Latest Videos

തൊടുപുഴയിലെ ഏഴുവയസുകാരന്‍റെ മരണം; അമ്മയുടെ കയ്യില്‍ വിലങ്ങ് വീണതെങ്ങനെ?

By Web TeamFirst Published May 10, 2019, 4:44 PM IST
Highlights

ഏഴുവയസുകാരന്‍ ഏറ്റുവാങ്ങിയ ക്രൂരമര്‍ദ്ദനത്തിനും മരണത്തിനുമെല്ലാം സാക്ഷിയായ അവന്റെ അമ്മ  കുറ്റക്കാരിയാണോ അതോ ഇരയാണോ എന്ന ചോദ്യം സോഷ്യല്‍ മീഡിയയിലും പുറത്തും സജീവമായിരുന്നു. കവയിത്രിസുഗതകുമാരി അടക്കം പലരും ഇവര്‍ക്കെതിരെ പരസ്യമായി രംഗത്തുവന്നിരുന്നു

തൊടുപുഴ: ഇക്കഴിഞ്ഞ മാര്‍ച്ച് മാസം 27 ാം തിയതിയാണ് ഇടുക്കിയിലെ തൊടുപുഴയില്‍ ഏഴ് വയസുകാരന് ക്രൂര മര്‍ദ്ദനമേറ്റ സംഭവം കേരളത്തിന്‍റെ മുഖ്യധാരയിലേക്ക് ചര്‍ച്ചയായെത്തുന്നത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും കുട്ടിയെ മർദ്ദിച്ചത് രണ്ടാനച്ഛനാണെന്നുള്ള സൂചനകളുമാണ് പുറത്തുവന്നത്.  അമ്മയും രണ്ടാനചച്ഛനും പൊലീസ് നിരീക്ഷണത്തിലാണെന്നും കേരളം കേട്ടു. എന്നാല്‍ മര്‍ദ്ദനം സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ മലയാളിയുടെ സാമാന്യബോധത്തിന്‍റെ മുഖത്തേറ്റ അടിയായിരുന്നു അത്.

രക്തത്തിൽ കുളിച്ച നിലയിലായിരുന്നു എഴു വയസുകാരനെ തൊടുപുഴയിലെ  ആശുപത്രിയിൽ എത്തിച്ചത്. സോഫയിൽ നിന്ന് വീണ് തലയ്ക്ക് പരിക്കേറ്റെന്നാണ് രക്ഷിതാക്കള്‍ ആശുപത്രി അധികൃതരെ അറിയിച്ചത്. വിശദ പരിശോധനയിൽ തലയോട്ടി പൊട്ടി തലച്ചോർ പുറത്ത് വന്നതായി കണ്ടെത്തി. സംശയം തോന്നിയ ഡോക്ടര്‍മാര്‍ പൊലീസിന്‍റെ സഹായത്തോടെ വിദഗ്ധ ചികിത്സയ്ക്കായി കുട്ടിയെ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയതോടെയാണ് കുടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. ബലമുള്ള വടികൊണ്ടോ, ചുമരില്‍ ശക്തമായി ഇടിച്ചതോ ആകാം കുട്ടിയുടെ തലയോട്ടി പൊട്ടാനുള്ള കാരണം എന്ന സംശയം ഡോക്ടര്‍മാര്‍ പങ്കുവച്ചതോടെ പൊലീസ് കാര്യക്ഷമമായി ഇടപെടാന്‍ തുടങ്ങി.

