15 ചോദ്യങ്ങൾ ചോദിക്കും, ഉത്തരം പറഞ്ഞാൽ ഓട്ടോക്കൂലി കൊടുക്കണ്ട, വ്യത്യസ്തമായ രീതിയുമായി ഒരു ഇ-റിക്ഷാ ഡ്രൈവർ

By Web TeamFirst Published Nov 23, 2021, 10:44 AM IST
Highlights

'ശ്രീദേവിയുടെ ജനനത്തീയതി മുതൽ ലോകത്തിലെ ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശു വരെ വിവിധ വിഷയങ്ങൾ ഞങ്ങള്‍ ചർച്ച ചെയ്തു. ഞാൻ അവനോട് ഒന്നോ രണ്ടോ ചോദ്യങ്ങൾ ചോദിച്ചു, അവൻ എല്ലാത്തിനും ഉത്തരം നൽകി. അതെന്നില്‍ മതിപ്പുളവാക്കി' എന്നും പോസ്റ്റില്‍ പറയുന്നു. 

പോസിറ്റിവിറ്റിയും പ്രചോദനവും പകരുന്ന നിരവധി കാര്യങ്ങൾ നമുക്ക് ചുറ്റും ഉണ്ട്. അതില്‍ പലതും നാമറിയുന്നത് ഇന്‍റര്‍നെറ്റിലൂടെയാണ്. അതുപോലെ തന്നെയാണ് ഈ ഇ-റിക്ഷാ ഡ്രൈവറെ(E-Rickshaw Driver) കുറിച്ചുള്ള വാർത്തയും. ബംഗാളിലെ ലിലുവ(Bengal's Liluah)യിൽ (ഹൗറ ജില്ല) നിന്നുള്ള ഈ ഇ-റിക്ഷാ ഡ്രൈവറെക്കുറിച്ചുള്ള വിശദമായ പോസ്റ്റ് ഫേസ്‍ബുക്കിലിട്ടത് സങ്കലന്‍ സര്‍ക്കാര്‍(Sankalan Sarkar) എന്നയാളാണ്. സുരഞ്ജൻ കർമാക്കർ(Suranjan Karmakar) എന്നാണ് ഡ്രൈവറുടെ പേര്. റിക്ഷയിൽ കയറിയ സങ്കലനോടും ഭാര്യയോടും സുരഞ്ജൻ പൊതുവിജ്ഞാനത്തില്‍(GK Questions) നിന്നുള്ള 15 ചോദ്യങ്ങള്‍ ചോദിച്ചു. അതിനെല്ലാം ഉത്തരം നല്‍കിയാല്‍ ഓട്ടോക്കൂലി നൽകേണ്ടതില്ല, സൗജന്യ യാത്രയായിരിക്കും എന്നും പറഞ്ഞു. 
 
'ഞാൻ നിങ്ങളോട് ചോദിക്കാൻ പോകുന്ന 15 പൊതുവിജ്ഞാന ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ കഴിയുമെങ്കിൽ ഞാൻ യാത്രാനിരക്ക് വേണ്ടെന്ന് വയ്ക്കാം' എന്ന് അദ്ദേഹം തിരിഞ്ഞ് സങ്കലനോടും ഭാര്യയോടും പറഞ്ഞു. ആ സമയത്ത്, സങ്കലൻ വിചാരിച്ചത്, ഡ്രൈവർ യാത്രാക്കൂലിയിൽ അത്ര തൃപ്തനല്ല എന്നാണ്. അതുകൊണ്ട്, അവർ ഒരു ചോദ്യത്തിന് എങ്കിലും തെറ്റായി ഉത്തരം നൽകിയാൽ യാത്രാക്കൂലി ഇരട്ടിയാക്കാനാണ് പദ്ധതിയെന്നും തന്നെ അവര്‍ കരുതി. 

