി വെനമാകും. ജെറെമിക്ക് സ്വന്തം ശരീരത്തിലേക്ക് എടുക്കേണ്ടി വന്ന ആന്റിവെനം ഡോസേജ് കേട്ടാൽ നിങ്ങൾ ഞെട്ടും. ഒന്നും രണ്ടുമൊന്നുമല്ല, 26 ഡോസ്. ഹെലികോപ്റ്ററിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയ ഭർത്താവിന്റെ പിന്നാലെ ഹൈവേയിലൂടെ കുതിച്ചെത്തിയ ജെന്നിഫർ അവിടെ ചെന്നപ്പോഴേക്കും ഒന്നരമണിക്കൂർ കഴിഞ്ഞിരുന്നു. ആറു ഡോക്ടർമാർ ചേർന്ന് തന്റെ ഭർത്താവിന്റെ ജീവൻ രക്ഷിക്കാൻ നടത്തുന്ന പ്രയത്നങ്ങളുടെ നടുവിലേക്കാണ് അവർ ചെന്ന് കയറുന്നത്. എങ്ങനെയും ബ്ലഡ് പ്രഷർ താഴാതെ നോക്കുക എന്നതായിരുന്നു ഡോക്ടർമാരുടെ പ്രാഥമിക ലക്‌ഷ്യം.

ജെറെമിക്ക് പാമ്പുകടിയേറ്റിട്ട് അപ്പോഴേക്കും രണ്ടു മണിക്കൂർ കഴിഞ്ഞിരുന്നു. അയാളുടെ വെളുത്ത കൈപ്പത്തി ചോരച്ചോപ്പു നിറത്തിൽ വീങ്ങി വലുതായിരുന്നു. തന്റെ നഴ്‌സിംഗ് കണ്ണുകൾ കൊണ്ട് ജെന്നിഫർ നിശബ്ദം അവിടെ നടക്കുന്ന പരിശ്രമങ്ങൾ മനസ്സിലാക്കാൻ ശ്രമിച്ചു. ക്രയോപ്രെസിപ്പിറ്റേറ്റും, വൈറ്റമിൻ കെയുമാണ് ഡോക്ടർമാർ പ്രധാനമായും ആന്റിവെനത്തിനു പുറമെ ജെറെമിക്ക് നൽകാൻ ശ്രമിക്കുന്നത്. അവർ അയാളുടെ ഞരമ്പുകളിലൂടെ ഫ്ലൂയിഡ്സ് പമ്പുചെയ്യാനുള്ള ശ്രമവും നടത്തിക്കൊണ്ടിരിക്കുന്നുണ്ട്.

അഞ്ചുമണിക്കൂർ പിന്നിട്ടു. ജെറെമിയുടെ ആന്തരികാവയവങ്ങൾക്ക് തകരാറു വന്നേക്കാം എന്ന അവസ്ഥയായി. ഇനിയും ഇങ്ങനെ തുടർന്നാൽ പറ്റില്ല. അയാളെ ഒരു കോമയിലേക്ക് തള്ളിയിട്ട്, വെന്റിലേറ്ററിൽ സൂക്ഷിക്കണം. ഇല്ലെങ്കിൽ ആന്തരികാവയവങ്ങൾ തകരാറിലായി ആൾ മരിച്ചു പോകും. ജെന്നിഫറിന്റെ അടുത്ത് സമ്മതപത്രങ്ങൾ ഒപ്പിടാൻ കൊണ്ടുവന്നപ്പോഴേക്കും ആകെ മരവിച്ച അവസ്ഥയിൽ ആയിട്ടുണ്ടായിരുന്നു അവർ. ഒന്നും നോക്കാതെ പറഞ്ഞിടത്തൊക്കെ അവർ ഒപ്പിട്ടുനൽകി.

 

'ജെറെമി ആദ്യത്തെ ആംപ്യൂട്ടേഷന് ശേഷം '

രാത്രി മൂന്നുമണിയോടെ ഡോക്ടർമാർ വീണ്ടും വന്നു. " നിങ്ങളുടെ ഭർത്താവിന്റെ നില വളരെ അപകടത്തിലാണ്. ബിപി വളല്ലാതെ താഴുന്നു. മീൻ ആർട്ടീരിയൽ പ്രഷർ അറുപതിൽ താഴെ ആയിരുന്നു. അത് തിരികെ 65 -നു മേലെയെങ്കിലും എത്തിയില്ലെങ്കിൽ   ഹൃദയത്തിന് രക്തം പമ്പുചെയ്യാൻ സാധിക്കില്ല..." അവർ പറഞ്ഞു.