ഇതോടെ സത്യങ്ങള്‍ ഒന്നൊന്നായി പുറത്തേക്കുവന്നു. ഏഴ് വയസ്സുകാരനെ മർദിച്ചത് രണ്ടാനച്ഛനാണെന്ന് ഇളയകുട്ടി മൊഴി നല്‍കി. പത്ത് മാസം മുമ്പാണ് കുട്ടികളുടെ പിതാവ് മരിച്ചത്. തുടർന്ന് തിരുവനന്തപുരം സ്വദേശിയായ മുപ്പത്തഞ്ചുകാരനെ യുവതി ജീവിതത്തിലേക്ക് ക്ഷണിച്ചത്. അമ്മയും രണ്ടാനച്ഛനും പുറത്തുപോയി വന്നപ്പോൾ ഇളയ കുട്ടി സോഫയിൽ മൂത്രമൊഴിച്ചിട്ടുണ്ടായിരുന്നു. അതിനെക്കുറിച്ച് ഏഴുവയസ്സുകാരനോട് രണ്ടാനച്ഛൻ ചോദിച്ചു. വ്യക്തമായ ഉത്തരം കിട്ടാത്തതിനെ തുടർന്നാണ് രണ്ടാനച്ഛൻ ചേട്ടനെ മർദ്ദിച്ചതെന്നായിരുന്നു ഇളയകുട്ടി മൊഴി നല്‍കിയത്. നേരത്തെയും കുട്ടിയ മര്‍ദ്ദിച്ചിട്ടുണ്ടെന്ന് അമ്മയും സമ്മതിച്ചതോടെ അരുൺ ആനന്ദിന്‍റെ  കൈയ്യില്‍ വിലങ്ങ് വീണു.

കുട്ടിയുടെ അമ്മ പറഞ്ഞതെന്ത്?

എട്ട് മാസമായി തിരുവനന്തപുരം സ്വദേശിയായ മുപ്പത്തഞ്ചുകാരൻ അരുൺ ആനന്ദിനൊപ്പം താമസിക്കുകയായിരുന്നു ഈ യുവതിയും രണ്ട് കുട്ടികളും. കുട്ടികളുടെ അച്ഛൻ ഒരു വർഷം മുമ്പ് മരിച്ചിരുന്നു. ഇതിന് ശേഷമാണ് അരുണിനൊപ്പം യുവതി തൊടുപുഴയിൽ വന്ന് താമസമാക്കിയത്. ഏഴ് വയസ്സുകാരനെ ഒരു മാസം മുമ്പ് മാത്രമാണ് സ്കൂളിൽ ചേർത്തത്. 

തന്നെയും കുട്ടികളെയും ഇയാൾ ക്രൂരമായി മർദ്ദിക്കാറുണ്ടെന്നാണ് യുവതി മൊഴി നൽകിയത്. ആദ്യം ഉണ്ടായ കാര്യങ്ങൾ പൊലീസിനോട് പറയാതിരുന്നത് അരുൺ ആനന്ദിനെ ഭയന്നാണ്. ഇയാൾ മാരകമായി ഉപദ്രവിക്കാറുണ്ടെന്നും തുറന്ന് പറയാൻ ഭയമായിരുന്നെന്നും യുവതി പറയുന്നു. ഇവരുടെ മുഖത്തും കണ്ണിലും അടി കൊണ്ട് നീര് വന്ന് വീർത്ത പാടുകളുണ്ട്. അന്ന് രാത്രി യുവതിയും അരുണും പുറത്ത് പോയി വന്നപ്പോൾ ഇളയ കുഞ്ഞ് സോഫയിൽ മൂത്രമൊഴിച്ചത് കണ്ടു. അരുൺ മദ്യപിച്ച നിലയിലായിരുന്നു. മൂത്ത കുട്ടിയോട് എന്താണ് സംഭവിച്ചതെന്ന് ചോദിച്ചു. ഉത്തരം കിട്ടാതായതോടെ കുഞ്ഞിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. 

തടയാൻ ശ്രമിച്ചപ്പോൾ അമ്മയെയും ഇളയ കുഞ്ഞിനെയും ഇയാൾ വലിച്ചിട്ട് തല്ലി. അരുണിനെ ഭയമായിരുന്നു. മാരകമായി മർദ്ദിക്കുമായിരുന്നു. കുട്ടിയെ അന്ന് രാത്രി ഇയാൾ താഴെയിട്ട് പല തവണ ചവിട്ടി. അലമാരയ്ക്കുള്ളിൽ വച്ച് ഞെരിച്ചുവെന്നും കുട്ടികളുടെ അമ്മ മൊഴി നല്‍കിയിരുന്നു.