ചോദ്യങ്ങൾ അറിയാൻ വേണ്ടി സങ്കലൻ ചോദ്യങ്ങൾക്ക് ഉത്തരം നൽകാമെന്ന് സമ്മതിച്ചു. കൂടാതെ ഡ്രൈവർക്ക് യാത്രാക്കൂലി നൽകാമെന്നും പറഞ്ഞു. ആദ്യത്തെ ചോദ്യം എളുപ്പമുള്ളതായിരുന്നു: "ആരാണ് ജനഗണമന എഴുതിയത്?" ഇതായിരുന്നു ആദ്യത്തെ ചോദ്യം. റിക്ഷാ ഡ്രൈവര്‍ വെറുതെ കളിക്കുകയാണ് എന്നാണ് സങ്കലന് ആദ്യം തോന്നിയത്. എന്നാല്‍, രണ്ടാമത്തെ ചോദ്യം സങ്കലനെ മാറ്റിച്ചിന്തിക്കാന്‍ പ്രേരിപ്പിച്ചു. പശ്ചിമബംഗാളിലെ ആദ്യത്തെ മുഖ്യമന്ത്രി ആരായിരുന്നു എന്നതായിരുന്നു അടുത്ത ചോദ്യം. അത് തന്‍റെ ഊഴമായിരുന്നു എന്നും തന്‍റെ കഴിവുകളെല്ലാം ഉപയോഗിച്ച് മറുപടി നല്‍കാന്‍ ശ്രമിച്ചു എന്നും പരാജിതനായി എന്നും സങ്കലന്‍ എഴുതുന്നു. വിവിധ വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്നതായിരുന്നു ചോദ്യാവലി. 

'ശ്രീദേവിയുടെ ജനനത്തീയതി മുതൽ ലോകത്തിലെ ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശു വരെ വിവിധ വിഷയങ്ങൾ ഞങ്ങള്‍ ചർച്ച ചെയ്തു. ഞാൻ അവനോട് ഒന്നോ രണ്ടോ ചോദ്യങ്ങൾ ചോദിച്ചു, അവൻ എല്ലാത്തിനും ഉത്തരം നൽകി. അതെന്നില്‍ മതിപ്പുളവാക്കി' എന്നും പോസ്റ്റില്‍ പറയുന്നു. സാമ്പത്തിക പരാധീനതകൾ കാരണം താൻ ആറാം ക്ലാസിൽ പഠനം നിർത്തിയെന്നും എന്നാൽ എല്ലാ ദിവസവും പുലർച്ചെ രണ്ട് മണി വരെ വായിക്കുന്ന ശീലമുണ്ടെന്നും ക്വിസിന്റെ അവസാനം ഡ്രൈവർ സങ്കലനോട് പറഞ്ഞു. അതുമാത്രമല്ല. താൻ ലിലുവാ ബുക്ക് ഫെയർ ഫൗണ്ടേഷനിൽ അംഗമാണെന്നും അദ്ദേഹം പറഞ്ഞു.

'തന്റെ വണ്ടിയില്‍ അവരുടെ ഒരു ചിത്രം വച്ചാണ് താന്‍ പ്രമുഖരുടെ ജന്മദിനം ആഘോഷിക്കുന്നത് എന്ന് അദ്ദേഹം വെളിപ്പെടുത്തി. സ്റ്റീഫൻ ഹോക്കിംഗ്, ആൽബർട്ട് ഐൻ‌സ്റ്റൈൻ, മനോഹർ ഐച്ച്, കൽപ്പന ചൗള തുടങ്ങി നിരവധി പേർ അതിലിടം കണ്ടെത്തിയിട്ടുണ്ട്' എന്നും പറഞ്ഞുകൊണ്ടാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്. ഏതായാലും സങ്കലന്റെ പോസ്റ്റ് കണ്ട് നിരവധി പേരാണ് ഈ ഇ-റിക്ഷാ ഡ്രൈവറെ അഭിനന്ദിച്ച് കൊണ്ട് മുന്നോട്ട് വരുന്നത്. 

click me!