ജനിച്ചയുടനെ പിരിഞ്ഞ ഇരട്ട സഹോദരങ്ങൾ, 39 വർഷത്തിന് ശേഷം കണ്ടുമുട്ടി; ജീവിതത്തിലെ സമാനതകൾ കണ്ട് അമ്പരന്ന് ലോകം

By Web TeamFirst Published Jan 16, 2023, 12:53 PM IST
Highlights

എന്നാൽ, 39 -ാമത്തെ വയസിൽ ആദ്യമായി പരസ്പരം കണ്ടപ്പോൾ ഇരുവരും പങ്കുവച്ച ജീവിതത്തിലെ സമാനതകൾ ആരെയും അമ്പരപ്പിക്കുന്നതായിരുന്നു.

ഇരട്ട സഹോദരങ്ങൾ പല കാര്യങ്ങളിലും ഒരുപോലെ ആയിരിക്കും എന്ന് പറയാറുണ്ട്. എന്നാൽ, ഈ ഇരട്ട സഹോദരങ്ങളുടെ ജീവിതത്തിലെ സമാനതകൾ കാണുമ്പോൾ ഇങ്ങനെയും സംഭവിക്കുമോ എന്ന് ആരായാലും ചോദിച്ചു പോകും. അത് മാത്രമല്ല, ജനിച്ച ഉടനെ പിരിഞ്ഞവരാണ് ഈ രണ്ട് സഹോദരങ്ങളും. ഇവർ പിന്നീട് കണ്ടുമുട്ടുന്നത് 39 -ാമത്തെ വയസിലാണ്. 

സഹോദരങ്ങളായ ജിം ലൂയിസും ജിം സ്പ്രിം​ഗറും ജനിച്ചത് 1940 -ലാണ്. എന്നാൽ, ജനിച്ച ഉടനെ തന്നെ ഇരുവരെയും രണ്ട് വ്യത്യസ്ത കുടുംബങ്ങൾ ദത്തെടുത്തു. കുടുംബത്തിന്റെ പേരും പേരിനൊപ്പം നൽകി. എന്നാൽ, രണ്ട് കുടുംബങ്ങളും ഇരുവർക്കും നൽകിയ പേര് ജെയിംസ് എന്നായിരുന്നു, ജിം എന്ന് വിളിപ്പേരും. 

മിനസോട്ടയിൽ 40 മൈലിന്റെ വ്യത്യാസത്തിലാണ് ഇരുവരും ജീവിച്ചത്. ജിം ലൂയിസിന് തനിക്കൊരു ഇരട്ട സഹോദരനുണ്ട് എന്നും എവിടെയോ ജീവിച്ചിരിപ്പുണ്ട് എന്നും അറിയാമായിരുന്നു. എന്നാൽ, ജിം സ്പ്രിം​ഗറിനോട് ദത്തെടുത്ത കുടുംബം പറഞ്ഞിരുന്നത് ഇരട്ട സഹോദരൻ മരിച്ചു പോയി എന്നാണ്. 

എന്നാൽ, 39 -ാമത്തെ വയസിൽ ആദ്യമായി പരസ്പരം കണ്ടപ്പോൾ ഇരുവരും പങ്കുവച്ച ജീവിതത്തിലെ സമാനതകൾ ആരെയും അമ്പരപ്പിക്കുന്നതായിരുന്നു. രണ്ടുപേരുടെയും ഭാര്യമാരുടെ പേര് ഒന്നായിരുന്നു, ലിൻഡ. ഇരുവരും പിന്നീട് വിവാഹമോചിതരായി. എന്നാൽ, ഇരട്ടകൾ പിന്നീട് വിവാഹം കഴിച്ച സ്ത്രീകളുടെ പേരും ഒന്ന് തന്നെ ആയിരുന്നു ബെറ്റി. 

തീർന്നില്ല, ഇരുവർക്കും ദത്തെടുത്ത വീട്ടിൽ ലാറി എന്ന് പേരുള്ള ഒരു സഹോദരനും ടോയ് എന്ന് പേരുള്ള ഒരു നായയും ഉണ്ട്. രണ്ടുപേരും മകന് നൽകിയ പേരും ഒന്ന് തന്നെ ആയിരുന്നു ജെയിംസ് അലൻ. കൂടാതെ രണ്ടുപേർക്കും പഠിക്കുമ്പോൾ ഇഷ്ടപ്പെട്ട വിഷയം കണക്കായിരുന്നു, സ്പെല്ലിം​ഗിൽ രണ്ടുപേരും മോശമായിരുന്നു. അതുപോലെ തന്നെ രണ്ടുപേരും നിരന്തരം പുകവലിക്കുന്നവരും അതുമായി ബന്ധപ്പെട്ട അസുഖങ്ങൾ ഉള്ളവരും ആയിരുന്നു. ഇരുവരും ഉപയോ​ഗിച്ചിരുന്നത് ഷെവർലെ ആയിരുന്നു. 

1979 -ൽ ജിം ലൂയിസിന് സഹോദരന്റെ വിലാസം കിട്ടിയതോടെയാണ് ഇരുവരും തമ്മിൽ കാണുന്നത്. മിനസോട്ട സർവകലാശാലയിലെ ഡോ. തോമസ് ബൗച്ചാർഡ് ഇരുവരെയും വച്ച് ഒരു പഠനം നടത്തിയിരുന്നു. അതിലെ സമാനതകൾ കണ്ട് അദ്ദേഹം താൻ അമ്പരന്ന് പോയി എന്ന് പറഞ്ഞിരുന്നു. 

tags
click me!