ഒടുവിൽ രാജാവ് മെരിച്ചു, മന്ത്രി കൊന്നു...മന്ത്രിയുടെ തന്ത്രങ്ങള്‍ക്ക് 'സൂപ്പര്‍ ക്ലൈമാക്സ്'

By Web TeamFirst Published May 25, 2019, 3:05 PM IST
Highlights

തന്ത്രിയ്ക്ക് രാജകിരീടം കിട്ടുമ്പോൾ, ഭരണത്തിന്റെ ഉത്തരവാദിത്തങ്ങൾ കുറേക്കാലത്തേക്കെങ്കിലും തന്ത്രിയിലേക്ക് എത്തുമ്പോൾ ഇനി എന്തൊക്കെ കാണേണ്ടി വരും എന്ന ആശങ്കയിലാണ് വായനക്കാർ.. 

മുപ്പത്തഞ്ചു വർഷക്കാലത്തെ ഗൂഢശ്രമങ്ങൾക്കൊടുവിൽ, ടിങ്കിൾ കോമിക്സിലെ 'തന്ത്രി' എന്ന് പേരായ കുടിലബുദ്ധിയായ മന്ത്രി രാജാവായിരിക്കുകയാണ്. മന്ത്രിയുടെ സിംഹാസനാരോഹണം കഴിഞ്ഞ സ്ഥിതിയ്ക്ക്, ഇനി കാര്യങ്ങളൊക്കെ എങ്ങനാ..? 

ഹുജ്‌ലി രാജ്യത്ത് വൻ കലാപം നടക്കുകയാണ്. അതിർത്തി ഗ്രാമമായ കഡ്ഡൂരിലെ ജനങ്ങൾ ഹൂജാ രാജാവിന്റെ ഭരണത്തിൽ അതൃപ്തരാണ്. അജ്ഞാതനായ ഒരു നേതാവിന്റെ കീഴിൽ രാജഭരണത്തിനെതിരെ പടപ്പുറപ്പാട് നടത്തുകയാണവർ. ഹൂജാ രാജാവും, തന്ത്രി എന്ന മന്ത്രിയും ചേർന്ന് കലാപങ്ങൾക്ക് പരിഹാരമുണ്ടാക്കാനായി  കഡ്ഡൂരിലേക്ക് ചെന്നു. എന്നാൽ അവിടത്തെ ബഹളത്തിനിടെ തന്ത്രി വാടകയ്‌ക്കെടുത്ത 'ഇരുട്ടടി' എന്ന വിളിപ്പേരുള്ള വാടകക്കൊലയാളിയെ രാജഹത്യക്കായി നിയോഗിക്കുന്നു.  കൊലയാളി രാജാവിന്റെ പല്ലക്കിനെ തീക്കല്ലെറിഞ്ഞ് കത്തിക്കുന്നു. തീനാളങ്ങൾക്കുള്ളിൽപ്പെട്ട് രാജാവിന്റെ കഥ കഴിയുന്നു. 

അടുത്തതായി കാണുന്നത് ഹൂജയുടെ കരിഞ്ഞുപുകഞ്ഞ തലപ്പാവിനരികിൽ മുതലക്കണ്ണീർ പൊഴിച്ചിരിക്കുന്ന തന്ത്രിയെയാണ്. തന്ത്രിയുടെ രാജഭക്തി കണ്ട് മയങ്ങിപ്പോയ രാജാവിന്റെ അനുചരർ  തന്ത്രിയെ അടുത്ത രാജാവായി വാഴിക്കുന്നു. അതോടെ കണ്ണുതള്ളി ഇരുന്നുപോയത്  നാലുപതിറ്റാണ്ടായി മന്ത്രിയുടെ തന്ത്രങ്ങൾ മുടങ്ങാതെ വായിച്ചുകൊണ്ടിരുന്ന, പിന്തുടർന്ന് പോന്നിരുന്ന വായനക്കാരാണ്. 

അവർക്ക് അത്ഭുതമാണ്. കാരണം ഒന്നും രണ്ടുമല്ല, മുപ്പത്തഞ്ചു കൊല്ലമായി,  ദുഷ്ടനായ തന്ത്രി രാജാവിനെ വീഴ്ത്താനായി തന്ത്രങ്ങൾ മെനഞ്ഞുകൊണ്ടിരിക്കുന്നു. അയാളുടെ അതിമോഹങ്ങൾ ഇപ്പോൾ സഫലീകൃതമായിരിക്കുകയാണ്. 

