
ഇടിയും മിന്നലും എല്ലാവർക്കും ഒരു പേടിസ്വപ്നം തന്നെയാണ്. റിഡ്ജ്‌വില്ലെ ടൗൺഷിപ്പ് വോളണ്ടിയർ അഗ്നിശമനസേനാ വിഭാഗത്തിൽ നിന്നുള്ളവർക്ക് കഴിഞ്ഞ ദിവസം കാണേണ്ടി വന്നത് അവിശ്വസനീയം എന്ന് തോന്നുന്ന ഒരു കാഴ്ചയാണ്. മിന്നലേറ്റ് ഒരു മരം കത്തുന്നുണ്ട് എന്നും കാണിച്ചാണ് ഓഹിയോയിൽ നിന്നുള്ള ഈ അഗ്നിശമനാസേനാംഗങ്ങൾക്ക് വിളി വന്നത്. എന്നാൽ, അവിടെ എത്തിയപ്പോഴാണ് അവർ ഈ കാഴ്ച കണ്ടത്.
സാധാരണയായി മരം പുറത്തുനിന്നുമാണ് മിന്നലേറ്റാൽ കത്തുന്നത് അല്ലേ? എന്നാൽ, ഈ മരം അതിന്റെ അകത്ത് നിന്നും കത്തുകയായിരുന്നു. പിന്നീടാണ് തീ അതിന്റെ പുറത്തേക്ക് വ്യാപിച്ചത്. റിഡ്ജ്‌വില്ലെ ടൗൺഷിപ്പ് വോളണ്ടിയർ അഗ്നിശമനസേനാ വിഭാഗം ഈ ചിത്രങ്ങൾ പിന്നീട് ഓൺലൈനിൽ പോസ്റ്റ് ചെയ്‍തു.
ചിത്രത്തിൽ മരത്തിന്റെ വേര് മുതൽ ഒരു പകുതി വരെയുള്ള ഭാഗത്ത് മരത്തിന്റെ അകത്ത് നിന്നും തീ പടരുന്നത് കാണാം. എന്നാൽ, അതിന് മുകളിലോട്ടുള്ള ചില്ലകളും മറ്റ് ഭാഗങ്ങളും അപ്പോളും പച്ചപിടിച്ച് തന്നെ തീ ബാധിക്കാതെ നിലനിൽക്കുന്നതും ചിത്രത്തിൽ വ്യക്തമാണ്.
'ഇന്ന് രാവിലെ ഒരു മരത്തിന് തീപിടിച്ചു എന്നും കാണിച്ചാണ് ഞങ്ങളെ വിളിച്ചത്. അവിടെ എത്തിയപ്പോഴാണ് ഈ ചിത്രത്തിൽ കാണുന്ന മരം ഇതുപോലെ ഞങ്ങൾ കണ്ടത്. മിന്നൽ ചില വികൃതികൾ കാണിച്ചിരിക്കുന്നു. മരത്തിൽ തീപിടിച്ചിരിക്കുന്ന ഭാഗം കണ്ടെത്താൻ ഞങ്ങൾ ബുദ്ധിമുട്ടി' എന്നും അഗ്നിശമനസേനാ വിഭാഗം അവരുടെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
ശേഷം അഗ്നിശമനസേന മരം മുറിച്ചു മാറ്റുന്നതിനായി അത് ചെയ്യുന്ന ആളുകളെ വിളിക്കുകയും തീ മുഴുവനായും അണക്കുന്നതിനായി അത് വെട്ടിയിടുകയും ചെയ്തു. 'തീയണക്കുന്നതിന് സഹായിക്കാനെത്തിയ മോയേഴ്സ് ട്രീ സർവീസിന് വലിയ നന്ദി' എന്നും ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.