എപ്പോഴുമെപ്പോഴും കുഞ്ഞായിരുന്നോരു കുഞ്ഞുണ്ണിമാഷ്..

By Babu RamachandranFirst Published May 10, 2019, 2:17 PM IST
Highlights

1951 -ൽ  ഇരുപത്തിനാലാം വയസ്സിൽ കുഞ്ഞുണ്ണിമാഷിന്റെ ആദ്യത്തെ പുസ്തകം, കുട്ടിക്കവിതകളുടെ ഒരു സമാഹാരം, " കുട്ടികൾ പാടുന്നു.." എന്ന പേരിൽ പുറത്തിറങ്ങുന്നു. 

'എനിക്കുണ്ടൊരു ലോകം
നിനക്കുണ്ടൊരു ലോകം
നമുക്കില്ലൊരു ലോകം..'

നമ്മുടെയൊക്കെ ഇന്നത്തെ ജീവിതങ്ങളെ വെറും മൂന്നുവരികളിൽ ഒതുക്കിവെച്ച, മലയാളത്തിലെ ആദ്യത്തെ ആധുനിക കവികളിൽ ഒരാളായ കുഞ്ഞുണ്ണിമാഷിന്റെ പിറന്നാളാണിന്ന്. കുഞ്ഞുണ്ണിമാഷുടെ കുറുംകവിതകളെ പലരും സാമ്യപ്പെടുത്തിയത് ജാപ്പനീസ് ഭാഷയിലെ ഹൈക്കു എന്ന് പേർവിളിക്കുന്ന ഈരടികളോടാണ്. തമിഴിലേക്ക് കുഞ്ഞുണ്ണിമാഷുടെ കവിതകൾ പരിഭാഷപ്പെടുത്തപ്പെട്ടപ്പോൾ അവയിൽ കുറളുകളുടെ രചനാ ചാതുരിയും ആളുകൾ കണ്ടു. കുട്ടികൾക്കുള്ള കവിതകളെഴുതി ചെലവിട്ട കവിതയിലെ ബാല്യം, കൂടുതൽ ഗൗരവതരമായ കവിതകളും കഥകളുമൊക്കെ എഴുതിയ പിൽക്കാലത്ത് അദ്ദേഹത്തിന് ബാധ്യതയായി. എന്നാൽ, കവിതയെ ഗൗരവമായി കണ്ടിരുന്നവർ അന്നും അദ്ദേഹത്തിലെ കവിതയുടെ ആധുനിക സൗന്ദര്യം തിരിച്ചറിഞ്ഞിരുന്നു. അരവിന്ദനെപ്പോലുള്ള കലാകാരന്മാർ അരങ്ങിന്റെ സാധ്യതകളെല്ലാം തന്നെ ഉപയോഗിച്ച് അദ്ദേഹത്തിന്റെ കവിതകളെ ജനങ്ങളിലേക്ക് എത്തിക്കാനും ശ്രമിച്ചുപോന്നു. 

തൃശൂർ വലപ്പാട് ഞായപ്പള്ളി ഇല്ലത്തെ നീലകണ്ഠൻ മൂസതിന്റെയും അതിയാരത്തു നാരായണി അമ്മയുടെയും മകനായി 1927 മേയ് 10-നാണ് കുഞ്ഞുണ്ണിമാഷ് ജനിക്കുന്നത്. തന്റെ പതിനൊന്നാമത്തെ വയസ്സിൽ, ആറാം ക്‌ളാസിൽ പഠിക്കുമ്പോൾ തന്നെ കുഞ്ഞുണ്ണി കവിതകളെഴുതിത്തുടങ്ങിയിരുന്നു. കുഞ്ചൻ നമ്പ്യാരുടെ ഭാഷാചാതുരിയിൽ അനുരക്തനായ കൊച്ചു കുഞ്ഞുണ്ണിയും എഴുതി ഒരു ഓട്ടൻ തുള്ളൽ, പത്താം ക്ലാസിൽ പഠിക്കുമ്പോൾ അത് ചമയമിട്ട് വേദിയിൽ അവതരിപ്പിക്കുകയും ചെയ്തു.  മലയാളം അധ്യാപകനായാണ് തന്റെ ഔദ്യോഗിക ജീവിതമാരംഭിക്കുന്നത്. ചേളാരി, രാമനാട്ടുകര, മീഞ്ചന്ത രാമകൃഷ്ണമിഷൻ തുടങ്ങി പല സ്‌കൂളുകളിൽ അധ്യാപനം തുടർന്നു. അക്കാലത്താണ് അദ്ദേഹം കുട്ടിക്കവിതകൾ എഴുതിത്തുടങ്ങുന്നത്. 

