
പതിനാറു കുട്ടികളുള്ള ഒരു സ്ത്രീ തന്റെ പതിനേഴാമത്തെ കുഞ്ഞിന്റെ ജനനത്തിന് വേണ്ടി കാത്തിരിക്കുകയാണ്. പതിനാറാമത്തെ കുട്ടി ജനിച്ച് ഒരു വർഷം മാത്രമാണ് കഴിഞ്ഞിരിക്കുന്നത്. യുഎസിലെ നോർത്ത് കരോലിനയിൽ താമസിക്കുന്ന പാറ്റി ഹെർണാണ്ടസും ഭർത്താവ് കാർലോസും കുട്ടികൾക്കെല്ലാം സി -യിൽ തുടങ്ങുന്ന പേരുകളാണ് നൽകിയിരിക്കുന്നത്. ഭർത്താവും കുട്ടികളുടെ പിതാവുമായ കാർലോസിന്റെ പേരിന്റെ ആദ്യ അക്ഷരം സി ആയതിനാലാണ് ഇത്.
ദമ്പതികൾക്ക് ആറ് ആൺകുട്ടികളും പത്ത് പെൺകുട്ടികളുമാണ് ഉള്ളത്. അതിൽ മൂന്ന് സെറ്റ് ഇരട്ടകളാണ്. കാർലോസ് ജൂനിയർ (14), ക്രിസ്റ്റഫർ (13), കാർല (11), കെയ്റ്റ്ലിൻ (11), ക്രിസ്റ്റ്യൻ (10), സെലസ്റ്റെ (10), ക്രിസ്റ്റീന ( 9), കാൽവിൻ (7), കാതറിൻ (7), കാലേബ് (5), കരോളിൻ (5), കാമില (4), കരോൾ (4), ഷാർലറ്റ് (3), ക്രിസ്റ്റൽ (2), ക്ലേട്ടൺ (1) എന്നിങ്ങനെ ആണ് കുട്ടികളുടെ പേരുകൾ.
അടുത്ത വർഷം മാർച്ചിൽ പതിനേഴാമത്തെ കുഞ്ഞിന് പാറ്റി ജന്മം നൽകും. താൻ പതിമൂന്ന് ആഴ്ച ഗർഭിണി ആണ് എന്നും തനിക്ക് ജനിക്കാൻ പോകുന്നത് ഒരു ആൺകുട്ടിയാണ് എന്നും പാറ്റി ഫാബുലസ് മാഗസിനോട് പറഞ്ഞു. 'ജീവിതത്തിൽ 14 വർഷത്തോളം ഞാൻ ഗർഭിണി ആയിരുന്നു. അതിൽ താൻ സന്തോഷവതിയാണ്, അനുഗ്രഹിക്കപ്പെട്ടവളാണ്. പതിനേഴാമത്തെ കുഞ്ഞിനെ കാത്തിരിക്കുന്നതിൽ ആനന്ദമുള്ളവളാണ്' എന്നാണ് പാറ്റിയുടെ പക്ഷം.
കഴിഞ്ഞ വർഷം മെയ് മാസത്തിലാണ് പാറ്റി തന്റെ ഇളയ കുഞ്ഞിന് ജന്മം നൽകിയത്. 20 കുട്ടികൾ വേണം എന്നാണ് പാറ്റിയുടെ ആഗ്രഹം. അതിൽ മൂന്ന് ആൺകുട്ടികളായിരുന്നു എങ്കിൽ എന്നും ആഗ്രഹമുണ്ട്. അങ്ങനെ എങ്കിൽ 10 ആൺകുട്ടികളും 10 പെൺകുട്ടികളും ആവുമല്ലോ എന്നും പാറ്റി പറയുന്നു. ഗർഭനിരോധന മാർഗങ്ങളൊന്നും സ്വീകരിക്കാനും ദമ്പതികൾ തയ്യാറല്ല.