'ഞാന്‍ ഒരു ബംഗ്ലാദേശി മുസ്‍ലിം ആണ്, സ്വവര്‍ഗ്ഗാനുരാഗി ആണ്, എന്തുകൊണ്ട് ഞാന്‍ പൗരത്വ നിയമ ഭേദഗതിയെ എതിര്‍ക്കുന്നു...'

By Web TeamFirst Published Jan 2, 2020, 11:30 AM IST
Highlights

കൊൽക്കത്തയിലെ ഒരു സ്വവർഗ്ഗാനുരാഗിയായ സുഹൃത്തിന്‍റെ അടുത്തേക്കാണ് ഞാൻ വന്നത്. 1971 -ലെ വിമോചന യുദ്ധത്തിൽ കൊൽക്കത്ത, ബംഗ്ലാദേശി ബുദ്ധിജീവികൾക്കും, രാഷ്ട്രീയ നേതാക്കൾക്കും അഭയം കൊടുത്തിരുന്നല്ലോ! 

പൗരത്വ നിയമ ഭേദഗതിയുടെ പേരിൽ ഇന്ത്യയിലാകെ പ്രതിഷേധങ്ങള്‍ നടക്കുകയാണ്. മുസ്ലിം ഭൂരിപക്ഷമുള്ള അയൽരാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്ന മുസ്ലിമുകൾക്ക് എന്തിനാണ് നമ്മൾ അഭയം നൽകുന്നതെന്ന് ചിന്തിക്കുന്നവരോട് റഷീൽ അഹമ്മദ്ദിന് പറയാൻ ഒരു കഥയുണ്ട്. ഒരു ബംഗ്ലാദേശി മുസ്ലിമായ അദ്ദേഹത്തിന് ജീവഭയം മൂലം ഒറ്റരാത്രികൊണ്ട് സ്വന്തം നാട്ടിൽ നിന്ന് ഇന്ത്യയിലേക്ക് പലായനം ചെയ്യേണ്ടി വന്നതിന്‍റെ കഥ.

'' ഞാൻ ഒരു ബംഗ്ലാദേശിയും മുസ്ലീം സ്വവർഗ്ഗാനുരാഗിയുമാണ്. എനിക്ക് പലപ്പോഴും മതപരമായ അതിക്രമണങ്ങളെ നേരിടേണ്ടിവന്നിട്ടുണ്ട്. 2016 -ൽ ഞാൻ ഇന്ത്യയിലേക്ക് പലായനം ചെയ്യുകയായിരുന്നു. ഇപ്പോഴും ഞാൻ ഇന്ത്യയിൽ ഉണ്ടെന്ന് ഭാരതീയ ജനതാപാർട്ടിയോടും അതിന്റെ പ്രസിഡന്റ് അമിത് ഷായോടും പറയാൻ ഞാൻ ആഗ്രഹിക്കുന്നു. എല്ലാ മുസ്‌ലിംകളെയും അടിച്ചമർത്തുന്നതിനായി അവർ നിയമ നിർമ്മാണം കൊണ്ടുവന്നത് അതിരുകടന്നതും, ഇന്ത്യയിലെ അഭയാർതഥികളായ ആളുകളെ ഭയപ്പെടുത്തുന്നതുമാണ്. 2016 -ലാണ് എനിക്ക് അത്തരമൊരനുഭവം ആദ്യമായി ഉണ്ടായത്. എന്നാൽ, ഈ വർഷം ബിജെപി ഒരു പടി കൂടി മുന്നോട്ട് പോയിരിക്കുന്നു. പൗരത്വ ഭേദഗതി നിയമം പാസാക്കുന്നത്തിലൂടെ ഇന്ത്യയെ ഹിന്ദുത്വ രാഷ്ട്രമാക്കി മാറ്റുകയാണ് ബിജെപി സർക്കാർ ചെയ്യുന്നത്. ഇതിനായി മുസ്‌ലിംകളെ അവരുടെ ചരിത്രത്തിനിന്ന്, സംസ്‍കാരത്തിൽനിന്ന് മാറ്റിനിർത്തുന്നു.

