
ഓരോ ദിവസവും സോഷ്യൽ മീഡിയ ഓരോ ട്രെൻഡുകളെയാണ് ആഘോഷിക്കുന്നത്. യുവാക്കൾക്കിടയിൽ സജീവമായ ടിക്ടോക്കിലും എക്സിലും ഇപ്പോൾ വൈറലായിരിക്കുന്ന 'യംഗ് ഹോ' ട്രെൻഡ് വലിയ രീതിയിലുള്ള ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴിതെളിച്ചിരിക്കുകയാണ്. സ്ത്രീകൾക്കിടയിലെ മടിയും അലസമായ ജീവിതശൈലിയും തമാശരൂപേണ തുറന്നുപറയുന്ന ഈ ട്രെൻഡിനെ ഒരു വിഭാഗം ആസ്വദിക്കുമ്പോൾ, മറുവിഭാഗം ഇത് സ്ത്രീകളെ അപമാനിക്കുന്നതാണെന്ന് അഭിപ്രായപ്പെടുന്നു.
2025 നവംബർ പകുതിയോടെ എക്സിൽ വന്ന ഒരു ട്വീറ്റിൽ നിന്നാണ് ഈ ട്രെൻഡിന്റെ തുടക്കം. 'യംഗ് ഹോസ് കുക്ക് എവരിതിങ് ഓൺ ഹൈ' (Young hoes cook everything on high) എന്നായിരുന്നു ആ ട്വീറ്റ്. അതായത്, ക്ഷമയില്ലാത്ത യുവതികൾ ഭക്ഷണം വേഗത്തിൽ പാകം ചെയ്യാൻ എപ്പോഴും ഫ്ലെയിം കൂട്ടി വെക്കും എന്നതായിരുന്നു ഇതിന്റെ സാരം. ഈ പോസ്റ്റ് നിമിഷങ്ങൾക്കകം വൈറലായി. പലരും ഇത് തങ്ങളെ ഉദ്ദേശിച്ചുള്ളതാണെന്നും തങ്ങൾക്ക് പാചകം ചെയ്യാൻ അത്രയും ക്ഷമയില്ലെന്നും കമന്റ് ചെയ്തു.
പിന്നീട് ഇത് ടിക്ടോക്കിലേക്ക് വ്യാപിച്ചതോടെയാണ് ഇതൊരു വലിയ ട്രെൻഡായി മാറിയത്. ഭക്ഷണം ഹൈ ഫ്ലെയിമിൽ വെച്ച് വേഗത്തിൽ പാകം ചെയ്യുക, തുണികൾ ഇസ്തിരി ഇടാതെ ഉപയോഗിക്കുക, മുറി അടുക്കി വെക്കാതിരിക്കുക തുടങ്ങിയ തങ്ങളുടെ എല്ലാ 'മടിയൻ' ശീലങ്ങളെയും 'യംഗ് ഹോ' എന്ന ഹാഷ് ടാഗിൽ (#YoungHo) യുവതികൾ ഷെയർ ചെയ്യാൻ തുടങ്ങി.
ജെൻ സി പെൺകുട്ടികളാണ് ഈ ട്രെൻഡിൽ കൂടുതലായി പങ്കെടുക്കുന്നത്. മോശം ശീലങ്ങളെ ഓർത്ത് വിഷമിക്കുന്നതിന് പകരം, ഈ പ്രായത്തിൽ എല്ലാവരും അനുഭവിക്കുന്ന സാധാരണമായ കാര്യങ്ങളാണിതെന്ന് അവർ വാദിക്കുന്നു. കരിയർ കെട്ടിപ്പടുക്കുന്നതിനിടയിലും പഠനത്തിനിടയിലും വീട്ടുജോലികൾ കൃത്യമായി ചെയ്യാൻ സമയം ലഭിക്കാത്തതിനെ തമാശയാക്കി മാറ്റുകയാണ് ഇവർ ചെയ്യുന്നത്. 'എന്റെ അമ്മയെപ്പോലെ മണിക്കൂറുകളോളം അടുക്കളയിൽ ചിലവഴിക്കാൻ എനിക്ക് വയ്യ' എന്നാണ് ഇതിൽ പങ്കെടുക്കുന്ന പല യുവതികളും പ്രതികരിച്ചത്.
എന്നാൽ ഈ ട്രെൻഡ് സ്ത്രീകളുടെ പുരോഗതിയെ പിന്നോട്ട് നയിക്കുന്നതാണെന്നാണ് വിമർശകർ പറയുന്നത്. 'ഹോ' എന്ന വാക്കിന് മോശം അർത്ഥമാണുള്ളതെന്നും സ്ത്രീകളെ അപമാനിക്കുന്ന ഒരു പ്രവർത്തിയാണ് ഇതെന്നും കൺസർവേറ്റീവ് കമന്റേറ്ററും അമേരിക്കൻ പോഡ്‌കാസ്റ്റ് ഹോസ്റ്റുമായ അലക്സ് ക്ലർക്ക് അഭിപ്രായപ്പെട്ടു. കഴിവില്ലായ്മയെ ആഘോഷിക്കുന്നത് കാണുമ്പോൾ ലജ്ജ തോന്നുന്നുവെന്നാണ് അവർ ഒരു ഇന്റർവ്യൂവിൽ പറഞ്ഞത്.
ഇൻഡിപെൻഡന്റ് വിമൻസ് ഫോറത്തിലെ അനലിസ്റ്റായ ഇനെസ് സ്റ്റെപ്മാനും സമാനമായ അഭിപ്രായമാണ് പങ്കുവെച്ചത്. ഇത്തരം ട്രെൻഡുകൾ അത്ര നല്ല കാര്യമല്ലെന്നും ഇത് കുറച്ച് ഡിപ്രസിംഗ് ആണെന്നും ഇനെസ് സ്റ്റെപ്മാൻ ചൂണ്ടിക്കാട്ടുന്നു. സ്ത്രീകളെ ശാക്തീകരിക്കുന്നതിന് പകരം ഇത്തരത്തിലുള്ള മോശം പദപ്രയോഗങ്ങൾ ഉപയോഗിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു.
ചുരുക്കത്തിൽ, ജീവിതത്തിലെ പ്രയാസങ്ങളെ തമാശയാക്കി കാണാൻ ശ്രമിക്കുന്ന യുവതലമുറയും, അത് സംസ്കാരത്തിന് നിരക്കാത്തതാണെന്ന് കരുതുന്ന പഴയ തലമുറയും തമ്മിലുള്ള ഒരു അഭിപ്രായ വ്യത്യാസമായി 'യംഗ് ഹോ' ട്രെൻഡ് മാറിയിരിക്കുകയാണ്.