അരുണ്‍ ആനന്ദിന്‍റെ മൊഴിയും കാറിലെ കോടാലിയും

തൊടുപുഴയിൽ പിഞ്ചു കുഞ്ഞിനെ ക്രൂരമായ മർദ്ദിച്ച കേസിലെ അരുണ്‍ ആനന്ദിന്റെ വാഹനം പരിശോധിച്ചപ്പോള്‍ പൊലീസ് കണ്ടത് മദ്യക്കുപ്പി മുതല്‍ കൈക്കോടാലി വരെയുള്ള സാധനങ്ങളായിരുന്നു. ക്രൂരമര്‍ദ്ദനത്തിന് ഇരയായ കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടുപോവാന്‍ കുട്ടിയ്ക്കൊപ്പം പോകാന്‍ ഇയാള്‍ വിസമ്മതിച്ചിരുന്നു. പിന്നീട് തന്റെ വാഹനത്തില്‍ പോകാമെന്നായിരുന്നു ഇയാളുടെ പ്രതികരണം. 

പൊലീസ് ഈ നിര്‍ദേശം തള്ളിക്കളഞ്ഞ ശേഷമായിരുന്നു ഇയാളുടെ വാഹനം പരിശോധിച്ചത്. കുട്ടിയ്ക്ക് നേരെ നടന്ന മര്‍ദ്ദനത്തിന്റെ സൂചനകള്‍ നല്‍കുന്നതായിരുന്നു കാറിലെ കാഴ്ചകള്‍.  ഗ്ലാസ് തകര്‍ക്കാന്‍ ഉപയോഗിക്കാന്‍ രീതിയിലുള്ള കൈക്കോടാലിയുമടക്കം വാഹനത്തില്‍ അരുണ്‍ സൂക്ഷിച്ചിരുന്നു.  കുട്ടിയുടെ നേരെ ക്രൂരമര്‍ദ്ദനം നടന്ന ദിവസത്തെ കാര്യങ്ങളെ കുറിച്ച് ഓര്‍മയില്ലെന്നാണ് അരുണ്‍ പൊലീസിന് ആദ്യം നല്‍കിയ മൊഴി. കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ ഇയാള്‍ മദ്യലഹരിയില്‍ ആയിരുന്നു. കാറില്‍ വച്ച് കുഞ്ഞിനെ വെട്ടിനുറുക്കാനുള്ള പദ്ധതി അരുണിനുണ്ടായിരുന്നോ എന്ന സംശയവും പൊലീസിനുണ്ടിയിരുന്നു. കുട്ടിയുടെ മാതാവും എന്‍ജിനിയറിംഗ് ബിരുദധാരിയുമായ യുവതിയുടെ ആദ്യഭര്‍ത്താവിന്റെ വര്‍ക്ക് ഷോപ്പ് നടത്തിയിരുന്നതും ഇയാളായിരുന്നു.

സിവിൽ എന്‍ജിനിയറിംഗ് ബിരുദധാരിയായ അരുണ്‍ ആനന്ദ് നിരവധി കേസുകളില്‍ പ്രതിയാണ്. ഒരു സ്ത്രീയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് ആദ്യം പ്രതിയായത്. 2007മ്യൂസിയം പൊലീസാണ് നന്ദൻകോട് സ്വദേശിയായ അരുണ്‍ ആനന്ദിനെ ആദ്യം പ്രതിയാക്കിയത്. മദ്യപാന സദസ്സിനിടെ സുഹൃത്തിന്റെ തലയിൽ ബിയർ കുപ്പികൊണ്ട് അടിച്ചു കൊന്ന കേസിൽ അരുണും മറ്റ് ആറുപേരും പ്രതിചേർക്കപ്പെട്ടു. ഈ കേസിൽ കുറച്ചുനാള്‍ ജയിൽ കഴിഞ്ഞിരുന്നു. ആറാം പ്രതിയായിരുന്ന അരുണിനെ തെളിവുകളുടെ അഭാവത്തിൽ വിചാരണക്കോടതി വെറുതെ വിട്ടു. അടിപിടി, ഭീഷണിപ്പെടുത്തൽ എന്നീ പരാതികളിൽ ഫോ‍ർട്ട്, വലിയ തുറ എന്നീ സ്റ്റേഷനുകളിലായി നാലുപരാതികള്‍ വേറെയുമുണ്ട്. ഈ കേസുകളിലൊന്നും വിചാരണ ഇതുവരെ പൂർത്തിയായിട്ടില്ല. നിർമ്മാണ മേഖലയിലേക്ക് കടന്ന അരുണ്‍ ഒരു വർഷം മുമ്പ് തലസ്ഥാനം വിട്ടുവെന്നാണ് പൊലീസ് പറയുന്നത്.