ബംഗ്ലാദേശിലെ ഭൂരിപക്ഷ മുസ്‌ലിം വിഭാഗമായ സുന്നിയിലാണ് ഞാൻ ജനിച്ചതെങ്കിലും, 2016 -ൽ ഭരണകൂട പീഡനത്തെയും ആളുകളുടെ  ആക്രമണത്തെയും ഭയന്ന് ഒരു രാത്രിയിൽ ബംഗ്ലാദേശ് വിടാൻ ഞാൻ തീരുമാനിക്കുകയായിരുന്നു. എന്റെ കുറ്റകൃത്യം ഒരു എൽജിബിടിയുമായുള്ള എന്‍റെ ഇടപെടലും അവരുടെ രൂപാബാൻ എന്ന മാസികയിൽ ഞാൻ എഡിറ്ററായി ജോലി നോക്കിയതുമാണ്. ബംഗ്ലാദേശിൽ, പീനൽ കോഡ് സെക്ഷൻ 377 പ്രകാരം സ്വവർഗരതി ഒരു ക്രിമിനൽ കുറ്റമാണ്.

 

2016 -ൽ തീവ്രവാദികൾ, അനവധി ബ്ലോഗർമാരെയും, എഴുത്തുകാരെയും, രാഷ്ട്രീയ പ്രവർത്തകരെയും, നിരീശ്വരവാദികളെയും കൊന്നൊടുക്കിയപ്പോൾ സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമായി. മുൻ‌നിര എൽ‌ജിബിടി പ്രവർത്തകർക്കെതിരായി ഓൺലൈനിലും അല്ലാതെയും ഭീഷണികൾ ഉയരുകയും, ഞങ്ങളുടെ ചില സന്നദ്ധ പ്രവർത്തകരെയും ഒരു സഹ സംഘാടകനെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്‍തിരുന്നു. അങ്ങനെ 2016 ഏപ്രിലിൽ ഞാൻ താൽക്കാലികമായി ഇന്ത്യയിലേക്ക് മാറാൻ തീരുമാനിച്ചു.

കൊൽക്കത്തയിലെ ഒരു സ്വവർഗ്ഗാനുരാഗിയായ സുഹൃത്തിന്‍റെ അടുത്തേക്കാണ് ഞാൻ വന്നത്. 1971 -ലെ വിമോചന യുദ്ധത്തിൽ കൊൽക്കത്ത, ബംഗ്ലാദേശി ബുദ്ധിജീവികൾക്കും, രാഷ്ട്രീയ നേതാക്കൾക്കും അഭയം കൊടുത്തിരുന്നല്ലോ! വന്നതിന്റെ നാലാംദിവസം ഞാൻ കോളേജ് സ്ട്രീറ്റിലെ സെക്കൻഡ് ഹാൻഡ് പുസ്തക വിപണിയിലൂടെ നടക്കുമ്പോഴാണ് എന്റെ സുഹൃത്ത് സുൽഹാസ് എന്നെ വിളിച്ച് ആ കാര്യം പറയുന്നത്. രൂപബാന്‍റെ പ്രസാധകനായ മന്നനെ അദ്ദേഹത്തിന്‍റെ അപ്പാർട്ട്മെന്‍റിൽ വച്ച് ആരോ ആക്രമിച്ചിരിക്കുന്നു. വാർത്ത കേട്ട് ആകെ തകർന്നുപോയ എന്നെത്തേടി അധികം താമസിയാതെ രണ്ടാമത്തെ കോളും വന്നു. സുൽഹാസ് മന്നാനെയും, മറ്റൊരു സ്വവർഗ്ഗാനുരാഗിയായ സുഹൃത്ത് മഹ്ബൂബ് ടോനോനെയും ഒരുമിച്ച് വെട്ടിക്കൊലപ്പെടുത്തിയിരിക്കുന്നു.

 

അധികം താമസിയാതെ, അൽ-ക്വൊയ്‍ദ ഈ കൊലപാതകങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുന്നോട്ടുവന്നു. 70 വയസ്സിനു മുകളിലുള്ള അദ്ദേഹത്തിന്റെ അമ്മയുടെ മുന്നിലിട്ടാണ് സുൽഹാസിനെയും സുഹൃത്തിനെയും അവർ കൊലപ്പെടുത്തിയത്. അവരുടെ കുറ്റമായി കൊലയാളികള്‍ പറഞ്ഞത് ബംഗ്ലാദേശിൽ സ്വവർഗരതി പ്രോത്സാഹിപ്പിക്കുന്നു എന്നതായിരുന്നു.