പത്തുവയസുകാരൻ ബോധി സ്ഥിരമായി ടിങ്കിൾ വായിക്കുന്ന ഒരു കുട്ടിയാണ്.  മന്ത്രിക്ക് സിംഹാസനം കിട്ടിയത് അവനൊട്ടും രസിച്ചിട്ടില്ല. " കഥ തീരുമ്പോൾ ദുഷ്ടനായ ഒരാൾ ജയിക്കുന്ന  ഒരു പുസ്തകം ഞാൻ ആദ്യമായിട്ടാണ് കാണുന്നത്..."  അവൻ പരിഹാസച്ചുവയോടെ  പറഞ്ഞു. " അവർ ഈ സീരീസ് തന്നെ കുളമാക്കിക്കളഞ്ഞു. നശിപ്പിച്ചു.. ഹൂജാ രാജാവിനെ കൊല്ലാൻ പാടില്ലായിരുന്നു. സിംഹാസനത്തിലേറാനുള്ള തന്ത്രിയുടെ മോഹം സാധിച്ച സ്ഥിതിക്ക് ഇനി അയാൾക്ക് എന്താണ് ചെയ്യാനുള്ളത്..? അയാൾ ആ സിംഹാസനത്തിൽ തന്നങ്ങു സ്ഥിരമായി ഉറച്ചു പോവുമോ..? " ബോധിയുടെ ഇരട്ട സഹോദരി ധ്വനി ചോദിക്കുന്നു. 

കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും മന്ത്രിയുടെ ഈ കിരീടധാരണം മനോവിഷമമുണ്ടാക്കിയിട്ടുണ്ട്. " ഇതിപ്പോൾ, നിത്യം ദുഷ്ടത മാത്രം പ്രവർത്തിച്ചു പോരുന്ന ഒരു കഥാപാത്രത്തിന്റെ സ്വപ്നം സാക്ഷാത്കരിച്ച പോലെയാണ് കഥയിൽ ട്വിസ്റ്റ് വന്നിരിക്കുന്നത്. ഇത് വായിക്കുന്നവരിൽ അധികവും കൊച്ചു കുട്ടികളാണ്. അവർക്ക് ഇത് എന്ത് ഗുണപാഠമാണ് നൽകുക ? പ്രസാധകർ ഇക്കാര്യത്തിൽ അല്പം കൂടി ശ്രദ്ധിക്കേണ്ടതായിരുന്നു.. " ഒരു വീട്ടമ്മയായ പത്മ പറഞ്ഞു. 

എന്നാൽ, ടിങ്കിൾ മാസികയുടെ എഡിറ്റർ ഇൻ ചീഫ് ആയ രജനി തിണ്ടിയത്തിന്റെ പക്കൽ ഇതിനെല്ലാം കൃത്യമായ ഉത്തരമുണ്ട്. കുടിലമന്ത്രിയായ തന്ത്രിയെ രാജാവാക്കുക എന്നത് വളരെ ദുർഘടം പിടിച്ച ഒരു തീരുമാനമായിരുന്നു എന്ന് അവർ പറഞ്ഞു. " ഇക്കൊല്ലം പതിവിനു വിരുദ്ധമായി ചില പരീക്ഷണങ്ങൾ ചെയ്യണമെന്ന്  ഞങ്ങൾ മനഃപൂർവം പ്ലാൻ ചെയ്തത് തന്നെയാണ്. മുപ്പത്തഞ്ചു വർഷമായി കണ്ടുകൊണ്ടിരുന്ന പാറ്റേണിൽ നിന്നും ഒരു മാറ്റം വായനക്കാരനും സന്തോഷമല്ലേ നൽകൂ.  ഞങ്ങളുടെ കോമിക് സീരീസുകളിൽ ജനങ്ങൾക്ക് ഒരുപോലെ പ്രിയങ്കരനായ ഒരേയൊരു വില്ലനെയുള്ളൂ.. അത് തന്ത്രിയാണ്.." 