'പൂച്ച നല്ല പൂച്ച
വൃത്തിയുള്ള പൂച്ച
പാലു വച്ച പാത്രം
വൃത്തിയാക്കി വച്ചു.'
-

എന്നദ്ദേഹം എഴുതിവെക്കുമ്പോൾ, അന്നുവരെ കണ്ടു ശീലിച്ചതിനേക്കാൾ ഒരിത്തിരി കനം കൂടുതലുള്ള ഒരു കവിത കുട്ടികളുടെ മനസ്സിലേക്കെത്തുന്നു.

1951 -ൽ  ഇരുപത്തിനാലാം വയസ്സിൽ കുഞ്ഞുണ്ണിമാഷിന്റെ ആദ്യത്തെ പുസ്തകം, കുട്ടിക്കവിതകളുടെ ഒരു സമാഹാരം, " കുട്ടികൾ പാടുന്നു.." എന്ന പേരിൽ പുറത്തിറങ്ങുന്നു. അതിനെ ഒരു 'സ്വയംകൃതാനർത്ഥ'മെന്നാണ് മാഷ് വിശേഷിപ്പിച്ചിട്ടുള്ളത്.  സ്വന്തം ചെലവിൽ തന്നെയായിരുന്നു അച്ചടിപ്പിച്ചതും വിറ്റതും ഒക്കെ എന്നു സാരം. അടുത്ത പുസ്തകമായപ്പോഴേക്കും, കോഴിക്കോട്ടെ അന്നത്തെ പ്രസിദ്ധ പ്രസാധകരായ പി കെ ബ്രദേഴ്‌സ് ഏറ്റെടുത്തു. 'ഓണപ്പാട്ടുകൾ' എന്ന പേരിൽ പുറത്തിറങ്ങിയ ആ പുസ്തകം നാടോടിപ്പാട്ടുകളുടെ ഒരു കൊച്ചു സമാഹാരമായിരുന്നു. പിന്നെയും നിരവധി പുസ്തകങ്ങൾ, ഏറെക്കുറെ അതേ ഗണത്തിൽപ്പെട്ടവ, അതേ പ്രസിദ്ധീകരണശാല മുഖാന്തിരം പുറത്തുവന്നുകൊണ്ടിരുന്നു. 

ഇതിനിടെ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ബാലപംക്തിയിലൂടെയും നിരന്തരം കവിതകൾ പ്രസിദ്ധപ്പെട്ടു തുടങ്ങി. എഴുപതുകളുടെ മധ്യത്തോടെ ഒരു ബാലസാഹിത്യകാരനെന്ന പേരിൽ  കുഞ്ഞുണ്ണിമാഷ് മലയാളത്തിലെ കുട്ടികൾക്കൊക്കെയും പ്രിയങ്കരനായിത്തീർന്നിരുന്നു. 

'ഏബീസീഡീ അടിപിടി കൂടി 
ഈയെഫ് ജിയെച്ചതിനൊടു കൂടി 
ഐജേക്കേയെല്ലതുകണ്ടെത്തീ
എമ്മെന്നോപ്പീ അമ്മയോടൊതീ 
ക്യൂവാറെസ്റ്റീ അച്ഛനറിഞ്ഞു 
യുവിഡബ്ള്യു വടിയുമെടുത്തു 
എക്സ് വൈ സെഡ്ഡങ്ങടിയോടടിയായ്..'

എന്ന കവിത അക്കാലത്ത് അച്ചടിച്ചുവന്നതാണ്. 