സംഭവത്തിന്റെ ഞെട്ടലിൽനിന്ന് പുറത്തു വന്നപ്പോൾ എന്‍റെ ഇന്ത്യൻ സുഹൃത്തുക്കൾ എനിക്കായി ഇന്ത്യയില്‍ പൗരത്വത്തിനായുള്ള വഴികൾ തേടാൻ ആരംഭിച്ചു. ഇന്ത്യയിൽ പാക്കിസ്ഥാനിലെയും ബംഗ്ലാദേശിലെയും മുസ്ലീം പൗരന്മാർക്ക് ഒരു തരത്തിലുള്ള നിയമ പരിരക്ഷയും ലഭിക്കില്ലെന്ന് ഞങ്ങൾ കണ്ടെത്തി. കരിഞ്ചന്തയിൽ ഇന്ത്യൻ പൗരത്വം ലഭിക്കുന്നതെങ്ങനെ എന്നും ഞങ്ങൾ മനസ്സിലാക്കി. 

അപ്പോഴേക്കും എന്‍റെ വിസയുടെ കാലാവധി തീരാരായിരുന്നു. ഗുരുതരമായ ആരോഗ്യ പ്രശ്‍നങ്ങൾ ഉള്ളവർക്കു മാത്രമേ ടൂറിസ്റ്റ് വിസ ഇന്ത്യയിൽ പുതുക്കാനാവൂ. എന്‍റെ ടൂറിസ്റ്റ് വിസയെ സ്റ്റുഡന്‍റ് വിസയായി പരിവർത്തനം ചെയ്‍താൽ എനിക്ക് കുറച്ച് മാസങ്ങൾ കൂടി ഇന്ത്യയിൽ തുടരാനാകുമെന്ന് ഞങ്ങൾ കണ്ടെത്തി. അങ്ങനെ ഞാൻ അപേക്ഷിച്ചു. ഇത് അംഗീകരിക്കപ്പെട്ടപ്പോൾ തത്കാലം ഒരു ആശ്വാസമായി. എന്നാൽ, ദീർഘകാലാടിസ്ഥാനത്തിൽ ഇന്ത്യയിൽ അഭയം പ്രാപിക്കാൻ കഴിയില്ല എന്നും, പൗരത്വം ലഭിക്കാനുള്ള സാധ്യത മങ്ങിയതാണെന്നും എനിക്കറിയാം. സ്വന്തം രാജ്യത്തേക്ക് തിരിച്ചുപോകാൻ കഴിയാതെ, അഭയം തന്ന രാജ്യത്തുനിന്നും ഏത് നിമിഷവും പുറത്താക്കപ്പെടാം എന്ന ഭീതിയിൽ കഴിയുന്ന എന്നെപ്പോലുള്ള അഭയാർത്ഥികൾക്ക് പറയാനുണ്ടാവുക ഇതുപോലെയുള്ള അനേകം കഥകളായിരിക്കും.

(റഷീൽ അഹമ്മദ്ദ് എഴുതിയ ലേഖനത്തിലെ പ്രസക്ത ഭാഗങ്ങളാണ് ഇത്. ഇന്ത്യ എന്നും ജാതിക്കും, മതത്തിനും അപ്പുറം മനുഷ്യമനസ്സുകളെ ചേർത്തുപിടിച്ചിട്ടുള്ള ഒരു രാജ്യമാണ്. ഒരു പക്ഷെ ലോകത്തിന്റെ മുൻപിൽ ഇന്ത്യയെ മഹത്തരമാക്കുന്നതും അതുതന്നെയായിരിക്കും. എന്നാൽ, ഇന്ന് രാജ്യത്ത് നടക്കുന്ന സംഭവവികാസങ്ങൾ ഇതിനെ വെല്ലുവിളിക്കുന്നതാണ്. ഏതായാലുമിപ്പോള്‍ റഷീൽ അഹമ്മദ്ദിനെ പോലുള്ള  ഒരുപാട്പേർ ഭീതിയുടെ നിഴലിൽ കഴിയുകയാണ്. അവരുടെയൊക്കെ ഭാവി എന്താകുമെന്ന് കണ്ടുതന്നെ അറിയണം.) 

(കടപ്പാട്: സ്ക്രോള്‍) 

click me!