
മഹാരാഷ്ട്ര നിവാസിയാണ് ഗണേഷ് ദുദ്‌നാലെ(Ganesh Dudhnale). മൂന്ന് വർഷം മുമ്പാണ് ഗുജറാത്തിലെ വാപിയിലെ ഒരു സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിൽ നിന്ന് അദ്ദേഹം ബിരുദം നേടിയത്. എല്ലാവരെയും പോലെ ഒരു ജോലി സ്വപ്‍നം കണ്ട അദ്ദേഹം അതിനായി പരിശ്രമിച്ചു. എന്നാൽ, ക്യാമ്പസ് പ്ലേസ്‌മെന്റിൽ പങ്കെടുത്ത അദ്ദേഹത്തിന് നിരാശയായിരുന്നു ഫലം. ജോലിക്കായി അപേക്ഷിച്ച കമ്പനികൾ പ്രതിമാസം 12,000 രൂപയിൽ കൂടുതൽ നല്കാൻ തയ്യാറായില്ല. തന്റെ കഴിവും അറിവും വിലമതിക്കപ്പെടുന്നില്ലെന്ന് അദ്ദേഹത്തിന് തോന്നി.
ഒരു ജോലി അന്വേഷിച്ച് അലഞ്ഞ് ചെരുപ്പ് തേഞ്ഞത് മാത്രം മിച്ചം. ഒടുവിൽ സ്വന്തമായി ഒരു ബിസിനസ് ആരംഭിക്കാൻ അദ്ദേഹം പദ്ധതിയിട്ടു. ഗണേഷിന് ചായ വലിയ ഇഷ്ടമാണ്. അതുകൊണ്ട് തന്നെ ഒരു ചായക്കട ആരംഭിക്കാനായിരുന്നു അദ്ദേഹം നിശ്ചയിച്ചത്. തുടർന്ന് ഗണേഷ് തന്റെ ആശയം കുടുംബവുമായി പങ്കുവച്ചു. “ഞാൻ മഹാരാഷ്ട്രയിലെ ലാത്തൂരിലാണ്. അവിടെ എന്റെ അച്ഛന് പലചരക്ക് കടയാണ്. അതുകൊണ്ട് ചായക്കച്ചവടം അദ്ദേഹത്തിന് അത്ര പിടിച്ചില്ല. എന്നാൽ ഒടുവിൽ ഞാൻ അദ്ദേഹത്തെ പറഞ്ഞ് സമ്മതിപ്പിച്ചു. അദ്ദേഹം എനിക്ക് 6 ലക്ഷം രൂപ തന്നു സഹായിച്ചു" ഗണേഷ് പറഞ്ഞു.
2019-ൽ, വാപി റെയിൽവേ സ്റ്റേഷനിൽ ഗണേഷ് തന്റെ ആദ്യത്തെ ചായക്കട ആരംഭിച്ചു. ഏകദേശം ആറുമാസത്തിനുശേഷം തന്റെ പങ്കാളിയായ പ്രദീപ് ജാദവിനെ അദ്ദേഹം കണ്ടുമുട്ടി. ബിസിനസ്സിൽ പ്രദീപും കൂടി നിക്ഷേപിച്ചു. ഇതോടെ കച്ചവടം ഒന്നു കൂടെ വികസിപ്പിക്കാൻ അവർക്ക് സാധിച്ചു. അങ്ങനെ 2020 -ൽ അദ്ദേഹം സൂററ്റിൽ രണ്ടാമത്തെ ഔട്ട്‌ലെറ്റ് ആരംഭിച്ചു. പഴത്തിന്റെ രുചി കലർന്ന ചായക്ക് പുറമെ, ബട്ടർസ്‌കോച്ച്, വാനില, കാരാമൽ എന്നിവയുടെ രുചിയുള്ള ചായയും അദ്ദേഹം വാഗ്ദാനം ചെയ്തു. ഇപ്പോൾ 20 ഇനം ചായകളും 15 തരം കാപ്പികളും കടയിൽ ലഭ്യമാണ്. കൂടാതെ ഏഴ് ഔട്ട്‌ലെറ്റുകളുണ്ട്. ഓരോന്നിൽ നിന്നും പ്രതിദിനം ഏകദേശം 8,000 രൂപ വരെ സമ്പാദിക്കുന്നു. പ്രതിമാസം 3 ലക്ഷം രൂപ വരുമാനം ലഭിക്കുന്നതായി അദ്ദേഹം അവകാശപ്പെട്ടു.
എന്നാൽ, ലോക്ക്ഡൗൺ കാലത്ത് ബിസിനസ് അല്പം ഇടിഞ്ഞുവെന്ന് അദ്ദേഹം പറയുന്നു. കൂടാതെ ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ വാഗ്ദാനം ചെയ്യുന്ന വെണ്ടർമാരെ കണ്ടെത്തുന്നതും ബിസിനസിന് വെല്ലുവിളിയായി. “കൃത്രിമവും പ്രകൃതിദത്തവുമായ രുചികളെ വേർതിരിച്ചറിയാൻ വളരെയധികം പഠനവും ധാരണയും വേണ്ടി വന്നു. ദിവസേന ഉണ്ടാകുന്ന വെല്ലുവിളികളെ നേരിടാൻ ഞാൻ ഇപ്പോഴും പുതിയ വഴികൾ പഠിക്കുന്നു, കണ്ടെത്തുന്നു” അദ്ദേഹം പറയുന്നു. ഗുജറാത്തിൽ 100 ഔട്ട്‌ലെറ്റുകളും ഇന്ത്യയിലെ നഗരങ്ങളിൽ ഏകദേശം 1000 ഔട്ട്‌ലെറ്റുകളും സ്ഥാപിക്കാനാണ് ഗണേഷ് ഇപ്പോൾ പദ്ധതിയിടുന്നത്.
“എന്റെ അഭിനിവേശത്തെ ഒരു വിജയകരമായ ബിസിനസ്സാക്കി മാറ്റാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്. മാസശമ്പളമുള്ള ഒരു സ്ഥിര ജോലിയെ മാത്രം ആശ്രയിക്കാതെ, വ്യത്യസ്തമായ ഒരു പാത തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്ന ബിരുദധാരികൾക്ക് ഒരു മാതൃകയാകാൻ ഞാൻ ആഗ്രഹിക്കുന്നു” അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
(വിവരങ്ങൾക്ക് കടപ്പാട്: ദ ബെറ്റർ ഇന്ത്യ)