ഡോ. രാം മനോഹർ ലോഹ്യയുടെ രാഷ്ട്രീയ ജീവിതത്തിലെ മൂന്ന് ആകസ്മികതകൾ

By Web TeamFirst Published Mar 23, 2019, 6:49 PM IST
Highlights

ഗാന്ധിജിയെ വീണ്ടും കണ്ടുമുട്ടിയപ്പോൾ ലോഹ്യ അദ്ദേഹത്തോട് ചോദിച്ചു, " ബാപ്പു.. അങ്ങേയ്ക്കെന്തോ പറയാനുണ്ടായിരുന്നു എന്ന് പറഞ്ഞിട്ട്...?  "  ബാപ്പു പറഞ്ഞു, " ഞാൻ പുലർച്ചെ എഴുന്നേറ്റപ്പോൾ നീ നല്ല സുഖനിദ്രയിലായിരുന്നു. ഉണർത്താൻ എനിക്ക് മനസ്സുവന്നില്ല..."  

 ജീവിതം പലപ്പോഴും നമുക്ക് ഒന്നിലധികം  സാദ്ധ്യതകൾ വെച്ചുതരാറുണ്ട്. പിന്നീട് നമ്മൾ പലപ്പോഴും ചിന്തിക്കും. അന്നേദിവസം  മറിച്ചായിരുന്നു സംഭവിച്ചിരുന്നതെങ്കിൽ എന്തായിരുന്നേനെ..? ഡോ. റാം മനോഹർ ലോഹ്യ എന്ന ഇന്ത്യകണ്ട ഏറ്റവും സത്യസന്ധനായ  ജനാധിപത്യവാദിയുടെ ജീവിതത്തിലുമുണ്ട് അത്തരത്തിലുള്ള മൂന്ന് ആകസ്മികതകൾ.  രണ്ടു കോമയും, ഒരു പൂർണ്ണവിരാമവുമുണ്ട് ലോഹ്യയുടെ ജീവിതത്തിലെ യാദൃച്ഛികതകളുടെ ഓർമ്മയിൽ. അതേപ്പറ്റിയാവാം, ഇന്ന് അദ്ദേഹത്തിന്റെ ജന്മദിനത്തിൽ..!

തന്റെ ഇരുപത്തിരണ്ടാമത്തെ വയസ്സിൽ  ജർമ്മനിയിൽ നിന്നും തന്റെ ഡോക്ടറേറ്റ് പഠനം പൂർത്തിയാക്കി ഇന്ത്യയിൽ തിരിച്ചു വന്നു ലോഹ്യ. ഗവേഷണ വിഷയം 'Indian Salt Taxation' . അവിടെ നിന്നും സ്വാതന്ത്ര്യ സമരത്തിന്റെ തീച്ചൂളയിലേക്ക് ലോഹ്യയും എടുത്തുചാടുന്നു. സതന്ത്ര്യസമരത്തിനായി റേഡിയോ നടത്തുന്നു. ലഘുലേഖകൾ തയ്യാറാക്കി വിതരണം ചെയ്യുന്നു. അങ്ങനെ പലതും. വലിയ നേതാക്കൾ പലരും ക്വിറ്റ് ഇന്ത്യാ സമരവുമായി ജയിലിൽ പോവുന്നു. പലരും ബ്രിട്ടീഷ് മർദ്ദനത്തിലും കഴുവേറ്റത്തിലും ഒക്കെയായി പ്രാണത്യാഗം ചെയ്ത് ഒടുവിൽ 1947 -ൽ ഇന്ത്യക്ക് സ്വാതന്ത്ര്യ ലബ്ധിയുണ്ടാവുന്നു. 

തന്നെപ്പോലെ 'അധികാരവ്യാമോഹങ്ങളില്ലാത്ത' ഒരു യുവാവിനെക്കൂടി  കണ്ടുകിട്ടിയപ്പോൾ  ഗാന്ധിജിയുടെ കണ്ണുകൾ തിളങ്ങി.

