പൊലീസിൽ നിന്നും രക്ഷപ്പെടണം, പ്ലാസ്റ്റിക് സർജറി നടത്തി എട്ടുസ്ത്രീകളടങ്ങുന്ന സംഘം, കണ്ടെത്താനാവാതെ അന്വേഷണസംഘം

By Web TeamFirst Published Apr 27, 2022, 3:57 PM IST
Highlights

എന്നാൽ, ക്ലിനിക്കുകളിൽ വർഷങ്ങളോളം നടത്തിയ അന്വേഷണത്തിനൊടുവിൽ കുറ്റവാളികളുടെ പുതിയ മുഖങ്ങൾ പൊലീസ് കണ്ടെത്തി. പ്രതികളെ പിടികൂടാനായി അവരുടെ വീടുകളുമായി പൊലീസ് ബന്ധപ്പെട്ടെങ്കിലും, അവർ സഹകരിച്ചില്ല. 

സൗന്ദര്യം വർധിപ്പിക്കാൻ പ്ലാസ്റ്റിക് സർജറിയ്ക്ക് വിധേയരാകുന്ന സ്ത്രീകളുടെ എണ്ണം ഇന്ന് കൂടി വരികയാണ്. എന്നാൽ, മലേഷ്യയിൽ കെലന്താൻ(Kelantan) സംസ്ഥാനത്ത് നിന്നുള്ള എട്ട് സ്ത്രീകളടങ്ങുന്ന ഒരു സംഘം പ്ലാസ്റ്റിക് സർജറി(plastic surgery)യ്ക്ക് വിധേയരായത് മറ്റൊരു ഗൂഢലക്ഷ്യവുമായിട്ടായിരുന്നു, പൊലീസിന്റെ കണ്ണ് വെട്ടിക്കുക. പൊലീസ് ഏറെ കാലമായി പിടിക്കാൻ ശ്രമിക്കുന്ന കുറ്റവാളികളാണ് ആ സ്ത്രീകൾ. കൊലപാതകം, കവർച്ച, മോഷണം തുടങ്ങിയ നിരവധി കേസുകളാണ് സ്ത്രീകൾ നേരിടുന്നത്. 17 വർഷമായി അവർ ഒളിവിൽ കഴിയുകയായിരുന്നെന്ന് കെലന്തൻ പൊലീസ് മേധാവി ദാതുക് ഷാഫിയൻ പറഞ്ഞു. പൊലീസ് പിന്തുടരുന്നതും അറസ്റ്റുചെയ്യുന്നതും ഒഴിവാക്കാൻ അവർ ഒരു സ്ഥലത്ത് നിന്ന് മറ്റൊരിടത്തേക്ക് മാറിക്കൊണ്ടിരിക്കയാണെന്ന് അദ്ദേഹം പറയുന്നു.

"ഞങ്ങൾ ഇപ്പോഴും അവരെ തിരയുകയാണ്, അവരെ കണ്ടെത്താൻ ഞാൻ സംസ്ഥാനത്തിന് പുറത്തുള്ള പൊലീസുമായി ബന്ധപ്പെട്ടു. ഇവരിൽ ചിലർ തായ്‌ലൻഡിലേക്ക് കടന്ന് കളഞ്ഞതായി ഞങ്ങൾ കണ്ടെത്തി. അവർ അവിടെ പുതിയ ഐഡന്റിറ്റിയിലായിരിക്കാം അറിയപ്പെടുന്നത്" ഷാഫിൻ പറഞ്ഞു.  അയൽ രാജ്യത്തേക്ക് പലായനം ചെയ്തവരും അവിടെയുള്ള പൗരന്മാരെ വിവാഹം കഴിച്ചിട്ടുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. പൊലീസ് കസ്റ്റഡിയിലെടുത്തേക്കുമെന്ന് ഭയന്നാണ് കെലന്തനിലേക്ക് അവർ മടങ്ങി വരാൻ ശ്രമിക്കാത്തത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം ഇപ്പോഴും ചില പ്രതികൾ സംസ്ഥാനത്തിന്റെ ഉൾപ്രദേശങ്ങളിൽ ഒളിച്ചിരിക്കുന്നതായി തങ്ങൾ സംശയിക്കുന്നുവെന്നും ഷാഫിൻ പറഞ്ഞു. കെലന്തൻ കണ്ടിജന്റ് പൊലീസ് ഹെഡ്ക്വാർട്ടേഴ്സിലെ (ഐപികെ) ഓഫീസിൽ വെച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഷാഫിൻ.

ഇതുകൂടാതെ, കോസ്‌മെറ്റിക് സർജറിയെക്കുറിച്ചുള്ള വിശദാംശങ്ങൾ പൊലീസിന്റെ പക്കലുണ്ടെന്ന് അവർ മനസ്സിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അവർ മുഖം മാത്രമല്ല, പേരുകൾ പോലും മാറ്റിയെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, ക്ലിനിക്കുകളിൽ വർഷങ്ങളോളം നടത്തിയ അന്വേഷണത്തിനൊടുവിൽ കുറ്റവാളികളുടെ പുതിയ മുഖങ്ങൾ പൊലീസ് കണ്ടെത്തി. പ്രതികളെ പിടികൂടാനായി അവരുടെ വീടുകളുമായി പൊലീസ് ബന്ധപ്പെട്ടെങ്കിലും, അവർ സഹകരിച്ചില്ല. പ്രതികളുമായി ഏറെ നാളായി തങ്ങൾക്ക് ബന്ധമില്ലെന്ന് വീട്ടുകാർ പറഞ്ഞു. എന്നാൽ, ഇപ്പോൾ പൊലീസ് ഇതൊരു വെല്ലുവിളിയായി ഏറ്റെടുത്തിരിക്കയാണ്. കുറ്റവാളികളെ തിരയാൻ പൊലീസ് എന്ത് പുതിയ തന്ത്രമാണ് സ്വീകരിക്കാൻ പോകുന്നതെന്ന് അറിയാൻ എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. 


 

click me!