കാമുകി യാത്ര പോകുന്നതിന് മുൻപ് ഒരു ദിവസം അവൾക്കൊപ്പം ചെലവഴിക്കാൻ സത്യസന്ധമായി അവധി ചോദിച്ച ജീവനക്കാരൻറെ അപേക്ഷ മാനേജർ അംഗീകരിച്ചു. ഈ തുറന്ന സമീപനം തൊഴിലിടത്തിലെ നല്ല മാറ്റമായി കണ്ട മാനേജരുടെ പ്രതികരണവും ജീവനക്കാരന്‍റെ സത്യസന്ധതയും പ്രശംസിക്കപ്പെട്ടു.

ല ആവശ്യങ്ങൾ ഉന്നയിച്ച് ഓഫീസിൽ അവധി അപേക്ഷകൾ നൽകാറുണ്ട് നമ്മളിൽ പലരും. ചിലത് സത്യസന്ധമായ കാരണമാകാം. ചിലപ്പോൾ മറ്റ് ആവശ്യങ്ങൾ തുറന്ന് പറയാനുള്ള മടി കാരണം അസുഖമാണെന്ന് കള്ളം പറഞ്ഞും അവധി എടുക്കാറുണ്ട്. എന്നാൽ രസകരവും സത്യസന്ധവുമായ ഒരു അവധി അപേക്ഷയാണ് ഒരു കമ്പനി മാനേജർ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. തന്‍റെ പ്രണയത്തിന് വേണ്ടി ഒരു ദിവസത്തെ അവധി ചോദിക്കുകയായിരുന്നു യുവാവ്.

പ്രണയാവധി

ഇമെയിൽ വഴി അയച്ച സന്ദേശത്തിൽ ജീവനക്കാരൻ ഡിസംബർ 16-ന് ഒരു ദിവസത്തെ അവധിയാണ് ആവശ്യപ്പെട്ടത്. അടുത്ത ദിവസം, അതായത് ഡിസംബർ 17-ന് തന്‍റെ കാമുകി ഉത്തരാഖണ്ഡിലെ സ്വന്തം നാട്ടിലേക്ക് പോകുകയാണെന്നും ജനുവരി ആദ്യത്തോടെയേ തിരിച്ചെത്തൂവെന്നും അദ്ദേഹം കാരണമായി വിശദീകരിച്ചു. കാമുകി പോകുന്നതിന് മുൻപ് ഒരു ദിവസം അവൾക്കൊപ്പം ചെലവഴിക്കാൻ വേണ്ടിയാണ് ഈ അവധിയെന്നും ജീവനക്കാരൻ എഴുതി.

സത്യസന്ധമായ അവധി അപേക്ഷ

ഈ സന്ദേശത്തെക്കുറിച്ച് മാനേജർ എഴുതിയതും ശ്രദ്ധേയമായി. മുൻപുള്ള തൊഴിൽ സംസ്കാരത്തിൽ നിന്നും വലിയ മാറ്റങ്ങളാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. പണ്ട് പലരും വ്യക്തമായ കാരണങ്ങളൊന്നും പറയാതെ അവസാന നിമിഷം അസുഖ അവധി ഫോൺ ചെയ്ത് ആവശ്യപ്പെടുമായിരുന്നു. എന്നാൽ, ഇത്രയും സത്യസന്ധമായി തുറന്നു പറയുന്ന അപേക്ഷകൾ അതിൽ നിന്നും വ്യത്യസ്തമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ തുറന്ന സമീപനം ഒരു നല്ല മാറ്റമാണ്. പ്രണയത്തോട് വേണ്ടെന്ന് പറയാൻ നമുക്ക് കഴിയുമോ? എന്ന് കൂട്ടിച്ചേർത്തുകൊണ്ട് അദ്ദേഹം അവധി അംഗീകരിച്ചു. ജീവനക്കാരന്‍റെ തുറന്നു പറച്ചിലിനെയും മാനേജരുടെ പ്രതികരണത്തെയും സമൂഹ മാധ്യമങ്ങൾ വഴി പ്രശംസിച്ചത് നിരവധി പേരാണ്. തൊഴിലിടത്തിലെ ആശയവിനിമയത്തിൽ തുറന്ന സമീപനവും വിശ്വാസവും വെച്ചുപുലർത്തിയാൽ ആരോഗ്യകരമായ തൊഴിൽ അന്തരീക്ഷം ഉണ്ടാകുമെന്ന് പലരും ഓർമിപ്പിച്ചു.