വാക്‌സിനുകൾ വേണ്ട, പകരം പച്ചമരുന്നുകളുപയോഗിച്ച് കൊറോണയെ തടയാൻ ശ്രമിക്കുന്ന രാജ്യം

Published : Feb 11, 2021, 01:46 PM IST
വാക്‌സിനുകൾ വേണ്ട, പകരം പച്ചമരുന്നുകളുപയോഗിച്ച് കൊറോണയെ തടയാൻ ശ്രമിക്കുന്ന രാജ്യം

Synopsis

എന്തുകൊണ്ടാണ് വാക്‌സിനെ എതിർക്കുന്നതെന്ന ചോദ്യത്തിന് അതിനെ എതിർക്കുകയല്ല, മറിച്ച് പരമ്പരാഗത പച്ച മരുന്നുകളാണ് തങ്ങൾ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നതെന്നാണ് അദ്ദേഹം മറുപടിയായി പറഞ്ഞത്. 

ലോകം മുഴുവൻ കൊവിഡ് വാക്‌സിനുകളെ ഉറ്റുനോക്കുമ്പോൾ, അത് പൂർണമായും ഒഴിവാക്കുകയാണ് ഒരു രാജ്യം. കൊവിഡ് -19 നെ കൈകാര്യം ചെയ്യുന്ന രീതിയുടെ പേരിൽ ഏറെ വിമർശനം നേരിട്ട ഒരു രാജ്യമാണ് ടാൻസാനിയ. ഇപ്പോൾ കൊവിഡ് വാക്സിനുകൾ പുറത്തിറക്കാൻ പദ്ധതിയില്ലെന്ന് ആരോഗ്യമന്ത്രി പ്രഖ്യാപിക്കുമ്പോൾ ഇത് കൂടുതൽ വിമർശനങ്ങൾക്ക് വഴി ഒരുക്കുന്നു. വാക്‌സിനുകൾക്ക് പകരം, പ്രാർത്ഥിച്ചും, പച്ചമരുന്നുകൾ കഴിച്ചും അസുഖം മാറ്റാൻ നോക്കുകയാണ് അവർ. രാജ്യത്ത് രോഗം നിയന്ത്രണത്തിലാണെന്നും പരമ്പരാഗത ഔഷധങ്ങളിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ടാൻസാനിയ സർക്കാർ വക്താവായ ഡോ. ഹസ്സൻ അബ്ബാസ് ബിബിസി -യോട് പറഞ്ഞു. അന്താരാഷ്ട്ര അംഗീകാരമുള്ള വാക്സിനുകൾ ചികിത്സാപരമായി തെളിയിക്കപ്പെട്ടാൽ മാത്രമേ ടാൻസാനിയ പരിഗണിക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെളിയിക്കപ്പെടാത്ത വാക്‌സിനുകൾ ആളുകൾക്ക് ദോഷം ചെയ്യുമെന്നതാണ് അവരുടെ വാദം. രാജ്യത്തിലെ ജനങ്ങൾ ഇതിന്റെ പേരിൽ പേടിക്കേണ്ടതില്ലെന്നും പ്രസിഡന്റ് ജോൺ മഗുഫുളി പറഞ്ഞു.

അയൽരാജ്യമായ കെനിയയിലും ഉഗാണ്ടയിലും ഏർപ്പെടുത്തിയ കർഫ്യൂ അല്ലെങ്കിൽ ലോക്ക് ഡൗണുകൾ തന്റെ രാജ്യം ഒരിക്കലും അഭിമുഖീകരിക്കില്ലെന്ന് കഴിഞ്ഞ വർഷം അദ്ദേഹം പ്രതിജ്ഞയെടുത്തിരുന്നു. പകരം ഈ “പൈശാചിക” വൈറസിനെ നശിപ്പിക്കാൻ പള്ളികളിൽ പോയി പ്രാർത്ഥിക്കാൻ രാജ്യത്തെ 60 ദശലക്ഷം പൗരന്മാരോടും അദ്ദേഹം അഭ്യർത്ഥിച്ചു. മെയ് മാസത്തിൽ 509 കൊവിഡ് കേസുകളും 21 മരണങ്ങളും സ്ഥിരീകരിച്ചപ്പോൾ, ലോകാരോഗ്യ സംഘടനയ്ക്ക് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് സർക്കാർ നിർത്തി. ടാൻസാനിയ പകർച്ചവ്യാധിയെ കീഴടക്കിയെന്നും, പോസിറ്റീവ് ഫലങ്ങൾ കാണിക്കുന്ന ടെസ്റ്റ് കിറ്റുകൾ തെറ്റാണെന്നും മഗ്‌ഫുളി തറപ്പിച്ചുപറഞ്ഞു. വൈറസിന്റെ യഥാർത്ഥ വ്യാപ്തി മനസിലാക്കാൻ പ്രയാസമാണ് അവിടെ, മാത്രമല്ല വളരെ കുറച്ച് ആളുകൾക്ക് മാത്രമേ ഈ പ്രശ്നത്തെക്കുറിച്ച് സംസാരിക്കാൻ അനുവാദമുള്ളൂ. "രാജ്യം കൊവിഡ് മുക്തമാണ് എന്നല്ല പ്രസിഡന്റ് പറയുന്നത്, പകരം ഈ രോഗം നിയന്ത്രണത്തിലാണ് എന്നാണ്. ഇപ്പോഴും വിദേശികളായ അതിഥികളെ ഞങ്ങൾ സ്വീകരിക്കുന്നുണ്ട്. ഇവിടെ നിന്ന് ആളുകൾ വിദേശത്തേയ്ക്ക് പോകുന്നുമുണ്ട്. അതുകൊണ്ട് തന്നെ ഇത് പൂർണ്ണമായും ഇല്ലാതാക്കാൻ സാധിച്ചിട്ടില്ല. ലോകാരോഗ്യ സംഘടനയുടെ ശാസ്ത്രീയ നടപടികൾ ഞങ്ങൾ പാലിക്കുന്നുണ്ട്. അതേസമയം പാരമ്പര്യ ചികിത്സാ രീതികളാണ് ഞങ്ങൾ കൂടുതലും പിന്തുടരുന്നത്" അബ്ബാസ് പറഞ്ഞു.

