അപരിചിതരെയും കൂട്ടുകാരെയും തിരിച്ചറിയാം, അപരിചിതരെ കണ്ടൂടാ, ഹിപ്പോകളെ കുറിച്ച് പുതിയ പഠനം

By Web TeamFirst Published Jan 26, 2022, 3:03 PM IST
Highlights

ഹിപ്പോകൾ അയൽക്കാരുടെ ശബ്ദം കേട്ടപ്പോൾ തിരികെ അതേ ശബ്ദമുണ്ടാക്കി പ്രതികരിച്ചു. ഹിപ്പോകൾ പുറപ്പെടുവിക്കുന്ന വീസ് ഹോണുകൾക്ക് 1 കിലോമീറ്ററിലധികം (0.6 മൈൽ) സഞ്ചരിക്കാൻ കഴിയുമെന്ന് സംഘം കണ്ടെത്തി. 

ഹിപ്പോപ്പൊട്ടാമസ് കൂട്ടുകൂടാൻ ഇഷ്ടപ്പെടാത്ത ഒരു മൃഗമാണ്. കരയിലെ മൂന്നാമത്തെ വലിയ സസ്തനിയാണതെങ്കിലും, അതിന്റെ ആശയവിനിമയത്തെക്കുറിച്ച് താരതമ്യേന കുറച്ച് മാത്രമേ നമുക്ക് അറിയൂ. ഇപ്പോൾ അവയെ കുറിച്ച് നടത്തിയ ഒരു പുതിയ പഠനം അവയെക്കുറിച്ചുള്ള കൂടുതൽ കൗതുകകരമായ വസ്തുതകൾ വെളിവാക്കുന്നു. ഹിപ്പോകൾക്ക് അപരിചിതരെ അത്ര പ്രിയമല്ലെന്നാണ് ഈ പഠനം പറയുന്നത്. സാധാരണയായി അപരിചിതരുടെ ശബ്ദം മൃഗങ്ങളിൽ പരിഭ്രാന്തി, ആശയക്കുഴപ്പം, ഭയം തുടങ്ങിയ നിരവധി പ്രതികരണങ്ങൾ ഉണ്ടാക്കിയേക്കാം. എന്നാൽ ഹിപ്പോകൾക്ക് ഈ പ്രതികരണങ്ങൾ കൂടുതൽ ശാരീരികമാണ്. അതായത് അപരിചിതരുടെ ശബ്ദം കേട്ടാൽ അവ ചുറ്റിലും വിസർജ്ജ്യം തളിക്കുകയാണ് ചെയ്യുന്നത്.  

അത് മാത്രവുമല്ല, മൃഗങ്ങൾക്ക് അവയുടെ ശബ്ദം ഉപയോഗിച്ച് പരസ്പരം തിരിച്ചറിയാൻ കഴിയുമെന്നും ഗവേഷക സംഘം പറയുന്നു. മൃഗങ്ങളുടെ ശബ്ദങ്ങളെക്കുറിച്ച് പഠിക്കുന്ന ഫ്രാൻസിലെ സെന്റ്-എറ്റിയെൻ സർവകലാശാലയിൽ നിന്നുള്ള ഗവേഷകൻ നിക്കോളാസ് മാത്യുവൺ പറയുന്നത് അവയ്ക്കെല്ലാം തനതായ ശബ്‍ദങ്ങൾ ഉണ്ടെന്നും, ഈ ശബ്ദങ്ങളെ അവയ്ക്ക് പരസ്പരം തിരിച്ചറിയാൻ കഴിയുമെന്നുമാണ്. ചുരുക്കി പറഞ്ഞാൽ ശബ്ദങ്ങൾ ഉപയോഗിച്ച് അവയ്ക്ക് പരസ്പരം ആശയവിനിമയം നടത്താൻ സാധിക്കുമെന്ന് സാരം. കൂടാതെ, അവ അപരിചിതരോട് കൂടുതൽ ആക്രമണാത്മകമായിട്ടും, അയൽക്കാരോട് രമ്യതയിലുമാണ് പെരുമാറുന്നതെന്നും പഠനം പറയുന്നു.  

