റെസ്റ്റോറന്റിന് പിങ്ക് ഹിമാലയൻ ഉപ്പ് കൊണ്ടുള്ള ചുമർ, നക്കിനോക്കാനായെത്തുന്നത് നിരവധിപ്പേർ!

Published : Jun 11, 2022, 09:06 AM IST
റെസ്റ്റോറന്റിന് പിങ്ക് ഹിമാലയൻ ഉപ്പ് കൊണ്ടുള്ള ചുമർ, നക്കിനോക്കാനായെത്തുന്നത് നിരവധിപ്പേർ!

Synopsis

ഓൾഡ് ടൗൺ സ്‌കോട്ട്‌സ്‌ഡെയ്‌ലിലാണ് ഭക്ഷണശാല സ്ഥിതി ചെയ്യുന്നത്. സ്ഥലത്തിന്റെ മൊത്തത്തിലുള്ള ഒരു ലുക്ക് മാറ്റാനും, ആളുകൾക്ക് ടെക്വില ഷോട്ടുകൾ ആസ്വദിക്കുമ്പോൾ ഒന്ന് തൊട്ട് നക്കാനും വേണ്ടിയാണ് ഹെഡ് ഷെഫ് ഉപ്പ് പാറകൾ കൊണ്ടുവന്ന് ചുവർ നിർമ്മിച്ചത്.

അരിസോണയിലെ സ്കോട്ട്‌സ്‌ഡെയ്‌ലിലെ (Scottsdale, Arizona) ഒരു ജനപ്രിയ റസ്റ്റോറന്റാണ് ദി മിഷൻ. അവിടെ നിങ്ങൾക്ക് ഒട്ടും പ്രതീക്ഷിക്കാത്ത ഒന്ന് കാണാം, പിങ്ക് ഹിമാലയൻ ഉപ്പ് (pink Himalayan salt) കൊണ്ട് നിർമ്മിച്ച ഒരു ചുവർ. സാധാരണയായി നമ്മൾ കറികളിലാണ് കൂടുതലായും ഈ ഉപ്പ് ഉപയോഗിക്കുന്നത്. എന്നാൽ, അവർ റെസ്റ്റോറന്റിന് അല്പം മോടി കൂട്ടാൻ ഒരു ചുവർ തന്നെ നിറമുള്ള ആ ഉപ്പ് കൊണ്ട് നിർമ്മിച്ചു. ഇതിൽ ഏറ്റവും വിചിത്രമായ കാര്യം, അവിടെ വരുന്ന പലരും ഈ ഹിമാലയൻ ഉപ്പ് കൊണ്ട് നിർമ്മിച്ച ചുവർ നക്കാറുണ്ട് എന്നതാണ്.

ഭക്ഷണശാലയിലെ ഈ വിചിത്രമായ രീതി കൊണ്ട് തന്നെ അതിപ്പോൾ വളരെയധികം ശ്രദ്ധ നേടുകയാണ്. റെസ്റ്റോറന്റിൽ പോകുന്ന ആളുകൾക്ക് സ്വാദിഷ്ടമായ ഭക്ഷണം കഴിക്കുന്നതിനൊപ്പം, ചുവരുകൾ നക്കുകയും ചെയ്യാം. ഏകദേശം പതിനേഴ് വർഷം മുൻപാണ് ആ ഭിത്തി അവിടെ നിർമ്മിച്ചത്. കാഴ്ചയ്ക്ക് ഭംഗി തോന്നിക്കാൻ ചെയ്തതാണ് ഇതെങ്കിലും, ഇപ്പോൾ അതിന് ആരും ചിന്തിക്കാതെ ഒരു ഉപയോഗമാണ് ഉള്ളത്. എന്നാൽ, ആളുകൾ ഈ ചുവരുകൾ നക്കുന്നത് സ്റ്റാഫും മാനേജ്‌മെന്റും അറിയാതെയാണ് എന്ന് ധരിക്കരുത്. മറിച്ച്, പിങ്ക് ഹിമാലയ ഉപ്പ് കൊണ്ട് നിർമ്മിച്ച പ്രശസ്തമായ മതിൽ നക്കാൻ അവർ തന്നെയാണ് ആളുകളെ പ്രോത്സാഹിപ്പിക്കുന്നത്. ആ ചുമർ കാണാനും, അതിന്റെ രുചിയറിയാനും ആളുകൾ അവിടേയ്ക്ക് ഒഴുകി എത്തുന്നു.

ഓൾഡ് ടൗൺ സ്‌കോട്ട്‌സ്‌ഡെയ്‌ലിലാണ് ഭക്ഷണശാല സ്ഥിതി ചെയ്യുന്നത്. സ്ഥലത്തിന്റെ മൊത്തത്തിലുള്ള ഒരു ലുക്ക് മാറ്റാനും, ആളുകൾക്ക് ടെക്വില ഷോട്ടുകൾ ആസ്വദിക്കുമ്പോൾ ഒന്ന് തൊട്ട് നക്കാനും വേണ്ടിയാണ് ഹെഡ് ഷെഫ് ഉപ്പ് പാറകൾ കൊണ്ടുവന്ന് ചുവർ നിർമ്മിച്ചത്. അവിടെ ഇരുന്ന് ആളുകൾ ആദ്യം നാരങ്ങ നുണയും, പിന്നെ ചുവരിൽ നക്കി, കൈയിലുള്ള ടെക്വില വായിലേയ്ക്ക് കമഴ്ത്തും, ശുഭം. പക്ഷേ, പിന്നെ പിന്നെ ആളുകൾ ടെക്വില കുടിച്ചാലും ഇല്ലെങ്കിലും ചുവരുകൾ നക്കാൻ തുടങ്ങി. 

എന്നാൽ ഇങ്ങനെ അപരിചിതർ വന്ന പൊതു ഇടത്തിൽ ഇരിക്കുന്ന ഒരു ചുവർ നക്കുന്നത് വൃത്തിഹീനമല്ലേ എന്ന് ചിന്തിക്കുന്നുണ്ടാകും. അസുഖം വരുന്ന വഴി അറിയില്ലെന്നും ചിന്തിച്ചേക്കാം. എന്നാൽ ദ മിഷൻ പറയുന്നതനുസരിച്ച്, ഹിമാലയൻ ഉപ്പ് സ്വയം ശുദ്ധീകരണ സ്വഭാവമുള്ളതിനാൽ രോഗം പിടിപെടാനുള്ള സാധ്യത കുറവാണ്. ഇനി അതും പോരാതെ, റെസ്റ്റോറന്റ് ജീവനക്കാരും പതിവായി മതിൽ തുടച്ച് വൃത്തിയാക്കുകയും ചെയ്യുന്നു. നിങ്ങളുടെ ശരീരത്തെ വിഷാംശം ഇല്ലാതാക്കാൻ സഹായിക്കുന്ന ധാതുക്കൾ ഹിമാലയൻ ഉപ്പിൽ ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ഭക്ഷണത്തിന് പുറമേ, സ്പാകളിലും ഉപ്പ് ഉപയോഗിച്ച് വരുന്നു.  

PREV
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?