
കൊറോണ മഹാമാരി ലോകത്തെ പിടിച്ച് ഉലച്ചപ്പോൾ നിരവധി പേരുടെ ജീവിതമാണ് കൂടെ ആടിയുലഞ്ഞത്. മാസം നല്ല രീതിയിൽ ശമ്പളമുണ്ടായിരുന്ന പലരും ഒരു സുപ്രഭാതത്തിൽ തൊഴിലില്ലാത്തവരായി. ബാക്കിയുള്ളവർ തങ്ങൾക്ക് അറിയാത്ത പുതിയ മേഖലകളിൽ ഭാഗ്യം പരീക്ഷിക്കാൻ ഇറങ്ങി. എന്നാൽ, അവരിൽ ഭൂരിഭാഗവും സാഹചര്യങ്ങൾ മൂലം അങ്ങനെ ഒരു തീരുമാനത്തിൽ എത്തിപ്പെട്ടവരാണ്. അതേസമയം യുഎസ്സിലുള്ള മൈക്കിൾ ലിൻ (Michael Lin) സ്വന്തം തീരുമാന പ്രകാരം മാത്രമാണ് കോടികൾ ശമ്പളമുണ്ടായിരുന്ന ജോലി ഉപേക്ഷിച്ചത്.
അദ്ദേഹം നെറ്റ്ഫ്ലിക്സിലെ സീനിയർ സോഫ്റ്റ്‌വെയർ എഞ്ചിനീയറായിരുന്നു (Netflix job). വാർഷിക ശമ്പളം മൂന്നരക്കോടി രൂപ. കൂടാതെ സൗജന്യ ഭക്ഷണം, പെയ്ഡ് അവധിയുമെല്ലാം ഉണ്ടായിരുന്നു. ഒരു സാധാരണക്കാരന് ഇതിൽ കൂടുതൽ എന്ത് വേണം? സ്വപ്നജോലിയെന്ന് വിശേഷിപ്പിക്കാവുന്ന അത് എന്നാൽ അദ്ദേഹം ഒരു ദിവസം അങ്ങ് വേണ്ടെന്ന് വച്ചു. അതിന്റെ കാരണമാണ് ഞെട്ടിക്കുന്നത്, അദ്ദേഹത്തിന് ജോലി വിരസമായി തോന്നി പോലും. എത്ര ശമ്പളമുണ്ടായാലും, ബോറടിപ്പിക്കുന്ന ഒരു ജോലി ചെയ്യാൻ താൻ തയ്യാറല്ലെന്ന് അദ്ദേഹം പറയുന്നു. നെറ്റ്ഫ്ലിക്സിൽ ചേരുന്നതിന് മുൻപ് അദ്ദേഹം ആമസോണിലാണ് ജോലി ചെയ്‌തിരുന്നത്. ആ ജോലി കളഞ്ഞ് 2017 -ലാണ് നെറ്റ്ഫ്ലിക്സിൽ കയറിയത്.
"ഇവിടെ വന്നപ്പോൾ ഇനി ഞാൻ ഇവിടെ തന്നെ എന്നെന്നേക്കുമായി തുടരുമെന്നാണ് പ്രതീക്ഷിച്ചത്. അത്ര ശമ്പളമായിരുന്നു. ഉത്തരവാദിത്തതിനൊപ്പം സ്വാതന്ത്ര്യവുമുണ്ടായിരുന്നു. ഇതിൽക്കൂടുതൽ എന്താണ് ചോദിക്കാൻ കഴിയുക?” അദ്ദേഹം പറഞ്ഞു. എന്നാൽ, ഈ സ്വപ്‍നതുല്യമായ ജോലി 2021 മെയ് മാസം അദ്ദേഹം ഉപേക്ഷിച്ചു. അദ്ദേഹത്തിന് വട്ടാണെന്നാണ് എല്ലാവരും കരുതിയത്.
