എംബിഎ പാതിയിൽ ഉപേക്ഷിച്ച് ചായക്കച്ചവടം തുടങ്ങി, 20 -കാരൻ ഇന്ന് കോടീശ്വരൻ!

By Web TeamFirst Published Jul 13, 2021, 11:03 AM IST
Highlights

ചായ ഇല്ലാതെ ഒരുദിവസം തുടങ്ങുന്നത് ഇന്ത്യക്കാര്‍ക്ക് ആലോചിക്കാനാവില്ല. അങ്ങനെയാണ് ചായ വിറ്റു തുടങ്ങുക എന്ന ആശയം മനസിലേക്ക് വരുന്നത്. ആദ്യമെല്ലാം വളരെ ബുദ്ധിമുട്ടായിരുന്നു. 

ചായ ഇന്ത്യക്കാര്‍ക്ക് ഒരു വികാരമാണ്. വെറുമൊരു പാനീയം എന്നതിലുപരി ഇന്ത്യക്കാരില്‍ അധികവും അവരുടെ ദിവസം ആരംഭിക്കുന്നത് തന്നെ ചായയില്‍ നിന്നാണ്. മധ്യപ്രദേശില്‍ നിന്നുള്ള പ്രഫുല്‍ ബില്ലോറും ഉപയോഗപ്പെടുത്തിയത് ആ ചായപ്രേമം തന്നെയാണ്. നാലുവര്‍ഷങ്ങള്‍ക്ക് മുമ്പാണ് പ്രഫുല്‍ അഹമ്മദാബാദില്‍ നിന്നും തന്‍റെ എംബിഎ പഠനം മതിയാക്കിയത്. അങ്ങനെ സ്വന്തമായി എന്തെങ്കിലും ബിസിനസ് തുടങ്ങണം എന്ന് പ്രഫുല്‍ തീരുമാനിച്ചു. അന്ന് പ്രഫുല്‍ തുടങ്ങിയ ബിസിനസാണ് ചായക്കച്ചവടം. 

അതിനായി 8000 രൂപ അച്ഛനില്‍ നിന്നും കടം വാങ്ങി. 'ചായവാല' എന്ന പേരില്‍ അഹമ്മദാബാദ് ഐഐഎമ്മിന്‍റെ പരിസരത്ത് ഒരു ചായക്കട തുടങ്ങി. ആദ്യത്തെ ദിവസം കിട്ടിയ വരുമാനം 150 രൂപയാണ്. ഇംഗ്ലീഷ് സംസാരിക്കുന്ന ചായക്കച്ചവടക്കാരന്‍ അവിടെ എത്തിച്ചേർന്നവർക്കെല്ലാം ഒരു കൗതുകമായിരുന്നു. 

ഇന്ന് പ്രഫുലിന് 300 സ്ക്വയര്‍ഫീറ്റ് റെസ്റ്റോറന്‍റുണ്ട്, പേര് എംബിഎ ചായാവാല. 20 പേര്‍ അവിടെ ജോലിക്കാരായിട്ടുണ്ട്. 2019-20 വര്‍ഷം മൂന്ന് കോടിയുടെ വില്‍പന നടന്നു ചായവാലയിൽ. തന്‍റെ ഏറ്റവും വലിയ ആഗ്രഹം ഓരോ ഇന്ത്യക്കാരനും തന്‍റെ ചായ രുചിക്കുക എന്നതാണ് എന്ന് പ്രഫുല്‍ പറയുന്നു.

'ചായ ഇല്ലാതെ ഒരുദിവസം തുടങ്ങുന്നത് ഇന്ത്യക്കാര്‍ക്ക് ആലോചിക്കാനാവില്ല. അങ്ങനെയാണ് ചായ വിറ്റു തുടങ്ങുക എന്ന ആശയം മനസിലേക്ക് വരുന്നത്. ആദ്യമെല്ലാം വളരെ ബുദ്ധിമുട്ടായിരുന്നു. തെരുവിൽ ബിസിനസ് നടത്താനാവില്ല എന്നും പറഞ്ഞ് ചുറ്റുമുള്ള ആളുകള്‍ പൊലീസിനെയും കൂട്ടിയെത്തി. എന്നാല്‍, ഇന്ന് എല്ലാം സാധാരണ പോലെ ആയി' എന്ന് പ്രഫുല്‍ പറയുന്നു.

പ്രഫുലിന്‍റെ ചായയും തേടിയെത്തുന്നവരില്‍ എല്ലാത്തരം ആളുകളുമുണ്ട്. എങ്കിലും യുവാക്കളാണ് ഏറെയും. ഒരിക്കല്‍ എംബിഎ ഉപേക്ഷിച്ചിറങ്ങിയ പ്രഫുല്‍ ഇന്ന് മൂന്ന് കോടി വര്‍ഷത്തില്‍ സമ്പാദിക്കുമ്പോള്‍ കയ്യടിക്കുകയല്ലാതെ എന്ത് ചെയ്യും. 

click me!