കുഞ്ഞുണ്ണിക്കവിതകളെപ്പറ്റി പ്രശസ്ത പ്രാസംഗികനും, മലയാളാധ്യാപകനുമായ എം എൻ കാരശ്ശേരി മാസ്റ്റർ, ഡിസി പുറത്തിറക്കിയ കുഞ്ഞുണ്ണിക്കവിത, കഥകളുടെ  സമ്പൂർണ്ണ സമാഹാരത്തിന്റെ അവതാരികയിൽ ഇങ്ങനെ എഴുതി, "കുഞ്ഞുണ്ണിമാഷിന്റെ കവിതകളുടെ സ്വഭാവത്തിന് കാര്യമായ ഒരു മാറ്റമുണ്ടാവുന്നത് 1961 മാർച്ചിൽ ഇറങ്ങുന്ന 'നോൺസെൻസ് കവിതകളി'ലൂടെയാണ്. പി കെ ബ്രദേഴ്‌സ് തന്നെ പുറത്തിറക്കിയ ഈ പുസ്തകം  അസംബന്ധകവിതകളുടെ ഒരു സമാഹാരമായിരുന്നു. ഇതിന്റെ മുഖക്കുറിപ്പിൽ ഇത് നോൺസെൻസ് കവിതകളാണ് എന്ന് പറയുന്ന കൂട്ടത്തിൽ കുഞ്ഞുണ്ണി ചോദിക്കുന്നുണ്ട്, 'അല്ലെങ്കിൽ ഏതാണ് സെൻസുള്ള കവിത...? ' മലയാളത്തിലെ ആദ്യത്തെ അസംബന്ധ കവിതാ സമാഹാരമാണ് അത്. എന്നിട്ടും ആ നിലയ്ക്കുള്ള യാതൊരു ശ്രദ്ധയും പുസ്തകത്തിന് കിട്ടിയില്ല. അസംബന്ധ കവിത എന്നൊരു വകുപ്പിനെപ്പറ്റിത്തന്നെ വായനക്കാർക്കോ, നിരൂപകർക്കോ ആലോചന പോയില്ല."

മാതൃഭൂമിയിൽ തന്നെ ബാലപംക്തിയിൽ ഒതുങ്ങിപ്പോവാനായിരുന്നു കവി എന്ന നിലയിൽ കുഞ്ഞുണ്ണിമാഷുടെ വിധി. അതിനു പുറമെ അദ്ദേഹം തന്റെ കവിതകൾ പ്രസിദ്ധപ്പെടുത്തിയിരുന്നത് കാമ്പിശ്ശേരി കരുണാകരൻ എഡിറ്റ് ചെയ്തിരുന്ന ജനയുഗം വാരികയിലായിരുന്നു. 'കുഞ്ഞുണ്ണിക്കവിത' എന്നൊരു പ്രയോഗം അദ്ദേഹത്തിന്റെ സംഭാവനയാണ്. പിന്നീട് അറുപതുകളുടെ അവസാനം മുതൽ അയ്യപ്പപ്പണിക്കരുടെ കേരളകവിത, എം ഗോവിന്ദന്റെ സമീക്ഷ തുടങ്ങിയ പല ലിറ്റിൽ മാഗസിനുകളിലും അദ്ദേഹത്തിന്റെ കവിത അർഹിക്കുന്ന പ്രാധാന്യത്തോടെ അടിച്ചു വന്നു. 

1969 -ൽ അദ്ദേഹം മാതൃഭൂമി ബാലപംക്തിയുടെ കുട്ടേട്ടനായി സ്ഥാനമേറ്റു. അവിടെ അക്കാലത്ത് എഴുതിത്തെളിഞ്ഞിരുന്ന പല യുവകവികളുടെയും അദൃശ്യനായ മാർഗദർശിയായി, കുട്ടേട്ടൻ എന്ന അധികാര സ്ഥാനത്ത് ഏറെ നാൾ വിലസി കുഞ്ഞുണ്ണിമാസ്റ്ററെന്ന കുഞ്ഞൻ. 

അവതരണകലകളുമായി അടുത്തബന്ധമുള്ള അരവിന്ദനെപ്പോലുള്ള സഹൃദയരായ കലാകാരന്മാരുടെ ഉത്സാഹത്തിൽ, വ്യവസ്ഥാപിതമായ രീതിയിൽ കവിത പാരായണം ചെയ്തുകൊണ്ടിരുന്ന കവിസമ്മേളനങ്ങൾക്കുപകരം, കവിതകൾ ചൊല്ലിയാടുന്ന 'കവിയരങ്ങുകൾ' ഉരുത്തിരിഞ്ഞു വന്ന കാലമായിരുന്നു എഴുപതുകൾ. അക്കാലത്ത് അതിനെ പരമാവധി പ്രയോജനപ്പെടുത്താൻ കുഞ്ഞുണ്ണി മാഷിന് കഴിഞ്ഞു. ഇത്തിരിക്കുഞ്ഞനായ കുഞ്ഞുണ്ണിമാഷിനെ ഒരു വലിയ സ്റ്റീലിൽ കയറ്റി നിർത്തി തലയിൽ നീളമുള്ള ഒരു കൂർമ്പൻ തൊപ്പിയും വെച്ച് ചുറ്റിനും ഇരുട്ടുവിരിച്ച് സ്പോട്ട് ലൈറ്റ് കുഞ്ഞുണ്ണിമാഷിലേക്ക് കാണിച്ചുകൊണ്ട് അരവിന്ദൻ സംവിധാനം ചെയ്ത 'ചൊൽക്കാഴ്ച' അരങ്ങേറിയപ്പോൾ അത് ജനം കയ്യടികളോടെ ഏറ്റുവാങ്ങി.  

