താഴെവീണ സാരിയെടുക്കണം, മകനെ ബാൽക്കണിയിൽ നിന്ന് ബെഡ്‍ഷീറ്റിൽ കെട്ടി താഴേക്കിറക്കി അമ്മ!

Published : Feb 12, 2022, 12:22 PM IST
താഴെവീണ സാരിയെടുക്കണം, മകനെ ബാൽക്കണിയിൽ നിന്ന് ബെഡ്‍ഷീറ്റിൽ കെട്ടി താഴേക്കിറക്കി അമ്മ!

Synopsis

പൂട്ടിക്കിടക്കുന്ന വീട്ടിൽ നിന്ന് സാരി തിരികെ എടുക്കാൻ യുവതി ആരുടെയും സഹായമോ ഉപദേശമോ തേടിയില്ലെന്ന് അയൽവാസികളിൽ ഒരാൾ പറഞ്ഞു. അവർ സ്വന്തം ഇഷ്ടപ്രകാരമാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അശ്രദ്ധമൂലം കുട്ടികൾ ബാൽക്കണിയിൽ നിന്ന് താഴെ വീണ് ജീവൻ നഷ്ടപ്പെട്ട നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇതിനിടയിലാണ് സ്വന്തം കുട്ടിയുടെ സുരക്ഷയെ പൂർണ്ണമായും അവഗണിച്ച് കൊണ്ട് ഒരമ്മ(Mother) മകനെ പത്താം നിലയിലെ ബാൽക്കണിയിൽ നിന്ന് താഴേക്ക് കെട്ടിയിറക്കിയത്. അതും എന്തിനാണ് അവർ ഈ സാഹസം ചെയ്തതെന്നോ, തൊട്ട് താഴത്തെ നിലയിൽ വീണ അവരുടെ സാരി എടുക്കാൻ. ഈ സ്ത്രീയുടെ പ്രവൃത്തി ഇന്റർനെറ്റി(Internet)ൽ എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്.

കഴിഞ്ഞയാഴ്ച ഫരീദാബാദിലെ സെക്ടർ 82 -ലെ സൊസൈറ്റിയിലാണ് സംഭവം നടന്നത്. ഇതിന്റെ ഒരു വീഡിയോ ഇപ്പോൾ ഇൻറർനെറ്റിൽ വൈറലാണ്. ഇതെല്ലാം കണ്ടുകൊണ്ടിരുന്ന എതിർവശത്തെ ഫ്ലാറ്റിലെ ഒരു താമസക്കാരനാണ് ഈ വീഡിയോ പകർത്തിയത്. മകനും അമ്മയും പത്താമത്തെ നിലയിലാണ് താമസം. സ്ത്രീ അവരുടെ ബാൽക്കണിയിൽ വിരിച്ചിരുന്ന സാരികളിൽ ഒന്ന് ഒൻപതാമത്തെ നിലയിലെ ബാൽക്കണിയിലേയ്ക്ക് വീണു. ആരും താമസമില്ലാതെ പൂട്ടിയിട്ടിരിക്കയായിരുന്നു ആ ഫ്ലാറ്റ്. സാരി എടുക്കാൻ വേറെ വഴിയൊന്നും കാണാതെ, അവർ സ്വന്തം മകനെ ഒരു ബെഡ്ഷീറ്റിൽ കെട്ടി ഇത്രയും ഉയരത്തിൽ നിന്ന് താഴേക്കിറക്കി. അമ്മയും മറ്റ് കുടുംബാംഗങ്ങളും ബെഡ്ഷീറ്റ് ഒരു കയർ പോലെ ചുരുട്ടി കുഞ്ഞിന്റെ ശരീരത്തിൽ ചുറ്റിക്കെട്ടി. തുടർന്ന് അമ്മ മകനെ താഴത്തെ ഒഴിഞ്ഞു കിടക്കുന്ന ബാൽക്കണിയിലേയ്ക്ക് ഇറക്കി. സാരി എടുത്ത ശേഷം തിരികെ അമ്മയും കൂടെയുള്ളവരും കുഞ്ഞിനെ മുകളിലേയ്ക്ക് വലിച്ച് കയറ്റുന്നതും വീഡിയോയിൽ കാണാം.

എന്നാൽ, ഇതിനിടയിൽ കുഞ്ഞിന്റെ  ശരീരത്തിൽ ചുറ്റിയിരിക്കുന്ന ബെഡ്ഷീറ്റിന്റെ കുരുക്കയഞ്ഞ് കുഞ്ഞ് താഴെ വീഴാനും, മരിക്കാനും സാധ്യതയുണ്ടായിരുന്നു. അതുമല്ലെങ്കിൽ ആരുമില്ലാത്ത ആ അപ്പാർട്മെന്റിൽ പുറത്തിറങ്ങാനാകാതെ കുട്ടി കുടുങ്ങി കിടന്നു പോകാനും മതി. എന്തായാലും അത്തരം ദുരന്തങ്ങൾ ഒന്നും ഉണ്ടായില്ല. യാതൊരു അപകടവും കൂടാതെ, കുട്ടി തിരിച്ചുകയറി. ഒരു സാരിയ്ക്ക് വേണ്ടിയാണ് ആ അമ്മ മകന്റെ ജീവൻ പോലും പണയം വെച്ച് ഇത്തരമൊരു ബുദ്ധിമോശം ചെയ്തത്. കുട്ടി താഴെ വീണാൽ ചിതറി പോകുമായിരുന്നെന്ന് വീഡിയോ റെക്കോർഡ് ചെയ്യുന്ന അയൽവാസി പറയുന്നത് കേൾക്കാം. "ഐസേ ഭി ലോഗ് ഹോതേ ഹേ (ഇങ്ങനെയും ആളുകളുണ്ട്)" എന്നും അദ്ദേഹം പറയുന്നു.

പൂട്ടിക്കിടക്കുന്ന വീട്ടിൽ നിന്ന് സാരി തിരികെ എടുക്കാൻ യുവതി ആരുടെയും സഹായമോ ഉപദേശമോ തേടിയില്ലെന്ന് അയൽവാസികളിൽ ഒരാൾ പറഞ്ഞു. അവർ സ്വന്തം ഇഷ്ടപ്രകാരമാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇവർ ഫ്ലാറ്റിന്റെ അസോസിയേഷനുമായി ബന്ധപ്പെടേണ്ടതായിരുന്നുവെന്നും, സംഭവത്തിന് പിന്നാലെ അസോസിയേഷൻ യുവതിക്ക് നോട്ടീസ് അയച്ചിട്ടുണ്ടെന്നും അയൽക്കാർ പറഞ്ഞു. എന്നാൽ, ഇതിനെ കുറിച്ച് ചോദിച്ചപ്പോൾ അപ്പോഴത്തെ ഒരു നിമിഷത്തിന് തോന്നി ചെയ്തതാണെന്നും, ഇപ്പോൾ തന്റെ തീരുമാനത്തിൽ ഖേദിക്കുന്നുവെന്നും യുവതി പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്.  
 

PREV
click me!

Recommended Stories

കൂട്ടബലാത്സംഗത്തിന് ഇരയായെന്ന് മലയാളി നേഴ്സിംഗ് വിദ്യാർത്ഥിനി; അന്വേഷണത്തിൽ വമ്പൻ ട്വിസ്റ്റ് !
വായിലേക്ക് വീണ ഇല തുപ്പിക്കളഞ്ഞ 86 -കാരന് യുകെയിൽ 30,000 രൂപ പിഴ!