വെറും അരമിനിറ്റിനുള്ളിൽ മുഴുവനാളുകളും വോട്ട് ചെയ്ത് തീർക്കുന്നൊരു സ്ഥലം!

By Web TeamFirst Published May 30, 2023, 11:20 AM IST
Highlights

ഞായറാഴ്ച, എല്ലാ ​ഗ്രാമവാസികളും രാവിലെ തന്നെ അവരുടെ തെരഞ്ഞെടുപ്പ് കാർഡുകളും തിരിച്ചറിയൽ കാർഡും സഹിതം പോളിംഗ് സ്റ്റേഷനിൽ എത്തി ചേർന്നു.

തെരഞ്ഞെടുപ്പ് എന്നാൽ ആകപ്പാടെ ബഹളമയമാണ്. മാത്രമല്ല മൊത്തത്തിൽ ഒരുപാട് സമയം പിടിക്കുന്ന ഒരു പ്രക്രിയ കൂടിയാണ് തെരഞ്ഞെടുപ്പ് അല്ലേ? അതിനി ​ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പാണെങ്കിൽ കൂടിയും ആളുകൾ വോട്ട് രേഖപ്പെടുത്തി പൂർത്തിയാക്കാൻ ഒരു നേരം പിടിക്കും അല്ലേ? എന്നാൽ, വെറും 30 സെക്കന്റിനുള്ളിൽ വോട്ട് ചെയ്ത് ആ തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാക്കി റെക്കോർഡ് നേടിയൊരു സ്ഥലം ഈ ലോകത്തുണ്ട്. ഒരു സ്പാനിഷ് ​ഗ്രാമത്തിലാണ് വെറും 29. 52 സെക്കന്റുകൾ കൊണ്ട് എല്ലാവരും വോട്ട് ചെയ്തത്.

​ഗ്രാമത്തിന്റെ പേര് വില്ലറോയ. എന്നാലും വെറും അര മിനിറ്റിനുള്ളിൽ വോട്ട് ചെയ്ത് കഴിഞ്ഞോ? ഇതെങ്ങനെ സംഭവിച്ചു എന്നാണോ ഓർക്കുന്നത്. ആ കുഞ്ഞു ​ഗ്രാമത്തിൽ വോട്ട് ചെയ്യാൻ ആകെ ഏഴുപേരെ ഉള്ളൂ. ചുരുങ്ങിയ സമയം കൊണ്ട് വോട്ടിംഗ് പ്രക്രിയ പൂർത്തിയാക്കിയതിന്റെ മുൻകാല റെക്കോർഡ് വില്ലറോയ ഇപ്പോൾ തകർത്തിരിക്കുന്നു എന്നതാണ് കൂടുതൽ രസമുള്ള കാര്യം. 

റിപ്പോർട്ട് അനുസരിച്ച്, 2019 -ൽ, ഈ സ്പാനിഷ് ഗ്രാമത്തിൽ എട്ട് വോട്ടർമാരാണ് ഉണ്ടായിരുന്നത്. ആ സമയത്ത് തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാക്കാൻ 32.25 സെക്കൻഡ് എടുത്തു. ആ റെക്കോർഡ് തകർത്താണ് ഇപ്പോൾ ഏഴ് വോട്ടർമാരായപ്പോൾ 29.52 സെക്കന്റ് കൊണ്ട് വോട്ട് ചെയ്ത് പൂർത്തിയാക്കിയിരിക്കുന്നത്. 

ഞായറാഴ്ച, എല്ലാ ​ഗ്രാമവാസികളും രാവിലെ തന്നെ അവരുടെ തെരഞ്ഞെടുപ്പ് കാർഡുകളും തിരിച്ചറിയൽ കാർഡും സഹിതം പോളിംഗ് സ്റ്റേഷനിൽ എത്തി ചേർന്നു. രാവിലെ ഒമ്പത് മണിക്ക് വോട്ടെടുപ്പ് ആരംഭിച്ചയുടനെ തന്നെ, ഏതാനും നിമിഷങ്ങൾക്കുള്ളിൽ ആളുകൾ വോട്ട് ചെയ്ത് പൂർത്തിയാക്കുകയും ചെയ്തു. 

ഇവിടുത്തെ വോട്ട് ചെയ്യുന്നതിന്റെ ഒരു വീഡിയോയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. 

click me!