കുട്ടിയെ ലൈംഗികമായും പീഡിപ്പിച്ചു

ക്രൂരമര്‍ദ്ദനമേറ്റ ഏഴ് വയസുകാരൻ ലൈംഗികമായും പീഡിപ്പിക്കപ്പെട്ടെന്ന ഞെട്ടിക്കുന്ന സത്യമാണ് പൊലീസ് കണ്ടെത്തിയത്. പ്രതി അരുൺ ആനന്ദ് തന്നെയാണ് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതെന്ന് വ്യക്തമാക്കിയ പൊലീസ് ഇയാൾക്കെതിരെ പോക്സോ പ്രകാരവും കേസെടുത്തു. തൊടുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമായിരുന്നു കണ്ടെത്തല്‍ നടത്തിയത്.  അതിനിടെ ഇടുക്കി കോടതി പ്രതിയെ  രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.

കുട്ടിയുടെ പിതാവിന്റെ മരണത്തിലും ദുരൂഹത

ഏഴ് വയസുകാരനേറ്റ മര്‍ദ്ദനത്തെക്കുറിച്ച് കേരളമാകെ ചര്‍ച്ചയാകുന്നതിനിടയിലാണ്  ആക്രമണത്തിനിരയായ കുട്ടിയുടെ അച്ഛൻ ബിജുവിന്റെ മരണത്തിലും ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തിയത്. ബിജുവിന്റെ മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പിതാവ് ബാബു മുഖ്യമന്ത്രിക്ക് പരാതി നൽകുകയും ചെയ്തു. ബിജുവിന്റെ മരണത്തെ തുടർന്നാണ് അരുൺ ആനന്ദുമായി പരിചയപ്പെട്ടതെന്ന് യുവതി വിശദമാക്കിയെങ്കിലും മരണം സംബന്ധിച്ച് ദുരൂഹതയുണ്ടെന്ന് ബാബു പരാതിയില്‍ ചൂണ്ടികാണിച്ചു.  യുവതിക്കെതിരെ കുട്ടികളുടെ മുത്തശ്ശിയും രംഗത്തുവന്നു.  മകൻ മരിച്ചു മൂന്നു മാസത്തിനുള്ളിൽ യുവതി അരുണിനൊപ്പം പോയെന്നും കുട്ടികളെ തങ്ങൾക്ക് വിട്ട് നൽകിയില്ലെന്നും യുവതിയുടെ ഭ‍ർത്താവിന്‍റെ അമ്മ പറഞ്ഞു. അരുൺ ആനന്ദ് നേരത്തെ തന്നെ പ്രശ്നക്കാരക്കാരനായിരുന്നുവെന്നും ഇവര്‍ വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ ഇടപെടല്‍

ക്രൂര മര്‍ദ്ദനത്തിനിരയായ ഏഴ് വയസ്സുകാരനെ ഏപ്രില്‍ ഒന്നാം തിയതി  മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. വളരെ ദൗർഭാഗ്യകരമായ സംഭവമാണ് നടന്നിരിക്കുന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. കുട്ടിയെ കണ്ട ശേഷം പിണറായി കോലഞ്ചേരി ആശുപത്രിയിലെ ഡോക്ടർമാരെ കണ്ട് സംസാരിക്കുകയും ചെയ്തു. കുറ്റക്കാര്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ ലഭിക്കുന്നതിന് വേണ്ടതെല്ലാം ചെയ്യുമെന്ന ഉറപ്പും നല്‍കിയാണ് പിണറായി മടങ്ങിയത്.

