ഭാര്യയുടെ കെട്ടുതാലി വിറ്റ് ട്രക്ക് ഡ്രൈവര്‍ പണിതത് ഒരു ഗ്രാമത്തിന്റെ സ്വപ്‌നമായ പാലം!

By Web TeamFirst Published Dec 13, 2022, 6:25 PM IST
Highlights

ഭാര്യയുടെ ആഭരണങ്ങള്‍  വിറ്റു കിട്ടിയ 75,000 രൂപ കൊണ്ട് അയാള്‍ പാലം നിര്‍മാണത്തിനാവശ്യമായ മര ഉരുപ്പടികള്‍ വാങ്ങി.

ഒഡിഷയിലെ റായ്ഗഡ ജില്ലയിലെ ഗുന്‍ജരംപന്‍ജര ഗ്രാമത്തിലാണ് ബിച്‌ല നദി. അതിനക്കരെയാണ് പ്രദേശത്തെ ഏക സര്‍ക്കാര്‍ ആശുപ്രതി സ്ഥിതി ചെയ്യുന്ന കലഹന്ദി ജില്ലാ ആസ്ഥാനം. 100 കുടുംബങ്ങള്‍ താമസിക്കുന്ന ഗുന്‍ജരംപന്‍ജര ഗ്രാമവാസികള്‍ക്ക് ആശുപത്രിയില്‍ പോവണമെങ്കില്‍ നദി മുറിച്ചു കടക്കണം എന്നര്‍ത്ഥം. ആശുപ്രതി മാത്രമല്ല, മറ്റ് അവശ്യ വസ്തുക്കള്‍ക്കും നദി കടന്നു പോവുക മാത്രമാണ് ഗ്രാമവാസികളുടെ മുന്നിലുള്ള വഴി. അതിനാണെങ്കില്‍, പാലം വേണം. എന്നാല്‍, ഇക്കഴിഞ്ഞ കാലം മുഴുവന്‍ ഗ്രാമവാസികള്‍ ആവശ്യം ഉന്നയിച്ചിട്ടും സര്‍ക്കാര്‍ കനിഞ്ഞിട്ടേയില്ല. തെരഞ്ഞെടുപ്പുകള്‍ വരുമ്പോള്‍ സ്ഥാനാര്‍ത്ഥികള്‍ പാലം പണിയുമെന്ന് വാഗ്ദാനം നല്‍കാറുണ്ടെങ്കിലും ജയിച്ചു കഴിഞ്ഞാല്‍, അവരാരും അങ്ങോട്ട് തിരിഞ്ഞു നോക്കാറില്ല എന്നതാണ് വാസ്തവം. 

ഈ സാഹചര്യത്തിലാണ്, 26 വയസ്സു മാത്രമുള്ള ഒരു ട്രക്ക് ഡ്രൈവര്‍ ഒരു തീരുമാനം എടുത്തത്. ഇനി സര്‍ക്കാറിന്റെ സഹായം കാത്തുനിന്നിട്ട് കാര്യമില്ല. പാലം പണിയാന്‍ മറ്റാരും വരില്ല. സ്വയം മുന്നിട്ടിറങ്ങുക തന്നെ. 

അങ്ങനെ രഞ്ജിത് നായക് എന്ന ട്രക്ക് ഡ്രൈവര്‍ അതിനായി മുന്നിട്ടിറങ്ങി. പിതാവിന്റെ സഹായത്തോടെ, മരത്തടികളും മുളകളും കൊണ്ട് ഒരു പാലമുണ്ടാക്കാനായിരുന്നു നായകിന്റെ പദ്ധതി. പണി തുടങ്ങിയപ്പോഴാണ്, പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ മുളകള്‍ ഇതിനാവശ്യമുണ്ട് എന്ന് അയാള്‍ക്ക് മനസ്സിലായത്. അതിനു പണം വേണം. അവസാനം, കുടുംബത്തിന്റെ ഏകസമ്പാദ്യത്തില്‍ അയാള്‍ കൈവെച്ചു-ഭാര്യയുടെ ആഭരണങ്ങള്‍. 

അവ വിറ്റു കിട്ടിയ 75,000 രൂപ കൊണ്ട് അയാള്‍ പാലം നിര്‍മാണത്തിനാവശ്യമായ മര ഉരുപ്പടികള്‍ വാങ്ങി. ജോലിക്കു പോലും പോവാതെ പിതാവിനൊപ്പം നിന്ന് അയാള്‍ പാലം പണിയുക തന്നെ ചെയ്തു. ഇക്കഴിഞ്ഞ മാസം ആ പാലം ജനങ്ങള്‍ക്കായി തുറന്നു കൊടുത്തു. 