ജെന്നിഫറിന്റെ ഹൃദയം പെരുമ്പറയടിച്ചു. ഇത്രയും നാൾ കൂടെയുണ്ടായിരുന്ന സ്നേഹിതൻ വിടപറഞ്ഞു പോകാൻ പോവുകയാണോ? ഭയന്നുപോയി അവൾ. അയാളെ കിടത്തിയിരുന്ന കിടക്കയ്ക്കരികിലേക്ക് ചെന്ന് ജെന്നിഫർ അയാളുടെ ചെവിയിൽ പറഞ്ഞു, " ജെറെമി.. അങ്ങനെയങ്ങ് പോയാൽ പറ്റില്ല... മക്കളെ ആര് നോക്കും? ആ വിഷമൊക്കെ പമ്പ് ചെയ്ത് പുറത്തു കളഞ്ഞ് ഒന്ന് വേഗം തിരിച്ച് വാ നീ.! "

ആ രാത്രി മുഴുവൻ അവൾ ഉറക്കമൊഴിച്ച് സ്‌ക്രീനിൽ കാണിച്ചിരുന്ന പ്രഷറിലേക്കുതന്നെ നോക്കിക്കൊണ്ടിരുന്നു. "കൂട്... കൂട്.... കൂട്... " എന്ന് മനസ്സിൽ പറഞ്ഞുകൊണ്ടിരുന്നു. ഒടുവിൽ അവളുടെ പ്രാർത്ഥന ദൈവം കേട്ടു. 60 -ൽ നിന്ന് പ്രഷർ 65 ആയി. പതുക്കെ 70 ആയി. രാവിലെ ആയപ്പോഴേക്കും അപകടാവസ്ഥ നീങ്ങി.  

പാമ്പുകടിയേറ്റ് അഞ്ചു ദിവസങ്ങൾക്കു ശേഷം ജെറെമി കണ്ണുതുറന്നു. കോമയിൽനിന്നെണീറ്റു. മനസ്സിൽ വല്ലത്തൊരു മൂടലായിരുന്നു അയാൾക്ക്. ശരീരം അപ്പടി നീരുവന്ന് വീർത്തുപോയിരുന്നു. ഇരുപതുകിലോയോളം നീരുവന്ന് കൂടി ശരീരഭാരം. കൈകാലുകൾ, വയർ, നെഞ്ച്, പുറം തുടങ്ങി സകല സ്ഥലത്തും വല്ലാത്ത വേദന. പക്ഷേ, കണ്ണുതുറന്നു ചുറ്റുംനോക്കിയപ്പോൾ കണ്ട കാഴ്ച അതൊക്കെ ഇല്ലാതാക്കി. തൊട്ടരികിൽ തന്നെ ജെന്നിഫറും രണ്ടു മക്കളും അയാളെത്തന്നെ ഉറ്റുനോക്കിക്കൊണ്ട് ഇരിപ്പുണ്ടായിരുന്നു.

അടുത്ത ദിവസങ്ങളിൽ ചികിത്സ വലിയ കടുപ്പമായിരുന്നു. പാമ്പുകടിയേറ്റപ്പോൾ അകത്തെത്തിയ വിഷവും, അതിനെ തുരത്താൻ വേണ്ടി ഡോക്ടർമാർ ചെലുത്തിയ ആന്റിവെനവും ചേർന്ന് അയാളുടെ കിഡ്‌നി തകരാറിലാക്കിയിരുന്നു, അതുകൊണ്ട് മുടങ്ങാതെ ഡയാലിസിസ് വേണ്ടിവന്നിരുന്നു. ടോക്സിനുകൾ കാരണം അയാൾക്ക് ഗാൾബ്ലാഡർ സ്റ്റോറുകൾ, കിഡ്‌നി സ്റ്റോണുകൾ എന്നിവ ചേർന്ന് അസഹ്യമായ പുറം വേദന തുടങ്ങിയവ ഉണ്ടാക്കി.

ആശുപത്രിയിലെ ബിൽ അപ്പോഴേക്കും $60,000 (ഇവിടത്തെ ഏകദേശം 45  ലക്ഷം രൂപ ) കടന്നിരുന്നു. സുഹൃത്തുക്കളും ബന്ധുക്കളും ഒക്കെ അവരെ സാമ്പത്തികമായി സഹായിച്ചു. GoFundMe 'യിൽ ഒരു കാമ്പെയിൻ ജെറെമിക്കായി തുടങ്ങിയത് വഴിയും പണം സ്വരൂപിക്കപ്പെട്ടു. ഒരു മാസത്തോളം ഡയാലിസിസ് കഴിഞ്ഞപ്പോൾ കിഡ്‌നി സ്വാഭാവികാവസ്ഥയിലേക്ക് തിരിച്ചുവന്നു. നെക്രോസിസ് കാരണം അയാൾക്ക് രണ്ടാമത് കടിയേറ്റ വലത്തേ കയ്യിലെ  രണ്ടു വിരലുകൾ മുറിച്ചു കളയേണ്ടി വന്നു.

