Sedef Kabas: പഴ‍ഞ്ചൊല്ല് പറഞ്ഞു, തുർക്കിയിൽ മാധ്യമപ്രവർത്തക തടവില്‍, പ്രസിഡണ്ടിനെ അപമാനിച്ചുവെന്ന് ആരോപണം

By Web TeamFirst Published Jan 24, 2022, 10:38 AM IST
Highlights

കോടതിയില്‍ പ്രസിഡന്‍റിനെ അപമാനിച്ചു എന്നത് കബാസ് നിഷേധിച്ചു. അത്തരം ഉദ്ദ്യേശമൊന്നും തനിക്കില്ലായിരുന്നു എന്നും അവര്‍ പറഞ്ഞു. കബാസിന്റെ അറസ്റ്റിനെ ടെലി1 ചാനലിന്റെ എഡിറ്റർ മെർദാൻ യാനാർദാഗ് വിമർശിച്ചു. 

തുർക്കിയിൽ രാജ്യത്തെ പ്രസിഡന്റിനെ അപമാനിച്ചെന്നാരോപിച്ച് മാധ്യമ പ്രവർത്തക(Journalist) തടവിൽ. പ്രശസ്ത മാധ്യമപ്രവർത്തക സെദെഫ് കബാസി(Sedef Kabas)നെയാണ് തുർക്കി കോടതി തടവിലാക്കിയിരിക്കുന്നത്. ശനിയാഴ്ച ഇസ്താംബുളിൽ വെച്ച് കബാസിനെ അറസ്റ്റ് ചെയ്യുകയും വിചാരണയ്ക്ക് മുന്നോടിയായി അവരെ ജയിലിലടയ്ക്കാൻ കോടതി ഉത്തരവിടുകയും ചെയ്തു. 

പ്രതിപക്ഷവുമായി ബന്ധപ്പെട്ട ടിവി ചാനലിൽ തത്സമയ പരിപാടിയില്‍ കബാസ് ഉദ്ധരിച്ച പഴഞ്ചൊല്ല്(Proverb) പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗനെ ലക്ഷ്യം വച്ചുവെന്നാണ് ആരോപണം. എന്നാല്‍, കബാസ് ഇത് നിഷേധിച്ചു. ഒരു വർഷം മുതൽ നാല് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് മാധ്യമപ്രവർത്തകയ്ക്ക് നേരെ ചുമത്തിയിരിക്കുന്നത്.

"കിരീടമണിഞ്ഞ ശിരസ്സ് ജ്ഞാനിയുടെതാകുമെന്ന് വളരെ പ്രശസ്തമായ ഒരു പഴഞ്ചൊല്ലുണ്ട്. പക്ഷേ, അത് ശരിയല്ലെന്ന് ഞങ്ങൾ കാണുന്നു. കൊട്ടാരത്തിൽ കയറിയാൽ മാത്രം കാള രാജാവാകില്ല, കൊട്ടാരം കളപ്പുരയാകും" എന്നാണ് ടെലി 1 ചാനലിൽ അവര്‍ പറഞ്ഞത്. പിന്നീട്, ഇതേ വാക്കുകള്‍ അവര്‍ ട്വീറ്റ് ചെയ്യുകയും ചെയ്‍തു. എർദോഗന്റെ മുഖ്യ വക്താവ് ഫഹ്‌റെറ്റിൻ ആൾട്ടൂൺ അവരുടെ അഭിപ്രായങ്ങളെ നിരുത്തരവാദപരം എന്ന് വിശേഷിപ്പിച്ചു. 

വിദ്വേഷം പരത്തുക എന്നതല്ലാതെ മറ്റൊരു ലക്ഷ്യവുമില്ലാത്ത ഒരു ടെലിവിഷൻ ചാനലിൽ മാധ്യമപ്രവർത്തക എന്ന് വിളിക്കപ്പെടുന്ന ഒരാൾ നമ്മുടെ പ്രസിഡന്റിനെ നഗ്നമായി അപമാനിക്കുകയാണെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. എന്നാല്‍, കോടതിയില്‍ പ്രസിഡന്‍റിനെ അപമാനിച്ചു എന്നത് കബാസ് നിഷേധിച്ചു. അത്തരം ഉദ്ദ്യേശമൊന്നും തനിക്കില്ലായിരുന്നു എന്നും അവര്‍ പറഞ്ഞു. കബാസിന്റെ അറസ്റ്റിനെ ടെലി1 ചാനലിന്റെ എഡിറ്റർ മെർദാൻ യാനാർദാഗ് വിമർശിച്ചു. 

"ഒരു പഴഞ്ചൊല്ലിന്റെ പേരിൽ രാത്രി രണ്ട് മണിക്ക് അവരെ തടങ്കലിൽ വച്ചുവെന്നത് അംഗീകരിക്കാനാവില്ല" അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തകരെയും മാധ്യമങ്ങളെയും സമൂഹത്തെയും ഭയപ്പെടുത്താനുള്ള ശ്രമമാണ് ഈ നിലപാട് എന്നും അദ്ദേഹം ആരോപിച്ചു. 

2014 ഓഗസ്റ്റിൽ നേരിട്ട് തെരഞ്ഞെടുക്കപ്പെട്ട രാജ്യത്തെ ആദ്യത്തെ പ്രസിഡന്റാകുന്നതിന് മുമ്പ് 11 വര്‍ഷം എർദോഗൻ പ്രധാനമന്ത്രിയായിരുന്നു. വിമർശകരെ അദ്ദേഹം നിശബ്ദമാക്കുന്നത് യൂറോപ്യൻ യൂണിയനിലെ രാജ്യങ്ങളിൽ ആശങ്ക സൃഷ്ടിച്ചു. ഇത് യൂറോപ്യൻ യൂണിയനുമായുള്ള ബന്ധം തണുക്കുന്നതിന് കാരണമായി, ഇയു -വിൽ ചേരാനുള്ള തുർക്കിയുടെ ശ്രമത്തെ തടഞ്ഞു. എർദോഗൻ പ്രസിഡന്റായതിന് ശേഷം ആയിരക്കണക്കിന് ആളുകൾക്കെതിരെ അദ്ദേഹത്തെ അപമാനിച്ചതിന് കേസെടുത്തിട്ടുണ്ട്. 2020 -ൽ 31,000 -ത്തിലധികം അന്വേഷണങ്ങൾ കുറ്റവുമായി ബന്ധപ്പെട്ട് ഫയൽ ചെയ്തതായി റോയിട്ടേഴ്‌സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.

click me!