വളരെ ലളിതമായ വാക്കുകളിൽ എഴുതപ്പെട്ടിരുന്ന കുഞ്ഞുണ്ണി മാഷുടെ കവിതകളിൽ അദ്ദേഹം പടർത്തി നിർത്താൻ ശ്രമിച്ചിരുന്നത് മനുഷ്യജീവിതത്തിന്റെ സംഘർഷങ്ങൾ തന്നെയായിരുന്നു.

"കപടലോകത്തിലാത്മാർത്ഥമായൊരു 
ഹൃദയമുണ്ടായതാണെൻ പരാജയം " - എന്ന് ചങ്ങമ്പുഴ ബാഷ്പാഞ്ജലിയിൽ എഴുതിയപ്പോൾ, കുഞ്ഞുണ്ണി അതിനെ സമീപിച്ചത്,
"കപട ലോകത്തിലെന്നുടെ കാപട്യം 
സകലരും കാണ്മതാണെൻ പരാജയം" - എന്നായിരുന്നു. 

"ഒരു വളപ്പൊട്ടുണ്ടെൻ കയ്യിൽ 
ഒരു മയിൽപ്പീലിയുണ്ടെന്നുള്ളിൽ 
വിരസ നിമിഷങ്ങൾ സരസമാക്കുവാ- 
നിവ ധാരാളമാണെനിക്കെന്നും."
- എന്നാണ് മലയാളിയോട് കുഞ്ഞുണ്ണി മാസ്റ്റർ പറഞ്ഞത്. 

മലയാളികളുടെ  ഭാഷാസ്നേഹത്തിന്റെ ഇരട്ടത്താപ്പിനെ കണക്കറ്റു പരിഹസിച്ചുകൊണ്ട് കുഞ്ഞുണ്ണി മാഷ് ഒരിക്കൽ ഇങ്ങനെ എഴുതി, 

'ജനിക്കും നിമിഷം തൊട്ടെൻ 
മകനിംഗ്‌ളീഷു പഠിക്കണം 
അതിനാൽ ഭാര്യതന്‍ പേറ-
ങ്ങിംഗ്ലണ്ടിൽ തന്നെയാക്കി ഞാൻ..! ''

1981  മുതൽ കുഞ്ഞുണ്ണിമാഷ് കോഴിക്കോട്ടുനിന്നും പ്രസിദ്ധീകരിച്ചുകൊണ്ടിരുന്ന മലർവാടി എന്ന കുട്ടികളുടെ മാസികയിൽ തുടങ്ങിയ  'കുഞ്ഞുണ്ണി മാഷും കുട്ട്യോളും' എന്ന പംക്തി നീണ്ട പതിനെട്ടു വര്ഷങ്ങളോളം അദ്ദേഹം തുടർന്നു.  കവിതയ്ക്കു പുറമേ, കഥകളും എഴുതിയിരുന്ന കുഞ്ഞുണ്ണി മാഷ്, നല്ലൊരു ചിത്രകാരൻ കൂടിയായിരുന്നു. 

കുഞ്ഞുണ്ണി മാഷെപ്പറ്റി എസ് കെ വസന്തൻ ഒരു പഠനത്തിൽ അദ്ദേഹത്തിന്റെ തന്നെ കവിതാശകലം ഉദ്ധരിച്ചുകൊണ്ട്  പറഞ്ഞുവെച്ചിട്ടുള്ള ഒരു നിരീക്ഷണത്തിൽ അവസാനിപ്പിക്കാം എന്ന് തോന്നുന്നു,

'കുഞ്ഞുണ്ണിക്കൊരു മോഹം, എന്നും കുഞ്ഞായിട്ടു രമിക്കാൻ
കുഞ്ഞുങ്ങൾക്കു രസിച്ചീടുന്നൊരു കവിയായിട്ടു മരിക്കാൻ ' 

കുഞ്ഞാവുക എന്നാൽ നിഷ്കളങ്കതയുടെ മൂർത്തീമദ്ഭാവം ആവുക എന്നാണർത്ഥം - ഈശ്വരനാവുക എന്നു തന്നെ, ഇത്രയേറെ പ്രയാസമുള്ള മറ്റെന്തുണ്ട്, മനുഷ്യനാവുകപോലും വിഷമമായിട്ടുള്ള നമ്മുടെ ലോകത്തിൽ..? 


 

click me!