30 വര്‍ഷം കൊണ്ട് രക്ഷിച്ചത് 2500 ജീവനുകള്‍; മാതൃകയാണ് ഈ യുവാവ്

By Web TeamFirst Published Mar 17, 2019, 7:20 PM IST
Highlights

ഇത്രയും വര്‍ഷങ്ങളായി രക്ഷാപ്രവര്‍ത്തനം നടത്തുന്നു എന്നതിനാല്‍ തന്നെ അടുത്ത പ്രദേശവാസികള്‍ക്കെല്ലാം ഡുലുവിനെ അറിയാം. ഏതെങ്കിലും മൃഗങ്ങള്‍ അപകടത്തില്‍ പെട്ടാല്‍ അവര്‍ ഡുലുവിനെ അറിയിക്കും.

ബിനോദ് ഡുലു ബോറാ ജനിച്ചത് ആസ്സാമിലെ ഒരു ഗ്രാമത്തിലാണ്. ഏഴാമത്തെ വയസ്സിലാണ് അവനൊരു സ്വപ്നം കണ്ടത്, വീടിനടുത്തുള്ളൊരു കിണറില്‍ ഒരു ആനക്കുട്ടി വീഴുന്നതായിരുന്നു സ്വപ്നം. അവനുണര്‍ന്ന് അത് മറ്റുള്ളവരോട് പറഞ്ഞുവെങ്കിലും അവരാരും അത് വിശ്വസിച്ചില്ല. എന്നാല്‍, ഇത്തിരിനേരം കഴിഞ്ഞ് അയല്‍ക്കാരാണ് അടുത്തൊരു കിണറില്‍ ഒരു ആനക്കുട്ടി വീണുകിടക്കുന്നത് കണ്ടത്. ഒടുവില്‍ അവരെല്ലാം ചേര്‍ന്ന് അതിനെ രക്ഷിക്കുകയും ചെയ്തു.

ഏതായാലും ഡുലുവിന്‍റെ അനുഭവം സത്യമാണോ, കള്ളമാണോ എന്നൊന്നും അറിയില്ല. പക്ഷെ, അന്നുതൊട്ടിന്നോളം അപകടത്തില്‍ പെടുന്ന ജീവികളെ രക്ഷിക്കാന്‍ ഡുലുവുണ്ട്. 

പതിനാലാമത്തെ വയസ്സിലാണ് അവന്‍ പക്ഷികളേയും മൃഗങ്ങളേയും രക്ഷിച്ചു തുടങ്ങിയത്. മാര്‍ക്കറ്റില്‍ ഇറച്ചിയാക്കാന്‍ വെച്ചിരുന്ന പക്ഷികളെ അവന്‍ പണം കൊടുത്ത് വാങ്ങിയ ശേഷം സ്വതന്ത്രമാക്കി. പലപ്പോഴും ഇതിനായി ഏട്ടന്മാരുടെ പോക്കറ്റില്‍ നിന്നും പണമെടുത്തു. 

അഞ്ച് വര്‍ഷം കഴിഞ്ഞപ്പോള്‍ ഡുലു ഗ്രീന്‍ ഗാര്‍ഡ് നാച്ച്വര്‍ ഓര്‍ഗനൈസേഷന്‍റെ കൂടെ പ്രവര്‍ത്തിച്ചു തുടങ്ങി. 1994 -ല്‍ വന്യമൃഗങ്ങളുടെ സംരക്ഷണത്തിനായി രൂപം കൊടുത്തതാണ് ഈ സംഘടനയ്ക്ക്. 

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി 2,500 ലധികം ജീവികളെ സംരക്ഷിച്ചു കഴിഞ്ഞു ഡുലു. ഇതില്‍ ആനയും, മാനും, കുരങ്ങനുമെല്ലാം പെടുന്നു. ഇങ്ങനെ അപകടത്തില്‍ പെടുന്ന മൃഗങ്ങളെയും പക്ഷികളേയും പരിക്കുകള്‍ ഭേദമായാല്‍ തിരികെ കാട്ടിലേക്ക് തന്നെ വിടാറാണ് പതിവ്. പരിക്കേറ്റവയെ എന്‍.ജി.ഒയുടെ റെസ്ക്യൂ സെന്‍ററിലെത്തിക്കും. വെറ്ററിനറി ട്രീറ്റ്മെന്‍റും ഇവിടെനിന്ന് നല്‍കും. ചെറിയ കുഞ്ഞുങ്ങളാണെങ്കില്‍ സെന്‍റര്‍ ഫോര്‍ വൈല്‍ഡ് ലൈഫ് റീഹാബിലിറ്റേഷന്‍ ആന്‍ഡ് കണ്‍സര്‍വേഷനിലെത്തിക്കും. 

