
ചൈനയിലെ സിന്‍ജിയാംഗ് മേഖലയില്‍ ഉയിഗൂര്‍ മുസ്‌ലിം വിഭാഗക്കാര്‍ക്കെതിരെ ഭരണകൂടം നടത്തുന്ന ക്രൂരതകളെക്കുറിച്ച് യു എന്‍ റിപ്പോര്‍ട്ടും പുറത്തുവരുന്നു. കഴിഞ്ഞ ദിവസം, ബ്രിട്ടനിലെ ഉയിഗൂര്‍ ട്രിബ്യൂണല്‍ ഈ വിഷയത്തില്‍ തങ്ങളുടെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. ഇതിനെ നിശിതമായി വിമര്‍ശിച്ച് ചൈനയുടെ പ്രതികരണം വന്നതിനു പിന്നാലെയാണ് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ സമിതി തങ്ങളുടെ റിപ്പോര്‍ട്ടും ഉടന്‍ പുറത്തുവരുമെന്ന് അറിയിച്ചത്. ചൈനയ്ക്ക് തലവേദന ഉണ്ടാക്കുന്നതാണ് യു എന്‍ റിപ്പോര്‍ട്ട് എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.
സിന്‍ജിയാംഗ് മേഖലയില്‍ ഉയിഗൂര്‍ മുസ്‌ലിംകള്‍ക്കെതിരെ ചൈനീസ് ഭരണകൂടം മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തുന്നതായി യു എന്‍ റിപ്പോര്‍ട്ട് അടിവരയിടുന്നതായി റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഉയിഗൂര്‍ വിഭാഗക്കാരെ അനധികൃതമായി ജയിലിലടക്കുകയും നിര്‍ബന്ധിത ജോലി ചെയ്യിക്കുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്യുന്നതായി യു എന്‍ മനുഷ്യാവകാശ സമിതി വക്താവ് റൂപര്‍ട്ട് കോള്‍വില്ലി പറഞ്ഞു. ആഴ്ചകള്‍ക്കുള്ളില്‍ മനുഷ്യാവകാശ കമീഷണര്‍ മിഷേല്‍ ബാഷ്‌ലറ്റ് റിപ്പോര്‍ട്ട് പ്രകാശനം ചെയ്യുമെന്നും വക്താവ് അറിയിച്ചു.
ഉയിഗൂറുകള്‍ക്കും മറ്റ് മുസ്‌ലിം വിഭാഗങ്ങള്‍ക്കും എതിരെ ചൈന നടത്തുന്ന ക്രൂരതകളെക്കുറിച്ച് അന്വേഷിക്കുന്നതിന് ഈ മേഖലയില്‍ സന്ദര്‍ശനം നടത്താന്‍ അനുവദിക്കണമെന്ന് യു എന്‍ മനുഷ്യാവകാശ സമിതി 2018 മുതല്‍ ആവശ്യപ്പെടുന്നതാണ്. മനുഷ്യാവകാശ കമീഷണര്‍ മിഷേല്‍ ബാഷ്‌ലറ്റിന്റെ ഇതുമായി ബന്ധപ്പെട്ട അഭ്യര്‍ത്ഥനകളെല്ലാം ചൈന തള്ളുകയായിരുന്നു. ഇക്കാര്യത്തില്‍ ഇപ്പോഴും പുരോഗതി ഉണ്ടായിട്ടില്ലെന്ന് സമിതി വക്താവ് അറിയിച്ചു. അതിനിടെ, യു എന്‍ മനുഷ്യാവകാശ കമീഷണര്‍ക്ക് ചൈന സന്ദര്‍ശിക്കാമെന്നും എന്നാല്‍, അമേരിക്കയും പാശ്ചാത്യരാജ്യങ്ങളും പറയുന്ന പ്രകാരം മുന്‍വിധികളോടെ അന്വേഷണം നടത്തുന്നതിന് അനുവദിക്കില്ലെന്നും ചൈനീസ് വിദേശകാര്യ വക്താവ് വീണ്ടും ആവര്‍ത്തിച്ചു.
ഉയിഗൂര്‍ (Uyghur) മുസ്ലിംകള്‍ക്കെതിരെ ചൈന നടത്തുന്ന അതിക്രമങ്ങളെക്കുറിച്ച് ബ്രിട്ടനിലെ സന്നദ്ധ സംഘടനയുടെ മുന്‍കൈയിലുള്ള ട്രിബ്യൂണല്‍ കഴിഞ്ഞ ദിവസം ഈ വിഷയത്തില്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. സിന്‍ജിയാംഗില്‍ ചൈന നടത്തുന്നത് വംശഹത്യാണെന്നാണ് റിപ്പോര്‍ട്ട് വിശേഷിപ്പിച്ചത്. അതിക്രൂരമായാണ് ഉയിഗൂര്‍ മുസ്‌ലിംകളോട് ചൈന പെരുമാറുന്നതെന്നും പ്രസിഡന്റ് ഷി ജിന്‍പിംഗാണ് ഇതിനുത്തരവാദിയെന്നും ട്രിബ്യൂണല്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ട്രിബ്യൂണല്‍ റിപ്പോര്‍ട്ട് ചൈനയിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് വെളിച്ചം വീശുന്ന നിരവധി വിവരങ്ങള്‍ പുറത്തുവിട്ടിട്ടുണ്ടെന്നും അവയില്‍ പലതും തങ്ങളുടെ അന്വേഷണത്തിലും തെളിഞ്ഞിട്ടുണ്ടെന്നും യുഎന്‍ മനുഷ്യാവകാശ സമിതി വക്താവ് ജനീവയില്‍ പറഞ്ഞു.
ലണ്ടനിലെ വെസ്റ്റ് മിന്‍സ്റ്ററില്‍ സന്നദ്ധ സംഘടനയുടെ ആഭിമുഖ്യത്തില്‍ നടന്ന സ്വതന്ത്ര ട്രിബ്യൂണല്‍ സിറ്റിംഗിനു ശേഷമാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് പുറത്തുവന്നത്. എന്നാല്‍, ചൈനയെ കരിവാരിത്തേക്കാന്‍ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ നടത്തുന്ന നാടകത്തിലെ നടന്‍മാര്‍ മാത്രമാണ് ഇവരെന്നായിരുന്നു ഇതിനോടുള്ള ചൈനയുടെ ഔദ്യോഗിക പ്രതികരണം. ട്രിബ്യൂണല്‍ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നും ചൈന ബ്രിട്ടനോട് ആവശ്യപ്പെട്ടിരുന്നു.
മുസ്ലിം വിഭാഗത്തില്‍ പെടുന്ന ഉയിഗൂര്‍, കസാഖ് വംശജര്‍ ഏറ്റവും കൂടുതലുള്ള സിന്‍ജിയാംഗ് പ്രവിശ്യയില്‍ പതിറ്റാണ്ടുകളായി ചൈന കടുത്ത അതിക്രമങ്ങളാണ് നടത്തുന്നത്. ഭീകരവാദ വിരുദ്ധ നിയമങ്ങള്‍ നടപ്പാക്കി ജനങ്ങളെ വരിഞ്ഞുകെട്ടുകയും വിശ്വാസവുമായി ബന്ധപ്പെട്ട എല്ലാം നിരോധിക്കുകയും ചെയ്യുന്ന ചൈനയുടെ നയം കാരണം ഈ മേഖലയില്‍ നിരവധി പേരാണ് തടവില്‍ കഴിയുന്നത്.