പാക്കിസ്ഥാനിൽ ക്ഷയരോഗം ബാധിച്ച ആനകൾക്ക് മനുഷ്യമരുന്ന് നൽകാൻ ആരോഗ്യവിദഗ്ദർ

Published : May 23, 2025, 12:57 PM IST
പാക്കിസ്ഥാനിൽ ക്ഷയരോഗം ബാധിച്ച ആനകൾക്ക് മനുഷ്യമരുന്ന് നൽകാൻ ആരോഗ്യവിദഗ്ദർ

Synopsis

2009 -ലാണ് ടാൻസാനിയയിൽ നിന്നും നാല് ആഫ്രിക്കൻ ആനകളെ കറാച്ചിയിൽ എത്തിച്ചത്. 2023 ൽ 17 വയസ്സുള്ളപ്പോൾ അതിൽ നൂർ ജഹാൻ എന്ന് വിളിപ്പേരുള്ള ആന ചെരിഞ്ഞു.

പാക്കിസ്ഥാനിൽ ആനകൾക്കിടയിൽ ക്ഷയരോഗം വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ട് തുടങ്ങിയതോടെ ആനകൾക്കായി പുതിയ ചികിത്സാ മാർഗ്ഗം വികസിപ്പിച്ചെടുത്തിരിക്കുകയാണ് ഡോക്ടർമാരുടെയും മൃഗഡോക്ടർമാരുടെയും സംഘം. ക്ഷയരോഗം ബാധിച്ച ആനകൾക്ക് ഒരു ദിവസം കുറഞ്ഞത് 400 ഗുളികകൾ നൽകുന്ന  ചികിത്സാരീതിയാണ് ഇപ്പോൾ പരീക്ഷിച്ചു വരുന്നത്. ക്ഷയരോഗബാധിതരായ മനുഷ്യർക്ക് നൽകുന്ന മരുന്നു തന്നെയാണ് ആനകൾക്കും നൽകുന്നത്. എന്നാൽ, ഇതിൻറെ ഡോസിലും നൽകുന്ന രീതിയിലും വ്യത്യാസമുണ്ടെന്ന് മാത്രം. 

ആനകൾക്ക് കഴിക്കുന്ന ഭക്ഷണസാധനങ്ങളിൽ പ്രത്യേകിച്ച് മധുരപലഹാരങ്ങളിൽ ഒളിപ്പിച്ചു വെച്ചാണ് ഗുളികകൾ നൽകുന്നത്. കറാച്ചി സഫാരി പാർക്കിലെ ജീവനക്കാരാണ് ഈ നൂതന പരീക്ഷണത്തിന് പിന്നിൽ. ആനകളുടെ ശരീരഭാരം കണക്കിലെടുത്താണ് മരുന്നിന്റെ അളവ് ക്രമീകരിക്കുന്നത്. കറാച്ചി സഫാരി പാർക്കിലെ ക്ഷയരോഗ ബാധിതരായ മധുബാല, മാലിക എന്നീ രണ്ട് ആനകൾക്കാണ് ഇപ്പോൾ ഈ ചികിത്സാരീതി നൽകി വരുന്നത്. ആദ്യ ദിവസങ്ങളിൽ കൈപ്പേറിയ മരുന്ന് രുചിച്ച ആനകൾ അവ തുപ്പിക്കളഞ്ഞെങ്കിലും ഇപ്പോൾ മധുര പലഹാരങ്ങളിലും പഴങ്ങളിലും ഒളിപ്പിച്ചു നൽകുന്ന മരുന്ന് അവ കഴിക്കുന്നുണ്ടെന്നാണ് സഫാരി പാർക്കിലെ ജീവനക്കാർ പറയുന്നത്.

ടിബി ബാധിതരായ ആനകളെ ചികിത്സിക്കുന്നത് ഏറെ വെല്ലുവിളി നിറഞ്ഞ കാര്യമാണെന്നാണ് ചികിത്സയ്ക്ക് മേൽനോട്ടം വഹിക്കുന്ന ശ്രീലങ്കൻ വെറ്റിനറി സർജൻ ബുദ്ധിക ബണ്ഡാര പറയുന്നത്. അതുകൊണ്ടുതന്നെ ഓരോ ദിവസവും വ്യത്യസ്ത രീതികൾ പരീക്ഷിക്കേണ്ട അവസ്ഥയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്ഷയരോഗത്തിനുള്ള മനുഷ്യരുടെ മരുന്നുകൾ ആനകൾക്ക് നൽകിക്കൊണ്ടുള്ള ഈ ചികിത്സാരീതിയിലൂടെ ശ്രീലങ്കയിൽ ഒരു ഡസനിൽ അധികം ആനകളെ ക്ഷയരോഗത്തിൽ നിന്നും രക്ഷിച്ചതായും അദ്ദേഹം വ്യക്തമാക്കി.

2009 -ലാണ് ടാൻസാനിയയിൽ നിന്നും നാല് ആഫ്രിക്കൻ ആനകളെ കറാച്ചിയിൽ എത്തിച്ചത്. 2023 ൽ 17 വയസ്സുള്ളപ്പോൾ അതിൽ നൂർ ജഹാൻ എന്ന് വിളിപ്പേരുള്ള ആന ചെരിഞ്ഞു. തുടർന്ന് 2024 അവസാനത്തോടെ സോണിയ എന്ന മറ്റൊരു ആനയും ചെരിഞ്ഞു. പോസ്റ്റ്മോർട്ടത്തിൽ രണ്ട് ആനകൾക്കും ക്ഷയരോഗം ബാധിച്ചാണ് മരണം സംഭവിച്ചത് എന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് നാല് ആനകളിൽ ശേഷിക്കുന്ന രണ്ട് ആനകളായ മധുബാലയിലും മാലികയിലും നടത്തിയ പരിശോധനയിലും വൈറസ് ബാധ സ്ഥിരീകരിക്കുകയായിരുന്നു. 

മൃഗങ്ങളോടുള്ള മോശമായ പെരുമാറ്റത്തിന് കറാച്ചി സഫാരി പാർക്ക് വളരെക്കാലമായി വിമർശിക്കപ്പെട്ടിട്ടുണ്ട്, എന്നാൽ ഒരു വർഷം നീണ്ടുനിൽക്കുന്ന ചികിത്സാ പദ്ധതിയിലൂടെ തങ്ങളുടെ അവസാനത്തെ രണ്ട് ആനകളെ രക്ഷപ്പെടുത്തി വിമർശനങ്ങളെ നേരിടാനാണ് സഫാരി പാർക്ക് ലക്ഷ്യമിടുന്നത്.

(ചിത്രം പ്രതീകാത്മകം)

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

ഇവിടെ വൈദ്യുതിയും ശുദ്ധവായുവും വരെ ആഡംബരം; വിദേശത്ത് നിന്നും നാട്ടിലേക്ക് തിരിച്ചെത്തിയ യുവാവിന്റെ കുറിപ്പ്
അമ്മയുടെ അന്ത്യകർമ്മങ്ങൾക്കിടയിലെ വേദനിപ്പിക്കുന്ന ആ നിമിഷം, 160 -ൽ നിന്നും 85 കിലോയിലേക്ക്, യുവാവിന്‍റെ യാത്രയുടെ തുടക്കമിങ്ങനെ