അവതാരകന്‍ കവിത ചൊല്ലിയതിന്  ടി വി സ്‌റ്റേഷന്‍ അടച്ചു പൂട്ടി

By Web TeamFirst Published Oct 7, 2021, 5:36 PM IST
Highlights

ഏകാധിപത്യത്തിന് എതിരായ കവിത ചൊല്ലിയതിന്റെ പേരില്‍ ടുണീഷ്യയില്‍ ടി വി ചാനല്‍ അടച്ചുപൂട്ടി. രാജ്യ സുരക്ഷയെ അപകടത്തിലാക്കി എന്നാരോപിച്ച് സൈന്യം അവതാരകനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 
 

ഏകാധിപത്യത്തിന് എതിരായ കവിത ചൊല്ലിയതിന്റെ പേരില്‍ ടുണീഷ്യയില്‍ ടി വി ചാനല്‍ അടച്ചുപൂട്ടി. രാജ്യ സുരക്ഷയെ അപകടത്തിലാക്കി എന്നാരോപിച്ച് സൈന്യം അവതാരകനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 

ടുണീഷ്യയിലെ പ്രധാന ടിവി ചാനലുകളിലൊന്നായ സിതൂന ടി വി ചാനലാണ് സര്‍ക്കാര്‍ അടച്ചുപൂട്ടിയത് നിയമവിരുദ്ധമായാണ് ഇത് പ്രവര്‍ത്തിക്കുന്നത് എന്നാരോപിച്ചായിരുന്നു ചാനല്‍ അടച്ചത്. ചാനല്‍ അവതാരകനായ അമര്‍ അയാദിനെയാണ് കവിത ചൊല്ലിയതിന്റെ പേരില്‍ അറസ്റ്റ് ചെയ്തത്. പാര്‍ലമെന്റ് പിരിച്ചുവിടുകയും ഭരണം പൂര്‍ണ്ണമായി ഏറ്റെടുക്കുകയും ചെയ്ത പ്രസിഡന്റ് ഖൈസ് സഈദിന്റെ ഏകാധിപത്യ വിരുദ്ധ പ്രവണതകളുടെ വിമര്‍ശകനാണ് അമര്‍ അയാദ് എന്ന അവതാരകന്‍. 

 

 

പ്രമുഖ ഇറാഖി കവി അഹമ്മദ് മതാറിന്റെ ഭരണാധികാരി എന്ന കവിത ഞായറാഴ്ച അമര്‍ ചാനലില്‍ ആലപിച്ചിരുന്നു. ഏകാധിപത്യ പ്രവണതകളെ രൂക്ഷമായി പരിഹസിക്കുന്ന കവിതയാണ് ഇത്. ഇത് അവതരിപ്പിച്ചതിനു തൊട്ടുപിന്നാലെയാണ് സൈന്യം ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. പ്രസിഡന്റിന്റെ ഏകാധിപത്യ പ്രവണതകളെ വിമര്‍ശിക്കുന്ന നിരവധി മാധ്യമപ്രവര്‍ത്തകരെയും രാഷ്ട്രീയ എതിരാളികളെയും ഈയടുത്തായി അറസ്റ്റ് ചെയ്ത് തടവിലിട്ടിരുന്നു. അതിലെ അവസാന സംഭവമാണിത്. 

സുരക്ഷാ സൈന്യം തങ്ങളുടെ കോമ്പൗണ്ടിലേക്ക് ഇരച്ചു കയറി സ്റ്റുഡിയോയിലെ ഉപകരണങ്ങള്‍ തച്ചുതകര്‍ത്തതായി ഇന്നലെ ചാനല്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. അറബ് ലോകത്ത് വന്‍ മാറ്റങ്ങളുണ്ടാക്കിയ ജാസ്മിന്‍ വിപ്ലവത്തിന് തുടക്കമിട്ടത് ടുണീഷ്യയിലായിരുന്നു. ദീര്‍ഘകാലം രാജ്യം ഭരിച്ച സൈനുല്‍ ആബിദീന്‍ ബിന്‍ അലി എന്ന ഏകാധിപതിയെ ജനങ്ങള്‍ പുറത്താക്കിയതിനു പിന്നാലെയാണ് 2012-ല്‍ ചാനല്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ബിന്‍ അലി പുറത്തായ ശേഷം ഇവിടെ ജനാധിപത്യ ഭരണക്രമം നിലവില്‍ വന്നിരുന്നു. അതോടെ ഇതടക്കമുള്ള ചാനലുകള്‍ സജീവമായി പ്രവര്‍ത്തിക്കാന്‍ തുടങ്ങി. 

 

 

അതിനിടെയാണ്, ജുലൈ മാസം നിലവിലെ പ്രസിഡന്റ് എല്ലാവെരയും അമ്പരപ്പിച്ചു കൊണ്ട് രാജ്യം കൈപ്പിടിയിലൊതുക്കാന്‍ നീക്കമാരംഭിച്ചത്. ഇതിന്റെ ഭാഗമായി അദ്ദേഹം രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. ഒപ്പം, ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റ് പിരിച്ചുവിടുകയും മന്ത്രിസഭയെ പുറത്താക്കി സമ്പൂര്‍ണ്ണ അധികാരം കൈയാളുകയും ചെയ്തു. ഇതിനെ എതിര്‍ത്തവരെയല്ലാം സൈന്യത്തിനെ ഉപയോഗിച്ച് ജയിലിലടക്കുകയാണ് പ്രസിഡന്റ് ഇപ്പോള്‍. 

ജുലൈ മാസം തന്നെ ഖത്തര്‍ വാര്‍ത്താ ചാനലായ അല്‍ ജസീറയുടെ ടുണീഷ്യയിലെ ഓഫീസ് സൈന്യം അടച്ചുപൂട്ടിയിരുന്നു. പ്രത്യേക കാരണങ്ങള്‍ ഒന്നും പറയാതെ, രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാണ് എന്നു പറഞ്ഞായിരുന്നു ഇത്. ഇതിന്റെ തുടര്‍ച്ചയായാണ് പ്രമുഖ ടിവി ചാനല്‍ അടച്ചുപൂട്ടിയത്. 

click me!