
അന്ന് കേരളം ഏറെ ചര്‍ച്ച ചെയ്തു യുവതലമുറയുടെ മാനസികാരോഗ്യത്തെക്കുറിച്ച്. പ്രണയപരാജയത്തോട് യുവാക്കള്‍ പ്രതികരിക്കുന്ന രീതിയെക്കുറിച്ച്. തനിക്ക് ഇല്ലെങ്കില്‍ മറ്റാര്‍ക്കും വേണ്ടെന്ന് തോന്നുന്ന വാശിയാണ് യുവാക്കളെ നയിക്കുന്നതെന്ന് അന്ന് വിലയിരുത്തലുകളുണ്ടായി. വീണാ ചന്ദ് എഴുതുന്നു...
"ഒരു തിരിയില്‍ നിന്ന് ഒരായിരം തിരികളിലേക്ക് പകരാനാവുന്നതാണല്ലോ പ്രണയം. പകരുന്തോറും ആളുന്ന അതിന്റെ നാളത്തിന് പെട്രോളും മണ്ണെണ്ണയും അല്ല, ജീവിതാസക്തിയാണ് ഇന്ധനമാകേണ്ടത്."- ശാരദക്കുട്ടി
2017 ഫെബ്രുവരിയിലാണ് കോട്ടയത്ത് എസ് എം ഇ കോളേജില്‍ ലക്ഷ്മി കൃഷ്ണകുമാര്‍ എന്ന നാലാം വര്‍ഷ ഫിസിയോതെറാപ്പി വിദ്യാര്‍ത്ഥിനി കൊല്ലപ്പെടുന്നത്. സീനിയര്‍ വിദ്യാര്‍ത്ഥിയായിരുന്ന ആദര്‍ശ് ലക്ഷ്മിയെ പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതായിരുന്നു കാരണം. തൊട്ടുപിന്നാലെ ആദര്‍ശും തീനാളങ്ങള്‍ക്കു മുന്നില്‍ കീഴടങ്ങി. മരണത്തിലും പ്രിയപ്പെട്ടവളെ പിരിയാനാവില്ലായിരുന്നു പോലും!!
തനിക്ക് ഇല്ലെങ്കില്‍ മറ്റാര്‍ക്കും വേണ്ടെന്ന് തോന്നുന്ന വാശിയാണ് യുവാക്കളെ നയിക്കുന്നത്
അന്ന് കേരളം ഏറെ ചര്‍ച്ച ചെയ്തു യുവതലമുറയുടെ മാനസികാരോഗ്യത്തെക്കുറിച്ച്. പ്രണയപരാജയത്തോട് യുവാക്കള്‍ പ്രതികരിക്കുന്ന രീതിയെക്കുറിച്ച്. തനിക്ക് ഇല്ലെങ്കില്‍ മറ്റാര്‍ക്കും വേണ്ടെന്ന് തോന്നുന്ന വാശിയാണ് യുവാക്കളെ നയിക്കുന്നതെന്ന് അന്ന് വിലയിരുത്തലുകളുണ്ടായി. സ്‌നേഹവും പ്രണയവും പിടിച്ചുവാങ്ങാനുള്ളതാണെന്ന തെറ്റിദ്ധാരണയിലാണ് യുവാക്കള്‍ ജീവിക്കുന്നതെന്നും വിമര്‍ശനങ്ങളുയര്‍ന്നു. ആരോഗ്യപരമായ ബന്ധങ്ങളിലേക്കും ചിന്താഗതികളിലേക്കും യുവതലമുറയെ നയിക്കാന്‍ തങ്ങളാലാവും വിധം പ്രവര്‍ത്തിക്കുമെന്ന് പല കോണുകളില്‍ നിന്നും പ്രതിജ്ഞകളും ഉയര്‍ന്നു വന്നു. പക്ഷേ, ഒന്നും എങ്ങുമെത്തിയില്ല.
രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം കനലെരിയുന്ന നോവായി മറ്റൊരുവള്‍, കവിത. പ്രണയം നിരസിച്ചതിന്റെ പേരില്‍ തിരുവല്ലയില്‍ നടുറോഡില്‍ വച്ചാണ് അവള്‍ അഗ്നിക്കിരയായത്. പ്രണയപ്പകയില്‍ അവളെ തടഞ്ഞുനിര്‍ത്തിയ യുവാവ് കത്തി കൊണ്ട് കുത്തിയശേഷം കവിതയെ പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. വയറിലേറ്റ ആ മുറിവും 60 ശതമാനത്തോളമുള്ള പൊള്ളലുമാണ് കവിതയെ മരണത്തിലേക്ക് നയിച്ചത്. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും പ്രാര്‍ഥനകളും കാത്തിരിപ്പും വിഫലമാക്കിയാണ് എട്ട് ദിവസത്തെ ആശുപത്രിവാസത്തിന് ശേഷം അവള്‍ ഈ ലോകം വിട്ടുപോയത്.
കവിതയെ ഓര്‍ത്തും അവളുടെ കുടുംബത്തെയോര്‍ത്തും സഹതപിക്കുമ്പോഴും അവളെ കൊലപ്പെടുത്തിയ അജിന്‍ എന്ന യുവാവിനെ ശപിക്കുമ്പോഴും നമ്മള്‍ ഓര്‍ക്കാതെ പോകുന്നത് കൂടുതല്‍ കൂടുതല്‍ അവനവനിലേക്ക് ചുരുങ്ങിക്കൊണ്ടിരിക്കുന്ന ഈ സമൂഹത്തെക്കുറിച്ചാണ്. എന്‍റേത്, എനിക്ക് മാത്രം എന്നൊക്കെ മാത്രം പറയാന്‍ ശീലിച്ച, അങ്ങനെ മാത്രം ചിന്തിക്കാന്‍ ശീലിച്ച, അതിനനുസരിച്ച് മാത്രം ജീവിക്കാന്‍ ശീലിച്ച ഒരു സമൂഹമായി നമ്മള്‍ താദാത്മ്യം പ്രാപിച്ചുകഴിഞ്ഞു. ആ സമൂഹം ഭാവിയിലേക്ക് ഉയര്‍ത്തുന്നത് വലിയ ഭീഷണികളാണെന്ന് നമ്മള്‍ അറിയാതെ പോകുകയാണ്.
ഉപാധികളില്ലാത്ത, പരിധികളില്ലാത്ത സ്‌നേഹമാണ് ഇത്തരം വിപത്തുകളെ തടയാനുള്ള ഏക പോംവഴി
സ്‌നേഹത്തെക്കുറിച്ച്, നന്മയെക്കുറിച്ച്, മറ്റുള്ളവരുടെ കഷ്ടപ്പാടുകളെക്കുറിച്ച് ഒക്കെ ചിന്തിക്കുന്നവര്‍ക്ക് സ്വന്തം താല്പര്യം മാത്രം മുന്‍നിര്‍ത്തി ചിന്തിക്കാനും അതിനനുസരിച്ച് മാത്രം പ്രവര്‍ത്തിക്കാനും കഴിയുമോ? ഇല്ലെന്ന് തന്നെയാണ് എല്ലായ്‌പ്പോഴും ഉത്തരം. അവനവനിലേക്ക് മാത്രം ചുരുങ്ങിപ്പോയ മൂഢസ്വര്‍ഗങ്ങളില്‍ ജീവിക്കുന്നവര്‍ക്കേ പ്രണയത്തിന്റെയും പ്രണയനഷ്ടത്തിന്റെയും പേരില്‍ പകയുണ്ടാവൂ എന്ന് മനോരോഗവിദഗ്ധര്‍ വിലയിരുത്തുന്നു.
നമ്മുടെ കുടുംബത്തെ ബാധിക്കാത്തിടത്തോളം ഇതൊന്നും നമ്മള്‍ പരിഗണിക്കേണ്ട വിഷയങ്ങളല്ലെന്ന പൊതുബോധം മാറേണ്ട സമയവും അതിക്രമിച്ചുകഴിഞ്ഞു. കുട്ടികളെ പഠിപ്പിക്കേണ്ടത് സ്‌നേഹിക്കാനാണ്. ഉപാധികളില്ലാത്ത, പരിധികളില്ലാത്ത സ്‌നേഹമാണ് ഇത്തരം വിപത്തുകളെ തടയാനുള്ള ഏക പോംവഴി. പിടിച്ചുവാങ്ങലോ ഇല്ലാതാക്കലോ സ്വയമൊടുങ്ങലോ അല്ല പ്രണയമെന്ന് നമ്മുടെ കുട്ടികള്‍ ഇനിയെങ്കിലും തിരിച്ചറിയട്ടെ!