ഒടുവിൽ കുരുന്നുഹൃദയം നിലച്ചു

വെന്‍റിലേറ്ററില്‍  മരുന്നുകളുടെ സഹായത്തോടെയായിരുന്നു ജീവൻ നിലനിര്‍ത്തിയിരുന്നത്. അതിനിടെ കുട്ടിയ്ക്ക് മസ്തിഷ്ക മരണം സംഭവിച്ചെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു. ആന്തരിക രക്തസ്രാവം നിയന്ത്രിക്കാനാകാത്തതായിരുന്നു വെല്ലുവിളി. അത്ഭുതങ്ങള്‍ക്ക് കാതോര്‍ത്ത് കേരളം ഒരേ മനസ്സാല്‍ ആ കുട്ടിയ്ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചു. എന്നാല്‍ എല്ലാ പ്രാര്‍ത്ഥനകളെയും വിഫലമാക്കി കുഞ്ഞിന്‍റെ പള്‍സ് റേറ്റ് കുറഞ്ഞു, ഹൃദയമിടിപ്പ് മന്ദഗതിയിലായി. ഒടുവില്‍  ആറാം തിയതി പകല്‍ പതിനൊന്നരയോടെ ഹൃദയമിടിപ്പ് പൂര്‍ണമായും നിലച്ചു. ഡോക്ടര്‍മാരുടെ വിദഗ്ദ്ധ പരിശോധനയ്ക്ക് ശേഷം 11.35 ന് മരണം ഒദ്യോഗികമായി സ്ഥിരീകരിച്ചു. തൊടുപുഴയിലെ അമ്മയുടെ വീട്ടുവളപ്പില്‍ ഒഴുകിയെത്തിയ ആയിരങ്ങളുടെ കണ്ണുനീര്‍ തുള്ളികള്‍ക്ക് നടുവില്‍ അവന്‍ അന്ത്യവിശ്രമത്തിലാണ്ടു.

അമ്മ ഇരയോ കുറ്റക്കാരിയോ?

ഏഴുവയസുകാരന്‍ ഏറ്റുവാങ്ങിയ ക്രൂരമര്‍ദ്ദനത്തിനും മരണത്തിനുമെല്ലാം സാക്ഷിയായ അവന്റെ അമ്മ  കുറ്റക്കാരിയാണോ അതോ ഇരയാണോ എന്ന ചോദ്യം സോഷ്യല്‍ മീഡിയയിലും പുറത്തും സജീവമായിരുന്നു. തൊടുപുഴയിലെ അമ്മയെ കാപാലികയെന്നും ഒരു നീചനു വേണ്ടി സ്വന്തം കുഞ്ഞിനെ കൊലകൊടുത്തവളെന്നും സമൂഹമാധ്യമങ്ങളില്‍ പലരും കുറിച്ചു. കുഞ്ഞിന്റെ മരണത്തോടെ അമ്മയ്ക്കെതിരായ വിമര്‍ശനവും അതിശക്തമായി. കവയിത്രിയും വനിതാ കമ്മീഷന്‍ മുന്‍ അധ്യക്ഷയുമായ സുഗതകുമാരി അടക്കം പലരും അമ്മയെ പ്രതിപ്പട്ടികയില്‍ ചേര്‍ക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ടു രംഗത്തെത്തി. എന്നാല്‍ യുവതി കുറ്റക്കാരിയാണെന്ന് വിധി കല്‍പ്പിക്കാന്‍ മാത്രം എന്ത് ആധികാരികതയാണ് സമൂഹമാധ്യമങ്ങളിലെ ഈ ന്യായവിധിക്കാര്‍ക്കുള്ളതെന്ന് ചോദിക്കുകയാണ് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി.ജോസഫൈന്‍ അടക്കമുള്ളവര്‍ ചെയ്തത്.

