വിവാഹമോചന കേസിനായി കോടതി കയറിയിറങ്ങി മടുത്തൂ, ക്ഷേത്രത്തിൽ വിവാഹങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി പുരോഹിതർ

Published : Dec 09, 2025, 04:57 PM IST
priests ban temple weddings

Synopsis

ബെംഗളൂരുവിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള ഹലസുരു സോമേശ്വര സ്വാമി ക്ഷേത്രം വിവാഹങ്ങൾ നടത്തുന്നത് നിർത്തി. ക്ഷേത്രത്തിൽ വച്ച് വിവാഹിതരായവരുടെ വിവാഹമോചന കേസുകൾ വർധിച്ചതും പുരോഹിതർക്ക് കോടതിയിൽ സാക്ഷികളായി പോകേണ്ടി വരുന്നതുമാണ് ഇതിന് കാരണം. 

 

വിവാഹം സ്വർഗത്തിൽ വച്ച് നടക്കുന്നുവെന്ന് പറയുമ്പോഴും ക്ഷേത്രത്തിലോ പള്ളിയിലോ വച്ച് വിവാഹം നടന്നില്ലെങ്കിൽ ചിലർ അസ്വസ്ഥരാണ്. അതിനാല്‍ വിവാഹം ദൈവിക സാന്നിധ്യത്തിലാക്കാന്‍ ക്ഷേത്രത്തിലോ പള്ളിയിലോ വയ്ക്കുകയും സദ്യയും മറ്റ് ആഘോഷങ്ങൾക്കുമായി ഹാളുകൾ ബുക്ക് ചെയ്യുകയും ചെയ്യുന്നു. എന്നാൽ ഇനി ക്ഷേത്രത്തിൽ വച്ച് വിവാഹം നടത്തേണ്ടെന്നാണ് നൂറ്റാണ്ടുകൾ പഴക്കമുള്ള ബെംഗളൂരുവിലെ ഹലസുരു സോമേശ്വര സ്വാമി ക്ഷേത്രത്തിലെ പുരോഹിതരുടെ തീരുമാനം. ക്ഷേത്ര പൂജാരികളെ കൊണ്ട് ഇത്തരമൊരു തീരുമാനം എടുപ്പിച്ചതാകട്ടെ വിവാഹ മോചന കേസുകൾക്കായി കോടതി കയറി ഇറങ്ങി മടുത്തത് കൊണ്ടാണെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.

വിവാഹം നടത്തുന്നില്ലെന്ന് പരാതി

ബെംഗളൂരുവിലെ ഏറ്റവും കൂടുതൽ സന്ദർശിക്കപ്പെടുന്ന പൈതൃക ആരാധനാലയങ്ങളിൽ ഒന്നാണ് ഹലസുരു സോമേശ്വര സ്വാമി ക്ഷേത്രം. അതുകൊണ്ട് തന്നെ ഏറ്റവും കൂടുതൽ വിശ്വാസികളെത്തുന്ന ക്ഷേത്രങ്ങളിലൊന്ന് കൂടിയാണിത്. ഹലസുരു സോമേശ്വര സ്വാമി ക്ഷേത്രത്തിൽ വച്ച് തന്‍റെ വിവാഹം നടത്താൻ ക്ഷേത്ര ഭാരവാഹികൾ സമ്മതിക്കുന്നില്ലെന്ന് പരാതിപ്പെട്ട് ഒരു യുവാവ് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഓഫീസിൽ പരാതി നല്‍കി. ഇതിന് പിന്നാലെ കാരണം തേടി മുഖ്യമന്ത്രിയുടെ ഓഫീസ് ക്ഷേത്രത്തിന് കത്ത് നല്‍കി. ഇതോടെയാണ് ക്ഷേത്രത്തിന്‍റെ വിചിത്രമായ തീരുമാനം പുറം ലോകമറിഞ്ഞത്.

 

 

വിവാഹ മോചന കേസുകൾക്ക് കോടതി കയറി മടുത്തു

വളരെക്കാലമായി വിവാഹങ്ങൾക്ക് ഒരു ജനപ്രിയ വേദിയായിരുന്നു ഹലസുരു സോമേശ്വര സ്വാമി ക്ഷേത്രം. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ക്ഷേത്രത്തിൽ വച്ച് വിവാഹം കഴിക്കുകയും പിന്നീട് വിവാഹ മോചന സമയത്ത് പരിശോധനയ്ക്കായി ക്ഷേത്രത്തെ സമീപിക്കുകയും ചെയ്ത ദമ്പതികളുടെ എണ്ണം ഗണ്യമായി വർദ്ധിച്ചു. വിവാഹമോചനക്കേസുകൾ കോടതി കയറിയതോടെ ക്ഷേത്രത്തിൽ വച്ചുള്ള വിവാഹങ്ങൾ നിരോധിച്ചതായി ക്ഷേത്ര അധികാരികൾ പറയുന്നു.

വിവാഹമോചന നടപടികൾ നടക്കുമ്പോൾ കോടതികൾ പലപ്പോഴും പുരോഹിതന്മാരോട് കോടതിയിൽ ഹാജരാകാൻ നിർദ്ദേശിക്കാറുണ്ടെന്ന് ക്ഷേത്ര അധികാരികൾ വെളിപ്പെടുത്തിയതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. പല ദമ്പതികളും വീട്ടിൽ നിന്ന് ഒളിച്ചോടുകയും വിവാഹം കഴിക്കാൻ വ്യാജ രേഖകൾ ഹാജരാക്കുകയും ചെയ്യുന്നു. കുറച്ച് ദിവസങ്ങൾക്ക് ശേഷം, ഈ ദമ്പതികളുടെ മാതാപിതാക്കൾ എത്തുകയും ചില സന്ദർഭങ്ങളിൽ കോടതി കേസുകൾ ഫയൽ ചെയ്യുകയും ചെയ്യുന്നു. ഇത്തരം സംഭവങ്ങൾ കൂടിയതായും ക്ഷേത്ര കമ്മിറ്റിയുടെ ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ വി ഗോവിന്ദരാജു പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. ഇതോടെയാണ് ആറ് മുതൽ ഏഴ് വർഷം മുമ്പ് ഒരു ദിവസം 100-150 വിവാഹങ്ങൾ നടത്തിയിരുന്ന ക്ഷേത്രം, വിവാഹങ്ങൾ നടത്തുന്നത് നിർത്തലാക്കിയത്. കർണാടക സർക്കാരിന്‍റെ ഹിന്ദു മത സ്ഥാപനങ്ങളുടെയും ചാരിറ്റബിൾ എൻഡോവ്‌മെന്‍റ്സിന്‍റെയും വകുപ്പിന് കീഴിലാണ് ഹലസുരു സോമേശ്വര സ്വാമി ക്ഷേത്രം.

 

PREV
Read more Articles on
click me!

Recommended Stories

'ഇത് വിമാനമല്ല'; ക്യാബ് ബുക്ക് ചെയ്ത് കാത്തിരുന്ന യാത്രക്കാരന് ഡ്രൈവറുടെ സന്ദേശം
പഞ്ചനക്ഷത്ര ഹോട്ടലിൽ താമസം, കഴുത്തിൽ സ്വർണ ചെയിൻ, കഴിക്കുന്നത് 'കാവിയാർ', പൂച്ചകളിലെ രാജകുമാരി 'ലിലിബെറ്റ്'