അവർ പറയുന്നത്, തന്ത്രിയുടെ സിംഹാസനാരോഹണത്തെപ്പറ്റി നല്ല അഭിപ്രായം പറഞ്ഞവരുടെ എണ്ണം മോശം അഭിപ്രായമുള്ളവരുടെ എണ്ണത്തേക്കാൾ എത്രയോ കൂടുതലാണ് എന്നാണ്. " പ്രതികരണങ്ങൾ വളരെ ആവേശജനകമാണ്. എത്ര കാലമായെന്നോ 'തന്ത്രിയെ രാജാവാക്കണം' എന്നും പറഞ്ഞുകൊണ്ട് ഞങ്ങൾക്ക് ആയിരക്കണക്കായ വായനക്കാരിൽ നിന്നും വൈകാരികത തുളുമ്പുന്ന കത്തുകൾ കിട്ടുന്നു.. മാത്രവുമല്ല.. 'തന്ത്രി എന്ന മന്ത്രി' എത്ര കാലമായി നിർത്താതെ പരിശ്രമിച്ചതാണ് രാജസിംഹാസനത്തിൽ എത്താൻ വേണ്ടി.. ആ പരിശ്രമങ്ങളെ കണ്ടില്ലെന്നു നടിക്കാൻ നമ്മുടെ സമൂഹത്തിന് എത്ര കാലം കഴിയും..? " അവർ പറഞ്ഞു. 

ടോം ആൻഡ് ജെറിയിലെ ടോമിനെപോലെയാണ് തന്ത്രിയും എന്ന് രജനി പറയുന്നു. " ജെറി എന്ന എലിയെ കൊല്ലാൻ വേണ്ടി സദാ അതിന്റെ പിന്നാലെ പാഞ്ഞുനടക്കുന്ന ഒരു പൂച്ചയാണ് ടോം.. എന്നാലും നമുക്ക് ജെറിയെ ഇഷ്ടമുള്ള അത്ര തന്നെ ടോമിനെയും ഇഷ്ടമില്ല..? രാജാവിനെ കൊല്ലാൻ വേണ്ടിയുള്ള മന്ത്രിയുടെ തന്ത്രങ്ങളും ഏതാണ്ട് അത്ര തന്നെ ജനപ്രിയമാണ്.. " 

തിന്മയുടെ വിജയം

തന്ത്രി രാജസിംഹാസനത്തിലേറുന്നത് 'തിന്മയുടെവിജയം ' എന്നൊന്നും കാണാനാവില്ലെന്നാണ് രജനിയുടെ അഭിപ്രായം. " അതിപ്പോൾ, നമ്മൾ ഒരു ക്‌ളാസിലെ ഏറ്റവും വികൃതിയായ കുട്ടിയെ പിടിച്ച് ചിലപ്പോൾ ക്‌ളാസ് മോണിറ്റർ ആകില്ലേ..? അതുപോലെ തന്നെ.. ചിലപ്പോൾ രാജാവ് എന്ന സ്ഥാനത്തിരുന്ന് ആ ഉത്തരവാദിത്തങ്ങളൊക്കെ നിറവേറ്റുമ്പോൾ ചിലപ്പോൾ തന്ത്രിയും നന്നാവില്ല എന്നാരുകണ്ടു..? " 

ഹൂജാ രാജാവിന് ഭരണത്തിൽ യാതൊരു ശ്രദ്ധയും ഉണ്ടായിരുന്നില്ല. തന്റെ മൂക്കിൻ ചോട്ടിൽ നടക്കുന്ന അഴിമതികളൊന്നും തന്നെ അദ്ദേഹം കണ്ടിരുന്നില്ല. കണ്ടാൽ തന്നെ പ്രതികരിച്ചിരുന്നില്ല. എന്നാൽ തന്ത്രി അങ്ങനെയല്ല. രാജസിംഹാസനത്തിലേക്ക് എത്തിപ്പറ്റാൻ വേണ്ടി അയാളിനി കളിക്കാത്ത കളികളൊന്നുമില്ല. അതുകൊണ്ടുതന്നെ അയാളെ അങ്ങനെ എളുപ്പം ആർക്കും തന്നെ ഇനി കബളിപ്പിക്കാൻ സാധിക്കില്ല. മാത്രവുമല്ല, ഹൂജാ രാജാവ് കഴിഞ്ഞ പത്തറുപതു കോലം കൊണ്ട് ഭരിച്ച് തരിപ്പണമാക്കി വെച്ച രാജ്യം തിരിച്ച് പിടിക്കുക എന്നത് ഏറെ ക്ലേശകരമായ ഒരു ജോലിയാണ്.. "  രജനി പറഞ്ഞു. 