ഇത്രയും വര്‍ഷങ്ങളായി രക്ഷാപ്രവര്‍ത്തനം നടത്തുന്നു എന്നതിനാല്‍ തന്നെ അടുത്ത പ്രദേശവാസികള്‍ക്കെല്ലാം ഡുലുവിനെ അറിയാം. ഏതെങ്കിലും മൃഗങ്ങള്‍ അപകടത്തില്‍ പെട്ടാല്‍ അവര്‍ ഡുലുവിനെ അറിയിക്കും. ഒരിക്കല്‍ അടുത്ത ഗ്രാമത്തില്‍ കുറച്ചുപേര്‍ ചേര്‍ന്ന് രാജവെമ്പാലയെ ഭക്ഷണമാക്കുന്നതിനായി തല്ലിക്കൊല്ലുന്നത് തടയാന്‍ ഡുലു പോയി. ഡുലുവിന് മര്‍ദ്ദനമേറ്റു. പക്ഷെ, അവന്‍ മടങ്ങിപ്പോകാന്‍ തയ്യാറായില്ല. ഒടുവില്‍ അവര്‍ പാമ്പിനെ ഉപേക്ഷിച്ച് മടങ്ങി. ഡുലു അതിനെ രക്ഷപ്പെടുത്തുകയും ചെയ്തു. 

അതുപോലെ ഒരിക്കല്‍ കുറേ മദ്യപാനികള്‍ ചേര്‍ന്ന് ഒരു ആനക്കുട്ടിയെ തടഞ്ഞു വെച്ചിരിക്കുന്നിടത്തുനിന്നും രക്ഷിക്കാന്‍ ചെന്നപ്പോള്‍ അവര്‍ ഡുലുവിനെ അക്രമിച്ചു. ഒരുവിധത്തിലാണ് ആനക്കുട്ടിയെ അവിടെനിന്നും ഡുലു രക്ഷിച്ചത്. പലപ്പോഴും ഇത്തരം ആളുകളില്‍ നിന്ന് ഉപദ്രവങ്ങളേല്‍ക്കേണ്ടി വരാറുണ്ട് ഡുലുവിന്. അതൊന്നും പക്ഷെ, അവനെ അലട്ടിയിരുന്നില്ല. 

ഡുലുവിന്‍റെ താമസസ്ഥലത്തിനടുത്ത് കാടാണ്. ആനകളും മനുഷ്യരും തമ്മിലുള്ള പ്രശ്നങ്ങള്‍ പതിവ്. 200-300 നും ഇടയില്‍ ആനകള്‍ ആ പ്രദേശത്ത് മാത്രമുണ്ട്. ഈ ആനകള്‍ മനുഷ്യവാസ പ്രദേശത്ത് എത്തുകയും മനുഷ്യര്‍ക്ക് ദുരിതമുണ്ടാക്കുന്നതും പതിവായിരുന്നു. കാടിനും നാടിനുമിടയില്‍ ഡുലു വാഴത്തൈകള്‍ വച്ചുപിടിപ്പിച്ചു. അതുപോലെ കഴിഞ്ഞ് ആറ് വര്‍ഷത്തിനുള്ളില്‍ 25,000 മരങ്ങളാണ് ഡുലു വച്ചുപിടിപ്പിടിപ്പിച്ചത്. 

മാത്രവുമല്ല വന്യജീവികളുടെ രക്ഷയ്ക്കായി 24 മണിക്കൂറും തന്‍റെ മോട്ടോര്‍ബൈക്കുമായി ഡുലു തയ്യാറാണ്. ഒന്നു വിളിച്ചാല്‍ മാത്രം മതി ആള് പറന്നെത്തും.  തീര്‍ന്നില്ല, നല്ലൊരു ഫോട്ടോഗ്രാഫര്‍ കൂടിയാണ് ഡുലു. കൂടാതെ, വന്യജീവികളെ സംരക്ഷിക്കേണ്ടതിന്‍റെ ആവശ്യകതയെ കുറിച്ച് ക്ലാസുകളും നല്‍കുന്നുണ്ട്. 


 

click me!