ആ മരണക്കിടക്കയിൽ കിടന്ന നാളുകളിൽ ജെറെമി പലതുമോർത്ത് കരഞ്ഞു. താൻ ജീവിതത്തിൽ പ്രവർത്തിച്ചതും പറഞ്ഞതുമായ അബദ്ധങ്ങൾ. ചെയ്തുപോയ നെറികേടുകൾ. അറിയാതെയെങ്കിലും പലരെയും വേദനിപ്പിച്ചത്. കുട്ടികൾ കളിയ്ക്കാൻ വിളിച്ചപ്പോൾ അവർക്കൊപ്പം പോകാതെ സ്വന്തം കാര്യങ്ങളും നോക്കി ഇരുന്നത് ഒക്കെ അയാൾക്ക് ഓർമവന്നു. കഴിഞ്ഞുപോയ ജീവിതത്തെ അയാൾ ആ ആശുപത്രിക്കിടക്കയിൽ കിടന്നുകൊണ്ട് റിവൈൻഡ് ചെയ്ത് പരിശോധിച്ചു. 'മരിച്ചുപോകരുതേ ദൈവമേ ഞാൻ...' എന്നയാൾ ഉള്ളുനൊന്തു പ്രാർത്ഥിച്ചു. ഇവിടെന്നെണീറ്റാൽ എല്ലാം അതിന്റെ ശരിക്ക് തന്നെ ചെയ്യും എന്നയാൾ മനസ്സിൽ ഉറപ്പിച്ചു. ഭാഗ്യവശാൽ അതിന് അയാൾക്ക് അവസരവും കിട്ടി. ആശുപത്രിക്കിടക്കയിൽ നിന്ന് തിരിച്ചെത്തിയ ശേഷമുള്ള ജീവിതം ജെറെമിക്ക് അക്ഷരാർത്ഥത്തിൽ ഒരു പുനർജന്മമായിരുന്നു.

ജൂണിൽ അയാൾ ആശുപത്രി വിട്ട് തന്റെ വീട്ടിലേക്ക് മടങ്ങി. ഒരു മാസത്തെ ബെഡ് റെസ്റ്റിനു ശേഷം എഴുന്നേറ്റു നടക്കാൻ തുടങ്ങി. ഒടുവിൽ ജൂലൈയിൽ അയാൾ തന്റെ കുഞ്ഞുങ്ങൾക്ക് രണ്ടുമാസം മുമ്പ് നൽകിയ വാക്ക് പാലിച്ചു. മക്കൾക്കിഷ്ടമുള്ള ബാർബിക്യൂ ചിക്കൻ ജെറെമി തന്നെ അവർക്ക് പാചകം ചെയ്ത് നൽകി. അതുകഴിക്കാൻ അവരോടൊപ്പം ഇരിക്കുമ്പോൾ അയാൾ തന്റെ ഭാര്യയുടെ കൈകളിൽ ഇടംകൈ കൊണ്ട് ഒന്നിറുക്കിപ്പിടിച്ചു. എന്നിട്ട് മുന്നിലിരുന്ന പ്ളേറ്റിൽ നിന്ന്, രണ്ടു വിരലുകൾ നഷ്‌ടമായ തന്റെ വലംകൊണ്ട് ഒരു കഷ്ണം കയ്യിലെടുത്തു. പരസ്പരം കണ്ണിൽ കണ്ണിൽ നോക്കി, ഒരു നെടിയ നിശ്വാസം പൊഴിച്ച്, ഒരു നിമിഷം മൗനമായി പ്രാർത്ഥിച്ച ശേഷം  ഇരുവരും ആ അത്താഴം വയറുനിറയെ കഴിച്ചു.

ടെക്‌സാസിലെ കാറ്റിന് അന്ന് വല്ലാത്ത തണുപ്പായിരുന്നു. ജെറെമിയുടെയും ജെന്നിഫറിന്റെയും മക്കളുടെയും സ്വൈരജീവിതത്തിൽ അലോസരമുണ്ടാക്കാനായി ഒരു വിഷസർപ്പവും പിന്നീട് ആ വളപ്പിനകത്തേക്കു കടന്നു വന്നില്ല. എന്നുമെന്നും അവർ സന്തോഷത്തോടെ അവിടെത്തന്നെ കഴിഞ്ഞു.

 

കടപ്പാട് : Article by Nicholas Hune-Brown റീഡേഴ്സ് ഡൈജസ്റ്റ്

click me!