
ഓൺലൈനിൽ വസ്തുക്കൾ വാങ്ങുമ്പോഴും അതിന്റെ കാര്യങ്ങൾ പൂർത്തിയാക്കുമ്പോഴും നന്നായി ശ്രദ്ധിക്കണം എന്ന് പറയാറുണ്ട്. അതിന്റെ കാരണം വേറൊന്നുമല്ല, ഓൺലൈൻ പ്രോപ്പർട്ടി ബുക്കിംഗിൽ ധാരാളം സാമ്പത്തികമായിട്ടുള്ള അപകടസാധ്യതകളുണ്ട്. അതുപോലെ, നിങ്ങളുടെ പണം എവിടെയാണ്, എന്തിലാണ് നിക്ഷേപിക്കുന്നതെന്ന് പൂർണ്ണമായി മനസ്സിലാക്കാതിരിക്കാനുള്ള സാധ്യതയും വളരെ കൂടുതലാണ്.
പേപ്പർ ഇടപാടുകൾക്കും ഈ പറയുന്നതെല്ലാം ബാധകമാണ്. നിക്ഷേപകരും വിൽപ്പനക്കാരും ഡോക്യുമെന്റുകൾ പലതവണ വായിക്കുകയും അവയുടെ ആധികാരികത നോക്കി ഉറപ്പ് വരുത്തുകയും അച്ചടിച്ചതിൽ തെറ്റില്ലല്ലോ എന്ന് ഉറപ്പിക്കുകയും ഒക്കെ വേണം. ഇല്ലെങ്കിൽ എവിടെയാണ് എപ്പോഴാണ് പണി കിട്ടുന്നത് എന്ന് പറയാൻ പറ്റില്ല.
നെവാഡ ആസ്ഥാനമായുള്ള ഒരു സ്ത്രീക്ക് സംഭവിച്ചതും അത് തന്നെയാണ്. അത് കേട്ട് കഴിയുമ്പോൾ ഇതിലും വലുതിനി പേപ്പർ ഇടപാടുകളിൽ എന്ത് വരാനാണ് എന്ന് തോന്നിപ്പോവും. പേപ്പർ വർക്കുകളിൽ വന്ന അച്ചടിപ്പിശക് കാരണം അബദ്ധത്തിൽ ഒരു വീടിനുപകരം 85 വീടുകളാണ് യുവതി വാങ്ങിയത്. അങ്ങനെ ആ പ്രദേശത്തെ വീടുകളെല്ലാം യുവതി വാങ്ങി എന്നായി.
നെവാഡയിലെ സ്പാർക്‌സിലെ ഒരു വീട് വാങ്ങാനാണ് അവൾ പണം നൽകിയത്. എന്നാൽ, പേപ്പറുകൾ പ്രകാരം യഥാർത്ഥത്തിൽ 85 വീടുകൾക്കാണ് പണം നൽകിയത്. വാഷോ കൗണ്ടിയിലെ നിയമോപദേഷ്‌ടാവിനെ കാണിച്ചു കൊണ്ട് അവൾ തന്റെ പേപ്പർ വർക്ക് പൂർത്തിയാക്കുമ്പോഴാണ് ആകെ 85 വീടുകൾ തനിക്കുണ്ടെന്ന് അവൾ കണ്ടെത്തിയത്. പേപ്പർ വർക്കിനുശേഷം അതിന് ആകെ 50 മില്ല്യൺ ഡോളർ വില വരും എന്നും അവൾ മനസിലാക്കി.
ഏതായാലും ഇതെല്ലാം സംഭവിച്ചത് അച്ചടിയിൽ വന്ന ഒരു പിശക് കാരണമാണ് എന്ന് പിന്നീട് ബോധ്യപ്പെട്ടു. ഏതായാലും അതെല്ലാം തിരുത്തി സ്ത്രീയുടെ പ്രശ്നം പരിഹരിക്കപ്പെട്ടു എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.