19 -ാം വയസില്‍ അറസ്റ്റ്, ജയില്‍ ജീവിതം, 34 -ല്‍ ടിക്ക് ടോക്കില്‍ വായനയെ പ്രത്സാഹിപ്പിച്ച് ക്ലാസുകളെടുക്കുന്നു

By Web TeamFirst Published Jan 27, 2023, 12:38 PM IST
Highlights

"എന്താണ് വിശേഷം? എനിക്ക് വായിക്കാൻ കഴിയില്ല" എന്ന അഞ്ച് വാക്കുകളിലാണ് ഒലിവര്‍ തന്‍റെ പല വീഡിയോകളും തുടങ്ങുന്നത്.

"വായിച്ചാൽ വളരും, വായിച്ചില്ലെങ്കിലും വളരും
വായിച്ചാൽ വിളയും, വായിച്ചില്ലെങ്കിൽ വളയും" -
എന്ന് നമ്മോട് പറഞ്ഞ് തന്ന കുഞ്ഞിണ്ണിമാഷിന്‍റെ ആശയത്തെ അങ്ങ് അമേരിക്കയിലിരുന്ന് ടിക് ടോക്ക് എന്ന സാമൂഹിക മാധ്യമത്തിലൂടെ ശക്തി പകരുകയാണ് ഒലിവര്‍. സാമൂഹിക മാധ്യമങ്ങളുടെ പുതിയ ലോകത്ത് വായന മരിക്കുന്നു എന്ന ആശങ്ക പലപ്പോഴായി പലരും പങ്കുവച്ചിട്ടിണ്ട്. എന്നാല്‍, അതേ സാമൂഹിക മാധ്യമത്തെ ഉപയോഗപ്പെടുത്തി വായനയെ കൂടുതല്‍ ശക്തമാക്കുകയും അതിലൂടെ ഒരു കൂട്ടായ്മയും പ്രത്യേകിച്ച് ടിക് ടോക്ക് ഉപയോഗിക്താക്കള്‍ക്കിടയിലും അമേരിക്കന്‍ കുറത്ത വംശജര്‍ക്കിടയിലും വായന പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന 34 കാരനാണ് ഒലിവര്‍. @oliverspeaks1  എന്ന ടിക് ടോക്ക് ഐഡിയിലൂടെ ഒലിവര്‍ മനസ് തുറക്കുമ്പോള്‍ ഇന്ന് അത് കേള്‍ക്കാനും ശ്രദ്ധിക്കാനും ആളുകള്‍ കൂടുന്നു. 

തന്‍റെ കുട്ടിക്കാലത്തെ കുറിച്ചും ജീവിത സാഹചര്യങ്ങളെ കുറിച്ചും പറഞ്ഞുകൊണ്ടാണ് ഒലിവര്‍ തന്‍റെ നിരക്ഷരതയെ കുറിച്ച് പറയുന്നത്... പെന്‍സില്‍വാനിയയിലെ ബെത്ലബേമിലായിരുന്നു കുട്ടിക്കാലം.വായിക്കാനോ എഴുതാനോ പഠിച്ചിട്ടില്ല.തെരുവിന്‍റെ വിദ്യാഭ്യാസമായിരുന്നു ലഭിച്ചത്. ഇത് തികച്ചും മോശമായ സാഹചര്യങ്ങളില്‍ ‍തന്നെ കൊണ്ടെന്നെത്തിച്ചുവെന്ന് ഒലിവര്‍ ഏറ്റു പറയന്നു. ഏകദേശം 19 വയസുള്ളപ്പോള്‍ അറസ്റ്റിലായി. തുടര്‍ന്ന് അഞ്ച് വർഷത്തെ ജയിൽവാസം. ഇതിനിടെ ഒരു പ്രാദേശിക കമ്മ്യൂണിറ്റി കോളേജിൽ ചേര്‍ന്നിരുന്നു. ഒടുവില്‍, അഞ്ച് വർഷത്തെ ശിക്ഷാവിധി സ്വീകരിക്കുന്നതിന് മുമ്പ് കോളേജിലെ ഒരു വർഷം പൂർത്തിയാക്കാൻ കോടതി അദ്ദേഹത്തെ അനുവദിച്ചെന്ന് ഒലിവര്‍ പറയുന്നു.

