തോക്കെടുത്ത് കളിക്കുമ്പോള്‍ വെടിപൊട്ടി, മൂന്നു വയസ്സുകാരന്റെ വെടിയേറ്റ് അമ്മ മരിച്ചു

By Web TeamFirst Published Sep 24, 2022, 5:48 PM IST
Highlights

കളിക്കുന്നതിനിടയിലാണ് കുട്ടിയുടെ കൈയില്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന തോക്ക് കിട്ടിയത്. ഇത് കുട്ടിയുടെ കയ്യില്‍ നിന്നും മടക്കി വാങ്ങുന്നതിന് മുന്‍പേ തന്നെ കുഞ്ഞിന്റെ കൈതട്ടി തോക്കില്‍ നിന്ന് വെടി പൊട്ടുകയായിരുന്നു. Photo: Representational Image/ gettyimages


ചില ദുരന്തങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ നമ്മളെ നിശബ്ദരാക്കി കളയും. ഇങ്ങനെയൊക്കെ സംഭവിക്കുമോ എന്ന് അറിയാതെ ചോദിച്ചു പോകും. അത്തരത്തില്‍ ഒരു വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നു. അമേരിക്കയിലെ സൗത്ത് കരോലിനയിലെ സ്പാര്‍ട്ടന്‍ബര്‍ഗിലാണ് നാടിനെ നടുക്കിയ ആ സംഭവം നടന്നത്. മൂന്നു വയസ്സുകാരന്റെ വെടിയേറ്റ് അമ്മ മരിച്ചു.

ബുധനാഴ്ച പുലര്‍ച്ചെയാണ് കുഞ്ഞ് അമ്മയ്ക്ക് നേരെ വെടി ഉതിര്‍ത്തത്. ഈ സമയം കുഞ്ഞിനെയും അമ്മയെയും കൂടാതെ കുട്ടിയുടെ മുത്തശ്ശി മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. വീട്ടിനുള്ളില്‍ കണ്ടെത്തിയ തോക്ക് എടുത്തു കളിക്കുന്നതിനിടെയാണ് മൂന്ന് വയസ്സുള്ള കുട്ടി അമ്മയെ വെടിവച്ചു കൊന്നതെന്ന് അധികൃതര്‍ അറിയിച്ചു. 

കളിക്കുന്നതിനിടയിലാണ് കുട്ടിയുടെ കൈയില്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന തോക്ക് കിട്ടിയത്. ഇത് കുട്ടിയുടെ കയ്യില്‍ നിന്നും മടക്കി വാങ്ങുന്നതിന് മുന്‍പേ തന്നെ കുഞ്ഞിന്റെ കൈതട്ടി തോക്കില്‍ നിന്ന് വെടി പൊട്ടുകയായിരുന്നു. ദൗര്‍ഭാഗ്യകരം എന്ന് പറയട്ടെ അത് വന്നു പതിച്ചത് അമ്മയുടെ ശരീരത്തിലും . വെടിയേറ്റ് ഉടന്‍ തന്നെ ബോധരഹിതയായ അവര്‍ നിലത്ത് വീണു. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 33 കാരിയായ കോറ ലിന്‍ ബുഷിനാണ് ഇത്തരത്തില്‍ ഒരു ദാരുണാന്ത്യം നേരിടേണ്ടി വന്നത്. 

സംഭവത്തിന് ദൃക്‌സാക്ഷിയായിരുന്ന കുട്ടിയുടെ മുത്തശ്ശിയില്‍ നിന്നും പോലീസ് വിവരങ്ങള്‍ തിരക്കി. മുത്തശ്ശിയുടെ മൊഴിയും വീട്ടില്‍ നിന്ന് ലഭിച്ച സാഹചര്യ തെളിവുകളും തമ്മില്‍ യോജിക്കുന്നതായി പോലീസ് പറഞ്ഞു. അതുകൊണ്ടുതന്നെ മരണത്തില്‍ മറ്റൊരു ദുരൂഹതയും ഇല്ലെന്നും പോലീസ് വ്യക്തമാക്കി. കുട്ടിയുടെ വെടിയേറ്റ് തന്നെയാണ് അമ്മ മരിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചു.

എന്നാല്‍ കുട്ടിയുടെ കയ്യില്‍ എങ്ങനെയാണ് തോക്ക് കിട്ടിയതെന്നും ഇത്രമാത്രം ആശ്രദ്ധമായി അത് എന്തുകൊണ്ടാണ് വീട്ടില്‍ സൂക്ഷിച്ചതെന്നും പോലീസ് അന്വേഷിച്ചു വരികയാണ്. ഇതാദ്യമല്ല ഇത്തരത്തില്‍ ഒരു കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

തോക്ക് ഉപയോഗിച്ചുകൊണ്ടുള്ള അക്രമം തടയാന്‍ പ്രവര്‍ത്തിക്കുന്ന എവരിടൗണ്‍ ഫോര്‍ ഗണ്‍ സേഫ്റ്റി ശേഖരിച്ച കണക്കുകള്‍ പ്രകാരം 2022-ല്‍  തോക്കില്‍ നിന്ന് 200 ഓളം കുട്ടികള്‍ അബദ്ധത്തില്‍ വെടിയുതിര്‍ക്കുകയും 80-ലധികം പേര്‍ മരിക്കുകയും ചെയ്തിട്ടുണ്ട്.

click me!