രാജ്യത്ത് നടക്കുന്ന കലാപങ്ങളെ ഇനിയും അടിച്ചമർത്തേണ്ടതുണ്ട്. താൻ രാജാവിനെ കൊല്ലാൻ  വേണ്ടി കൊണ്ടുവന്ന 'ഇരുട്ടടി' എന്ന വാടകക്കൊലയാളിയെ  ഇനി തന്ത്രിക്ക് ഒളിപ്പിച്ചേ മതിയാകൂ. മാത്രവുമല്ല,  ഹുജ്‌ലി രാജ്യത്തെ ഭരണം അട്ടിമറിക്കാൻ കലാപങ്ങൾ അഴിച്ചുവിടുന്ന 'അജ്ഞാതശക്തി' ഇപ്പോഴും ഇരുളിൽ എവിടെയോ ഉണ്ട്.  തന്ത്രിയുടെ പാളയത്തിൽ ഉള്ളവർ തന്നെ പലരും തരം കിട്ടിയാൽ ആ അജ്ഞാതന്റെ കൂട്ടുപിടിച്ച് തന്ത്രിക്കെതിരെ പട നയിച്ചെന്നു വരാം. 

ഇനി വായനക്കാർ കാണാനിരിക്കുന്ന എപ്പിസോഡുകൾ. ഭരണം നയിക്കുമ്പോൾ തന്ത്രി എന്ന കുടിലബുദ്ധിക്ക് നേരിടേണ്ടി വരുന്ന പ്രതിസന്ധികളായിരിക്കും വിവരിക്കുക, എന്നാണ് എഡിറ്റർ പറയുന്നത്.  ഒപ്പം, കിരീടം നിലനിർത്താനുള്ള തന്ത്രിയുടെ പെടാപ്പാടുകളും.

'ഹൂജാ രാജാവ് മരിച്ചു' എന്നൊക്കെ കഴിഞ്ഞ എപ്പിസോഡിൽ പറഞ്ഞു എങ്കിലും, ഹൂജയുടെ ആരാധകർക്ക് പ്രതീക്ഷയുടെ 'ഒരു തരി കനൽ' കെടാതെ ഇട്ടിട്ടുണ്ട് എഡിറ്റർ. ഹൂജ തിരിച്ചു വരില്ല എന്നൊന്നും അവർ ഉറപ്പിച്ചു പറഞ്ഞിട്ടില്ല. " തൽക്കാലത്തേക്ക് ഹൂജ രാജാവ് മരിച്ചു.. അടുത്ത കാലത്തൊന്നും രാജാവിന് ഒരു തിരിച്ചു വരവുണ്ടായെന്നും വരില്ല.. എന്നാലും പ്രതീക്ഷ പൂർണമായും കൈവെടിയേണ്ടതില്ല... " അവർ പറഞ്ഞു. 

അങ്ങനെ 35  വർഷത്തെ ടിങ്കിൾ കോമിക് പ്രസിദ്ധീകരണത്തിന്റെ ചരിത്രത്തിൽ ആദ്യമായി, കഥയുടെ മുഖ്യതന്തു -  " രാജാവിനെ കൊല്ലാനുള്ള മന്ത്രിയുടെ തന്ത്രങ്ങൾ"  - ഒന്ന് മാറ്റിപ്പിടിച്ചിരിക്കുകയാണ് പ്രസാധകർ.  തന്ത്രിയ്ക്ക് രാജകിരീടം കിട്ടുമ്പോൾ, ഭരണത്തിന്റെ ഉത്തരവാദിത്തങ്ങൾ കുറേക്കാലത്തേക്കെങ്കിലും തന്ത്രിയിലേക്ക് എത്തുമ്പോൾ, ഇനി എന്തൊക്കെ കാണേണ്ടി വരും എന്ന ആശങ്കയിലാണ് വായനക്കാർ..

കാത്തിരുന്ന് കാണുക തന്നെ..!

click me!