
കഠിനാധ്വാനം എന്നാൽ കൂടുതൽ സമയം ജോലി ചെയ്യുക എന്നതാണോ? കരിയറിലെ വിജയം എന്നാൽ വ്യക്തിജീവിതം ബലികൊടുക്കലാണോ? ഈ ചോദ്യങ്ങൾക്കുള്ള മറുപടിയാണ് ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലാകുന്ന 'ലേസി ഗേൾ ജോബ്സ്.
പേര് സൂചിപ്പിക്കുന്നത് പോലെ ഇത് ജോലി ചെയ്യാതിരിക്കലല്ല. മറിച്ച്, അമിതമായ സമ്മർദ്ദമോ ഓവർടൈം ജോലിയോ ഇല്ലാത്ത, മാന്യമായ ശമ്പളം നൽകുന്ന, വ്യക്തിജീവിതത്തിന് തടസമാകാത്ത തൊഴിലുകളെയാണ് ഈ പദം കൊണ്ട് അർത്ഥമാക്കുന്നത്. കൃത്യമായ ഉത്തരവാദിത്തങ്ങളും കൈകാര്യം ചെയ്യാവുന്ന ജോലിഭാരവുമാണ് ഇത്തരം ജോലികളുടെ പ്രത്യേകത. 'ഹസിൽ കൾച്ചർ' അഥവാ എപ്പോഴും ജോലിയെക്കുറിച്ച് മാത്രം ചിന്തിക്കുകയും കൂടുതൽ അധ്വാനിക്കുകയും ചെയ്യുന്ന പ്രവണതയെ ജെൻ സി തള്ളിക്കളയുകയാണ്. കാര്യക്ഷമമായി ജോലി ചെയ്യുക, ന്യായമായ ശമ്പളം നേടുക, ബാക്കി സമയം സ്വന്തം സന്തോഷങ്ങൾക്കായി മാറ്റിവയ്ക്കുക എന്നതാണ് ഇവരുടെ നയം.
യുവാക്കൾക്കിടയിൽ ഇത്തരം ഒരു മാറ്റം വരാൻ പ്രധാന കാരണം ജോലിസ്ഥലത്തെ 'ബേൺഔട്ട്' അഥവാ മാനസികമായ തളർച്ചയാണ്. 'ഗാലപ്പ് സ്റ്റേറ്റ് ഓഫ് ദി ഗ്ലോബൽ വർക്ക് പ്ലേസ്' റിപ്പോർട്ട് പ്രകാരം 76 ശതമാനം ജീവനക്കാരും ജോലിസ്ഥലത്ത് എപ്പോഴെങ്കിലും ബേൺഔട്ട് അനുഭവിക്കുന്നവരാണ്. ഇതിൽ 28 ശതമാനം പേർ ഇത് എപ്പോഴും അനുഭവിക്കുന്നു. ഇത്തരത്തിൽ മാനസികമായി തളരുന്ന ജീവനക്കാർ കൂടുതൽ അവധി എടുക്കാനും ജോലി ഉപേക്ഷിക്കാനും സാധ്യതയുണ്ടെന്ന് ഗവേഷകർ പറയുന്നു. 2025-ലെ കണക്കുകൾ പ്രകാരം ലോകമെമ്പാടുമുള്ള 33 ശതമാനം തൊഴിലാളികൾ മാത്രമാണ് തങ്ങളുടെ ജീവിതത്തിൽ സംതൃപ്തർ. ഈ സമ്മർദ്ദങ്ങളാണ് എപ്പോഴും ജോലിയോടു വിട്ടുനിൽക്കാത്ത അവസ്ഥയിൽ നിന്ന് മാറാൻ യുവാക്കളെ പ്രേരിപ്പിക്കുന്നത്.
പഴയ തലമുറയെ അപേക്ഷിച്ച് മാനസികാരോഗ്യത്തിനും സമാധാനപരമായ ജീവിതത്തിനും ജെൻ സി വലിയ വില നൽകുന്നുണ്ട്. 'ഡിലോയിറ്റ് ഗ്ലോബൽ ജെൻ സി ആൻഡ് മില്ലേനിയൽ സർവ്വേ' പ്രകാരം 46 ശതമാനം യുവാക്കളും ജോലിസ്ഥലത്ത് വലിയ രീതിയിലുള്ള ഉത്കണ്ഠയും മാനസിക സമ്മർദ്ദവും അനുഭവിക്കുന്നു. അമിതമായ ജോലിഭാരമാണ് ഇതിന് പ്രധാന കാരണമായി ഇവർ ചൂണ്ടിക്കാട്ടുന്നത്.
ഇന്ത്യയിലെ സാഹചര്യം പരിശോധിച്ചാലും വലിയ മാറ്റം പ്രകടമാണ്. സാമ്പത്തിക ഭദ്രതയ്ക്കും തൊഴിൽ സുരക്ഷയ്ക്കും ഒപ്പം തന്നെ 'വർക്ക്-ലൈഫ് ബാലൻസും' തങ്ങളുടെ കരിയറിലെ മുൻഗണനയായി ഇന്ത്യൻ യുവാക്കൾ കാണുന്നു. ഇവർക്ക് ലക്ഷ്യങ്ങളില്ല എന്നല്ല ഇതിനർത്ഥം, മറിച്ച് ആ ലക്ഷ്യങ്ങളിലേക്കുള്ള യാത്രയിൽ സ്വന്തം ആരോഗ്യം കളയാൻ അവർ തയ്യാറല്ല എന്നതാണ്.
യഥാർത്ഥത്തിൽ 'ലേസി' അഥവാ മടിയുള്ള എന്ന പേര് ഈ മാറ്റത്തെ ലഘൂകരിച്ചു കാണുന്ന ഒന്നാണ്. ജീവനക്കാരുടെ മടി കൊണ്ടല്ല ഇങ്ങനെയൊരു സാഹചര്യം ഉണ്ടാകുന്നത്. മറിച്ച്, അമിതമായ ജോലിഭാരം, പിന്തുണയുടെ അഭാവം, മോശം തൊഴിൽ സംസ്‌കാരം എന്നിവയാണ് ജീവനക്കാരെ ഇത്തരം ജോലികൾ തേടാൻ പ്രേരിപ്പിക്കുന്നത്. സമയം കണക്കാക്കി ജോലി ചെയ്യുന്നതിന് പകരം, ജോലിയുടെ ഗുണനിലവാരത്തിനും അത് നൽകുന്ന ഫലത്തിനും മുൻഗണന നൽകുന്ന തൊഴിലിടങ്ങളാണ് പുതിയ തലമുറ ആഗ്രഹിക്കുന്നത്. രാത്രി വൈകിയിരുന്നോ വ്യക്തിജീവിതം ബലികൊടുത്തോ വിജയിക്കുന്ന പഴയ മാതൃകകൾക്ക് പകരം, സന്തോഷത്തോടും സമാധാനത്തോടും കൂടി മികച്ച രീതിയിൽ ജോലി ചെയ്യുന്ന ഒരു കരിയർ പടുത്തുയർത്താനാണ് ജെൻ സി ശ്രമിക്കുന്നത്.