എന്നാൽ സ്ഥിതിഗതികൾ മാറിമറിയുന്നത് അതിനുശേഷമാണ്. സ്വാതന്ത്ര്യത്തിനുവേണ്ടി സമരങ്ങൾ നയിച്ച അർദ്ധനഗ്നനായ വൃദ്ധന് അധികാരത്തിൽ താത്പര്യമുണ്ടായിരുന്നില്ല. ഗാന്ധിക്കു പകരം നെഹ്‌റു അധികാരത്തിലേറുന്നു. ഗാന്ധിജിയാവട്ടെ, വിഭജനാനന്തരം നാടൊട്ടുക്കും നടന്ന ലഹളകളിൽ അസ്വസ്ഥമായ മനസ്സുമായി  നവഖാലിയിലെ തെരുവുകളിൽ സമാധാനത്തിന്റെ അപേക്ഷയുമായി നടക്കുന്നു.അതിനിടെയാണ് അദ്ദേഹത്തിന്റെ കണ്ണ് മറ്റൊരു ചെറുപ്പക്കാരനിൽ ഉടക്കുന്നത്. തന്നെപ്പോലെ 'അധികാരവ്യാമോഹങ്ങളില്ലാത്ത' ഒരു യുവാവിനെക്കൂടി  കണ്ടുകിട്ടിയപ്പോൾ  ഗാന്ധിജിയുടെ കണ്ണുകൾ തിളങ്ങി. ആ ചെറുപ്പക്കാരന്റെ പേര് ഡോ. റാം മനോഹർ ലോഹ്യ എന്നായിരുന്നു. അവർ കണ്ടുമുട്ടിയ തീയതി 1948  ജനുവരി 28. അന്ന് ഗാന്ധിജി ലോഹ്യയോട് പറഞ്ഞു, " റാം.. എനിക്ക് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ഭാവി പരിപാടികളെപ്പറ്റിയും, സ്വതന്ത്ര ഇന്ത്യയുടെ നവനിർമ്മാണത്തെപ്പറ്റി എന്റെ മനസ്സിലുള്ള സ്വപ്നങ്ങളെപ്പറ്റിയും ഒക്കെ നിന്നോട് ദീർഘനേരം സംസാരിക്കാനുണ്ട്. ഇന്ന് നീ ഇവിടെത്തന്നെ തങ്ങാമോ..? "

ബാപ്പു പറഞ്ഞാൽ പിന്നെ എതിരുണ്ടോ..? ലോഹ്യ അന്നുരാത്രി ബാപ്പുവിന്റെ മുറിയിൽ തന്നെ കഴിഞ്ഞു. പുലർച്ചയ്‌ക്കെഴുന്നേറ്റ് സംസാരിക്കാം എന്നുപറഞ്ഞാണ് രണ്ടുപേരും ഉറങ്ങാൻ കിടക്കുന്നത്. അടുത്ത പകൽ അതായത് 29 -ന്  ലോഹ്യ വീണ്ടും ഗാന്ധിജിയെ കണ്ടുമുട്ടിയപ്പോൾ അദ്ദേഹത്തോട് ചോദിച്ചു, " ബാപ്പു.. അങ്ങേയ്ക്കെന്തോ പറയാനുണ്ടായിരുന്നു എന്ന് പറഞ്ഞിട്ട്...?  എന്താണങ്ങ് ഒന്നും പറയാതിരുന്നത്..? "  ബാപ്പു പറഞ്ഞു, " അല്ല.. ഞാൻ പുലർച്ചെ എഴുന്നേറ്റപ്പോൾ നീ നല്ല സുഖനിദ്രയിലായിരുന്നു. ഉണർത്താൻ എനിക്ക് മനസ്സുവന്നില്ല. ഒരു കാര്യം ചെയ്യാം നമുക്ക് നാളെ പകൽ വിശദമായി ചർച്ച ചെയ്യാം ഞാൻ നേരത്തെ സൂചിപ്പിച്ച കാര്യങ്ങളെപ്പറ്റി.." പറഞ്ഞുറപ്പിച്ച് ഇരുവരും പിരിഞ്ഞു. 

1948 ജനുവരി 30 പകൽ ഗാന്ധിജിയുമായുള്ള കൂടിക്കാഴ്ചയ്ക്കായി ബിർളാ ഹൗസിലേക്ക് പൊയ്ക്കൊണ്ടിരിക്കെയാണ് ലോഹ്യ അദ്ദേഹത്തെ ഗോഡ്‌സെ വെടിവെച്ചുകൊന്നു എന്ന അശുഭവാർത്ത അറിയുന്നത്. ലോഹ്യയുടെ ജീവിതത്തിലെ ആകസ്മികതകളുടെ ഓർമ്മയിലെ ആദ്യത്തെ കോമയായിരുന്നു ഇത്.  

