ഇവിടെ സൈന്യവും വിമതരും സ്ത്രീകളെ പിച്ചിച്ചീന്തി; രേഖയിലുള്ളത് 1300 ബലാല്‍സംഗങ്ങളെന്ന് യുഎന്‍

By Web TeamFirst Published Nov 3, 2021, 7:04 PM IST
Highlights

1300-ലേറെ സ്ത്രീകള്‍ അതി്രകൂരമായി ബലാല്‍സംഗം ചെയ്യപ്പെട്ടതായി യു എന്നിന്റെ നേതൃത്വത്തിലുള്ള സംയുക്ത അന്വേഷണ സമിതി ഇന്നലെ പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കി. റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത ആയിരക്കണക്കിന് ബലാല്‍സംഗങ്ങള്‍ വേറെയും നടന്നുവെന്ന് ഉറപ്പാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 

ആഭ്യന്തര യുദ്ധം നടക്കുന്ന എത്യോപ്യയില്‍ സ്ത്രീകള്‍ക്കെതിരെ നടന്നത് ചിന്തിക്കാന്‍ പോലുമാവാത്തത്ര ക്രൂരതകളാണെന്ന് യു.എന്‍ അന്വേഷണ സംഘം. എത്യോപ്യന്‍ സൈന്യവും അവരെ സഹായിക്കാനെത്തിയ എരിത്രിയന്‍ സേനയും സംയുക്തമായി ടിഗ്രേ മേഖലയുടെ നിയന്ത്രണം കൈയാളുന്ന ടിഗ്രേ പീപ്പിള്‍സ് ലിബറേഷന്‍ ഫ്രണ്ട് എന്ന സായുധ വിമത സൈന്യവുമായി ഒരു വര്‍ഷത്തിലേറെയായി ഏറ്റുമുട്ടുകയാണ്. വിമതരും സര്‍ക്കാര്‍ സൈന്യവുമെല്ലാം ഒരു പോലെ സ്ത്രീകളെ പിച്ചിച്ചീന്തിയതായാണ് യു എന്‍ മനുഷ്യാവകാശ സംഘടനയും എത്യോപ്യന്‍ മനുഷ്യാവകാശ കമീഷനും സംയുക്തമായി നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞത്. 1300-ലേറെ സ്ത്രീകള്‍ അതി്രകൂരമായി ബലാല്‍സംഗം ചെയ്യപ്പെട്ടതായി യു എന്നിന്റെ നേതൃത്വത്തിലുള്ള സംയുക്ത അന്വേഷണ സമിതി ഇന്നലെ പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കി. റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത ആയിരക്കണക്കിന് ബലാല്‍സംഗങ്ങള്‍ വേറെയും നടന്നുവെന്ന് ഉറപ്പാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 

ബലാല്‍സംഗം മാത്രമല്ല, നിരവധി സ്ത്രീകളെയും കുട്ടികളെയും അതിക്രൂരമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി കൂട്ടക്കുഴിമാടങ്ങളില്‍ അടക്കം ചെയ്തതായി റിപ്പോര്‍ട്ട് വ്യക്തമാക്കി. ആയിരക്കണക്കിന് സിവിലിയന്‍മാരെയും ഇരുപക്ഷവും ചേര്‍ന്ന് നിയമവിരുദ്ധമായി കൊലപ്പെടുത്തി. ടിഗ്രേയുടെ വിവിധ ഭാഗങ്ങളില്‍ രഹസ്യമായും പരസ്യമായും പ്രവര്‍ത്തിച്ച സൈനിക ക്യാമ്പുകളിലേക്ക് പിടിച്ചുകൊണ്ടുപോയാണ് കൊടുംക്രൂരതകള്‍ അഴിച്ചുവിട്ടത്. എത്രയോ മനുഷ്യരെ അവരുടെ കിടപ്പാടങ്ങളില്‍നിന്നും ആട്ടിയോടിക്കുകയും തടവറകളിലടക്കുകയും ചെയ്തതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇത് മാനവികതയ്ക്ക് എതിരെയുള്ള കൊടും്രകൂരകൃത്യമാണെന്ന് യു എന്‍ മനുഷ്യാവകാശ സമിതി അധ്യക്ഷന്‍ മിഷേല്‍ ബാഷെലെറ്റ് മാധ്യമങ്ങളോട് പറഞ്ഞു. യുദ്ധക്കുറ്റങ്ങളുടെ പേരില്‍ ഇതില്‍ പങ്കാളികളായ മൂന്ന് കക്ഷികളെയും രാജ്യാന്തര കോടതിയില്‍ വിചാരണ ചെയ്യണമെന്ന് റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്തു. 

