
യുക്രൈനിൽ ഒറ്റപ്പെട്ടുപോയ മറ്റ് രാജ്യങ്ങളിലെ പൗരന്മാർ അവരവരുടെ രാജ്യത്തേക്ക് മടങ്ങാൻ ശ്രമിക്കുമ്പോൾ, ഒരു ഇന്ത്യൻ ഡോക്ടർ(Indian doctor) യുക്രൈനിൽ തന്നെ തുടരാൻ തീരുമാനിക്കുകയാണ്. പൃഥ്വി രാജ് ഘോഷ്(Dr Prithwi Raj Ghosh) എന്നാണ് ഡോക്ടറുടെ പേര്. യുക്രൈനിന്റെ തലസ്ഥാനമായ കീവിലാ(Kyiv)ണ് ഘോഷുള്ളത്. എല്ലാ ഇന്ത്യൻ വിദ്യാർത്ഥികളും യുക്രൈൻ വിടുന്നതുവരെ താൻ യുക്രൈൻ വിടില്ലെന്ന് സ്റ്റുഡന്റ് കൺസൾട്ടന്റുകൂടിയായ അദ്ദേഹം പറയുന്നു.
“ഞാൻ ഇവിടെ കീവിൽ കുടുങ്ങി കിടക്കുകയല്ല. മറിച്ച് എന്റെ സ്വന്തം ഇഷ്ടപ്രകാരം ഞാൻ ഇവിടെ തുടരുകയാണ്. ഇവിടെ നിന്ന് 350 ഓളം വിദ്യാർത്ഥികളെ യുക്രൈൻ വിടാൻ ഞാൻ സഹായിച്ചിട്ടുണ്ട്. അവർ എല്ലാം എന്റെ വിദ്യാർത്ഥികളായിരുന്നു. ഇത് പോലെ കുടുങ്ങി കിടക്കുന്ന വിദ്യാർത്ഥികളെ സഹായിക്കാൻ ചില കൺസൾട്ടന്റുമാർ എന്നോട് നിരന്തരം ആവശ്യപ്പെടുന്നു. ആ വിദ്യാർത്ഥികൾ വിവിധ ഭാഗങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ്, പ്രത്യേകിച്ച് സുമിയിൽ" അദ്ദേഹം പറഞ്ഞു. കാർകിവിൽ നിന്ന് ഏകദേശം 2,000 വിദ്യാർത്ഥികൾക്ക് രക്ഷപ്പെടാൻ കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
യുക്രൈൻ വിടില്ലെന്ന ഡോ.ഘോഷിന്റെ തീരുമാനത്തിൽ അദ്ദേഹത്തിന്റെ കുടുംബത്തിന് ചെറുതല്ലാത്ത ആശങ്കയുണ്ട്. അതേസമയം, അവർക്ക് അദ്ദേഹത്തെ ഓർത്ത് അഭിമാനവുമുണ്ട്. തന്റെ മകന്റെയും വിദ്യാർത്ഥികളുടെയും സുരക്ഷിതമായ തിരിച്ചുവരവിനായി താൻ ദിവസവും ദൈവത്തോട് പ്രാർത്ഥിക്കാറുണ്ടെന്ന് അദ്ദേഹത്തിന്റെ അമ്മ ബ്രതതി ഇന്ത്യാ ടുഡേയോട് പറഞ്ഞു. പിതാവ് പ്രദീപ് ഘോഷിനും മകനെക്കുറിച്ച് അഭിമാനമാണ്. യുക്രൈനിലെ കുട്ടികൾ പൃഥ്വിയെ തങ്ങളുടെ ജ്യേഷ്ഠനായിട്ടാണ് കാണുന്നതെന്നും അദ്ദേഹം പറയുന്നു. മുൻപും ഇത്തരത്തിലുള്ള അവസ്ഥ നേരിട്ടിട്ടുണ്ടെന്ന് ഡോക്ടർ പൃഥ്വി ഘോഷ് പറയുന്നു.
"എന്റെ മാതാപിതാക്കൾ ആശങ്കാകുലരാണ്. പക്ഷേ, ഇത് എന്റെ ഉത്തരവാദിത്തമാണെന്ന് ഞാൻ മനസ്സിലാക്കുന്നു. വിദ്യാർത്ഥികളുടെ രക്ഷിതാക്കളോട് ഞാൻ അവരെ നോക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. 2013-14 ലും എനിക്ക് ഇതുപോലെ ഒരു പ്രതിസന്ധി നേരിടേണ്ടിവന്നിട്ടുണ്ട്. അന്നും ഞാൻ അത് തന്നെ ചെയ്തു. ഇപ്പോൾ അത് കൈകാര്യം ചെയ്യാൻ എനിക്ക് കൂടുതൽ പക്വതയുണ്ട്," അദ്ദേഹം പറഞ്ഞു. ഏറ്റവും ദുർഘടമായ ഒരു സമയത്ത് വിദ്യാർത്ഥികൾക്ക് വേണ്ടി നിലകൊണ്ടതിന് വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും ഘോഷിനോട് നന്ദി പറഞ്ഞു. “എന്റെ മകൻ പുഷ്പക് അവിടെ കുടുങ്ങി കിടന്നിരുന്നു. നഗരത്തിന് പുറത്തേക്ക് പോകാൻ വഴിയില്ലാതായി. എന്നാൽ, പിന്നീട് എന്റെ മകനും മറ്റ് വിദ്യാർത്ഥികൾക്കും കീവ് വിട്ട് അതിർത്തിയിലെത്താൻ ഒരു ബസ് ഏർപ്പാട് ചെയ്തത് ഡോ. ഘോഷാണ്” പുഷ്പക്കിന്റെ അമ്മ പ്രതിഭ പറഞ്ഞു.
നേരത്തെ ഹരിയാനയിൽ നിന്നുള്ള ഒരു മെഡിക്കൽ വിദ്യാർത്ഥിനി 17 -കാരിയായ നേഹയും യുക്രൈൻ വിടാൻ വിസമ്മതിച്ചിരുന്നു. താൻ താമസിക്കുന്ന വീടിന്റെ ഉടമസ്ഥൻ യുദ്ധത്തിന് പോയിരിക്കുകയാണെന്ന് നേഹ പറഞ്ഞു. ഭാര്യയും മൂന്ന് ചെറിയ കുട്ടികളും മാത്രമായിരുന്നു വീട്ടിൽ. ഈ പ്രയാസകരമായ സമയത്ത്, അവരെ വീട്ടിൽ തനിച്ചാക്കി സ്വന്തം കാര്യം നോക്കി പോകാൻ തനിക്കാവില്ലെന്ന് അവൾ പറഞ്ഞു.