പാലം എന്നു പറയുമ്പോള്‍, യാത്രയ്ക്ക് സുഗമമായി ഉപയോഗിക്കാവുന്ന ഒന്നാണ് എന്ന് കരുതേണ്ട. മരത്തടികള്‍ പുഴയില്‍ നാട്ടിയശേഷം മുളകള്‍ അതിനു കുറുകെ വെച്ചുണ്ടാക്കിയ ഒരു പാലമാണത്. ആളുകള്‍ക്ക് അതിലൂടെ അക്കര കടക്കാം. ബൈക്കുകള്‍ക്കും കുറച്ചു കഷ്ടപ്പെട്ടാല്‍ അതുവഴി പോവാനാവും. എങ്കിലും രോഗം കലശലാവുന്ന മനുഷ്യരെ ആശുപത്രിയിലേക്ക് എത്തിക്കാനും അക്കരെയുള്ള ചെറുപട്ടണത്തില്‍ ചെന്ന് അവശ്യ വസ്തുക്കള്‍ വാങ്ങാനും അതു മതിയാവും. 

''നിവൃത്തിയില്ലാത്ത അവസ്ഥയായിരുന്നു. ഓരോ തെരഞ്ഞെടുപ്പിലും രാഷ്ട്രീയക്കാര്‍ ഞങ്ങളെ പറ്റിക്കുകയായിരുന്നു. സര്‍ക്കാറാണെങ്കില്‍ തിരിഞ്ഞു നോക്കാറില്ല. പ്രസവവേദന വന്ന ഗര്‍ഭിണികളടക്കം ആശുപത്രിയില്‍ പോവാന്‍ വഴിയില്ലാതെ കുഴങ്ങുകയാണ്. വലിയ നദിയൊന്നുമല്ല ഇത്. പക്ഷേ, ഒഴുക്ക് വളരെ കൂടുതലാണ്. പുഴ മുറിച്ചു കടക്കുന്നവര്‍ ഒഴുകിപ്പോവുന്ന സംഭവങ്ങള്‍ പലവട്ടം നടന്നു. ഒരുപാട് ബൈക്കുകള്‍ ഒഴുകിപ്പോയി. ആളുകള്‍ അപകടത്തില്‍ മരിച്ചു. എന്നിട്ടും പ്രശ്‌നം അങ്ങനെ തന്നെ കിടന്നു. അതാണ്, ഭാര്യയുടെ കെട്ടുതാലി വിറ്റാണെങ്കിലും പാലമുണ്ടാക്കണമെന്ന് ഞാന്‍ ഉറപ്പിച്ചത്. ജൂണ്‍ മാസമാണ് പണി ആരംഭിച്ചത്. അച്ഛന്‍ എന്നെ സഹായിക്കാന്‍ കൂടെ നിന്നു. പണികള്‍ക്ക് സമീപവാസികളും സഹായിച്ചു. നവംബറില്‍ പണി തീര്‍ത്തു. ഇനി ഞങ്ങള്‍ക്ക് അടുത്തുള്ള കലഹന്ദി, നബരങ്പൂര്‍ ജില്ലകളില്‍ പോവാന്‍ ബുദ്ധിമുട്ടുണ്ടാവില്ല.'-നായക് പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. 

കെട്ടുതാലിവെച്ച് പാലം പണിത സംഭവത്തെക്കുറിച്ച് ജില്ലാ അധികൃതരോട് വിശദീകരണം തേടിയെങ്കിലും ജില്ലാ കലക്ടര്‍ അടക്കം പ്രതികരിക്കാന്‍ വിസമ്മതിച്ചു. വിദൂര ഗ്രാമങ്ങളില്‍ പാലം പണിയാനുള്ള സര്‍ക്കാര്‍ പദ്ധതികള്‍ ഒഡിഷയില്‍ നിലവിലുണ്ടെങ്കിലും രാഷ്ട്രീയക്കാരുടെ താല്‍പ്പര്യങ്ങള്‍ക്ക് അനുസരിച്ച്, അവര്‍ക്കിഷ്ടമുള്ള സ്ഥലങ്ങളിലേ പാലം അനുവദിക്കാറുള്ളൂ എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 
 

click me!