ആ ഒരു വര്‍ഷം തന്നില്‍ വലിയ മാറ്റങ്ങളാണ് ഉണ്ടാക്കിയത്. ഒടുവില്‍ ഒരു വര്‍ഷത്തിന് ശേഷം ക്ലാസ് കഴിഞ്ഞ്, ജയിലിലേക്ക് പോകുന്ന വേളയില്‍ അവിടെ വച്ച് ഒരു പ്രസംഗം നടത്തി. സംസാരിക്കുന്നതില്‍ പണ്ടേ മിടുക്കനായിരുന്നതിനാല്‍ അത് തനിക്ക് എളുപ്പമായിരുന്നു. പക്ഷേ ആ സംസാരം കഴിഞ്ഞപ്പോഴാണ് താന്‍ ഇപ്പോള്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ ആകേണ്ടിയിരുന്ന ഒരാളാണെന്ന്, തനിക്ക് ബോധ്യമായതെന്ന് ഒലിവര്‍ പറയുന്നു. അത് തന്നെ കൂടുതല്‍ ചിന്തിപ്പിച്ചു. കമ്മ്യൂണിറ്റി കോളേജില്‍ ഒരുവര്‍ഷം പൂര്ത്തിയാക്കിയെങ്കിലും അപ്പോഴും തനിക്ക് വായിക്കാന്‍ അറിയില്ലായിരുന്നു. പക്ഷേ, ടെക്സ്റ്റ് സന്ദേശങ്ങളിലൂടെ ഷോർട്ട്ഹാൻഡ് ഉപയോഗിച്ച് എങ്ങനെ വായിക്കാമെന്ന് പഠിക്കാൻ തുടങ്ങി.അത് ശരിയായ മാർഗ്ഗമല്ല,പക്ഷേ അപ്പോള്‍ അതൊരു വഴിയായിരുന്നുവെന്ന് ഒലിവര്‍ പറയുന്നു. 

കമ്മ്യൂണിറ്റി കോളേജില്‍ നിന്ന് ജയിലിലേക്ക്. അവിടെ ഒരു സ്ത്രീയെ കണ്ട് മുട്ടിയത് വഴിത്തിരിവായിയെന്ന് ഒളിവര്‍ പറയുന്നു. അവരോടുള്ള സ്നേഹത്തില്‍ പുസ്തകം വായിക്കുവാനായി താന്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ അവരോട് പറഞ്ഞു. ഏറെ ഉദ്ധരണികളുള്ള ഒരു പുസ്തകമായിരുന്നു അവര്‍ സമ്മാനിച്ചത്. ഇതൊരു തുടക്കമായിരുന്നെന്ന് ഒലിവര്‍ കൂട്ടിച്ചേര്‍ക്കുന്നു. ഒരു മോട്ടിവേഷണല്‍ സ്പീക്കറാകണമെന്നായിരുന്നു ആഗ്രഹം. തന്‍റെ സ്വപ്നത്തിലേക്കുള്ള തന്‍റെ യാത്ര രേഖപ്പെടുത്താന്‍ ഒലിവര്‍ തീരുമാനിച്ചു. 

ടിക് ടോക്കില്‍ @oliverspeaks1  എന്ന ഐഡിയില്‍ ഒലിവര്‍ ഇന്ന് തന്‍റെ സ്വപ്നത്തിലേക്കുള്ള യാത്രയിലാണ്. അദ്ദേഹത്തിന്‍റെ പല വീഡിയോകളും തുടങ്ങുന്നത് "എന്താണ് വിശേഷം? എനിക്ക് വായിക്കാൻ കഴിയില്ല" എന്ന അഞ്ച് വാക്കുകളിലാണ്.ആ അഞ്ച് വാക്കുകൾ ഒലിവറിനെ വൈറലാകാൻ മാത്രമല്ല,ടിക് ടോക് സമൂഹത്തിനിടെയിലും എന്തിന് അമേരിക്കയില്‍ പോലും ഒരു സാക്ഷരതാ പ്രസ്ഥാനത്തിന് തുടക്കമിടാന്‍ സഹായിച്ചു.

