
പണമോ മറ്റ് സഹായങ്ങളോ ഒന്നും കിട്ടാതെ ഒരുപാട് പാവപ്പെട്ട കുഞ്ഞുങ്ങളെ വര്‍ഷങ്ങളോളം പഠിപ്പിക്കുക എന്നത് ഒരു നല്ല മനസിനുടമയ്ക്ക് മാത്രം ചെയ്യാനാവുന്ന കാര്യമാണ്. കഴിഞ്ഞ 13 വര്‍ഷങ്ങളായി അങ്ങനെ ചെയ്യുന്നൊരാളാണ് രാജേഷ് കുമാര്‍ ശര്‍മ്മ.
ആരാണ് രാജേഷ് കുമാര്‍ ശര്‍മ്മ?
ദില്ലിയിലെ ലക്ഷ്മി നഗറില്‍ ഒരു പലചരക്കുകടക്കാരനാണ് രാജേഷ്. ഉത്തര്‍ പ്രദേശില്‍ ജനിച്ച രാജേഷ് ദില്ലിയില്‍ തന്‍റെ ഓപ്പണ്‍ സ്‍കൂള്‍ തുടങ്ങുന്നത് 2006 -ലാണ്. അതും വെറും രണ്ടു കുട്ടികളെ മാത്രം വെച്ച്. ബി എസ് സി പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്ന ഒരാളാണ് രാജേഷ് കുമാര്‍. ആ വേദന എന്നും അദ്ദേഹത്തെ അലട്ടിയിരുന്നു. അതില്‍ നിന്നുമാണ് പാവപ്പെട്ട കുഞ്ഞുങ്ങളെ പഠിപ്പിക്കണം എന്ന ആഗ്രഹം അദ്ദേഹത്തിലുണ്ടാകുന്നത്. സാമ്പത്തികമായി പിന്നോക്കാവസ്ഥയിലായിരുന്നു രാജേഷ് കുമാറിന്‍റെ കുടുംബം. അതുകൊണ്ടുതന്നെയാണ് അദ്ദേഹത്തിനന്ന് തന്‍റെ പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്നതും. പണമില്ലാത്തതിന്‍റെ പേരില്‍ പഠിക്കാനാവാത്ത ഒരാളുടെ വേദന അദ്ദേഹത്തിന് എപ്പോഴും മനസിലാകുമായിരുന്നു. കുഞ്ഞുങ്ങളെ പഠിപ്പിക്കുക മാത്രമല്ല സമീപത്തെ സര്‍ക്കാര്‍ സ്‍കൂളുകളില്‍ പ്രവേശനം നേടാന്‍ അവരെ സഹായിക്കുക കൂടി ചെയ്യുന്നു രാജേഷ് കുമാര്‍.
പാലത്തിനടിയിലെ സ്‍കൂള്‍
യമുനാ ബാങ്ക് ഏരിയയിലെ 'ദ ഫ്രീ സ്‍കൂള്‍ അണ്ടര്‍ ദ ബ്രിഡ്‍ജി'ല്‍ അഞ്ച് ബ്ലാക്ക് ബോര്‍ഡുകളും ചോക്ക്, ഡസ്റ്റര്‍, പേന, പെന്‍സില്‍ പോലുള്ളവയുമുണ്ട്. അവിടെയിരുന്നുകൊണ്ട് നൂറുകണക്കിന് കുട്ടികള്‍ അക്ഷരം പഠിക്കുന്നു. അറിവ് നേടുന്നു. സര്‍ക്കാരില്‍ നിന്നോ എന്‍ജിഒ -യില്‍ നിന്നോ ഒന്നും യാതൊരു തരത്തിലുമുള്ള സഹായവും നേടാതെയാണ് കഴിഞ്ഞ 13 വര്‍ഷങ്ങളായി ഈ സ്‍കൂള്‍ പ്രവര്‍ത്തിക്കുന്നത്.