ഹിപ്പോകളെ കുറിച്ച് പഠിക്കുന്നത് തീർത്തും പ്രയാസമുള്ള കാര്യമാണ്. ഹിപ്പോകൾ പ്രധാനമായും രാത്രിയിലാണ് കരയിൽ എത്തുന്നത്. അവ മിക്കപ്പോഴും ഒറ്റയ്ക്കാണ്. പകൽസമയത്ത് അവ കൂട്ടമായി വെള്ളത്തിൽ കഴിയും. ഹിപ്പോ ഗ്രൂപ്പുകളിൽ ഒരു ആൺനേതാവും, കുറെ സ്ത്രീകളും അവരുടെ കുഞ്ഞുങ്ങളും കാണും. പഠനത്തിനായി സംഘം മൊസാംബിക്കിലെ മാപുട്ടോ സ്പെഷ്യൽ റിസർവിലേക്കാണ് പോയത്. അവിടെ അവർ ഏഴ് ഹിപ്പോ ഗ്രൂപ്പുകളുടെ ശബ്ദങ്ങൾ റെക്കോർഡ് ചെയ്തുകൊണ്ട് പഠനം ആരംഭിച്ചു. ഏറ്റവും സാധാരണമായ ഹിപ്പോകൾ പുറപ്പെടുവിക്കുന്ന ശബ്ദമാണ് 'വീസ് ഹോങ്ക്.' ഈ ശബ്ദം വളരെ ദൂരത്തേക്ക് വരെ കേൾക്കാം. മൃഗങ്ങൾ തമ്മിലുള്ള ആശയവിനിമയത്തിന്റെ ഒരു പ്രധാന ഭാഗമാണിതെന്ന് കരുതപ്പെടുന്നു. അതുകൊണ്ട് തന്നെ സംഘം ഇതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഗവേഷകർ അവയുടെ ശബ്‍ദങ്ങൾ റെക്കോർഡ് ചെയ്‌ത ശേഷം, സ്വന്തം ഗ്രൂപ്പിനോടും അതേ തടാകത്തിലെ അയൽക്കാരോടും അല്ലെങ്കിൽ മറ്റൊരു തടാകത്തിൽ നിന്നുള്ള അപരിചിതരായ ഗ്രൂപ്പിനോടും എങ്ങനെ പ്രതികരിക്കുമെന്ന് പഠിച്ചു. അപരിചിതരുടെ ശബ്ദങ്ങൾക്ക് ഹിപ്പോകളുടെ പ്രതികരണങ്ങൾ ശക്തമായിരുന്നുവെന്ന് ടീം പറയുന്നു.  

ഹിപ്പോകൾ അയൽക്കാരുടെ ശബ്ദം കേട്ടപ്പോൾ തിരികെ അതേ ശബ്ദമുണ്ടാക്കി പ്രതികരിച്ചു. ഹിപ്പോകൾ പുറപ്പെടുവിക്കുന്ന വീസ് ഹോണുകൾക്ക് 1 കിലോമീറ്ററിലധികം (0.6 മൈൽ) സഞ്ചരിക്കാൻ കഴിയുമെന്ന് സംഘം കണ്ടെത്തി. അതേ തടാകത്തിൽ താമസിക്കുന്ന മറ്റുള്ളവയുടെ ശബ്ദങ്ങൾ ഹിപ്പോകൾക്ക് പരിചിതമായിരുന്നു. എന്നാൽ, മൃഗങ്ങൾ അപരിചിതരായ ഹിപ്പോകളോട് കൂടുതൽ ആക്രമണാത്മകമായിട്ടാണ് പ്രതികരിച്ചത്. വേഗത്തിലും, ഉച്ചത്തിലും, ഇടയ്ക്കിടെയുള്ള ശബ്ദങ്ങളിലൂടെയും, പലപ്പോഴും വിസർജ്ജ്യം തളിച്ചും അവ ശക്തമായി തന്നെ ആ ശബ്ദങ്ങളോട് പ്രതികരിച്ചു. അതുകൊണ്ട് തന്നെ, ഹിപ്പോപ്പൊട്ടാമസിന് സുഹൃത്തുക്കളെയും, അപരിചിതരെയും വേർതിരിച്ചറിയാൻ കഴിയുമെന്ന് ഈ പഠനം സൂചിപ്പിക്കുന്നു. കറന്റ് ബയോളജിയിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്.
 

click me!