ആ രഹസ്യം വെളിപ്പെടുന്നു; എലിയറ്റ് തന്‍റെ പ്രിയകൂട്ടുകാരിക്കയച്ച കത്തുകള്‍ 60 വര്‍ഷങ്ങള്‍ക്കുശേഷം ലോകത്തിന് മുന്നിലേക്ക്...

Published : Jan 02, 2020, 02:33 PM IST
ആ രഹസ്യം വെളിപ്പെടുന്നു; എലിയറ്റ് തന്‍റെ പ്രിയകൂട്ടുകാരിക്കയച്ച കത്തുകള്‍ 60 വര്‍ഷങ്ങള്‍ക്കുശേഷം ലോകത്തിന് മുന്നിലേക്ക്...

Synopsis

കാംബ്രിഡ്‍ജില്‍ വെച്ചാണ് എലിയറ്റും ഹേലും കണ്ടുമുട്ടുന്നത്. അവരുടെ സൗഹൃദം ശക്തമാകുന്നത് 1927 -ലാണ്. ആ സമയത്ത് എലിയറ്റ് ഇംഗ്ലണ്ടിലേക്ക് മാറിയിരുന്നു. ബോസ്റ്റണില്‍ നിന്നുള്ളയാളായിരുന്നു ഹേല്‍. 

നൊബേല്‍ പുരസ്‍കാര ജേതാവും എഴുത്തുകാരനുമായ ടി എസ് എലിയറ്റ് തന്‍റെ കൂട്ടുകാരിക്ക് അയച്ച കത്തുകള്‍ ഒടുവില്‍ ലോകത്തിന് മുന്നില്‍ വെളിപ്പെടുന്നു. 60 വര്‍ഷമായി യു എസ് യൂണിവേഴ്‍സിറ്റി ലൈബ്രറിയില്‍ അടച്ച ബോക്സുകളില്‍ സൂക്ഷിച്ചതിനുശേഷമാണ് എലിയറ്റ് കൂട്ടുകാരിയും അതിനപ്പുറം തന്‍റെ കാവ്യദേവതയുമായിക്കണ്ട എമിലി ഹേലിനയച്ച ആയിരത്തിലധികം കത്തുകള്‍ ഈ ആഴ്‍ച പുറത്തുവിടുന്നത്. 

പതിറ്റാണ്ടുകളോളം അവര്‍ പരസ്‍പരം എഴുതിയിരുന്നു. കവിയുടെ സ്വകാര്യജീവിതത്തിലും എഴുത്തിലും ശക്തമായ സ്വാധീനം ചെലുത്തിയ വനിതയായിരുന്നു ഹേല്‍. 1930 മുതല്‍ 1956 വരെയുള്ള ആയിരത്തിലധികം കത്തുകളാണ് ഹേല്‍, പ്രിന്‍സ്റ്റണ്‍ യൂണിവേഴ്‍സിറ്റി ലൈബ്രറിയിലേക്ക് കൈമാറിയിരുന്നത്. എന്നാല്‍, ഒരു നിര്‍ദ്ദേശം വച്ചിരുന്നു, തന്‍റെയോ എലിയറ്റിന്‍റെയോ ആരുടെ മരണമാണോ അവസാനം നടക്കുന്നത് അതിന് 50 വര്‍ഷങ്ങള്‍ക്ക് ശേഷം മാത്രമേ ആ കത്തുകള്‍ പുറത്തുവിടാവൂ എന്നായിരുന്നു നിര്‍ദ്ദേശം. 1965 -ലാണ് എലിയറ്റ് മരിക്കുന്നത്. 1969 -ല്‍ ഹേലും മരിച്ചു. ഇരുവരും മരിച്ചിട്ടും 50 വര്‍ഷത്തോളം അവ കരാര്‍ പ്രകാരം തുറക്കപ്പെടാതെ കിടന്നു. 

കാംബ്രിഡ്‍ജില്‍ വെച്ചാണ് എലിയറ്റും ഹേലും കണ്ടുമുട്ടുന്നത്. അവരുടെ സൗഹൃദം ശക്തമാകുന്നത് 1927 -ലാണ്. ആ സമയത്ത് എലിയറ്റ് ഇംഗ്ലണ്ടിലേക്ക് മാറിയിരുന്നു. ബോസ്റ്റണില്‍ നിന്നുള്ളയാളായിരുന്നു ഹേല്‍. അവര്‍ കാലിഫോര്‍ണിയയിലെ കോളേജുകളടക്കം യു എസ് യൂണിവേഴ്‍സിറ്റികളില്‍ നാടകം പഠിപ്പിക്കുകയായിരുന്നു. ജീവചരിത്രകാരന്മാർ പറയുന്നതനുസരിച്ച് ഹേലിന്റെ കത്തുകൾ കത്തിക്കാൻ എലിയറ്റ് ഉത്തരവിട്ടിരുന്നു. 