മാലിന്യം പെറുക്കുന്നവരുടേയും, യാചകരുടേയും, റിക്ഷയെടുക്കുന്നവരുടേയും ഒക്കെ മക്കളാണ് ഇവിടെ പഠിക്കുന്നത്. രണ്ട് ഷിഫ്‍റ്റുകളായിട്ടാണ് രാജേഷ് ക്ലാസുകളെടുക്കുന്നത്. രാവിലെ 9-11 വരെ 120 ആണ്‍കുട്ടികള്‍, ഉച്ചക്ക് 2 -4.30 വരെ 180 പെണ്‍കുട്ടികള്‍. രാജേഷിനെ സഹായിക്കാനായി ഏഴ് അധ്യാപകര്‍ വേറെയുമുണ്ട്. ലക്ഷ്മി ചന്ദ്ര, ശ്യം മാത്തോ, രേഖ, സുനിത, മനീഷ, ചേതന്‍ ശര്‍മ്മ, സര്‍വേഷ് എന്നിവരാണ് മറ്റ് അധ്യാപകര്‍ സൗജന്യമായി അവര്‍ ഈ കുട്ടികളെ പഠിപ്പിക്കുന്നു. അതില്‍ 1996 മുതല്‍ ദില്ലിയില്‍ പാവപ്പെട്ട കുഞ്ഞുങ്ങളെ പഠിപ്പിക്കുന്ന ലക്ഷ്മി പറയുന്നത്, 'നമ്മുടെ കുട്ടിക്കാലത്ത് നാം അനുവദിച്ച വേദനകള്‍ ഈ കുട്ടികള്‍ക്കുണ്ടാവരുത്. പണമില്ലാത്തതിന്‍റെ പേരില്‍ അവര്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെടരുത്' എന്നാണ്. സയന്‍സ്, ഇംഗ്ലീഷ്, ഹിന്ദി എന്നീ വിഷയങ്ങളാണ് ലക്ഷ്മി പഠിപ്പിക്കുന്നത്.
യാതൊരു സഹായവുമില്ലാതെ 13 വര്‍ഷങ്ങള്‍
കഴിഞ്ഞ 13 വര്‍ഷങ്ങളായി പുറത്തുനിന്നും യാതൊരു സഹായവുമില്ലാതെയാണ് രാജേഷ് ഈ സ്‍കൂള്‍ മുന്നോട്ട് കൊണ്ടുപോവുന്നത്. സര്‍ക്കാരില്‍ നിന്നോ ഏതെങ്കിലും എന്‍ജിഒ -യില്‍ നിന്നോ ഇതുവരെ സഹായങ്ങളൊന്നും ലഭിച്ചിട്ടില്ലായെന്നും രാജേഷ് കുമാര്‍ പറയുന്നു. എന്നാല്‍, അതിലൊന്നും യാതൊരു പരാതിയും അദ്ദേഹത്തിനില്ല. തന്‍റെ വിദ്യാര്‍ത്ഥികളുടെ മുഖത്ത് വിരിയുന്ന പുഞ്ചിരിയാണ് തനിക്ക് എന്തിലും വലുത് എന്നും അദ്ദേഹം പറയുന്നു.
ചിലര്‍ ഇടക്കൊക്കെ ഈ സ്‍കൂള്‍ സന്ദര്‍ശിക്കാറുണ്ട്. അവര്‍ കുറച്ച് ബിസ്കറ്റ് പാക്കറ്റുകളോ, വാട്ടര്‍ ബോട്ടിലുകളോ, പഴങ്ങളോ ഒക്കെ കുട്ടികള്‍ക്ക് നല്‍കുന്നു. അതുപോലെ ചില വലിയ കുടുംബങ്ങളിലുള്ള കുട്ടികള്‍ അവരുടെ പിറന്നാളും മറ്റും ഈ സ്കൂളില്‍ ആഘോഷിക്കുന്നു. അന്ന് അവിടെ കേക്ക് മുറിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്നു.
ഏതായാലും രാജേഷിനെ സംബന്ധിച്ച് തന്‍റെ കുട്ടികളുടെ സന്തോഷം തന്നെയാണ് അദ്ദേഹത്തിന്‍റെയും സന്തോഷം.