അന്യ​ഗ്രഹജീവികൾ തട്ടിക്കൊണ്ടുപോയി, അഞ്ച് ദിവസങ്ങൾക്കുശേഷം ഉപേക്ഷിച്ചു, ഒരു വിചിത്രവാദത്തിന്റെ കഥ!

By Web TeamFirst Published Jun 14, 2021, 10:56 AM IST
Highlights

അതേസമയം മരിച്ചുപോയി എന്ന് വിചാരിച്ചയാൾ തിരികെ വന്നത് കണ്ട് ആളുകളും അതിശയിച്ചു പോയി. എന്നാൽ, താൻ എവിടെയായിരുന്നുവെന്ന് അയാൾ ആളുകളോട് പറഞ്ഞപ്പോഴാണ് ശരിക്കുള്ള കോലാഹലം തുടങ്ങുന്നത്. 

1975 നവംബറിൽ അരിസോണയിലെ സിറ്റ്ഗ്രീവ്സ് നാഷണൽ പാർക്കിൽ ജോലി ചെയ്തിരുന്ന ഏഴുപേർ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. കൂട്ടത്തിൽ ഒരാളായിരുന്ന ട്രാവിസ് വാൾട്ടണെ ആ യാത്രക്കിടെ ദൂരൂഹ സാഹചര്യത്തിൽ കാണാതായി. കൂടെയുണ്ടായിരുന്നവർക്ക് പോലും അവിടെ എന്താണ് സംഭവിച്ചതെന്ന് പറയാൻ സാധിച്ചില്ല. അഞ്ചുദിവസത്തിന് ശേഷം അടുത്തുള്ള ഗ്യാസ് സ്റ്റേഷന് സമീപത്ത് വച്ച് അദ്ദേഹത്തെ വീണ്ടും കണ്ടെത്തി. എന്നാൽ, ഇത്രയും ദിവസം എവിടെയായിരുന്നു എന്ന് ചോദിച്ചവരോട് അയാൾ വളരെ വിചിത്രമായ ഒരു അവകാശവാദമാണ് ഉന്നയിച്ചത്. തന്നെ അന്യഗ്രഹജീവികൾ തട്ടിക്കൊണ്ടുപോയി എന്നാതായിരുന്നു അത്. ഇതുകേട്ട് എല്ലാവരും അത്ഭുതപ്പെട്ടു. ആ വിവാദ തട്ടിക്കൊണ്ടു പോകലിന്റെ കഥ ഇങ്ങനെയായിരുന്നു.

അന്ന് രാത്രി വണ്ടിയിൽ യാത്ര ചെയ്യുന്നതിനിടയിൽ കാടിന്റെ നടുക്ക് ഒരു പ്രകാശം കണ്ടു. ആ പ്രകാശത്തിന്റെ ഉറവിടം എന്താണെന്ന് നോക്കാൻ മരങ്ങൾക്കിടയിലൂടെ അവർ വണ്ടി ഓടിച്ചു. കാടിന്റെ ഒത്ത നടുക്ക് പ്രകാശമയമായ ഒരു പറക്കുംതളിക 20 അടി ഉയരത്തിൽ കറങ്ങുന്നത് അവർ കണ്ടു. ഇത് കണ്ട് ട്രാവിസ് മാത്രം കാറിൽ നിന്ന് പുറത്തിറങ്ങി. ബാക്കി എല്ലാവരും പേടിച്ച് അതിനകത്ത് തന്നെ ഇരുന്നു. യുഎഫ്ഒ കഥകൾ ഏറെ ഇഷ്ടപ്പെടുന്ന ട്രാവിസ് കൗതുകത്തോടെ അതിനടുത്തേയ്ക്ക് നടന്ന് ചെന്നു. “ആ വസ്തുവിന്റെ ഭംഗി എന്നെ അമ്പരപ്പിച്ചു. ഇത് പറന്നുയരുമെന്ന് ഞാൻ കരുതി, പക്ഷേ അങ്ങനെയല്ല  സംഭവിച്ചത്” ട്രാവിസ് പറഞ്ഞു.

അതിനടുത്തെത്തിയപ്പോൾ ശക്തമായ ഒരു പ്രകാശം അയാളുടെ ശരീരത്തിൽ പതിക്കുകയും, അയാൾ അടിതെറ്റി താഴെ വീഴുകയും ചെയ്തു. എന്നാൽ, ആ പ്രകാശം ട്രാവിസിന്റെ ജീവനെടുത്തുവെന്ന് കൂടെയുള്ളവർ കരുതി. അവർ മരണഭയത്താൽ അവിടെ നിന്ന് ഓടി രക്ഷപ്പെട്ടു. എന്നാൽ, പകുതിവഴി എത്തിയപ്പോൾ അവർക്കൊരു സംശയം, അയാൾ ശരിക്കും മരിച്ചതുതന്നെയാണോ, അതോ ബോധം പോയതാണോ? അഥവാ മരിച്ചിട്ടില്ലെങ്കിൽ ഈ കാട്ടിൽ ട്രാവിസിനെ എങ്ങനെ തനിച്ചാക്കി പോകും?  അവർ വണ്ടി തിരിച്ചു. എന്നാൽ, അയാളെ അവിടെ എങ്ങും കാണാൻ സാധിച്ചില്ല. അവർ മണിക്കൂറുകളോളം അയാൾക്കായി തിരഞ്ഞു. പക്ഷേ, ഫലമുണ്ടായില്ല. ഒടുവിൽ അവർ പൊലീസിൽ വിവരമറിയിച്ചു.