 

'ബാബാസാഹേബ് ഭീംറാവു അംബേദ്‌കർ '

രണ്ടാമത്തെ സന്ദർഭം 1956-ലാണ്. സ്വാതന്ത്ര്യം കിട്ടി, പുതിയൊരു വെളിച്ചത്തിലേക്ക് ഇന്ത്യ പിച്ചവെക്കുന്ന നേരം. ലോഹ്യ അപ്പോൾ ഓർത്തത് മറ്റൊരു കാര്യമാണ്. സ്വാതന്ത്ര്യസമരത്തിൽ ഗാന്ധിജി എന്നും ഒപ്പം കൂട്ടാനാഗ്രഹിച്ച, ഉദ്ധാരണം നടത്താൻ തീരുമാനിച്ചുറപ്പിച്ച ദളിതർ എവിടെയാണ്..? അവരെ പ്രതിനിധീകരിക്കുന്ന യഥാർത്ഥ സാമൂഹ്യ പരിഷ്കർത്താക്കൾക്ക് രാഷ്ട്രത്തിന്റെ പുനർനിർമാണത്തിൽ പങ്കാളികളാവാനുള്ള അവസരം കിട്ടുന്നുണ്ടോ..?  അപ്പോഴാണ് അദ്ദേഹത്തിന്റെ ശ്രദ്ധ ബാബാസാഹേബ് ഭീം റാവു അംബേദ്‌കറുടെ നേർക്ക് തിരിയുന്നത്. അദ്ദേഹം അപ്പോൾ ഓൾ ഇന്ത്യാ ബാക്ക്‌വാർഡ് ക്ലാസ്സ് അസോസിയേഷൻ നടത്തുകയായിരുന്നു.  

അംബേദ്‌കർ ഉയർത്തിപ്പിടിച്ചിരുന്ന ദളിത് രാഷ്ട്രീയത്തെ മണ്ണോടു ചേർക്കുന്നതിൽ കോൺഗ്രസ്സ് പൂർണ്ണമായും വിജയിച്ചു കഴിഞ്ഞിരുന്നു. അദ്ദേഹം ബോംബെയിൽ നിന്നും തെരഞ്ഞെടുപ്പ് തോൽക്കുക വരെ ചെയ്തിരുന്നു. ഈ ഘട്ടത്തിലാണ് ലോഹ്യയും അംബേദ്കറും തമ്മിൽ കണ്ടുമുട്ടുന്നതും വിശദമായ ചർച്ചകൾ നടക്കുന്നതും. അവരിരുവരും ചേർന്ന് ഭാവിപരിപാടികൾ ആസൂത്രണം ചെയ്തു. ഇന്ത്യയിലെ ദളിതരെ കൂടെ നിർത്തുന്ന ഒരു പുതിയ പാർട്ടി അവർ വിഭാവനം ചെയ്തു. ആ പാർട്ടിയുടെ പ്രവർത്തന തത്വങ്ങളും രൂപരേഖകളും ഭരണഘടനാ ശില്പിയായ അംബേദ്‌കർ തന്നെ ചെയ്യുമെന്ന് ധാരണയായി. അങ്ങനെ വീണ്ടും സന്ധിച്ച് കാര്യങ്ങൾ യാഥാർഥ്യമാക്കാം എന്ന വാക്കിൽ അവർ തമ്മിൽ തൽക്കാലത്തേക്ക് പിരിഞ്ഞു. എന്നാൽ അവിടെ രണ്ടാമത്തെ കോമ രംഗപ്രവേശം ചെയ്തു. 1956  ബാബാസാഹേബ് ഭീംറാവ് അംബേദ്‌കർ ഇഹലോകവാസം വെടിഞ്ഞു. അവർ ഒന്നിച്ചു കണ്ട സ്വപ്നങ്ങളെല്ലാം പൊലിഞ്ഞു. 

 


'ജയപ്രകാശ് നാരായൺ '

