
സിഗരറ്റ് വലിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ് എന്ന് എല്ലാവർക്കും അറിയാം. അത് പുകവലിക്കുന്നവർക്കും വലിക്കാത്തവർക്കും അറിയാവുന്ന കാര്യമാണ്. എന്ന് കരുതി ആളുകൾ പുകവലിക്കാതിരിക്കാറുമില്ല. എന്നാൽ, പല രാജ്യങ്ങളിലും പൊതുസ്ഥലത്ത് പുകവലിക്കുന്നത് ശിക്ഷാർഹമാണ്. പക്ഷേ, അപ്പോഴും പൊതുസ്ഥലത്ത് പുകവലിക്കുന്നവരും സിഗരറ്റ് കുറ്റികൾ പൊതുസ്ഥലത്ത് വലിച്ചെറിയുന്നവരും ഉണ്ട്.
എന്നാൽ, ഇംഗ്ലണ്ടിൽ ഒരു ബ്രിട്ടീഷ് പൗരനിൽ നിന്നും സിഗരറ്റ് കുറ്റി പൊതുസ്ഥലത്ത് വലിച്ചെറിഞ്ഞതിന് വൻ തുക തന്നെ പിഴയായി ഈടാക്കിയിരിക്കുകയാണ്. 55,000 രൂപയാണ് ഇയാളിൽ നിന്നും പിഴയായി ഈടാക്കിയിരിക്കുന്നത്. കൗൺസിൽ സ്റ്റാഫുകളുടെ മുന്നിൽ നിന്നുമാണ് ഇയാൾ സിഗരറ്റ് വലിച്ചതും കുറ്റി വലിച്ചെറിഞ്ഞ് നടന്നു പോയതും.
പുകവലിക്കുകയായിരുന്ന അലക്‌സ് ഡേവിസിനെ സ്ട്രീറ്റ് എൻഫോഴ്സ്മെന്റ് ഓഫീസർമാർ തടയുകയായിരുന്നു. പിന്നാലെ, മാലിന്യം വലിച്ചെറിഞ്ഞതിന് പിഴയടക്കാനുള്ള നോട്ടീസ് നൽകി എന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ, കൗൺസിൽ ഉദ്യോഗസ്ഥർക്ക് മുന്നിലൂടെ സിഗരറ്റ് കുറ്റി വലിച്ചെറിഞ്ഞ് നടന്നു പോവുകയായിരുന്നു ഇയാൾ. ആദ്യം ഇതിന് 15,000 രൂപ പിഴയടക്കാനാണ് പറഞ്ഞിരുന്നത്. എന്നാൽ, അലക്സ് അതിന് തയ്യാറായില്ല. പിന്നാലെ, സർചാർജ്ജ് അടക്കം 55,603 രൂപ പിഴയടക്കാനുള്ള ഉത്തരവ് വരുകയായിരുന്നു.
'തെരുവുകളിൽ വലിച്ചെറിയപ്പെടുന്ന സിഗരറ്റ് കുറ്റികളാണ് സ്ട്രീറ്റ് എൻഫോഴ്സ്മെന്റ് ഓഫീസർമാർ ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ മാലിന്യ പ്രശ്നം. ഇയാൾ അത്തരത്തിൽ മാലിന്യം വലിച്ചെറിയുന്നത് നേരിട്ട് കണ്ടു. അയാൾ അത് അംഗീകരിക്കുകയും ചെയ്തു. എന്നാൽ, പിഴയടക്കാനുള്ള യാതൊരു ശ്രമവും നടത്തിയില്ല. അതിനാൽ വിഷയം കോടതിക്ക് മുന്നിലെത്തി' എന്ന് സൗത്ത് ഗ്ലൗസെസ്റ്റർഷെയർ കൗൺസിലിന്റെ എൻവയോൺമെന്റ് എൻഫോഴ്സ്മെന്റ് കാബിനറ്റ് അംഗം കൗൺസിലർ റേച്ചൽ ഹണ്ട് പറഞ്ഞു. ഇതുപോലെ വലിച്ചെറിയുന്ന സിഗരറ്റ് കുറ്റികൾ വിഘടിക്കാൻ 18 മാസം മുതൽ 10 വർഷം വരെ എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.