എന്താണ് സംഭവിച്ചതെന്ന് പൊലീസ് അവരോട് തിരക്കിയപ്പോൾ അവർ നടന്ന സംഭവം പറഞ്ഞു. ഒരു പ്രകാശം പതിച്ചെന്നും ട്രാവിസിനെ കാണാതായെന്നും അവർ പൊലീസിനോട് പറഞ്ഞു. ആ കഥ പൊലീസുകാർക്ക് അത്ര വിശ്വാസമായില്ല എങ്കിലും, അവർ അന്വേഷണം ആരംഭിച്ചു. ദിവസങ്ങളോളം അവർ ആ കാട്ടിൽ തലങ്ങും വിലങ്ങും തിരച്ചിൽ നടത്തി. എവിടെ കിട്ടാൻ? എന്നാൽ അഞ്ചു ദിവസത്തിന് ശേഷം സംഭവം നടന്ന സ്ഥലത്ത് നിന്ന് 15 മൈൽ അകലെയുള്ള ഒരു വഴിയോരത്ത് ബോധരഹിതനായി കിടക്കുന്ന ട്രാവിസിനെ ആളുകൾ കണ്ടെത്തി. "എത്ര സമയം കടന്നുപോയി എന്ന് എനിക്കറിയില്ല. അഞ്ച് ദിവസവും ആറ് മണിക്കൂറും കഴിഞ്ഞിരുന്നു എന്ന് പിന്നീടാണ് എനിക്ക് മനസ്സിലായത്. എന്റെ ശരീരം കഠിനമായി വേദനിച്ചിരുന്നു. പറക്കും തളിക തിരികെ ആകാശത്തേയ്ക്ക് പോകുന്നത് ഞാൻ ഒരു മിന്നായം പോലെ കണ്ടു" അയാൾ പറഞ്ഞു.


 
അതേസമയം മരിച്ചുപോയി എന്ന് വിചാരിച്ചയാൾ തിരികെ വന്നത് കണ്ട് ആളുകളും അതിശയിച്ചു പോയി. എന്നാൽ, താൻ എവിടെയായിരുന്നുവെന്ന് അയാൾ ആളുകളോട് പറഞ്ഞപ്പോഴാണ് ശരിക്കുള്ള കോലാഹലം തുടങ്ങുന്നത്. "പറക്കും തളികയ്ക്ക് അകത്ത് വച്ച് എനിക്ക് ബോധം വന്നു. എനിക്ക് നല്ല വേദനയുണ്ടായിരുന്നു. ആദ്യം ഞാൻ ഒരു ആശുപത്രിയിലാണെന്നും, എനിക്ക് ചുറ്റും കൂടി നിൽക്കുന്നവർ ഡോക്ടർമാരാണെന്നുമാണ് ഞാൻ വിചാരിച്ചത്.  എന്നാൽ സൂക്ഷിച്ചു നോക്കിയപ്പോൾ എന്റെ കണ്ണുകളെ എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. എനിക്ക് അരികെ അന്യഗ്രഹജീവികളെ പോലെ തോന്നിക്കുന്ന കുറേപേർ നിൽക്കുന്നു! ഞാൻ പരിഭ്രാന്തനായി" അയാൾ പറഞ്ഞു. "എന്റെ ഏറ്റവും അടുത്ത് നിന്ന രൂപത്തിനെ ഞാൻ തള്ളി മാറ്റി. അതിന്റെ ശരീരം ഞാൻ പ്രതീക്ഷിച്ചതിലും മൃദുവും ഭാരം കുറഞ്ഞതുമായിരുന്നു. ഞാൻ അവിടെ കണ്ട ഒരു അലമാരയിൽ പിടിച്ച് കയറി ചുറ്റും നോക്കി. തിരിച്ചറിയാൻ സാധിക്കാത്ത കുറേ ഉപകരണങ്ങൾ അവിടെ എനിക്ക് കാണാൻ സാധിച്ചു. അവർ എന്നെ തുറിച്ചുനോക്കി അനങ്ങാതെ അവിടെ തന്നെ നിന്നു" ട്രാവിസ് പറഞ്ഞു.  