എന്നാല്‍, തന്റെ സര്‍ക്കാറിനെ കരിവാരിതേക്കാനുള്ള ആസൂത്രിത ശ്രമമാണ് മനുഷ്യാവകാശ സമിതിയുടെ റിപ്പോര്‍ട്ട് എന്നാണ് എത്യോപ്യന്‍ പ്രധാനമന്ത്രി എബി അഹമ്മദ് പറഞ്ഞത്. വിമത സൈനികരാണ് ആക്രമണങ്ങള്‍ നടത്തിയതെന്നും അതു തങ്ങളുടെ തലയിലിടുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. അതിനിടെ, വിമത ടിഗ്രേ സൈന്യം തലസ്ഥാനമായ അഡിസ് അബാബെയിലേക്ക് അടുത്തു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ രാജ്യത്ത് ആറു മാസത്തെ അടിയന്തിരാവസ്ഥ ഏര്‍പ്പെടുത്തിയതായും പ്രധാനമന്ത്രി അറിയിച്ചു.  ജനങ്ങളുടെ എല്ലാ അവകാശങ്ങളും റദ്ദാക്കുകയും നിയമസംവിധാനം പൂര്‍ണ്ണമായും സൈന്യത്തിന് വിട്ടുനല്‍കുകയും ചെയ്തതായും അഹമ്മദ് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം നവംബര്‍ മുതല്‍ ജുലൈ വരെയാണ് ഇവിടെ ഏറ്റവും വലിയ ക്രൂരതകള്‍ അരങ്ങേറിയത് എന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എത്യോപ്യന്‍ സൈന്യം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ രഹസ്യവും പരസ്യവുമായ ക്യാമ്പുകള്‍ നടത്തിയിരുന്നതായി റിപ്പോര്‍ട്ട് പറയുന്നു. പിടികൂടിയ വിമത സൈനികരെയും ടിഗ്രേയിലെ സിവിലിയന്‍മാരെയും ഈ ക്യാമ്പുകളില്‍ അതിക്രൂരമായി പീഡിപ്പിച്ചു കൊന്നതായി അന്വേഷണത്തില്‍ കണ്ടെത്തി. സര്‍ക്കാര്‍ സൈന്യത്തെ സഹായിക്കാന്‍ എത്തിയ എരിത്രിയന്‍ സൈന്യവും സമാനതകളില്ലാത്ത ക്രൂരതകളാണ് ഇവിടെ കാണിച്ചുകൂട്ടിയത്. ടിേ്രഗ വിമത സൈന്യമാവട്ടെ, പിടികൂടിയ സൈനികരെ കൂട്ടക്കശാപ്പ് ചെയ്തു. സര്‍ക്കാറിനെ അനുകൂലിച്ചു എന്നാരോപിച്ച് ഗോത്രവര്‍ഗക്കാരെ ഇവര്‍ വംശഹത്യയ്ക്ക് വിധേയമാക്കിയതായും റിപ്പോര്‍ട്ട് അക്കമിട്ടു പറയുന്നു. ഇവിടെ സംഭവിച്ച ക്രൂരതയുടെ ചെറിയ അംശം മാത്രമേ പുറത്തുവന്നിട്ടുള്ളൂ എന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത അതിക്രമങ്ങള്‍ എണ്ണമില്ലാതെ കിടക്കുന്നതായും യു എന്‍ റിപ്പോര്‍ട്ട് പറയുന്നു. 

ടിഗ്രേ സംഘര്‍ഷത്തിന്റെ ഫലമായി 20 ലക്ഷത്തോളം പേര്‍ കടുത്ത ക്ഷാമത്തിലാണ് എന്ന് നേരത്തെ ഐക്യരാഷ്ട്രസഭ അറിയിച്ചിരുന്നു. ലക്ഷത്തോളം കുട്ടികള്‍ കടുത്ത പോഷകാഹാരക്കുറവനുഭവിക്കുകയാണ്. എന്നും യുഎന്‍ ചൂണ്ടിക്കാട്ടി.  സംഘര്‍ഷത്തെ തുടര്‍ന്ന് ഇതിനകം 20 ലക്ഷത്തിലധികം പേര്‍ സര്‍വ്വതും ഉപേക്ഷിച്ച് പലായനം ചെയ്തിരുന്നു. ഇവിടെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചുവെങ്കിലും ഏറ്റുമുട്ടലുകള്‍ തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. 
 

click me!