"സോഷ്യൽ മീഡിയയിൽ എന്‍റെ വായനയുടെ യാത്ര പങ്കിടുന്നതിലൂടെ ഒരു പുതിയ ഔട്ട്‌ലെറ്റ് തുറന്നു. വായിക്കാൻ അറിയാത്ത ആളുകൾക്ക് ഒരു പുതിയ ഇടം. ഇന്ന് ഞാൻ പ്രാദേശിക സ്‌കൂളുകളുമായി സഹകരിക്കുന്നു.ഞങ്ങൾ സൂം കോളുകൾ ചെയ്യുന്നു. വായനയുടെ പ്രാധാന്യത്തെ കുറിച്ച് ഞാൻ അവരോട് സംസാരിക്കുന്നു. ഇന്ന് ഞങ്ങൾക്ക് ഒരു ബുക്ക് ക്ലബ് പോലും ഉണ്ട്,അത് വളരെ രസകരമാണ്," ഒലിവർ തന്‍റെ അനുഭവം പങ്കുവയ്ക്കുന്നു. 

"ഞാൻ ലോകത്തോട് എന്‍റെ കഥ പറയാനാണ് ആഗ്രഹിക്കുന്നത്. അതോടൊപ്പം വായിക്കേണ്ടതിന്‍റെ പ്രധാന്യത്തെ കുറിച്ചും. പരസ്പരം പങ്കുവയ്ക്കുമ്പോള്‍ അത് നിങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് പകരും. ഇതുപോലുള്ള കഥകൾ പറയാൻ ഞങ്ങൾ ഇഷ്ടപ്പെടുന്നു. ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ സമാനമായ കഥകളാണ് എല്ലാവരുടെയും. ആളുകള്‍ പരസ്പരം സംസാരിക്കുന്നത് പോലെ പുസ്തകങ്ങളിലേക്കുള്ള പ്രവേശനവും ഉണ്ടായിരിക്കണം. അത് എന്‍റെ ജീവിതത്തിലൂടെ ഞാന്‍ തിരിച്ചറിഞ്ഞു.ആളുകൾ സംസാരിക്കുന്ന രീതിയിൽ തന്നെ വായിക്കണം.അത് ആളുകള്‍ പരസ്പരം കൈകോര്‍ത്ത് വരുന്നത് പോലെയാകണം. " ഒലിവർ പറയുന്നു.

"വായിക്കാനായി നിങ്ങള്‍ 34 വയസ്സ് വരെയോ അതിൽ കൂടുതലോ കാത്തിരിക്കുന്ന ആളാകരുത്.പുസ്തകലോകം മാന്ത്രികമാണ്.അത് എനിക്കായി തുറന്നിരിക്കുന്നു. ഇപ്പോൾ എന്നെ നോക്കൂ.അതായത്,ഞാൻ ടിക് ടോക്കില് ഒരു ഷോ ചെയ്യുന്നു. എന്‍റെ ജീവിതം കൊണ്ട് സ്വന്തമായൊരു കോഴ്സ് എടുക്കുന്നു. എനിക്ക് സംഭവിക്കുന്നത് തടയാൻ എനിക്ക് തന്നെ കഴിയില്ലെന്ന അവസ്ഥയാണ്." അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

കൂടുതല്‍ വായനയ്ക്ക്: സ്വര്‍ണ്ണ പാളികളില്‍ പൊതിഞ്ഞൊരു മമ്മി, പഴക്കം 4,300 വര്‍ഷം!

 

click me!