
വളരെ വ്യത്യസ്തമായ വിവാഹാഘോഷങ്ങൾ ഇന്ന് ലോകത്തിന്റെ പല ഭാഗത്തും നടക്കുന്നുണ്ട്. എത്ര പണം വേണമെങ്കിലും വിവാഹാഘോഷത്തിന് വേണ്ടി പൊടിപൊടിക്കാം. പക്ഷെ, സംഗതി വെറൈറ്റി ആയാൽ മതി എന്നാണ് എല്ലാവരും ചിന്തിക്കുന്നത്. എന്നാൽ, അതുപോലെ ഒരു ആഘോഷത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വിമർശിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.
മുംബൈയിൽ നിന്നുള്ള ദമ്പതികളാണ് അവരുടെ ഹൽദി ആഘോഷത്തിന്റെ പേരിൽ വിമർശിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്. സ്പെയിനിലെ പ്രസിദ്ധമായ ലാ ടൊമാറ്റിന ഫെസ്റ്റിവലിന്റെ തീമിലാണ് ഇവർ ഇവരുടെ ഹൽദി ആഘോഷം സംഘടിപ്പിച്ചിരുന്നത്. ടൊമാറ്റിന ഹൽദി എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. കിലോക്കണക്കിന് തക്കാളികൾ കൂട്ടിയിട്ട് അതിഥികൾ അത് ചവിട്ടി മെതിക്കുകയാണ് ഈ ഹൽദിയിൽ ചെയ്യുന്നത്.
ഇതിന്റെ സ്ക്രീൻഷോട്ട് റെഡ്ഡിറ്റിൽ പങ്കുവച്ചിരിക്കുന്നത് r/InstaCelebsGossip എന്ന യൂസറാണ്. 'ഈ റീൽ എന്തിന് വേണ്ടിയുള്ളതാണ്. ഏസ്തെറ്റിക്ക്സിന്റെ പേരിൽ കിലോ കണക്കിന് ഭക്ഷണം പാഴാക്കുന്നത് എങ്ങനെയാണ് ന്യായീകരിക്കപ്പെടുന്നത്' എന്നാണ് ഇയാൾ ഇതിനൊപ്പം കുറിച്ചിരിക്കുന്നത്. നിരവധിപ്പേരാണ് ഈ പോസ്റ്റിന് കമന്റുകളുമായി എത്തിയിരിക്കുന്നത്.
ആളുകൾ ഇത്തരം ഒരു ഹൽദിയെ തീരെ സ്വീകരിക്കുന്നില്ല എന്നാണ് കമന്റുകൾ കാണുമ്പോൾ മനസിലാവുന്നത്. എന്തിനാണ് ഇങ്ങനെ ഒരു ചടങ്ങ് എന്നാണ് ആളുകൾ ചോദിക്കുന്നത്. അതുപോലെ സ്പെയിനിലെ തക്കാളി ഉത്സവത്തിൽ കേടുവന്ന തക്കാളികളാണ് ഉപയോഗിക്കുന്നത് എന്നും ഇവിടെ നല്ല ഫ്രഷ് തക്കാളികൾ ഉപയോഗിച്ചു കൊണ്ടാണ് ഇത് ചെയ്തിരിക്കുന്നത് എന്നും ഇതിന്റെ ആവശ്യം എന്തായിരുന്നു എന്ന് ചോദിച്ചവരും ഉണ്ട്.
എന്തായാലും വെറൈറ്റിക്ക് വേണ്ടി ചെയ്തതാണെങ്കിലും ആളുകളെ ഈ വെറൈറ്റി ഹൽദി അത്ര സന്തോഷിപ്പിച്ചിട്ടില്ല എന്നാണ് ഈ പോസ്റ്റിന് വരുന്ന കമന്റുകൾ കാണുമ്പോൾ മനസിലാവുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം