സീരീസ് കണ്ട് മോഷണം ഉഷാറാക്കി, പക്ഷേ ഐഡിയ പാളി, വിടാതെ പൊലീസ്, ഒടുവില്‍ അറസ്റ്റ്

Published : Jan 30, 2025, 02:01 PM ISTUpdated : Jan 30, 2025, 02:03 PM IST
സീരീസ് കണ്ട് മോഷണം ഉഷാറാക്കി, പക്ഷേ ഐഡിയ പാളി,  വിടാതെ പൊലീസ്, ഒടുവില്‍ അറസ്റ്റ്

Synopsis

ആദ്യത്തെ അറസ്റ്റിന് ശേഷം തങ്ങളുടെ മോഷണരീതികൾ പരിഷ്കരിക്കാൻ സംഘം തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണത്രെ ക്രൈം പട്രോൾ, സാവധാൻ ഇന്ത്യ തുടങ്ങിയ പരമ്പരകൾ കാണാൻ തുടങ്ങുന്നത്. 

സിനിമയും സീരീസും ഒക്കെ കണ്ടാണ് ക്രൈം നടത്താനുള്ള പദ്ധതി ആവിഷ്കരിച്ചതെന്ന് പറയുന്ന ഒരുപാട് പ്രതികളെ നാം കണ്ടിട്ടുണ്ടാവും. ഏതായാലും, അതുപോലെ മോഷ്ടിക്കാൻ ശ്രമിച്ച മൂന്നുപേരെ മഹാരാഷ്ട്രയിലെ സോലാപൂരിൽ പൊലീസ് അറസ്റ്റ് ചെയ്തിരിക്കയാണ്. 

ക്രൈം പട്രോൾ, സാവധാൻ ഇന്ത്യ തുടങ്ങിയ പരമ്പരകൾ കണ്ടാണ് തങ്ങൾ മോഷ്ടിക്കാനുള്ള പ്ലാൻ തയ്യാറാക്കിയത് എന്നാണത്രെ പ്രതികൾ പറഞ്ഞത്. രാജസ്ഥാൻ സ്വദേശികളാണ് പിടിക്കപ്പെട്ട മൂന്നുപേരും. ഇവരിൽ നിന്നും ഒരു കാറുൾപ്പെടെ 9.44 ലക്ഷം രൂപ വിലമതിക്കുന്ന സാധനങ്ങളാണ് പൊലീസ് പിടിച്ചെടുത്തിരിക്കുന്നത്. ആറ് മോഷണക്കേസുകളാണ് മൂന്നുപേരുടെ അറസ്റ്റോടെ പൊലീസ് പരിഹരിച്ചിരിക്കുന്നത്. 

മനക്ചന്ദ് ബുധരംജി കുമാവത് (35), ഭുണ്ഡറാം എന്ന ബാബു കരണംജി കുമാവത് (38), ഗണപത് ബാഗ്ദാറാംജി കുമാവത് (41) എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. രാജസ്ഥാനിലെ ബിറോൾ സ്വദേശികളാണത്രെ ഇവർ. 

ഹൈദറാബാദിലാണ് മൂന്നുപേരും ആദ്യം മോഷണം നടത്തിയത്. അവിടെ നിന്നും പിടിക്കപ്പെട്ടു എങ്കിലും അധികം വൈകാതെ ജാമ്യത്തിൽ ഇറങ്ങി. ആദ്യത്തെ അറസ്റ്റിന് ശേഷം തങ്ങളുടെ മോഷണരീതികൾ പരിഷ്കരിക്കാൻ സംഘം തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണത്രെ ക്രൈം പട്രോൾ, സാവധാൻ ഇന്ത്യ തുടങ്ങിയ പരമ്പരകൾ കാണാൻ തുടങ്ങുന്നത്. 

അങ്ങനെ അവർ തങ്ങളുടെ മോഷണരീതികൾ മാറ്റി. ഫോണുകൾ ഉപയോ​ഗിക്കാതിരിക്കാനും ടോൾ ബൂത്തുകൾ ഒഴിവാക്കാനും ഒക്കെ തുടങ്ങി. സോലാപൂർ, ചന്ദ്രപൂർ, ലാത്തൂർ, സാംഗ്ലി എന്നിവിടങ്ങളിലെല്ലാം സംഘം മോഷണം നടത്തി. 

മൊബൈൽ ഫോൺ ഉപയോ​ഗിക്കാത്തതും ടോൾ ബൂത്തുകളൊഴിവാക്കിയതും ഒക്കെ പൊലീസിന് അവരെ പിടികൂടുന്നത് കുറച്ച് ബുദ്ധിമുട്ടാക്കി എന്നാണ് പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ പറയുന്നത്. സോലാപൂർ സിറ്റിയിൽ എത്തിയ സംഘം രണ്ട് കടയിലാണ് കയറിയത്. പിന്നാലെ സോലാപൂർ പൊലീസ് ഇവരുടെ പിന്നാലെ തന്നെ ഉണ്ടായിരുന്നു എന്നും പൊലീസ് പറയുന്നു. 

ക്രൈം ബ്രാഞ്ചിൽ നിന്നുള്ള അസി. പൊലീസ് ഇൻസ്പെക്ടർ സഞ്ജയ് ക്ഷീരസാ​ഗറിന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവരെ പിന്തുടരാൻ പൊലീസിന് കഴിഞ്ഞത്. കർണിക് ന​ഗർ വഴി ഇവർ നമ്പർ പ്ലേറ്റില്ലാത്ത കാറിൽ സഞ്ചരിക്കുന്നുണ്ടായിരുന്നു എന്നായിരുന്നു വിവരം. അങ്ങനെയാണ് മൂവരേയും പിടികൂടിയത്. ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിച്ചു. 

PREV
Read more Articles on
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?