കുട്ടികളെ അരുണ്‍ ക്രൂരമായി മർ‍ദ്ദിക്കുന്ന കാര്യം മറച്ചുവച്ചതു തന്നെയാണ് അമ്മയ്ക്കെതിരായ വിമര്‍ശനങ്ങളുടെ കാതല്‍. സ്വന്തം കുട്ടികളെ ഇത്രയും ക്രൂരമായി തല്ലിച്ചതയ്ക്കുന്നത് എങ്ങനെ കണ്ടു നിന്നു എന്ന ചോദ്യവും ഉയര്‍ന്നു. അതിനിടയിലാണ് അമ്മയ്ക്കെതിരെ കേസെടുക്കാനുള്ള നീക്കം പൊലീസ് ആരംഭിച്ചത്. കുട്ടിയെ ആശുപത്രിയിലെത്തിച്ചതിനു പിന്നാലെ മാനസിക നിലയില്‍ പ്രശ്നങ്ങളുണ്ടായ യുവതിയും ചികിത്സ തേടിയിരുന്നു. ഇതിനിടെ ഏഴ് വയസുകാരന്‍റെ ഇളയസഹോദരനെ അച്ഛന്‍റെ മാതാപിതാക്കൾക്കൊപ്പം വിട്ടു. ശിശുക്ഷേമ സമിതിയുടെ തീരുമാനപ്രകാരമായിരുന്നു നടപടി. കുട്ടിയെ കൈമാറാനാവില്ലെന്ന് അവസാന നിമിഷം കുട്ടിയുടെ അമ്മൂമ്മ നിലപാടെടുക്കുകയായിരുന്നു. 

ബാലനീതി നിയമം 75ാം വകുപ്പ് പ്രകാരം അമ്മയ്ക്കെതിരെ കേസ്

ഏഴ് വയസുകാരനെ മർദ്ദിച്ച് കൊന്ന സംഭവത്തിൽ കുട്ടിയുടെ അമ്മയ്ക്കെതിരെ കേസെടുക്കാൻ ഈ മാസം ആറാം തിയതി പൊലീസിന് ശിശുക്ഷേമ സമിതിയാണ് നിർദ്ദേശം നല്‍കിയത്. ശിശുസംരക്ഷണ സമിതിയുടെ റിപ്പോർട്ട് അനുസരിച്ചാണ് കേസെടുക്കാൻ നിർദ്ദേശം നൽകിയത്. ബാലനീതി നിയമം 75ാം വകുപ്പ് പ്രകാരം കേസെടുക്കാനായിരുന്നു നിർദ്ദേശം. കുട്ടികളെ ആക്രമിക്കുകയോ ഉപദ്രവിക്കുകയോ അല്ലെങ്കിൽ അതിന് കൂട്ട് നിൽക്കുകയോ ചെയ്യുക, ബോധപൂർവം കുട്ടികളെ അവഗണിക്കുകയും അതിലൂടെ അവരിൽ മാനസിക ശാരീരിക സമ്മര്‍ദ്ദം ഏല്‍പ്പിക്കുക തുടങ്ങിയവയാണ് ബാലനീതി നിയമം 75ാം വകുപ്പിന്‍റെ പരിധിയിൽ വരുന്ന കുറ്റങ്ങൾ. 10 വർ‍‍ഷം വരെ തടവും അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷ ലഭിക്കാവുന്ന വകുപ്പാണിത്.

ഒടുവില്‍ അമ്മയും അഴിക്കുള്ളിലേക്ക്

ഒന്നരമാസം നീണ്ടുനിന്ന അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് കുട്ടിയുടെ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തത്. കുറ്റകൃത്യം മറച്ച് വയ്ക്കൽ, തെളിവ് നശിപ്പിക്കാൻ സഹായിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. എറണാകുളത്ത് മാനസിക ചികിത്സയിലായിരുന്ന യുവതിയെ അവിടെയെത്തിയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കില്ലെന്ന് കാണിച്ച് ഇവരെ ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്യുകയായിരുന്നു. 

click me!