മൂന്നാമത്തേതും, അവസാനത്തേതുമായ ആകസ്മികത ഇന്ത്യയിലെ ഓരോ പൗരന്മാരും അറിയേണ്ട, ഓർത്തുവെക്കേണ്ട ഒന്നാണ്. കൊല്ലം 1967. കോൺഗ്രസ്സ് സ്വാതന്ത്ര്യത്തിനു ശേഷം ആദ്യമായി ജനങ്ങളുടെ മനസ്സിൽ നിന്നും അകലാൻ തുടങ്ങിയ കാലമാണത്. രാജ്യത്ത് ഒമ്പതു സംസ്ഥാനങ്ങളിൽ ഒന്നിച്ച് കോൺഗ്രസിന് തെരഞ്ഞെടുപ്പിൽ പരാജയം രുചിക്കേണ്ടിവന്ന കാലം. നെഹ്രുവിന്റെ സുവർണകാലം അസ്തമിച്ചുകഴിഞ്ഞിരുന്നു. മകൾ ഇന്ദിര അധികാരത്തിൽ കടിച്ചുതൂങ്ങിക്കിടന്ന കാലം. പക്ഷേ, അവർക്ക് കോൺഗ്രസ്സ് എന്ന സംഘടനയിലും, അതിലുപരി ജന്മനസ്സുകളിലും സ്വാധീനം നഷ്ടപ്പെട്ടു തുടങ്ങിയിരുന്നു.

സംഗതികൾ വഷളാവുന്നു എന്ന് മനസ്സിലാക്കിയ ലോഹ്യ വഴിയെന്തെന്ന് ചിന്തിച്ചു. ഗാന്ധിജിയുടെ ആദർശങ്ങളെ പാർട്ടിയിൽ പുനർജനിപ്പിക്കണമെങ്കിൽ, ഗാന്ധിയുടെ നൈതികചേതനയെ മനസാ വാചാ കർമ്മണാ  അനുശീലിക്കുന്ന ഒരാൾ തന്നെ നേതൃത്വത്തിൽ വരണമെന്ന് ലോഹ്യ തിരിച്ചറിഞ്ഞു.  ആദ്യം തന്നെ അദ്ദേഹത്തിന്റെ മനസ്സിൽ വന്ന പേര്, പതിനാലു വർഷം മുമ്പ് തന്നെ സോഷ്യലിസ്റ്റ് പാർട്ടിയിൽ നിന്നും പുറത്താക്കിയ, ജെ പി എന്നറിയപ്പെട്ടിരുന്ന ജയപ്രകാശ് നാരായണിന്റെതായിരുന്നു. അന്ന് വിനോബാ ഭാവെയുമായി ചേർന്ന് സർവോദയ പ്രസ്ഥാനവും, ഭൂദാനവും ഒക്കെ നടത്തി സ്ഥിതിസമത്വത്തിനായി യത്നിച്ചുകൊണ്ടിരിക്കുകയായിരുന്നു. അപ്പോഴൊക്കെയും ജെപി രാഷ്ട്രീയത്തിൽ നിന്നും, തെളിച്ചു പറഞ്ഞാൽ  പാർലമെന്ററി രാഷ്ട്രീയത്തിൽ നിന്നും ഒരു വള്ളപ്പാടകലെയായിരുന്നു.

ലോഹ്യ ജയപ്രകാശ് നാരായണിനെ നേരിൽ കണ്ടു. അവർ തമ്മിൽ ഏറെനേരം സംസാരിച്ചു. ലോഹ്യ രാഷ്ട്രത്തിന്റെ സമൂലമായ പുനർനിർമാണത്തിന് അധികാരം കയ്യാളേണ്ടന്നതിന്റെ ആവശ്യത്തെപ്പറ്റി ജെപിയെ പറഞ്ഞുബോധ്യപ്പെടുത്തി. ലോഹ്യയുമായിച്ചേർന്ന് ആ മാർഗ്ഗത്തിൽ സഞ്ചരിക്കാൻ ജെപി തയ്യാറായി. ഈ നിർണായക ഘട്ടത്തിൽ മരണം വീണ്ടും വില്ലനായി അവതരിച്ചു. ഇത്തവണ കോമയല്ല, ഫുൾ സ്റ്റോപ്പ് തന്നെയാണ് ഇട്ടതെന്നുമാത്രം. 1967  ഒക്ടോബർ 12 -ന് ദില്ലിയിലെ ഒരു ആശുപത്രിയിൽ ചികിത്സയ്ക്കിടെ ഡോ. റാം മനോഹർ ലോഹ്യ അന്തരിച്ചു. ഇന്ന് ആ ആശുപത്രിയുടെ പേര് ഡോ. റാം മനോഹർ ലോഹ്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് എന്നാണ്. 

ഈ മൂന്ന് ആകസ്മികതകൾ.. അവയുടെ ഇടപെടലില്ലായിരുനെങ്കിൽ ഒരുപക്ഷേ, സ്വതന്ത്ര ഇന്ത്യയുടെ ഇന്നത്തെ രാഷ്ട്രീയത്തിന്റെ മുഖം തന്നെ മറ്റൊന്നായേനേ...!

click me!