 

ഏതായാലും ഇപ്പോളാ കത്തുകള്‍ പുറത്തുവരുന്നത് ഈ ദശകത്തിലെ ഏറ്റവും പ്രധാനപ്പെട്ട സാഹിത്യസംഭവമാണെന്ന് കരുതുന്നുവെന്നാണ് എലിയറ്റിനെ കുറിച്ച് പഠിക്കുന്ന, ടി എസ് എലിയറ്റ് ഇന്‍റര്‍നാഷണല്‍ സമ്മര്‍ സ്‍കൂള്‍ ഡയറക്ടറുമായ ആന്‍റണി ക്യൂഡ പറഞ്ഞത്. ഇതില്‍ക്കൂടുതല്‍ കാത്തിരിക്കുന്നതോ പ്രാധാന്യമുള്ളതോ ആയ എന്തെങ്കിലും ഒന്ന് സാഹിത്യത്തില്‍ എനിക്കറിയില്ലെന്നും ഇപ്പോള്‍ പുറത്തുവന്ന അക്ഷരങ്ങള്‍ അത്രയേറെ പ്രാധാന്യമുള്ളതാണെന്നും കൂടി അദ്ദേഹം പറഞ്ഞു. എലിയറ്റും ഹേലും തമ്മില്‍ വളരെ അടുപ്പമുണ്ടായിരുന്നു. അവിശ്വസനീയമാംവിധം പ്രാധാന്യമര്‍ഹിക്കുന്നുണ്ട് ആ ബന്ധം. 

മിസൗറിയിലെ സെന്‍റ്. ലൂയിസില്‍ 1888 -ലാണ് എലിയറ്റ് ജനിക്കുന്നത്. The Waste Land, The Hollow Men, Four Quartets എന്നിവയാണ് അദ്ദേഹത്തിന്‍റെ പ്രധാനകൃതികള്‍. ആദ്യവിവാഹബന്ധത്തിലുണ്ടായ തകര്‍ച്ചയ്ക്ക് ശേഷമാണ് അദ്ദേഹം ഹേലിന് നിരന്തരം കത്തുകളെഴുതിത്തുടങ്ങിയത്. ക്വാര്‍ടെറ്റ്സ് സീരീസിലെ ആദ്യ നാല് കവിതകള്‍ക്ക് Burnt Norton എന്ന പേര് വന്നത് ഹേലുമൊത്ത് ഇംഗ്ലണ്ടിലെ  ഒരു ഭവനം സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ടാണ് എന്ന് ഗവേഷകര്‍ ചൂണ്ടിക്കാണിച്ചിരുന്നു. നഷ്‍ടപ്പെട്ട അവസരങ്ങളെ കുറിക്കുന്നതായിരുന്നു എലിയറ്റിന്‍റെ ഈ കവിതകളിലെ വരികള്‍. എലിയറ്റ് തന്റെ രണ്ടാമത്തെ ഭാര്യയായ വലേരി ഫ്ലെച്ചറിനെ വിവാഹം കഴിക്കുന്നത് 1957 -ലാണ്.

എലിയറ്റിനെ കുറിച്ച് പഠിക്കുകയും എലിയറ്റിന്‍റെ സമ്പൂര്‍ണ കൃതികളുടെ എഡിറ്ററുമായിരുന്ന ഫ്രാന്‍സസ് ഡിക്കേ പറയുന്നത് എലിയറ്റ് തന്‍റെ ആദ്യവിവാഹത്തില്‍ അപമാനിതനായി കാണപ്പെട്ടിരുന്നുവെന്നാണ്. ഹേലിനെഴുതിയ കത്തുകളിലാവട്ടെ അദ്ദേഹവും ഹേലും എത്രമാത്രം അടുപ്പത്തിലായിരുന്നുവെന്ന് വ്യക്തമായിരുന്നു. അദ്ദേഹത്തെ യു എസ്സുമായി വിളക്കിച്ചേര്‍ക്കുന്ന കണ്ണിയായിരുന്നു ഹേലെന്നും വ്യക്തമാണ്. എലിയറ്റിന്‍റെ കത്തുകളിലെന്തൊക്കെയാണുള്ളതെന്ന് പൂര്‍ണമായും വ്യക്തമല്ലെങ്കിലും തന്‍റെ ചിന്തകള്‍, സഹ എഴുത്തുകാരെക്കുറിച്ചുള്ള വിവരങ്ങള്‍, വായനക്കാരനെന്ന നിലയിലുള്ള തന്‍റെ അഭിപ്രായങ്ങള്‍ എന്നിവയെല്ലാം അദ്ദേഹം തന്‍റെ പ്രിയ കൂട്ടുകാരിക്കെഴുതിയ കത്തില്‍ പങ്കുവെച്ചിട്ടുള്ളതായി കരുതപ്പെടുന്നു. 

ഏതായാലും ലോകമെമ്പാടുമുള്ള എലിയറ്റ് ഗവേഷകരും, എലിയറ്റിനെയും അദ്ദേഹത്തിന്‍റെ കവിതകളെയും സ്നേഹിക്കുന്നവരും സാഹിത്യ തല്‍പരരും ആ കത്തുകളെ കുറിച്ച് കൂടുതലറിയാനായി കാത്തിരിക്കുകയാണ്. 


 

PREV
click me!

Recommended Stories

കാച്ചിൽ; വലിയ മുതൽമുടക്കില്ല, വിളവും കുടുതൽ
നിശ്ചയിച്ച് ഉറപ്പിച്ച വിവാഹം മുടങ്ങി, പിന്നാലെ എഐയെ വിവാഹം ചെയ്ത് യുവതി; പങ്കാളിക്ക് മുന്‍വിധികളില്ലെന്ന് വെളിപ്പെടുത്തൽ