
അന്യഗ്രഹജീവികളുമായി ബന്ധപ്പെട്ട നിരവധി കഥകൾ നമ്മൾ കേട്ടിട്ടുണ്ടാകും. എന്നാൽ, അന്യഗ്രഹ ജീവികളുടെ സ്വന്തമായി അറിയപ്പെടുന്ന ഒരു നഗരത്തെക്കുറിച്ച് അറിയാമോ? ഹൗസ് ഓഫ് ഏലിയൻസ് എന്നറിയപ്പെടുന്ന ഈ നഗരം ജപ്പാനിലെ ഫുകുഷിമയിലാണ് ഈ നഗരം. അന്യഗ്രഹ ജീവികളുടേത് എന്ന് ആളുകൾ പ്രചരിപ്പിക്കുന്ന ഒന്നോ രണ്ടോ സംഭവങ്ങൾ മാത്രമേ പല നഗരങ്ങൾക്കും അവരുടെ പതിറ്റാണ്ടുകളുടെ ചരിത്രം പരിശോധിച്ചാൽ പോലും കണ്ടെത്താനാകൂ. എന്നാൽ ഫുകുഷിമയിലെ ഈ നഗരം അങ്ങനെ അല്ല, ജപ്പാനിലെ ഈ ചെറിയ സ്ഥലം ഭൂമിക്ക് പുറത്തുള്ള ജീവന്റെ പ്രഭവകേന്ദ്രമാണെന്നാണ് അവകാശപ്പെടുന്നത്. കഴിഞ്ഞ 12 മാസത്തിനുള്ളിൽ മാത്രം ഇവിടെ അന്യഗ്രഹജീവികളുമായി ബന്ധപ്പെട്ട 450 -ലധികം കാഴ്ചകളും കണ്ടെത്തലുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
5,000 -ത്തിലധികം ആളുകളാണ് ഈ നഗരത്തിൽ താമസിക്കുന്നത്. ബഹിരാകാശ പേടകങ്ങളുടെ അവിശിഷ്ടങ്ങൾ, അന്യഗ്രഹ ജീവികളുടെ പ്രതിമകൾ എന്നിങ്ങനെയുള്ള ബഹിരാകാശ സാമഗ്രികൾ ഇവിടെ ധാരാളമായി കണ്ടെത്താൻ സാധിക്കുമെന്നും ഇതിൽ വിശ്വസിക്കുന്നവർ അവകാശപ്പെടുന്നു. ഇത്തരം കാര്യങ്ങളും സ്ഥിരീകരിക്കുന്നതിനും വിവരങ്ങൾ ശേഘരിക്കുന്നതിനുമായി ഇവിടെ ഒരു യുഎഫ്ഒ ലബോറട്ടറി തന്നെയുണ്ട്. പഠനത്തിനും നിരീക്ഷണത്തിനുമായി 2020 -ൽ ലിനോ-മാച്ചിയിൽ ആണ് ഈ യുഎഫ്ഒ ലാബ് സ്ഥാപിച്ചത്. ഓരോ വർഷവും നൂറുകണക്കിന് യുഎഫ്ഒ ദൃശ്യങ്ങളുടെ റിപ്പോർട്ടുകളാണ് ലിനോ-മാച്ചിക്ക് ലഭിക്കുന്നതത്രെ.
ഈ പട്ടണം ഭൂമിയിലെ 'അന്യഗ്രഹജീവികളുടെ വീട്' ആയി മാറിയെന്നാണ് പലരും അവകാശപ്പെടുന്നത്. അന്യഗ്രഹ സ്മാരകങ്ങളുടെ കൂട്ടം, ആകാശ നിരീക്ഷണത്തിനുള്ള വ്യൂവിംഗ് ടവർ എന്നിവയൊക്കെ ഇവിടെയുണ്ട്. കൂടാതെ ഇത്തരം പ്രത്യേകതകൾ ഉള്ളതുകൊണ്ട് തന്നെ നിരവധി സഞ്ചാരികളാണ് ഓരോ ദിവസവും ഈ കാര്യങ്ങൾ അടുത്തറിയാൻ ഇവിടെ എത്തുന്നത്. അതുകൊണ്ട് തന്നെ വലിയൊരു ടൂറിസം വ്യവസായം തന്നെ ഫുകുഷിമയേയും ലിനോ-മാച്ചിയേയും കേന്ദ്രീകരിച്ച് ജപ്പാനിൽ വളരുന്നുണ്ട്. അതേ സമയം ഇതിനെ കഠിനമായി വിമർശിക്കുന്നവരും ഉണ്ട്.