അദ്ദേഹത്തിന്റെ ഈ തീരുമാനത്തെ ആദ്യം എതിർത്തത് മാതാപിതാക്കളായിരുന്നു. ജീവിതത്തിൽ ഒരുപാട് കഷ്ടതകൾ അനുഭവിച്ച അവർക്ക് മകന്റെ ഈ തീരുമാനത്തെ ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. സാംസ്കാരിക വിപ്ലവ സമയത്ത് മൈക്കിന്റെ മാതാപിതാക്കൾ ചൈനയിലായിരുന്നു. അവിടെ അവർ കൊടുംപട്ടിണിയിലായിരുന്നു. പിന്നീട് ഒരുപാട് കഷ്ടതകൾ അനുഭവിച്ചാണ് തിരികെ അമേരിക്കയിൽ എത്തിയത്. അതുകൊണ്ട് തന്നെ ഈ കാരണത്താൽ ജോലി കളയുക എന്നത് അവർക്ക് ചിന്തിക്കാൻ പോലുമായില്ല. അദ്ദേഹത്തിന്റെ മെന്ററും ഇതിനെ എതിർത്തു. വേറെ ജോലി കിട്ടാതെ ഉള്ള ജോലി കളയുന്നത് ശുദ്ധമണ്ടത്തരമാണ് എന്നദ്ദേഹം മൈക്കിളിനോട് പറഞ്ഞു. എന്നാൽ, മൈക്കിൾ ഈ ഉപദേശങ്ങളൊന്നും ചെവി കൊണ്ടില്ല.
നല്ല ശമ്പളം, സഹപ്രവർത്തകർ, ആനുകൂല്യങ്ങൾ എല്ലാമുണ്ടായിരുന്നു ആദ്യം. എന്നാൽ, 2021 -ൽ മഹാമാരി മൂലം ഓഫീസ് അടച്ചിട്ടപ്പോൾ അതെല്ലാം നിന്നു. ജോലി മാത്രമായി ബാക്കി, ഇത് അദ്ദേഹത്തെ മടുപ്പിച്ചു. പിന്നീട് അവിടെ തന്നെ മറ്റൊരു തസ്തികയിലേക്ക് അപേക്ഷിക്കാൻ അദ്ദേഹം ഒരു ശ്രമം നടത്തി. എന്നാൽ, പക്ഷേ അതും നടന്നില്ല. തന്റെ മനസ്സ് നഷ്ടപ്പെടുത്തി കുറെ പണം സമ്പാദിച്ചിട്ട് കാര്യമൊന്നുമില്ലെന്ന് മൈക്കിളിന് തോന്നി. മഹാമാരി മൂലം ലക്ഷക്കണക്കിന് ആളുകൾ മരിക്കുന്നത് കൂടി കണ്ടതോടെ അദ്ദേഹം ജോലി വിടാൻ ഉറപ്പിച്ചു. നാളെയെ കുറിച്ച് ഒരു ഉറപ്പുമില്ലാത്ത ഈ ലോകത്തിൽ, ഇഷ്ടമില്ലാത്ത കാര്യങ്ങൾ ചെയ്തു സമയം കൊല്ലുന്നതിനോട് അദ്ദേഹത്തിന് പൊരുത്തപ്പെടാൻ സാധിച്ചില്ല.
ഇപ്പോൾ അദ്ദേഹം സ്വന്തമായി ഒരു ബിസ്സിനസ്സ് നടത്തുകയാണ്. വലിയ വരുമാനമൊന്നും ഇല്ലെങ്കിലും, താൻ ഹാപ്പിയാണ് എന്നദ്ദേഹം പറയുന്നു. ഇപ്പോൾ താൻ ജീവിക്കുന്നതും, ജോലി ചെയ്യുന്നതും തനിക്ക് വേണ്ടി മാത്രമാണ് എന്നും, അതിലൂടെ ലഭിക്കുന്ന സ്വാതന്ത്ര്യം വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.