എന്തുകൊണ്ടാണ് വാക്‌സിനെ എതിർക്കുന്നതെന്ന ചോദ്യത്തിന് അതിനെ എതിർക്കുകയല്ല, മറിച്ച് പരമ്പരാഗത പച്ച മരുന്നുകളാണ് തങ്ങൾ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നതെന്നാണ് അദ്ദേഹം മറുപടിയായി പറഞ്ഞത്. ആദ്യം വാക്‌സിനുകൾ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതിന് ശേഷം മാത്രമേ തങ്ങൾ അത് ഉപയോഗിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം ഈ പരമ്പരാഗത പച്ച മരുന്നുകളൊന്നും ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ചികിത്സയായി അംഗീകരിച്ചിട്ടില്ല. കൊറോണ വൈറസിനെക്കുറിച്ചോ ഏതെങ്കിലും രോഗത്തെക്കുറിച്ചോ അനൗദ്യോഗിക വിവരങ്ങൾ റിപ്പോർട്ട് ചെയ്യരുതെന്നും മാധ്യമങ്ങൾക്ക് കഴിഞ്ഞ ആഴ്ച സർക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു. കൊറോണ വൈറസ് അണുബാധയുടെ വർദ്ധനവ് മൂലം ശവസംസ്കാര ചടങ്ങുകൾ അധികമായെന്ന കത്തോലിക്കാ സഭയുടെ കണ്ടെത്തലിനെ തുടർന്നായിരുന്നു ഈ വിലക്ക്.  

പല ആഫ്രിക്കൻ രാജ്യങ്ങളും കോവാക്സ് എന്ന അന്താരാഷ്ട്ര പദ്ധതിയിലൂടെ വാക്സിനുകൾ വാങ്ങുന്നു. ചിലത് ഫാർമസ്യൂട്ടിക്കൽ കമ്പനികളിൽ നിന്ന് നേരിട്ട് വാങ്ങാൻ പദ്ധതിയിടുകയും ചെയ്യുന്നു. സമ്പന്ന രാജ്യങ്ങൾ വാക്‌സിൻ തട്ടിയെടുക്കുമെന്ന ഭയത്താൽ ദരിദ്ര രാജ്യങ്ങൾക്ക് വാക്സിനുകൾ എളുപ്പത്തിൽ ലഭ്യമാക്കാനാണ് കോവാക്സ് പദ്ധതി പരിശ്രമിക്കുന്നത്. ദക്ഷിണാഫ്രിക്കയിൽ 1.4 ദശലക്ഷത്തിലധികം ആളുകൾക്ക് ഈ വൈറസ് ബാധയുണ്ടെന്നും 44,164 പേർ മരിച്ചുവെന്നും ജോൺസ് ഹോപ്കിൻസ് സർവകലാശാലയുടെ ഗവേഷണത്തിൽ പറയുന്നു. 

PREV
click me!

Recommended Stories

വനംവകുപ്പ് ഉദ്യോഗസ്ഥനെ കീഴ്മേൽ കുത്തി മറിച്ച് കാട്ടുപന്നി, തല്ലിയോടിക്കാൻ ശ്രമിച്ച് സഹപ്രവ‍ർത്തകർ
'മോശം വായു, ആസ്മ രൂക്ഷം, മരുന്നിന് കാശില്ല'; 19 -കാരനായ യുപിക്കാരന്‍റെ കുറിപ്പിന് സഹായ ഹസ്തം