ഒടുവിൽ അയാൾ അവർക്കിടയിലൂടെ വാതിലിന് പുറത്തേയ്ക്ക് ഓടി. തുടർന്ന് അവിടെ കണ്ട ഇടുങ്ങിയ വഴിയിലൂടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ, സ്‌പെയ്‌സ് ഹെൽമെറ്റ് പോലെ ഒന്ന് ധരിച്ച ഒരു രൂപം പ്രത്യക്ഷപ്പെട്ട് അയാളെ ഒരു പ്രത്യേക മുറിയിലേക്ക് കൊണ്ടുപോയി. അവിടെ ഒരു മേശപ്പുറത്ത് വെച്ച് ഒരു മാസ്ക് അയാളെ അവർ ധരിപ്പിച്ചു. അതോടെ ബോധം പോയി. പിന്നെ ഓർമ്മ തെളിയുമ്പോൾ റോഡരികിൽ അയാൾ കിടക്കുന്നതാണ് കണ്ടത്.  

മനുഷ്യരെ പോലെ വെളുത്ത എന്നാൽ ചർമ്മത്തിൽ രോമങ്ങളില്ലാത്ത, മുടിയോ, പുരികമോ, കൺപീലികളോ ഇല്ലാത്ത ഒരു രൂപമാണ് അതിന്റേത് എന്നയാൾ പറയുന്നു. അവിടെ കഴിഞ്ഞ ദിവസങ്ങളിൽ അയാൾക്ക് 10 മുതൽ 12 വരെ പൗണ്ട് വരെ ഭാരം കുറഞ്ഞിരുന്നു. അയാൾ തിരികെ എത്തിയശേഷം, ഒന്നിലധികം നുണപരിശോധന, ശാരീരിക, മനഃശാസ്ത്രപരമായ പരിശോധനകൾ ഉൾപ്പെടെ തീവ്രമായ അന്വേഷണം പൊലീസ് നടത്തുകയുണ്ടായി. എന്നാൽ നുണപരിശോധനയിൽ ഒന്നിൽ പോലും അയാൾ പറഞ്ഞത് കള്ളമാണെന്ന് തെളിയിക്കാൻ പൊലീസിന് സാധിച്ചില്ല. അതേസമയം തുടക്കം മുതൽ ആളുകൾ അയാൾ പറയുന്നത് വിശ്വസിക്കാൻ തയ്യാറായില്ല. ആളുകൾ മാത്രമല്ല പൊലീസും. ഇത് എന്തോ മനോവിഭ്രാന്തിയോ, മയക്കുമരുന്നിന്റെ എഫക്ടോ ആന്നെന്നാണ് ആളുകൾ കരുതിയത്. തുടർന്ന്  ഒരുപാട് പരിശോധനകൾ പൊലീസ് നടത്തി. ഒടുവിൽ അയാൾക്ക് പ്രശ്‌നമൊന്നുമില്ലെന്ന് തെളിഞ്ഞു.

ഇപ്പോൾ 46 വർഷത്തിനുശേഷവും ട്രാവിസ് തന്റെ കഥയിൽ തന്നെ ഉറച്ച് നിൽക്കുന്നു. ഇത് ശരിയാണെന്ന് തെളിയിക്കാൻ അഞ്ച് വ്യത്യസ്ത നുണ പരിശോധനകൾ നടത്തി. സാക്ഷികളെയും 11 നുണപരിശോധനകൾക്ക് വിധേയമാക്കി. എന്നാൽ, പറഞ്ഞത് നുണയാണെന്ന് തെളിയിക്കാൻ ആർക്കും സാധിച്ചില്ല. എന്നാൽ, അപ്പോഴും പല പ്രശസ്തരും ​ഗവേഷകരും മനശാസ്ത്രജ്ഞരും ട്രാവിസ് പറയുന്നത് ശുദ്ധ നുണയാണ് എന്നതിൽ ഉറച്ച് നിന്നു. സാമ്പത്തികനേട്ടത്തിനോ മറ്റോ ആയി കെട്ടിച്ചമച്ച കഥയായിരിക്കാം, ഫാന്റസി ആയിരിക്കാം, സിനിമകളും മറ്റും കണ്ട് പ്രചോദനമുൾക്കൊണ്ട് കെട്ടിച്ചമച്ച കഥ ആയിരിക്കാം എന്നും അവർ പറയുന്നു. 

ഏതായാലും, സംഭവം നടന്നശേഷം ട്രാവിസ് കോൺഫറൻസുകളിലും പരിപാടികളിലും പോയി ആ 'കഥ' ലോകവുമായി പങ്കിടുകയാണ്. ട്രാവിസ് തന്റെ അനുഭവങ്ങളെക്കുറിച്ച് ഒരു പുസ്തകം എഴുതിയിരുന്നു. അത് പിന്നീട്  'ഫയർ ഇൻ ദി സ്കൈ' എന്ന പേരിൽ ഒരു സിനിമയായി മാറുകയും ചെയ്തു.  


 

click me!