
2014 -ലാണ് ട്രാൻസ്‌ജെൻഡർമാരെ മൂന്നാം ലിംഗക്കാരായി അംഗീകരിച്ച് കൊണ്ട് സുപ്രീം കോടതിയുടെ സുപ്രധാന വിധി വന്നത്. കാലം പിന്നെയും കടന്നിട്ടും, ഇന്നും പലപ്പോഴും അവരെ രണ്ടാം തരക്കാരായിട്ടാണ് സമൂഹം കാണുന്നത്. പീഡനത്തിനും, ചൂഷണത്തിനും ഇന്നും അവർ വിധേയരാകുന്നു. എന്നാൽ, ചിലർ അവരെ ഇരുകൈയും നീട്ടി സ്വീകരിക്കാനും, സ്നേഹത്തോടെ ജീവിതത്തിലേയ്ക്ക് കൂട്ടിക്കൊണ്ടുവരാനും ശ്രമിക്കുന്നു. ചണ്ഡീഗഢിൽ നിന്നുള്ള ഈ വൃദ്ധദമ്പതികൾ അതിനൊരു ഉദാഹരമാണ്. പോകാൻ ഒരിടമില്ലാതെ വലഞ്ഞ ട്രാൻസ്‌ജെൻഡർ ദമ്പതികളെ അവർ ദത്തെടുക്കുകയും, തങ്ങളുടെ വീടും ഹൃദയവും അവർക്കായി തുറന്നു കൊടുക്കുകയും ചെയ്തു.
93 -കാരിയായ ഷംഷേറും(Shamsher), അവരുടെ ഭർത്താവ് 95 -കാരനായ ദർബാര സിംഗ് ചാഹലു(Darbara Singh Chahal)മാണ് ആ വൃദ്ധദമ്പതികൾ. അതിൽ ദർബാര ഒരു അഭിഭാഷകനാണ്. അവർക്ക് രണ്ട് പെൺമക്കളുണ്ട്. ഒരാൾ കഥക് വിദഗ്ധ സമീറ കോസർ. മറ്റെയാൾ അമേരിക്കയിൽ ഗൈനക്കോളജിസ്റ്റായ ഡോ. മംമ്ത ചാഹൽ. പെണ്മക്കളുടെ നിർദ്ദേശപ്രകാരമാണ്, ധനഞ്ജയ് ചൗഹാനെയും അവളുടെ ബോയ് ഫ്രണ്ടായ രുദ്ര പ്രതാപ് സിംഗിനെയും(Dhananjay and her partner Rudra Pratap Singh) ഒപ്പം താമസിപ്പിക്കാൻ അവർ തീരുമാനിച്ചത്. ഇന്ന് ആ തീരുമാനത്തിൽ അവർ അതീവ സന്തുഷ്ടരാണ്. ട്രാൻസ് ദമ്പതികളെ സ്വന്തം കുടുംബങ്ങൾ ഉപേക്ഷിക്കുകയും, തെരുവിലാവുകയും ചെയ്തപ്പോഴാണ് വൃദ്ധദമ്പതികൾ പൂർണമനസോടെ അവരെ സ്വീകരിക്കാൻ തയ്യാറായത്. "എന്റെ കുടുംബം ലഖ്‌നൗവിലാണ്. വീട്ടുകാർക്ക് എന്നെ ഒട്ടും അംഗീകരിക്കാൻ കഴിഞ്ഞില്ല, പ്രത്യേകിച്ച് എന്റെ സഹോദരന്. ഞാൻ ഇനി മുതൽ അവരുടെ മിതാലിയല്ല, രുദ്രനാണെന്ന് അംഗീകരിക്കാൻ അവർക്ക് കഴിഞ്ഞില്ല”
രുദ്ര പറഞ്ഞു.
ധനഞ്ജയയുടെയും അവസ്ഥ വ്യത്യസ്തമായിരുന്നില്ല. അവൾ ഒരു ആൺകുട്ടിയായി ജനിച്ചുവെങ്കിലും, പിന്നീടാണ് തന്റെ യഥാർത്ഥ ഐഡന്റിറ്റി അവൾക്ക് മനസിലായത്. എന്നാൽ, അവളുടെ ഈ അവസ്ഥ കാരണം ആളുകൾ അവളുടെ കുടുംബത്തോട് നല്ല രീതിയിൽ വിവേചനം കാണിച്ചു. "എന്റെ പേരിൽ ആരും എന്റെ സഹോദരന്റെ മക്കളെ വിവാഹം കഴിക്കാൻ തയ്യാറായില്ല. അതിനാൽ, എന്റെ കുടുംബം ഒന്നും പറഞ്ഞില്ലെങ്കിലും, അവരുടെ ജീവിതം എളുപ്പമാക്കാൻ ഞാൻ അവരെ ഉപേക്ഷിച്ചു" അവൾ പറയുന്നു. പോരാതെ, താൻ രണ്ടു തവണ ബലാത്സംഗത്തിനിരയായെന്നും ധനഞ്ജയ് പറഞ്ഞു.
"1989 -ൽ സമീറ ദീദിയിൽ നിന്നാണ് ഞാൻ കഥക് പഠിക്കുന്നത്. അന്ന് ഞാൻ ഒരു ആൺകുട്ടിയായിരുന്നു. എന്നാൽ, ഞാൻ ഒരു സ്ത്രീയാകാൻ ആഗ്രഹിക്കുന്നുവെന്ന് തിരിച്ചറിഞ്ഞപ്പോൾ, എന്റെ നൃത്തവും കോളേജും എല്ലാം എനിക്ക് ഉപേക്ഷിക്കേണ്ടിവന്നു. സ്വന്തം കുടുംബത്തിൽ നിന്ന് ഞാൻ വിവേചനം നേരിട്ടു. ഞാൻ ഒരു യൂണിവേഴ്സിറ്റി ടോപ്പറാണെങ്കിലും, എന്നെ റാഗ് ചെയ്യുകയും, ഭീഷണിപ്പെടുത്തുകയും ചെയ്തതിനാൽ എനിക്ക് കോളേജ് പഠനം ഉപേക്ഷിക്കേണ്ടി വന്നു. ബിഎ കഴിഞ്ഞ് എനിക്ക് പഠിക്കാൻ കഴിഞ്ഞില്ല. 2002 -ലാണ് എനിക്ക് ഏറ്റവും മോശമായ അനുഭവം ഉണ്ടാകുന്നത്. ചണ്ഡീഗഢിൽ വച്ച് ചില ആൺകുട്ടികൾ എന്നെ തട്ടിക്കൊണ്ട് അംബാലയിലേക്ക് പോയി. ബലാത്സംഗം ചെയ്ത ശേഷം അവർ എന്നെ അംബാല ബസ് സ്റ്റാൻഡിൽ ഉപേക്ഷിച്ചു. ഒരു വിധത്തിൽ ഞാൻ ചണ്ഡീഗഢിൽ തിരിച്ചെത്തി. പൊലീസ് ഒരിക്കലും പരാതി രജിസ്റ്റർ ചെയ്തിട്ടില്ല. 2004 -ൽ എന്നെ വീണ്ടും എട്ടുപേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു. ബലാത്സംഗം ചെയ്തശേഷം അവർ എന്റെ മേൽ മൂത്രമൊഴിച്ചു. വർഷങ്ങളോളം മാനസികവും, ശാരീരികവുമായ പീഡനങ്ങൾ ഞാൻ നേരിട്ടു. ഒടുവിൽ ആത്മഹത്യ ചെയ്യാൻ പോലും ശ്രമിച്ചു. പക്ഷേ, എങ്ങനെയോ ഞാൻ രക്ഷപ്പെട്ടു. അപ്പോഴാണ് ഞാൻ തിരിച്ച് പോരാടാൻ തീരുമാനിച്ചത്" അവൾ പറഞ്ഞു.
2009 -ൽ, അവൾ സ്വന്തമായി ഒരു NGO തുടങ്ങി, ട്രാൻസ്‌ജെൻഡർ അവകാശങ്ങൾക്കായി പ്രവർത്തിക്കാൻ തുടങ്ങി. 2015 -ൽ പൂർണമായും പുരുഷനിൽ നിന്ന് ട്രാൻസ്‌ജെൻഡറായി മാറി. "2016 -ൽ ഞാൻ പഞ്ചാബ് യൂണിവേഴ്‌സിറ്റിയിൽ എൻറോൾ ചെയ്തു. ആദ്യത്തെ ട്രാൻസ്‌ജെൻഡറായിരുന്നു ഞാൻ. ഞാൻ പഠിപ്പ് നിർത്തിയ അതേ യൂണിവേഴ്സിറ്റിയിൽ അതേ വിഷയത്തിൽ ഞാൻ എംഎ ചെയ്തു. ട്രാൻസ്‌ജെൻഡറുകൾക്ക് ശുചിമുറിയില്ലാതിരുന്ന അവിടെ ഒരു പ്രത്യേക ശുചിമുറിക്ക് വേണ്ടി ഞാൻ പോരാടി. ഒടുവിൽ ഞാൻ അതിൽ വിജയിച്ചു" അവൾ പറഞ്ഞു.
അതേസമയം വീട്ടുകാർ പുറത്താക്കിയ ദമ്പതികൾ ഒരു ചേരിപ്രദേശത്താണ് താമസിച്ചിരുന്നത്. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പലപ്പോഴും ഭിക്ഷ എടുത്തിട്ടുണ്ട്. ലോക്ക്ഡൗൺ സമയത്ത് ധനഞ്ജയ് തന്റെ കഥക് അധ്യാപികയായ സമീറ കോസറിനെ കണ്ടുമുട്ടി. ധനഞ്ജയ്‍യുടെ കഥ സമീറ അവളുടെ മാതാപിതാക്കളുമായി പങ്കുവെച്ചു. അവരെ ദത്തെടുക്കാൻ സമീറ മാതാപിതാക്കളെ പ്രേരിപ്പിച്ചു. അങ്ങനെയാണ് വൃദ്ധദമ്പതികൾ അവരെ ഒപ്പം താമസിപ്പിക്കാൻ തുടങ്ങിയത്. ഇപ്പോൾ തങ്ങളെ പോലുള്ളവരുടെ അവകാശങ്ങളെക്കുറിച്ച് അവബോധം വളർത്താൻ പരിശ്രമിക്കുകയാണ് ട്രാൻസ് ദമ്പതികൾ.